
ലോകത്തെ എട്ടാമത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതിശയകരമായ ചരിത്രസ്മാരകമാണ് ശ്രീലങ്കയുടെ ഹൃദയഭാഗത്തുള്ള സിഗിരിയ കോട്ട. പ്രകൃതിദത്തമായ കൂറ്റൻ പാറയ്ക്ക് മുകളിൽ പണിത ഈ കോട്ട-കൊട്ടാര സമുച്ചയത്തിന്റെ അവശിഷ്ടങ്ങളും ചുറ്റുമുള്ള ഉദ്യാനങ്ങളും യുനെസ്‌കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതാണ്. രാമായണത്തിലെ രാവണന്റെ കൊട്ടാരത്തിന്റെ ഭാഗമായിരുന്നു ഇവിടമെന്നും രാവണൻ സീതയെ ഇവിടുത്തെ ഗുഹകളിൽ തടവിലാക്കിയിരുന്നുവെന്നും കഥകളുണ്ട്.
നാട്ടിൽനിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ മൂന്ന് ദിവസം ശ്രീലങ്കയിലെ കാഴ്ചകൾക്കായി സമയം കണ്ടെത്തി. അതിമനോഹരമായ ബീച്ചുകൾ, മലയോരപ്രദേശങ്ങൾ, ധാരാളം വന്യജീവിസങ്കേതങ്ങൾ, പുരാതന ബുദ്ധക്ഷേത്രങ്ങൾ, സമ്പന്നമായ പുരാവസ്തു-ചരിത്ര പ്രദേശങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ് ഇവിടം. ശ്രീലങ്കൻ എയർലൈൻസിൽ തിരുവനന്തപുരത്തുനിന്ന് 40 മിനിറ്റുകൊണ്ട് കൊളംബോ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. രാമായണ ടൂറിസം സർക്യൂട്ടിന് ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഇന്ത്യക്കാർക്ക് ഇപ്പോൾ വിസയും ആവശ്യമില്ല.
ദോഹയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജരായ ദീർഘകാല സുഹൃത്ത് മോഹൻ ജയവർദ്ധന, അദ്ദേഹത്തിന്റെ സുഹൃത്തായ ചാന്ദിമൽ ജയസിംഗയെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹമാണ് മൂന്നു ദിവസത്തെ താമസ-വാഹന സൗകര്യങ്ങൾ ഒരുക്കിത്തന്നത്. ബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന കാൻഡിയിലെ ബുദ്ധവിഹാരവും മറ്റ് കാഴ്ചകളും കണ്ടശേഷം രണ്ടാം ദിനം സിഗിരിയ കാണാൻ പുറപ്പെട്ടു.
മധ്യശ്രീലങ്കയിലെ മാതലെ ജില്ലയിലേക്ക് രാവിലെ എട്ടുമണിയോടെ യാത്ര തിരിച്ചു. കേരളത്തിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും റോഡുകളും പിന്നിട്ട് വിസ്മയക്കാഴ്ചകൾക്കായി ഞങ്ങൾ സിഗിരിയയിൽ എത്തി. പുരാതന സിംഹള സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ശ്രീലങ്കയിലെ സാംസ്‌കാരിക ത്രികോണമാണ് അനുരാധപുര-പൊളന്നരുവ-കാൻഡി. അതിന്റെ ഹൃദയഭാഗത്ത്, പച്ചപ്പിൽ മുങ്ങിനിൽക്കുന്ന സമതലങ്ങൾക്ക് നടുവിൽ തലയുയർത്തി നിൽക്കുന്ന സിഗിരിയ പാറക്കെട്ട് ദൂരെനിന്നുതന്നെ കാണാം.
'സിംഗഗിരി' അഥവാ 'സിംഹപ്പാറ' (Lion Rock) എന്നതിൽനിന്നാണ് സിഗിരിയ എന്ന പേരുണ്ടായത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 370 മീറ്റർ ഉയരമുണ്ട് ഇതിന്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ സിഗിരിയ പാറയിൽ ബുദ്ധസന്യാസി മഠമുണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. പിന്നീടുള്ള ചരിത്രം അഞ്ചാം നൂറ്റാണ്ടിലെ അനുരാധപുര രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എ.ഡി. 477-ൽ കാശ്യപൻ രാജാവാണ് സിഗിരിയയെ തലസ്ഥാന നഗരമാക്കി മാറ്റിയത്. ഇവിടെ കോട്ടയും കൊട്ടാരവും ഉദ്യാനങ്ങളും നിർമ്മിച്ചു. അനുരാധപുര തലസ്ഥാനമായി ശ്രീലങ്ക ഭരിച്ചിരുന്ന ധാതുസേന രാജാവിന്റെ യഥാർത്ഥ കിരീടാവകാശി മൊഗള്ളാന എന്ന മകനായിരുന്നു. എന്നാൽ, രാജകുടുംബാംഗമല്ലാത്ത മറ്റൊരു സ്ത്രീയിൽ ജനിച്ച കാശ്യപൻ, അവസരം വന്നപ്പോൾ അച്ഛനെ തുറങ്കിലടച്ച് രാജ്യം സ്വന്തമാക്കി. പിന്നീട് ധാതുസേനയെ വധിച്ച് ഭരണമേറ്റെടുത്തു. യഥാർത്ഥ കിരീടാവകാശിയായ മൊഗള്ളാന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.
മൊഗള്ളാന തന്നോട് പ്രതികാരം ചെയ്യാൻ തിരിച്ചുവരുമെന്ന് ഉറപ്പായിരുന്നതുകൊണ്ട് കാശ്യപൻ ഭരണതലസ്ഥാനം അനുരാധപുരയിൽനിന്ന് കുറച്ചുകൂടി സുരക്ഷിതമായ സിഗിരിയയിലേക്ക് മാറ്റി. കൂറ്റൻ പാറയ്ക്ക് മുകളിലും താഴെയുമായി കൊട്ടാരങ്ങൾ നിർമ്മിച്ചു. ഏഴു കൊല്ലം കൊണ്ടാണ് കോട്ട-കൊട്ടാര സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തിയായത്. കാശ്യപൻ സിഗിരിയയിലിരുന്ന് എ.ഡി. 495 വരെ ലങ്ക ഭരിച്ചു. എന്നാൽ, വർഷങ്ങൾക്കു ശേഷം മൊഗള്ളാന സൈന്യസമേതം ഇന്ത്യയിൽനിന്ന് തിരിച്ചെത്തി കാശ്യപനെ യുദ്ധത്തിൽ തോൽപിച്ച് രാജ്യം തിരികെപിടിച്ചു. കാശ്യപന്റെ മരണശേഷം മൊഗള്ളാന രാജാവ് തലസ്ഥാനം വീണ്ടും അനുരാധപുരയിലേക്ക് മാറ്റി. തുടർന്ന് സിഗിരിയ ബുദ്ധവിഹാരമായി മാറി. പതിനാലാം നൂറ്റാണ്ട് വരെ ഇവിടം ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു. പിന്നീട് ജനവാസമില്ലാതെ കാടുകയറിപ്പോയ പ്രദേശം പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്താണ് വീണ്ടും കണ്ടെത്തുന്നത്.
പത്തുമണിയോടെ ഞങ്ങൾ പാർക്കിങ്ങിൽ എത്തി. ടൂറിസ്റ്റ് സീസൺ ആയിരുന്നില്ല, നല്ല ചൂടും. തിരക്ക് നന്നെ കുറവായിരുന്നു. നിരവധി ഗൈഡുമാരെ കണ്ടു; അവരിൽ കുമരസേനയുമായി തുക പറഞ്ഞുറപ്പിച്ചു. വിസിറ്റേഴ്‌സ് സെന്ററിൽനിന്ന് ടിക്കറ്റെടുത്തു. അവിടെത്തന്നെയാണ് സിഗിരിയ മ്യൂസിയവും. മ്യൂസിയം കണ്ടശേഷം സിംഹപ്പാറയുടെ നെറുകയിലേക്ക്. കാശ്യപൻ രാജാവിന്റെ കോട്ട-കൊട്ടാര-ഉദ്യാന അവശിഷ്ടങ്ങൾ തേടിയുള്ള യാത്ര.
