ആലത്തൂർ: 'അച്ഛന് അന്റാർട്ടിക്കയിൽ താമസിച്ച അനുഭവമുണ്ട്, ഡോക്ടറുമാണ്. അച്ഛൻ കൂടെയുണ്ടെങ്കിൽ എവിടേയും പോകാൻ ധൈര്യമാണ്'. അച്ഛനൊപ്പം എവറസ്റ്റ് ബേസ് ക്യാമ്പ് കയറി തിരിച്ചത്തിയ 12-കാരൻ അഭയ് രാഹുൽ പ്രമോദിന്റെ വാക്കുകളിൽ ആത്മവിശ്വാസവും അഭിമാനവും. പഴമ്പാലക്കോട് പട്ടിപ്പറമ്പ് ഉത്രാടത്തിൽ ഡോ. പി.വി. പ്രമോദ് തിരുവില്വാമലയിലും ആയക്കാട്ടുമുള്ള ക്ലിനിക്കുകളിൽ പ്രാക്ടീസ് ചെയ്യുകയാണ്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭയ് രാഹുൽ.

To advertise here,

ഒൻപത് ദിവസംകൊണ്ടാണ് ബേസ് ക്യാമ്പിലേക്കുള്ള പർവതനിരകൾ ഇവർ താണ്ടിയത്. 'കൺമുൻപിൽ നാല് മരണം, ലക്ഷ്യത്തിലെത്താതെ മടുത്ത് ഇറങ്ങുന്നവർ, കൊടുംതണുപ്പും മഞ്ഞുമലയും പ്രതിബന്ധം. ഞങ്ങൾ നിശ്ചയദാർഢ്യത്തോടെ മുകളിലേക്ക് കയറി' -ഡോ. പ്രമോദ് പറഞ്ഞു. കശ്മീർ യാത്രയ്ക്കിടെയാണ് എവറസ്റ്റ് യാത്രയെന്ന ആശയമുദിച്ചത്. കശ്മീരിൽ പരിചയപ്പെട്ട ഡോ. കേതൽ പ്രമോദും വെറ്ററിനറി ഡോക്ടർമാരായ സുകിലും പ്രകാശും എവറസ്റ്റ് യാത്രയ്ക്കുണ്ടായിരുന്നു.

അന്റാർട്ടിക്കയിൽ ഇന്ത്യൻ പര്യവേഷകസംഘത്തിലെ ഡോക്ടറായി 2021-ലും 2023-ലും പോയി. രണ്ടു പ്രാവശ്യമായി 28 മാസത്തെ മഞ്ഞുജീവിതം പരിചയമുണ്ടായിരുന്നു. യാത്രകളിൽ കൂടെക്കൂട്ടാറുള്ള മകനോട് എവറസ്റ്റ് യാത്രയ്ക്ക് പോരുന്നോയെന്ന് ചോദിച്ചപ്പോൾ പൂർണസമ്മതം. കുത്താമ്പുള്ളി ഗവ. ആശുപത്രിയിലെ ഡോക്ടറായ ടി.എം. പ്രമീളാറാണി ഭർത്താവിനെയും മകനെയും പ്രോത്സാഹിപ്പിച്ചു.

ഏപ്രിൽ 30-ന് വിമാനമാർഗം കാഠ്മണ്ഡുവിലെത്തി. അവിടെനിന്ന് ലുഖ്ല ടെൻസിങ് ഹിലാരി എയർപോർട്ടിലേക്കാണ് പോകേണ്ടിയിരുന്നത്. കാലാവസ്ഥ പ്രതികൂലമായതോടെ വിമാനം റദ്ദാക്കി. ജീപ്പിൽ രണ്ടുദിവസം യാത്രചെയ്ത് ലുഖ്ലയിലെത്തി. അവിടെ ഒരുദിവസം കാലാവസ്ഥയും പരിസ്ഥിതിയും പരിചയിച്ചശേഷം മേയ് മൂന്നിന് മലകയറ്റം തുടങ്ങി. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര 15 ദിവസംവരെ എടുക്കും. ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് മലകയറ്റം. രാത്രി താമസത്തിനും ഭക്ഷണത്തിനും 'ടീ ഹൗസു'കളുണ്ട്.

ഒൻപതാം ദിവസമായ മേയ് 13-ന് രാവിലെ ആറിന് വെറെക്ഷേപ്പിൽനിന്ന് പുറപ്പെട്ട് 7.30-ന് ജീവിതാഭിലാഷം സഫലമാക്കി. സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയമുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. സന്തോഷംകൊണ്ട് അച്ഛൻ മകനെ കൈയിലെടുത്ത് ഉയർത്തി നൃത്തംചവിട്ടി. എവറസ്റ്റിന്റെ നെറുകയിലേക്ക് ഇവിടെനിന്ന് 3,484 മീറ്റർ കൂടിയുണ്ട്. മൂന്നു ദിവസംകൊണ്ട് തിരിച്ചിറങ്ങി. കാഠ്മണ്ഡുവിലെത്തി മേയ് 17-ന് അഭയ് രാഹുലിന്റെ 13-ാം പിറന്നാളും എവറസ്റ്റ് യാത്രയുടെ സാഫല്യവും ആഘോഷിച്ചായിരുന്നു നാട്ടിലേക്ക് മടക്കം.