നാലു പകലും മൂന്നുരാത്രിയും കുടക് ജില്ലയിലെ ഏറ്റവും ഉയരംകൂടിയ തടയിയൻഡമൊൾ കൊടുമുടിയിലെ കാട്ടിലകപ്പെട്ട ശരണ്യ ഇപ്പോൾ ഓകെയാണ്. മൂന്നുദിവസം ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ പതിയെ വിശപ്പിലേക്ക് തിരിച്ചുവരുന്നതേയുള്ളൂ. നാദാപുരം പേരോടിലെ വീട്ടിൽ തിരിച്ചെത്തിയ ശരണ്യ മാതൃഭൂമി ലേഖകൻ പി. ലിജീഷുമായി സംസാരിക്കുന്നു.

വടകര: ഒരിക്കൽ വഴിയൊന്ന് തെറ്റി മൂന്നുരാത്രി കാട്ടിലകപ്പെട്ടെന്നുവെച്ച് െട്രക്കിങ് മോഹങ്ങളെ ഉപേക്ഷിക്കാനൊന്നും ശരണ്യ തയ്യാറല്ല. ഇനി ലക്ഷ്യം എവറസ്റ്റ് കൊടുമുടിയാണ്. ഫെബ്രുവരിയിൽ പോകാനുള്ള ഒരുക്കം നടത്തിയെങ്കിലും യാഥാർഥ്യമായില്ല. അടുത്തവർഷം, അവധിയൊക്കെ സെറ്റായിവരുമ്പോൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ (ഇ.ബി.സി.) പോകുമെന്ന് ശരണ്യ പറഞ്ഞു. പിന്നെ വിയറ്റ്‌നാം, കംബോഡിയ... സ്വപ്നസഞ്ചാരകേന്ദ്രങ്ങൾ ശരണ്യക്കുമുന്നിൽ ഏറെയുണ്ട്.
കുടക് കാട്ടിലെ അനുഭവത്തിൽനിന്ന് പഠിച്ച പാഠങ്ങൾ...?
ട്രെക്കിങ്ങിനിടെ വഴിതെറ്റിയെന്ന് സംശയമുയർന്നപ്പോൾത്തന്നെ തിരിച്ചുനടക്കണമായിരുന്നു. ഞാൻ അത് ചെയ്തില്ല. കാട്ടിൽ ഒന്ന് വട്ടംചുറ്റിനിന്നാൽത്തന്നെ ദിശ മനസ്സിലാകില്ല. എനിക്കുപറ്റിയ മറ്റൊരു അബദ്ധം പവർ ബാങ്ക് കരുതിയില്ലെന്നതാണ്. ഫോൺ സ്വിച്ച് ഓഫ് ആയതോടെ ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ല. സാധാരണ ട്രെക്കിങ്ങിന് പോകുമ്പോൾ രണ്ട് പവർബാങ്കൊക്കെ കരുതുമായിരുന്നു. ഇത് രാവിലെ പോയി ഉച്ചയ്ക്ക് തിരിച്ചിറങ്ങുന്ന ചെറിയ ട്രെക്കിങ്ങായതിനാൽ പവർ ബാങ്ക് എടുത്തില്ല. ചെറിയ യാത്രയായാൽപ്പോലും കുറച്ച് ഭക്ഷണവും കരുതുന്നത് നല്ലത്.
അന്ന് ശരിക്കും എന്താണ് സംഭവിച്ചത്...?
വ്യാഴാഴ്ച രാവിലെ എട്ടുമണിക്കാണ് യാത്രപുറപ്പെട്ടത്. 10.30-ന് മലയുടെ മുകളിലെത്തി. 12 പേരുണ്ടായിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച് മൂന്നുപേർ താഴോട്ടിറങ്ങുമ്പോൾ ഒപ്പം ഞാനുമിറങ്ങി. ഞാൻ കുറച്ച് മുന്നിലാണുണ്ടായിരുന്നത്. ആ മൂന്നുപേർ ഇരിക്കുന്നതുകണ്ട് അവരെ കാത്തിരുന്നു. പക്ഷേ, അവരെ കണ്ടില്ല. മുകളിലായി കുറച്ചുപേരെ കണ്ടു. ഇതോടെ മുകളിലേക്ക് പോകാനായി ഇടതുവശത്തുകൂടി ചുറ്റിക്കയറി. ഇതോടെ വഴിതെറ്റി.
ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഇടത്തോട്ടാണ് വഴികാണിക്കുന്നത്. മൊബൈൽ ഫോണിലെ ചാർജാണെങ്കിൽ കുറഞ്ഞുവരുന്നു. 2.45 ആയപ്പോൾ ഞാൻ താമസിച്ച ഹോം സ്‌റ്റേ ഉടമയുടെ ഫോൺവന്നു. അദ്ദേഹം എന്നെ തിരികെക്കൂട്ടാൻ വണ്ടിയുമായി വനാതിർത്തിയിൽ വന്നിട്ട് വിളിക്കുകയാണ്. വഴിതെറ്റിയെന്നും വിവരം ഫോറസ്റ്റ് ചെക്‌പോസ്റ്റിൽ അറിയിക്കണമെന്നും പറഞ്ഞു. പക്ഷേ, റെയ്ഞ്ച് ഇല്ലാത്തതിനാൽ അദ്ദേഹത്തിന് അത് മനസ്സിലായോ എന്ന് സംശയം... പിന്നാലെ സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചു. വനംവകുപ്പ് വെബ്‌സൈറ്റിലെ ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാൻ നോക്കുമ്പോഴേക്കും ഫോൺ ഓഫായി.
കാട്ടിൽ മൂന്നുരാത്രി എങ്ങനെ കഴിച്ചുകൂട്ടി...?
അരുവിക്ക് സമീപത്തെ പാറക്കെട്ടിലായിരുന്നു കഴിഞ്ഞത്. ആദ്യത്തെ ദിവസം കുറെ നടന്നതുകൊണ്ട് കുറച്ചുസമയം ഉറങ്ങി. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ ഉറങ്ങാനായില്ല. മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ശബ്ദമുണ്ടായിരുന്നു. കുരങ്ങൻമാരെയും ഒരു പാമ്പിനെയുമല്ലാതെ മറ്റൊന്നിനെയും കണ്ടില്ല. ചെന്നായ്ക്കൾ ഉള്ള ഭാഗമാണെന്നാണറിഞ്ഞത്. ആനകൾ അടുത്തെവിടെയോ ഉണ്ടെന്നതിന്റെ ചൂരുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് നടക്കാമെന്നു കരുതി.
എന്നാൽ, രാവിലെയായപ്പോൾ കാൽവേദന ശക്തം. എഴുന്നേറ്റപ്പോൾ വീഴാൻപോയി. ഇതോടെ അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു.
രണ്ടാംദിവസമായതിനാൽ തിരച്ചിലുണ്ടാകുമെന്നും പ്രതീക്ഷിച്ചു. കൈയിലെ വെള്ളം തീർന്നപ്പോൾ അരുവിയിലെ വെള്ളം കുടിച്ചു. ഉച്ചയ്ക്ക് തിരിച്ചുവരാമെന്നതുകൊണ്ട് ഭക്ഷണമൊന്നും കരുതിയിരുന്നില്ല. പിറ്റേദിവസവും നടക്കാൻ തീരുമാനിച്ചെങ്കിലും നല്ല മഴ പെയ്തതോടെ തീരുമാനം മാറ്റി.
ബാഗും പുതിയ ക്യാമറയും ഫോണുമെല്ലാം നനഞ്ഞു. നനഞ്ഞതോടെ കാട്ടിലൂടെ നടക്കാനും കഴിയാതായി. രണ്ടു രാത്രികളിൽ തീരെ ഉറങ്ങാനായിട്ടില്ല.
