എടപ്പാൾ: യു.ഡി.എഫ്. സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ 'പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സി. 'മുക്കുന്നു'. ഡിപ്പോകളിലേക്ക് സ്പെയർപാർട്‌സ് കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന വാനുകളുടെ കാലാവധി കഴിയുമ്പോൾ പകരം പ്രിയദർശിനി ബസുകൾ പിൻവലിച്ച് അവ രൂപമാറ്റംവരുത്തി ഉപയോഗിക്കാനാണ് നീക്കം. എടപ്പാൾ കണ്ടനകം കെ.എസ്.ആർ.ടി.സി. റീജ്യണൽ വർക്ക്​ഷോപ്പിൽ ഇത്തരം ബസുകളുടെ സീറ്റുകൾ അഴിച്ചുമാറ്റി വാനാക്കാൻ തുടങ്ങി.

To advertise here,

പ്രിയദർശിനി ബസുകൾ ഇത്തരത്തിൽ മാറ്റുന്നതിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യയാത്രാ ആനുകൂല്യം പരിമിതപ്പെടും. ബസ് വാനാക്കുമ്പോഴുണ്ടാക്കുന്ന നിയമപരമായ പ്രശ്നങ്ങളുമുയരും. കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം സെൻട്രൽ വർക്ക്​ഷോപ്പിൽനിന്ന് വിവിധ വർക്ക്ഷോപ്പുകളിലേക്ക് സ്പെയർപാർട്സ് കൊണ്ടുപോകുന്ന വാനുകളുടെ കാലാവധിയാണ് അവസാനിക്കുന്നത്. സംസ്ഥാനത്താകെ 96 ഡിപ്പോകളാണുള്ളത്. ഈ മാസം അവസാനത്തോടെ വാനുകളുടെ കാലാവധികഴിയും.

പുതിയ വാനുകൾ വാങ്ങുന്ന സാമ്പത്തികബാധ്യത മറികടക്കാനും അതുവരെ സ്പെയർപാർട്‌സുകളുടെ നീക്കം തടസ്സപ്പെടാതിരിക്കാനുമാണ് പുതിയ നീക്കം. ഇതിനായി വിവിധ ഡിപ്പോകളിൽ നിന്ന് ബസുകൾ എത്തിച്ച് രൂപമാറ്റം വരുത്തുന്നതിനാണ് തുടക്കമായിട്ടുള്ളത്. പാലക്കാട് ഡിപ്പോയിൽനിന്നും മറ്റും പ്രിയദർശിനി സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ച് പൊളിക്കാനായി വിവിധ വർക്ക്ഷോപ്പുകളിലേക്ക് അയച്ച് സീറ്റുകൾ അഴിച്ചുമാറ്റി വാനാക്കുകയാണ്.

എന്നാൽ, ഇത്തരം രൂപമാറ്റത്തിന് രേഖാമൂലമുള്ള ഉത്തരവിറങ്ങിയിട്ടില്ല. ബസ് രൂപമാറ്റം വരുത്തി റോഡിലിറക്കണമെങ്കിൽ മോട്ടോർവാഹന വകുപ്പിന്റെ അനുമതിവേണം. സാങ്കേതികപരിശോധന നടത്തി ഫിറ്റ്നസ് ലഭിക്കണം. ആർ.സി., ഇൻഷുറൻസ് എന്നിവയിലും മാറ്റംവരുത്തേണ്ടിവരും. ഇതിനുള്ള അനുമതി എം.വി.ഡി.യിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതില്ലാതെ റോഡിലിറങ്ങി അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയടക്കം ലഭിക്കുന്ന കാര്യത്തിലും ആശങ്കയുണ്ട്.

താത്കാലിക സംവിധാനമെന്ന് കെ.എസ്.ആർ.ടി.സി.

പുതിയ വാനുകൾ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് കോർപ്പറേഷന്റെ ശ്രമമെന്നും ഇപ്പോൾ ജോലികൾ മുടങ്ങാതിരിക്കാനുള്ള താത്കാലിക സംവിധാനമാണ് ഒരുക്കുന്നതെന്നുമാണ് തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ പറയുന്നത്.