ഈ ചരിത്രസ്മാരകത്തിന്റെ പ്രവേശന കവാടം കടന്നാൽ കിടങ്ങാണ്. ശത്രുക്കൾ കടക്കാതിരിക്കാൻ കിടങ്ങുകളിൽ പണ്ട് മുതലകളെ വളർത്തിയിരുന്നതായി കുമരസേന പറഞ്ഞു. പാലം വഴി കിടങ്ങു കടന്നാൽ പിന്നെ നീളത്തിലുള്ള നടപ്പാതയാണ്. അഞ്ചാം നൂറ്റാണ്ടിലെ വിപുലമായ നഗരാസൂത്രണത്തിന്റെ അവശിഷ്ടങ്ങളാണ് സമചതുരാകൃതിയിലുള്ള കുളങ്ങളും പുൽത്തകിടികളും ജലധാരകളും നിറഞ്ഞ വാട്ടർ ഗാർഡൻ(Water Garden). പുരാതനമായ ഹൈഡ്രോളിക് സംവിധാനം വഴി ജലധാരകൾ ഇന്നും മഴക്കാലത്ത് പ്രവർത്തിക്കാറുണ്ട്. കിടങ്ങുകളിലേക്ക് വെള്ളം എത്തിച്ചിരുന്നതും ഇതേ ജലസംവിധാനം വഴിയാണ്. ജലശാസ്ത്രത്തെയും (Hydrology) നഗരാസൂത്രണത്തെയും കുറിച്ചുള്ള ലങ്കൻ ജനതയുടെ അറിവ് പ്രകടം.
മുന്നോട്ടു നടന്നു. മുകളിലെത്താൻ 1300-ൽപരം പടികൾ കയറണം. തുടക്കത്തിൽ വീതിയുള്ള കരിങ്കൽ പടികളാണ്. എന്നാൽ, മുകളിലേക്ക് പോകുംതോറും പാറയുടെ വശങ്ങളിൽ കൊത്തിയ പടികളും പാറയോടു ചേർത്തുണ്ടാക്കിയ ഇരുമ്പ് ഗോവണികളുമായി വഴി മാറുന്നു. വെയിലിന്റെ കാഠിന്യമേറി വന്നു, ശക്തമായ കാറ്റും. കയറ്റം ആയാസകരമായിരുന്നു. യാത്രയുടെ പകുതി ദൂരമായപ്പോൾ എത്തിച്ചേർന്നത് 'ലയൺ പ്ലാറ്റ്ഫോം'(Lion Platform) എന്ന വലിയ സമതലത്തിലാണ്. മുന്നിൽ കാണുന്ന കാഴ്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്; രണ്ട് കൂറ്റൻ സിംഹപാദങ്ങൾ...!
പണ്ടുകാലത്ത് സിംഹത്തിന്റെ മുഖം കൂടി ഉണ്ടായിരുന്നുവെന്നും അതിന്റെ വായിലൂടെയായിരുന്നു മുകളിലെ കൊട്ടാരത്തിലേക്കുള്ള വഴിയെന്നും പറയപ്പെടുന്നു. ഇന്ന് ആ രൂപമില്ല. എങ്കിലും അവശേഷിക്കുന്ന ആ കൂറ്റൻ പാദങ്ങൾക്കിടയിലൂടെയുള്ള ഇരുമ്പുപടികൾ കയറിവേണം മുകളിലേക്ക് പോകാൻ. ചുറ്റുമുള്ള വനപ്രദേശങ്ങളിൽനിന്നുള്ള തണുത്ത കാറ്റടിച്ചു; മനോഹരമായ ദൂരക്കാഴ്ചകൾ. യുനെസ്‌കോ ഏറ്റെടുത്ത ശേഷമാണ് പടികൾ ഉണ്ടാക്കിയത്. താഴേക്ക് നോക്കിയാൽ ഭയം തോന്നുമെങ്കിലും സുരക്ഷാ കമ്പികളിൽ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
ഒടുവിൽ ആകാശക്കൊട്ടാരത്തിന്റെ നെറുകയിൽ. അവസാനത്തെ പടിയും കയറി സിഗിരിയയിലെ പാറയ്ക്കു മുകളിൽ കാലുകുത്തി. അവിടെയുള്ള കല്ലിൽ കയറി നിൽക്കാൻ കുമരസേന പറഞ്ഞു. ഇപ്പോൾ സിഗിരിയയുടെ ഏറ്റവും ഉയരത്തിലാണ് ഞാൻ...! ശക്തമായ കാറ്റ് കാതുകളിൽ വന്നലയ്ക്കുന്നു. വരിവരിയായി നിൽക്കുന്ന മലനിരകളും നിബിഡ വനങ്ങളും താഴെ ഉദ്യാനങ്ങളും. എല്ലാം ഡ്രോൺ ദൃശ്യംപോലെ കാണാം.
മൂന്നേക്കറോളം വരുന്ന പാറമുകളിൽ കാശ്യപൻ രാജാവിന്റെ കൊട്ടാരത്തിന്റെ ഇഷ്ടിക അടിത്തറകളും ഇരിപ്പിടങ്ങളും കാവൽപ്പുരകളും കൃത്യമായി തിരിച്ചറിയാം. പാറയിൽ വെട്ടിയെടുത്ത വലിയൊരു കുളം മുകളിലുണ്ട്. ഇത്രയും ഉയരത്തിൽ വെള്ളം ചോർന്നുപോകാതെ, വറ്റാതെ ഇന്നും ഈ കുളം നിലനിൽക്കുന്നത് പുരാതന ലങ്കൻ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. കടുത്ത വേനൽക്കാലത്ത് പോലും കുളത്തിലെ വെള്ളം വറ്റിപ്പോകാതിരിക്കാൻ പ്രത്യേക സംവിധാനമുണ്ട്. പാറയുടെ ചെരിവുകളിലൂടെ ഒഴുകിവരുന്ന മഴവെള്ളം കൃത്യമായി ഈ കുളത്തിലേക്ക് എത്തുന്ന രീതിയിലായിരുന്നു രൂപകൽപന. അധികം വരുന്ന വെള്ളം താഴെയുള്ള അണക്കെട്ടുകളിലേക്കും കനാലുകളിലേക്കും ഒഴുക്കിവിടാനുള്ള സംവിധാനവും ഇതിനുണ്ടായിരുന്നുവെന്ന് കുമരസേന പറഞ്ഞു. അധികാരം നിലനിർത്താനും ശത്രുക്കളെ ഭയന്നും ഒരു മനുഷ്യൻ ഇത്രയും ഉയരത്തിൽ ഇങ്ങനെ ഒരു സ്വപ്നലോകം തീർത്തല്ലോ എന്ന് ഓർത്തുപോയി.
കുറച്ചുസമയം അവിടെ ചെലവഴിച്ച ശേഷം താഴേക്ക് പടികൾ ഇറങ്ങി വീണ്ടും സിംഹകവാടത്തിലെത്തി. അവിടെനിന്ന് ഇനി മറ്റൊരു വഴിയിലൂടെയാണ് താഴേക്ക് ഇറങ്ങുന്നത്. സിഗിരിയയിലെ ലോകപ്രശസ്തമായ ചുവർചിത്രങ്ങളിലേക്കുള്ള പാതയാണിത്. ഈ വഴിയിൽ 25 മീറ്ററോളം നീളത്തിൽ ഒരു മതിലുണ്ട് (Mirror Wall). പണ്ടുകാലത്ത് ഇത് അതീവ തിളക്കമുള്ളതായിരുന്നുവെന്ന് കുമരസേന പറഞ്ഞു. രാജാവിന് മുഖം നോക്കാൻ പാകത്തിൽ മിനുക്കിയെടുത്ത ആ മതിലിൽ കൈ തൊടുമ്പോൾ നൂറ്റാണ്ടുകളുടെ ചരിത്രമാണ് വിരൽത്തുമ്പിലൂടെ കടന്നുപോകുന്നത്. ഈ കണ്ണാടിമതിലിൽ ഇവിടം സന്ദർശിച്ചവർ എഴുതിയ കവിതകളും കുറിപ്പുകളും ഇന്നും കാണാം.