തിരച്ചിൽസംഘത്തിലേക്ക് എത്തിയത്...?
ഞായറാഴ്ച രാവിലെയും കാലാവസ്ഥ മോശമായിരുന്നു. 12 മണിയായതോടെ മേഘം തെളിഞ്ഞു. ഇതോടെ മുകളിലേക്ക് കയറാൻതുടങ്ങി. ആ നടക്കുന്ന വഴിയിലാണ് വൈകീട്ടോടെ തിരച്ചിൽ നടത്തുന്നവരുടെ ശബ്ദംകേട്ടത്. അതോടെ ഞാനും കൂവിവിളിച്ചു. ശബ്ദം അടുത്തടുത്തുവന്നതോടെ പ്രതീക്ഷയായി.
ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുതന്നെ നിൽക്കണമെന്നും നടക്കരുതെന്നും അവർ വിളിച്ചുപറഞ്ഞു. അരുവിയുടെ അരികിലൂടെയാണ് ഞാൻ നടന്നിരുന്നത്. അവർ വന്നത് അരുവിയുടെ അക്കരെനിന്നും. അവർ വളരെ പെട്ടെന്ന് എന്റെ അടുത്തെത്തി. അപ്പോഴേക്കും വൈകീട്ട് നാലുമണിയായി. ആറുമണിയോടെ കാട്ടിൽനിന്ന് പുറത്തേക്കെത്തി.
ട്രെക്കിങ് എത്രകാലമായി തുടങ്ങിയിട്ട്, വീട്ടുകാരുടെ പിന്തുണ എങ്ങനെ...?
10 വർഷമായി യാത്രകൾ തുടങ്ങിയിട്ട്. ട്രെക്കിങ് എന്നതിലേക്ക് എത്തിയിട്ട് അധികമായിട്ടില്ല. മീശപ്പുലിമല, അഗസ്ത്യാർകൂടം, ചിക്കംമഗളൂരു കുഡേരമുഖ്, വയനാട് ബ്രഹ്മഗിരി, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ മുൻപ് ട്രെക്കിങ്ങിന് പോയിട്ടുണ്ട്.
അമ്മ പത്രമൊക്കെ വായിക്കുന്ന ആളാണ്. എവിടെയെങ്കിലും പോകുന്നുവെന്ന് പറഞ്ഞാൽ അവിടത്തെ മഴ, കാലാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം ആശങ്കപറയും. പലപ്പോഴും പോയി വന്നശേഷമാണ് വീട്ടുകാരോട് പറയുക. തനിച്ച് പോകരുതെന്നാണ് വീട്ടുകാർ പറയുന്നത്. കാട്ടിലകപ്പെട്ട സമയത്ത് ഒരാൾകൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതല്ലേ എന്നാണവർ ചോദിക്കുന്നത്. പക്ഷേ, ഒറ്റയ്ക്ക് പോയതല്ല പ്രശ്നമായത്. വഴിതെറ്റിയപ്പോൾ തിരിച്ചുനടക്കാത്തതാണ്.
എവറസ്റ്റ് യാത്രയെക്കുറിച്ച്...?
കഴിഞ്ഞവർഷംതന്നെ നേപ്പാളിലെ ചില ഓർഗനൈസേഷൻസുമായി ബന്ധപ്പെട്ട് എവറസ്റ്റ് കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിച്ചു. മഞ്ഞുള്ളസമയത്ത് പോകാനാണ് എന്റെ ആഗ്രഹം. ഇതൊക്കെ അവരോട് പറഞ്ഞിട്ടുണ്ട്. അടുത്തവർഷത്തോടെ ശരിയാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Saranya, a trekking enthusiast from Vatakara, recently survived three nights alone in the dense forests of Kudagu after losing her way. Despite the harrowing experience, she remains undeterred and is now preparing for her dream trek to the Everest Base Camp (EBC), sharing vital safety lessons for fellow trekkers.
Published: 07 Apr 2026, 08:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented