ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജില്‍നിന്നും ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിക്കുന്നതിനുള്ള ഉപഹാരം അഭിമാനത്തോടെ ഏറ്റുവാങ്ങി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ നിന്നും സംസ്ഥാനത്ത് ആദ്യമായും അവസാനമായും നേപ്പാളുകാരനായ ഒരാള്‍ സ്ഥിരംജീവനക്കാരനാവുകയും മൂന്ന് പതിറ്റാണ്ടുനീണ്ട സേവനത്തിനുശേഷം ആനുകൂല്യങ്ങളോടെ വിരമിക്കുകയും ചെയ്യുന്നു. നേപ്പാളെന്ന സ്വന്തം നാട്ടിലേക്ക് ഈ ഉപഹാരങ്ങളും മലയാളത്തിന്റെ സ്‌നേഹവുമായി തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ഈ നാടിനെക്കുറിച്ചും തിരികെപ്പിടിച്ച ജീവിതത്തെക്കുറിച്ചും സോണ ലാമയ്ക്ക് ഒരുപാട് പറയാനുണ്ട്. വയനാടിന് ചിരപരിചിതമായ നിറഞ്ഞപുഞ്ചിരിയോടെ സോണ ലാമ നന്ദിപറയുകയാണ്.

To advertise here,

1991-ലാണ് സോണ ലാമ ജോലിയന്വേഷണത്തിന്റെ വഴിതെറ്റിയുള്ള സഞ്ചാരത്തില്‍ നേപ്പാളിലെ മഖ്നാപൂര്‍ ജില്ലയില്‍ നിന്നും വയനാട്ടിലെത്തിപ്പെട്ടത്. അക്കാലത്ത് വയനാടിന് പുറത്തൊക്കെ അങ്ങാടികളിലും മറ്റും രാത്രികാവലിന് ദിവസക്കൂലിക്ക് ഗൂര്‍ഖകളെ പതിവുണ്ടായിരുന്നു. ഈ നാട്ടിലും അങ്ങനെയൊരു പണികിട്ടുമോ എന്നായിരുന്നു സോണ ലാമയുടെ അന്വേഷണം. ആദ്യ അന്വേഷണങ്ങളെല്ലാം വിഫലമായെങ്കിലും ലാമയെ കാത്തിരുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ ടൂറിസം പ്രമോഷന്റെ തട്ടകമായിരുന്നു. സുഗന്ധഗിരിയില്‍നിന്ന് ജോലിതേടി പുറപ്പെട്ടപ്പോള്‍ വഴിയരികില്‍ നിന്നും എന്നെക്കണ്ട ആരോ പറഞ്ഞു പൂക്കോട് തടാകത്തില്‍ ആളെ എടുക്കുന്നുണ്ടെന്ന്. അപേക്ഷ കൊടുത്തു. ആരോഗ്യവാനായ ചെറുപ്പക്കാരന്‍ നേപ്പാളുകാരനായ ലാമയെ അന്ന് ആദ്യ നോട്ടത്തില്‍ത്തന്നെ അധികൃതര്‍ പരിഗണിച്ചു. അക്കാലത്ത് വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സക്രിയമായിരുന്ന പൂക്കോട് തടാകത്തില്‍ സുരക്ഷാ ജീവനക്കാരനായി സോണ ലാമയ്ക്ക് നിയമനം കിട്ടി.

ദിവസം 20 രൂപയായിരുന്നു വേതനം. ആദ്യ കാലത്ത് നാല് ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന മാനന്തവാടിയിലെ പഴശ്ശിപാര്‍ക്കിലും ജോലി തുടങ്ങി. അപ്പോഴേക്കും മാനന്തവാടിപ്പുഴയില്‍ നാലോളം ബോട്ട് സര്‍വീസുമായി സജീവമായിരുന്നു പഴശ്ശി ഉദ്യാനവും. ഇവിടെ ധാരാളം സഞ്ചാരികളുമെത്തുമായിരുന്നു.

ഇങ്ങനെയൊരു വിനോദകേന്ദ്രത്തില്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലാമ സഞ്ചാരികളുടെയും നാടിന്റെയും പ്രിയപ്പെട്ടവനായിമാറി. പതിയെപ്പതിയെ മലയാളവും പഠിച്ച ലാമ കൂട്ടുകാര്‍ക്കിടയില്‍ നേപ്പാളിന്റെയും മലയാളത്തിന്റെയും ഇടയ്ക്കുള്ള പാലമായി. ആരോടും പെട്ടെന്ന് സൗഹൃദത്തിലാകുന്ന ലാമയ്ക്ക് ഭാഷയൊന്നും ജോലിചെയ്യാന്‍ തടസ്സമായില്ല. പഴശ്ശി പാര്‍ക്കിലെ ജലസംഭരണിക്കടിയിലെ കുഞ്ഞുമുറി അങ്ങനെയൊരു നേപ്പാളുകാരന്റെ വയനാട്ടിലെ ആദ്യവീടായി മാറി. ഇവിടെ ജോലിയും ശമ്പളവുമെല്ലാം ആയതോടെ പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഉറ്റവരെത്തേടി നേപ്പാളിലേക്കുപോയി. അവിടെ അടുത്ത ജില്ലയായ ചിറ്റ് വാറില്‍നിന്ന് സുശീലയെയും ജീവിതസഖിയായി ഒപ്പംകൂട്ടി വയനാട്ടിലേക്ക് തിരികെയെത്തി.

പതിയെ ഉയര്‍ന്നുവന്ന ജീവിതവരുമാനത്തില്‍ നിന്നും മക്കളായ സുസ്മിതയെയും സുമിതയെയും സുഭാഷിനെയും പഠിപ്പിച്ചു. കേരളത്തിന്റെയും നേപ്പാളിന്റെയും തണലില്‍ വളര്‍ന്ന ഇവരെല്ലാം മുതിര്‍ന്ന് ഇപ്പോള്‍ ജോലി അന്വേഷണത്തിലാണ്. വയനാട്ടിലെ വിവിധ വിനോദകേന്ദ്രങ്ങളില്‍ ഏറെനാളത്തെ സെക്യൂരിറ്റി ജോലിക്കുശേഷം ഡി.ടി.പി.സി. ലാമയ്ക്ക് അറ്റന്‍ഡന്റായി സ്ഥാനക്കയറ്റവും നല്‍കി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പൂക്കോട് വിനോദകേന്ദ്രത്തില്‍നിന്നാണ് ഒടുവില്‍ പടിയിറക്കം.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മെല്ലാംചേര്‍ന്ന് സോണ ലാമയ്ക്ക് യാത്രയയപ്പൊരുക്കി. കളക്ടറേറ്റില്‍ ചേര്‍ന്ന യാത്രയയപ്പ് സംഗമത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉപഹാരം നല്‍കി. സോണ ലാമയെയും കുടംബത്തെയും നേപ്പാള്‍ വരെയും അനുഗമിക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവര്‍ത്തകര്‍. എനിക്ക് അച്ഛനെയും അമ്മയെയും ചെറുപ്പത്തില്‍ നഷ്ടപ്പെട്ടതാണ്. ബന്ധുക്കളെന്ന് പറയുന്നവരും കുറവാണ്. കഷ്ടപ്പാടുകാരണം ചെറുപ്പത്തില്‍ എങ്ങോട്ടോ യാത്ര തീരുമാനിച്ചിറങ്ങിയതാണ്. നിയോഗംപോലെ ഇവിടെ എത്തിപ്പെട്ടു. കഷ്ടപ്പാടിലെല്ലാം പിടിച്ചുനിന്നു. മലയാളികള്‍ വഴികാട്ടികളാണ്. വഴി ചോദിച്ചാല്‍ അവര്‍ വഴി പറഞ്ഞുതരും. ഇതാണ് എന്നെയും ഇവിടെ എത്തിച്ചത്.

31 വര്‍ഷത്തെ സേവനകാലയളവില്‍ വയനാട്ടിലെ വിനോദ കേന്ദ്രങ്ങളില്‍നിന്നുള്ള ജോലി അവസാനിപ്പിച്ച് യാത്ര പറയുമ്പോള്‍ മലയാളനാടിനെക്കുറിച്ച് ഈ നേപ്പാളുകാരന്‍ തെറ്റാത്ത മലയാളത്തില്‍ ഇങ്ങനെ പറയുന്നു... സോണ ലാമയെന്ന സെക്യൂരിറ്റിക്കാരനല്ല. തമാശകള്‍ പങ്കിട്ടും സ്‌നേഹം വിതറിയും നാടിനോടു ചേര്‍ന്നുനിന്ന ഒരാളെയാണ് വയനാടും ഏറെനാള്‍ കൂടെക്കൂട്ടിയത്.