കോഴിക്കോട്: മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് സ്വകാര്യ ആഡംബര കാർ ഉപയോഗിച്ചതിനെ വീണ്ടും ന്യായീകരിച്ച് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. സിപിഎം സൈബർ വിങ്ങാണ് വിവാദം സൃഷ്ടിച്ചതെന്നും അത് മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലൂസിഫറിലെ മോഹൻലാലിന്റെ മാസ് ഡയലോഗും ഷാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

താൻ ആഡംബര വാഹനത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ വ്യാജമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഉപയോഗിക്കുന്ന വാഹനം ഔദ്യോഗികമാവണം എന്ന് പോലുമില്ല എന്നാണ് നിയമം. കൊടിവെക്കണം എന്ന് മാത്രമാണ് പറയുന്നത്. പേഴ്സണൽ വാഹനങ്ങൾ സർക്കാർ കാര്യങ്ങൾക്ക് ഉപയോഗിക്കാം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. മന്ത്രിമാർക്ക് സ്വകാര്യ വഹനത്തിൽ സഞ്ചരിക്കാം. എന്തെങ്കിലും 'ഫേവർ' ചെയ്യരുതന്നേ ഉള്ളൂ. അത് വരുമ്പോൾ നോക്കാമെന്നും ഷാജി പറഞ്ഞു.

കാർ ഉപയോഗത്തിൽ ഒരു നിയമപ്രശ്‌നവും ഇല്ല. അതിൽ ധാർമ്മികതയുടെ പ്രശ്നമാണ് ഉള്ളത്. വാർത്ത വരും മുമ്പ് തന്നെ ആ കാർ ഒഴിവാക്കി. വിവാദം ഉണ്ടായപ്പോൾ തന്നെ നേതാക്കളെ വിളിച്ച് വിശദീകരിച്ചിരുന്നു. ഭാവിയിലും സർക്കാർ വിരുദ്ധവും നിയമവിരുദ്ധവും ആയ ഒരു കാര്യവും തന്നിൽ നിന്നും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു.

എഐ നിർമിത വ്യാജ ഫോട്ടോ ഉപയോഗിച്ചാണ് തന്നെ മാധ്യമങ്ങൾ വിചാരണ ചെയ്തത്. തന്നെ ഒരു മാധ്യമപ്രവർത്തകൻ കള്ളൻ എന്ന് വിളിച്ചു. ആ മാധ്യമ പ്രവർത്തകന്റെ പേര് പറയാത്തത് അവന്റെ ****** അല്ല എന്റേത് എന്നത് കൊണ്ടാണ് എന്ന് ലൂസിഫർ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് ഓർമിപ്പിച്ചുകൊണ്ട് ഷാജി പറഞ്ഞു.

വിദേശയാത്രയെ കുറിച്ചും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകി. വേൾഡ് മലയാളി ഫോറത്തിന്റെ ക്ഷണം അനുസരിച്ചുള്ള സ്വകാര്യ സന്ദർശനമാണ് താൻ നടത്തിയത്. ബൾഗേറിയയിൽ മാത്രമാണ് താൻ പോയത്. ലീഗിന്റെ മന്ത്രിമാർക്ക് നേരത്തെ തന്നെ പെരുമാറ്റച്ചട്ടം ഉണ്ട്. ആദ്യത്തെ പെരുമാറ്റച്ചട്ടം ലീഗ് മന്ത്രിമാർക്ക് നൽകിയത് സി.എച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളൻ മാധ്യമസ്ഥാപനത്തിൽ കയറിയിരുന്നാൽ എന്ത് വിളിക്കണമെന്ന് റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഉന്നമിട്ട് മന്ത്രി ചോദിച്ചു. കള്ളൻ ഏത് ആപ്പീസിൽ കയറിയിരുന്നാലും വിളിക്കുക കള്ളൻ എന്ന് തന്നെയാണ്. പ്രതിപക്ഷം തങ്ങളുടെ ധർമ്മം നിർവഹിക്കാതെ റിപ്പോർട്ടർ ചാനലിനെ ആ ദൗത്യം ഏൽപ്പിച്ചിരിക്കുകയാണ്.

മാസപ്പടി കേസിൽ വളരെ സോളിഡായ തെളിവ് ഉണ്ട്. പുറത്തുവന്നതിനേക്കാൾ ഗൗരവകരമായ വിവരങ്ങളാണ് സർക്കാരിന്റെ കയ്യിലുള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തുന്നത്. സതീശൻ പതറി പോകുമോ എന്ന് താൻ കരുതിയിരുന്നുവെന്നും ഷാജി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ പതിനായിരത്തോളം അനധികൃത നിയമനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിൽ നടന്നിട്ടുണ്ട്. അതൊക്കെ സിപിഎം നോമിനികളാണ്. അതെല്ലാം പരിശോധിക്കാൻ പോകുകയാണ്. ഓരോ വകുപ്പിലുമുള്ള എംപാനൽ നിയമനങ്ങൾ പരിശോധിക്കും. കടുത്ത അഴിമതിയാണ് ഓരോ വകുപ്പിലും ഉള്ളത്. ഇതെല്ലാം നിർത്തിക്കുമെന്നും ഷാജി പറഞ്ഞു.