അവിടെനിന്ന് മൂന്ന് നിലയോളം ഉയരത്തിൽ സ്‌പൈറൽ പടികൾ കയറി പാറയുടെ മധ്യഭാഗത്തായുള്ള വലിയൊരു ഗുഹയ്ക്കുള്ളിലേക്കാണ് പിന്നീട് നടന്നെത്തിയത്. ഗുഹയ്ക്കുള്ളിൽ വരച്ചുചേർത്ത, ഇന്നും നിറം മങ്ങാത്ത അപ്‌സരസ്സുകളുടെ ചിത്രങ്ങൾ! ഒരു ആർട്ട് ഗാലറിയിൽ നിൽക്കുന്ന പ്രതീതി. അതിമനോഹരമായ ഈ ചുമർചിത്രങ്ങളിൽ 500 വ്യത്യസ്തമായ മുഖങ്ങൾ ഉണ്ടായിരുന്നുവത്രെ. അപ്‌സരസ്സുകളുടേതെന്ന് കരുതപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങളാണിവ. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവയുടെ നിറവും ഭംഗിയും മങ്ങാതെ നിൽക്കുന്നു. ഇന്ത്യയിലെ അജന്താ ഗുഹാചിത്രങ്ങളോട് ഇവയ്ക്ക് വലിയ സാദൃശ്യമുണ്ട്. കാശ്യപന് 500 ഭാര്യമാർ ഉണ്ടായിരുന്നുവെന്നും ഈ ചിത്രങ്ങൾ അവരുടേതാണെന്നുമാണ് ഇവിടെ പൊതുവെ പ്രചരിച്ചിരിക്കുന്ന കഥയെന്ന് കുമരസേന പറഞ്ഞു.
താഴേക്ക് ഇറങ്ങി വീണ്ടും മിറർ വാളിന് സമീപമെത്തി. കുറച്ചു സമയം അവിടെ വിശ്രമിച്ചതിനുശേഷം വീണ്ടും താഴേക്കുള്ള പടികളിലൂടെ ഇറക്കം ആരംഭിച്ചു. കാലത്തിനും മുന്നേ സഞ്ചരിച്ച നിർമാണ ആശയങ്ങൾ താഴെ പ്രകൃത്യാ ഉള്ള പാറകളുടെയും മറ്റു ശിലകളുടെയും രൂപത്തിനനുസരിച്ച്, അവയ്ക്ക് വലിയ മാറ്റം വരുത്താതെ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി കാണാം. മൂർഖന്റെ പത്തി പോലുള്ള പാറ, രാജാവ് ജനങ്ങളോട് സമ്പർക്കം പുലർത്താനായി ഉപയോഗിച്ചിരുന്ന പരന്ന പാറ, ഒട്ടേറെ ഗുഹകൾ... ശത്രുക്കൾ ആക്രമിച്ചാൽ ചില പാറകൾ താഴേക്ക് ഉരുട്ടിവിടാൻ കഴിയുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഈ ഭാഗങ്ങൾ ചൂടുകാലത്ത് കൊട്ടാരമായി ഉപയോഗിച്ചിരുന്നു. ഓരോ പാറയ്ക്കും നൂറ്റാണ്ടുകൾ പഴക്കമുള്ള ഓരോ കഥകൾ പറയാനുണ്ട്! ആയിരക്കണക്കിന് ആളുകൾ മുകളിലത്തെ കോട്ട-കൊട്ടാരങ്ങളുടെ നിർമ്മാണവേളയിൽ ജീവത്യാഗം ചെയ്തിട്ടുണ്ടാകുമെന്നുള്ള കഥകളൊക്കെ കുമരസേന ഓർമ്മിപ്പിച്ചു.
ഇറങ്ങിവന്നപ്പോൾ മനസ്സിൽ ചരിത്രത്തിന്റെ ഭാരം. അതേസമയം, ലോകത്തെ ഏറ്റവും മികച്ച കാഴ്ച കണ്ട സംതൃപ്തിയും. ശ്രീലങ്കയിൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ സന്ദർശിക്കാനെത്തുന്ന ഇടമാണിത്. പ്രധാന വഴിയിലെത്തി അവിടത്തെ ഹോട്ടലിൽനിന്ന് ശ്രീലങ്കൻ കറി റൈസ് കഴിച്ചു. ഒട്ടേറെ ഭക്ഷണശാലകളും ഹോംസ്റ്റേകളും റിസോർട്ടുകളും ഇവിടെയുണ്ട്. ജീപ്പ്, ടുക് ടുക് (Tuk-tuk) സഫാരികളും ലഭ്യമാണ്; ഗ്രാമങ്ങളിലേക്കും വനത്തിലേക്കും സഫാരി യാത്രകൾ നടത്താനും സാധിക്കും.
Content Highlights: Comprehensive guide to the 5th-century Sigiriya Rock Fortress architecture., Insight into the ancient hydraulic systems and urban planning., Cultural significance of the mirror wall and Apsara frescoes., Practical travel tips including local transport and nearby attractions for 2026 visitors.
Published: 20 Jul 2026, 05:41 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented