ഒരുപാട് കാലം മനസില്‍ കൊണ്ടുനടന്ന ഒരാഗ്രഹം. കാന്തല്ലൂരൊന്ന് പോകണം. അത് സാധിച്ചെടുക്കാന്‍ പക്ഷേ ഒരു അവാര്‍ഡ് പ്രഖ്യാപനം വേണ്ടിവന്നു. അവാര്‍ഡ് പക്ഷേ ഈ എഴുതുന്ന ലേഖകനല്ല, കാന്തല്ലൂരിനാണെന്ന് മാത്രം. ഇക്കഴിഞ്ഞ വിനോദസഞ്ചാര ദിനത്തില്‍ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി കേന്ദ്ര ടൂറിസം വകുപ്പ് കാന്തല്ലൂരിനെ പ്രഖ്യാപിച്ചപ്പോള്‍ അങ്ങോട്ടേക്കൊരു യാത്ര പോകാതെ തരമില്ലെന്നായി. ഉള്ളിലൊരു വിങ്ങല്‍, പോരൂ പോരൂ എന്ന് ആരോ വിളിക്കുന്നതുപോലെ. ഒടുക്കം രണ്ടും കല്പിച്ച് തീരുമാനിച്ചു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അങ്ങനെ അന്ത്യമാവുന്നു.

To advertise here,
ടൂറിസം വളര്‍ച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് കാന്തല്ലൂരിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍. പഞ്ചായത്തുമായി ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

കൃത്യമായ പ്ലാനിങ്ങോടെ വേണം കാന്തല്ലൂര്‍ യാത്ര എന്നുറപ്പിച്ചിരുന്നു. എങ്ങനെ പോകണമെന്നായിരുന്നു ആദ്യത്തെ ചിന്ത. എല്ലായ്‌പ്പോഴും എന്നപോലെ ഗൂഗിളിനെ തന്നെ ആശ്രയിച്ചു. കോഴിക്കോട്ട് നിന്നും രാത്രി തീവണ്ടികളില്‍ ഏതെങ്കിലുമൊന്നില്‍ കയറി ആലുവയെത്തുക. ആലുവയില്‍ നിന്ന് രാവിലെ ഏഴേ മുക്കാലിന് ഒരു കെ.എസ്.ആര്‍.ടി.സി ബസുണ്ട്. ഉച്ചയ്ക്ക് രണ്ടേ മുക്കാലിന് കാന്തല്ലൂരെത്തുന്നത്. യാത്രാക്ഷീണം കലശലായി ഉദ്ദേശിച്ച കാര്യം കുളമാവുമോ എന്നൊരാശങ്ക വന്നു. എങ്കില്‍പ്പിന്നെ കോഴിക്കോടുനിന്ന് നേരിട്ട് വല്ല ബസും ഉണ്ടാവുമോ എന്ന് ഒരു ഭാഗ്യപരീക്ഷണം നടത്താമെന്നുവച്ചു. നേരെ 'എന്റെ കെ.എസ്.ആര്‍.ടി.സി' ആപ്പില്‍ കയറി ചുമ്മാ സേര്‍ച്ച് ചെയ്തു. ഭാഗ്യം, മൂന്നാറിലേക്ക് രണ്ട് ബസുണ്ട്. രാത്രി 10.52-ന് കോഴിക്കോട് നിന്നെടുക്കുന്ന സ്വിഫ്റ്റ് ബസ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെടുക്കുന്ന വണ്ടിയാണ്. രാവിലെ ആറരയാവുമ്പോള്‍ മൂന്നാറെത്തും. രണ്ടാമത്തെ വണ്ടി രണ്ട് മണിക്കൂര്‍ കൂടി കഴിഞ്ഞ് 12.46 നാണ്. ഇത് മൂന്നാറെത്താന്‍ ഏകദേശം എട്ടുമണിയാവും. ഒന്നും നോക്കിയില്ല, ആദ്യത്തേത് തന്നെ ബുക്ക് ചെയ്തു. അല്പം നേരത്തേ കാന്തല്ലൂരെത്താനായിരുന്നു ഇത്.

placeholder
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ

പതിനൊന്നു മണിയോടെ കോഴിക്കോട് നിന്ന് പുറപ്പെട്ട ബസ് കൃത്യസമയത്തുതന്നെ മൂന്നാറെത്തി. മൂന്നാറെത്തുംമുമ്പേ തന്നെ ഉറക്കമുണര്‍ന്നിരുന്നു. വെളുത്ത മഞ്ഞിന്‍കൂട്ടങ്ങള്‍ മൂന്നാര്‍ മലനിരകളെ തഴുകി സ്വാഗതമോതി. പച്ചപുതച്ച മൂന്നാറിനുമേല്‍ മറ്റൊരു കവചം പോലെ കോട ശക്തി കാട്ടി നിന്നു. മൂന്നാര്‍ ടൗണിലാണ് ബസ് നിന്നത്. ഒന്ന് ഫ്രെഷ് ആയി. ചായ കുടിക്കാമെന്ന് കരുതി പ്രധാന റോഡിലേക്കിറങ്ങിയപ്പോൾ ഒരു സ്വകാര്യ ബസ് മുന്നില്‍ക്കിടക്കുന്നത് കണ്ടു. പിന്നിലെ ബോര്‍ഡില്‍ക്കണ്ട സ്ഥലപ്പേര് ചായയോടുള്ള ആശയെല്ലാം ശമിപ്പിച്ചു. ഓടി അടുത്തെത്തിയപ്പോഴേക്കും ബസ് പതുക്കെ മൂന്നോട്ടെടുത്തിരുന്നു. കാന്തല്ലൂരല്ലേ എന്ന് മുഴുവന്‍ ചോദിക്കുന്നതിനുമുമ്പ് തന്നെ അതെയെന്ന് കണ്ടക്ടറുടെ മറുപടി. പുറത്തുതൂക്കിയ ബാഗിന്റെ ഭാരം നോക്കാതെ ബസിനകത്തേക്ക് ചാടിക്കയറി. ബാഗ് ഒതുക്കിയ ശേഷം വാച്ചില്‍ നോക്കിയപ്പോള്‍ സമയം ഏഴേകാല്‍. കാന്തല്ലൂരേക്ക് മൂന്നാറില്‍ നിന്നുള്ള ആദ്യ ബസ് ഇതായിരിക്കണമെന്ന് കണക്കുകൂട്ടി. 90 രൂപയാണ് മൂന്നാര്‍-കാന്തല്ലൂര്‍ ബസ് ചാര്‍ജ്. ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പറയുമ്പോള്‍ പൊതുവേ മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിങ്ങനെ ഒരുമിച്ചാണ് പറയുന്നതെങ്കിലും മൂന്നാറില്‍ നിന്ന് രണ്ടര മണിക്കൂറോളം യാത്രയുണ്ട് കാന്തല്ലൂരിലേക്ക്.

placeholder
പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന മൂന്നാർ മലനിരകൾ

വള്ളക്കടവാണ് കാന്തല്ലൂരിന്റെ കവാടം എന്നുപറയാവുന്ന പ്രദേശം. വള്ളക്കടവിലേക്ക് ബസ് പ്രവേശിക്കുമ്പോള്‍ത്തന്നെ കാണാം കാന്തല്ലൂരേക്ക് സ്വാഗതം എന്ന വലിയ ബോര്‍ഡ്. സ്‌കൂള്‍ സമയമായതുകൊണ്ട് വിദ്യാര്‍ഥികളുടെ തിരക്കാണ് ബസില്‍. ഇടയ്ക്ക് കുറച്ച് സ്ത്രീകള്‍ തൂമ്പ പോലുള്ള പണിയായുധങ്ങളുമായി കയറി. കാന്തല്ലൂര്‍ ഭാഗത്തെവിടേക്കോ ആയിരിക്കാം യാത്ര. ഇടയ്‌ക്കൊന്ന് മയങ്ങിയെങ്കിലും എവിടെയോ മറന്ന ഒരു ഗന്ധം നാസാരന്ധ്രങ്ങളിലേക്കൊഴുകിയെത്തി. പുല്‍ത്തൈലത്തിന്റെയാണെന്ന് കുറച്ചാലോചിച്ചപ്പോള്‍ മനസിലായി. എവിടേക്കാണ് ആദ്യം പോകേണ്ടതെന്നോ എന്താണ് ആദ്യം കാണേണ്ടതെന്നോ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. വള്ളക്കടവ് കഴിഞ്ഞ് മുന്നോട്ട് പോകവേ ചെറിയൊരു ഹെയര്‍പിന്‍ വളവുണ്ട്. വളവ് കയറി മുകള്‍ഭാഗത്തെത്തുന്നതിനിടയ്ക്ക് വലതുഭാഗത്തായി ഒരു ബോര്‍ഡ് കണ്ണില്‍പ്പെട്ടു. കാന്തല്ലൂരില്‍ ഞാന്‍ കാണണമെന്ന് വിചാരിച്ചിരുന്ന ആനക്കോട്ടപ്പാറ മുനിയറയിലേക്കുള്ള പ്രവേശനകവാടമായിരുന്നു അത്. എത്തേണ്ട സ്ഥലങ്ങളുടെ പട്ടികയിലുള്ള ഒരിടം കണ്ടുകിട്ടിയപ്പോള്‍ അല്പം സമാധാനമായി. പോകെപ്പോകെ ഒരു കാര്യം വ്യക്തമായി. കാന്തല്ലൂര്‍ ടൗണില്‍ എത്തിയാല്‍ വീണ്ടും വന്ന വഴിയേ തന്നെ പോയാലാണ് ലിസ്റ്റിട്ടുവച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കാണാനാവൂ എന്ന്. ജീപ്പ് സ്റ്റാന്‍ഡിന്റെ മുന്നിലൊരിടത്തുവെച്ച് ബസ് പിന്നോട്ടെടുത്ത് നിര്‍ത്തി. വലതുകാല്‍ വെച്ച് തന്നെയിറങ്ങി. വിശപ്പിന്റെ വിളി കാരണം ആദ്യമായാണ് ഇങ്ങനെയൊരു സ്ഥലത്തേക്ക് വരുന്നത് എന്ന കാര്യമൊക്കെ മറന്നു. ആദ്യം ചായ, പിന്നെ കറക്കം. ഇതായിരുന്നു പ്ലാന്‍.

placeholder
കാന്തല്ലൂർ ടൗൺ

പഴങ്ങളുടെ പറുദീസയിലേക്ക്

ചായ കുടിച്ചുകഴിഞ്ഞതും നേരത്തേ തന്നെ വിളിച്ച് ശട്ടം കെട്ടിയിരുന്ന ജീപ്പ് ഡ്രൈവര്‍ അജിത്ത് വണ്ടി റെഡിയാക്കി. എവിടെയൊക്കെ പോകണമെന്ന് പറഞ്ഞപ്പോള്‍ വന്ന വഴി തന്നെ പോകണമെന്ന് തന്നെ മറുപടി കിട്ടി. അതിനുമുമ്പേ നേരെ എതിര്‍ദിശയില്‍ പോയാല്‍ ഒന്ന് രണ്ട് കൃഷിസ്ഥലങ്ങളുണ്ട്, അത് കണ്ടിട്ട് താഴേക്കിറങ്ങിയാല്‍ പോരേ എന്ന് സാരഥി ചേട്ടന്‍ ചോദിച്ചു. ആയിക്കോട്ടെയെന്ന് ഞാനും. കാന്തല്ലൂരില്‍ ലോക്കല്‍ ട്രിപ്പിന് ജീപ്പാണ് ഉചിതം. 3000 മുതല്‍ 4000 വരെയാണ് ഒരു ദിവസത്തെ സഞ്ചാരത്തിന് എടുക്കുക. അഞ്ചോ ആറോ പേരുണ്ടെങ്കില്‍ ഈ സംഖ്യ നഷ്ടമല്ല. അത്രയും പേര്‍ക്ക് കയറാവുന്ന തരത്തിലുള്ള ജീപ്പുകളാണ് അങ്ങാടിയില്‍ ഏറെയും. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന തരത്തിലുള്ള വാഹനത്തിന്റെ പിന്നില്‍ രണ്ടാമത്തെ നിരയിലെ സീറ്റുകളുടെ വശങ്ങള്‍ തുറന്നാണ് കിടന്നിരുന്നത്. അതിനുംപിന്നില്‍ സാധാരണ ജീപ്പുകളുടേതിന് സമാനമായി മുഖത്തോടുമുഖം കണ്ടിരിക്കാവുന്ന തരത്തിലുള്ള സീറ്റുകളും. ഉദുമല്‍പേട്ട റൂട്ടിലേക്കാണ് വാഹനം തിരിഞ്ഞത്. കാന്തല്ലൂര്‍ നിന്നും നേരെ ഈ റോഡിന് പോയാല്‍ ചിന്നാറാണ്. അവിടന്നും പോയാല്‍ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയായി. പിന്നെ തമിഴ്‌നാടായി. പൊള്ളാച്ചി വഴി പാലക്കാടും എത്താം.

placeholder
ഓറഞ്ച് ഫാമിൽ നിന്നൊരു കാഴ്ച

അല്പദൂരം ചെന്ന ജീപ്പ് ഇടത്തേക്ക് ചെറിയൊരു കയറ്റം കയറി അകത്തുനിന്ന് പൂട്ടിയിരുന്ന ഇരുമ്പുഗേറ്റിന്റെ മുന്നിലെത്തി നിന്നു. ആരുമില്ലേ? എന്ന അര്‍ത്ഥത്തില്‍ രണ്ട് പ്രാവശ്യം ഹോണ്‍ മുഴക്കിയപ്പോള്‍ ഗേറ്റിനപ്പുറത്തെ കൊച്ചുവീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നു. തനി കര്‍ഷകവേഷം. തലേക്കെട്ടും പഴയതും കറപിടിച്ചതുമായ ഷര്‍ട്ടും മുണ്ടും. ഷര്‍ട്ടിന്റെ സ്ലീവ് മുട്ടിനുമേലേക്ക് തെറുത്തുവച്ചിരിക്കുന്നു. കൃഷിത്തോട്ടം കാണാന്‍ വന്നതാണെന്നുപറഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന താക്കോല്‍കൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് ക്ഷണിച്ചു. പത്ത് രൂപയാണ് ഈ ഫാം വിസിറ്റിനുള്ള ഫീസ്. ഗേറ്റുകടന്ന് നാലടി വെച്ചപ്പോഴേക്കും ഇടതുഭാഗത്തായി ഒരു മരം നീലനിറത്തിലുള്ള വലകൊണ്ട് മൂടിയിട്ടിരിക്കുന്നത് കണ്ടു. പാകമായിത്തുടങ്ങുന്ന ആപ്പിളായിരുന്നു അത്. കടയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിലും മരത്തില്‍ കായ്ച്ചുകിടക്കുന്ന ആപ്പിള്‍ കാണുന്നത് നടാടെയായിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ഇറങ്ങിത്തിരിച്ചതായതുകൊണ്ട് ഫാമിലെത്തിയപ്പോഴാണ് ഒരു കാര്യം പിടികിട്ടിയത്. ഞാനെത്തിയ സമയം ഓഫ് സീസണായിരുന്നു. പഴങ്ങളൊക്കെ പാകമായി വരുന്നതേയുള്ളൂ. എങ്കിലും ജീവിതത്തില്‍ ഇതുവരെ കാണാത്ത പലതരം ഫലവൃക്ഷങ്ങളും പൂക്കള്‍ വിടര്‍ത്തിനില്‍ക്കുന്ന പലതരം ചെടികളും മനസില്‍ മുളച്ചുതുടങ്ങിയ നിരാശയെ കരിച്ചുകളഞ്ഞു. പേരക്കയുടേതാണ് സീസണ്‍. ഓറഞ്ച്, സബര്‍ജില്‍, മരത്തക്കാളി, ആപ്പിള്‍, പലതരം റോസാപ്പൂക്കള്‍, തുടങ്ങി പലതരം ഫല-പുഷ്പസസ്യങ്ങള്‍ വിളഞ്ഞുനിലകൊണ്ടു. പുറത്തിറങ്ങിയപ്പോള്‍ നേരത്തേ കണ്ട കര്‍ഷകനോട് ഇതില്‍ നിന്നുള്ള വരുമാനം എങ്ങനെയെന്നു ചോദിച്ചു. തോട്ടം കാണാന്‍ വരുന്ന സഞ്ചാരികള്‍ തന്നെ പഴങ്ങള്‍ അവിടെവെച്ചുതന്നെ വാങ്ങിക്കൊണ്ടുപോകും. ബാക്കിയുള്ളതേ പുറത്തെ വിപണിയിലേക്ക് കൊടുക്കാറുള്ളു എന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

placeholder
ബ്ലാക്ക്ബെറി പഴങ്ങൾ

ഏകദേശം ഇരുപത് മിനിറ്റ് അവിടെ ചുറ്റിനടന്നശേഷം മറ്റൊരു തോട്ടം കാണാനാണ് പോയത്. തിരിച്ചുപോരുമ്പോള്‍ പ്രധാനറോഡില്‍നിന്ന് വലതുവശത്തേക്ക് ജീപ്പ് തിരിഞ്ഞു. തനി തമിഴ്ഗ്രാമത്തിന്റേതെന്ന് തോന്നിക്കുന്ന ചെറിയൊരു റോഡ്. ഒരു ഇറക്കത്തിനോട് ചേര്‍ന്ന് വാഹനം സൈഡാക്കി നിര്‍ത്തി. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റ് സ്‌റ്റേയും കൃഷിത്തോട്ടവും കൂടിച്ചേര്‍ന്ന ഇടമായിരുന്നു അത്. ത്രികോണാകൃതിയില്‍ മരംകൊണ്ട് നിര്‍മിച്ച ആ കൂടാരത്തില്‍ ഓരോന്നിലും മൂന്നുപേര്‍ക്ക് കിടക്കാമായിരുന്നു. കൃഷി സ്ഥലത്തിന് അഭിമുഖമായിട്ടായിരുന്നു ആ കൂടാരങ്ങളുടെ കവാടം ക്രമീകരിച്ചിരുന്നത്. പെയിന്റിന്റേതടക്കമുള്ള ബക്കറ്റുകളിലാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ബീറ്റ്‌റൂട്ട്, കാരറ്റ്, ബീന്‍സ്, ബ്ലാക്ക്ബെറി എന്നിവയായിരുന്നു പ്രധാനം. ഇപ്പറഞ്ഞവ തന്നെ ആദ്യമായാണ് കൃഷിചെയ്തത് കാണുന്നത്, അപ്പോഴാണ് ഇതെല്ലാം ബക്കറ്റില്‍ വിളയിച്ചെടുക്കുന്നത് എന്ന വസ്തുത ഉളളില്‍ കുറച്ച് കൗതുകമുണ്ടാക്കിതിരുന്നില്ല. കൊച്ചിക്കാരന്‍ ശിഹാബ് ഇക്കയാണ് തോട്ടത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഇക്കൂട്ടത്തില്‍ കാരറ്റുണ്ടോ എന്ന് ചോദിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളൂ, ഒരു ബക്കറ്റില്‍ വിരല്‍ ആഴ്ത്തി ഒരെണ്ണം പറിച്ച്, കഴുകിത്തന്നു അദ്ദേഹം. പഴുത്ത് കറുപ്പ് നിറമാര്‍ന്നുകിടന്ന ബ്ലൂബെറി ചൂണ്ടിക്കാണിച്ച് പറിച്ചെടുത്ത് കഴിച്ചോളാന്‍ പറഞ്ഞു. ആദ്യം ഒന്നുമടിച്ചെങ്കിലും ഇക്ക നന്നായൊന്ന് പ്രോത്സാഹിപ്പിച്ചതോടെ പഴുത്തുതുടുത്ത ബ്ലാക്ക്ബെറി ശ്രദ്ധയോടെ പറിച്ച് വായിലേക്കിട്ടു. അധികം മധുരമില്ല, ചെറിയ പുളി നാവിലാകെ പടര്‍ന്നു.

placeholder

ജനുവരി മുതല്‍ മൂന്നുമാസമാണ് സ്‌ട്രോബറിയുടെ സീസണ്‍. ബെറി വിഭാഗത്തില്‍പ്പെടുന്ന പഴങ്ങള്‍ക്കെല്ലാം നല്ല വെയില്‍ വേണം. കാന്തല്ലൂരിനെ സംബന്ധിച്ചിടത്തോളം ഏത് സമയത്തും എന്തെങ്കിലും രണ്ടുതരം പഴങ്ങള്‍ വിളയുന്നുണ്ടാവും. ഒക്ടോബര്‍ മാസം പാഷന്‍ ഫ്രൂട്ടിന്റെയും പേരക്കയുടേയും സീസണാണ്. ഇക്കാലയളവില്‍ എവിടെപ്പോയാലും ഇവ രണ്ടും കാണാം. അവോക്കാഡോയുടേയും സീസണ്‍ ആരംഭിക്കുന്നത് ഇപ്പോഴാണ്. ഓഗസ്റ്റിലാണ് ആപ്പിള്‍ സീസണ്‍. ഓറഞ്ച് പാകമാകണമെങ്കില്‍ ഫെബ്രുവരിയാകും. സ്ഥലം കാണാനെത്തുന്നവര്‍ക്ക് വ്യത്യസ്തമായ കൃഷിരീതികള്‍ കൂടി പരിചയപ്പെടാം എന്ന ഉദ്ദേശത്തോടെയാണ് കാന്തല്ലൂരെ കൃഷിഭൂമികള്‍ ഓരോ കര്‍ഷകനും ഉണര്‍ത്തിയെടുക്കുന്നത്. മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍ ഈ നാടിന്റെ കൃഷി സംസ്‌കാരം ഇതാണ്. ഒരവാര്‍ഡ് കിട്ടിക്കഴിയുമ്പോള്‍ അവിടെ എന്താണുള്ളത് എന്നുനോക്കാനുള്ള താത്പര്യം ആളുകള്‍ക്ക് ഉണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ കൂടുതലായി കാന്തല്ലൂരിനെ തേടിയെത്തും. ടൂറിസം വില്ലേജ് പുരസ്‌കാരത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ശിഹാബിക്ക പറഞ്ഞ കാര്യമാണിത്.

placeholder
കാന്തല്ലൂരിൽ വിളഞ്ഞ കാരറ്റ്

പണി തീരാത്ത അണക്കെട്ട്

കൃഷിഭൂമിയിലെ കാഴ്ചകള്‍ കണ്ട് തിരികെ വണ്ടിയിലേക്ക് കയറിപ്പോള്‍ ഡ്രൈവര്‍ ചേട്ടനാണ് ഡാം സൈറ്റ് കാണാന്‍ പോയാലോ എന്നുചോദിച്ചത്. അതെന്താ സംഭവം എന്നൊരു മറുചോദ്യം എയ്തു. സംഗതി കാന്തല്ലൂരില്‍ത്തന്നെയുള്ള പട്ടിശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു അണക്കെട്ടാണ്. ഒരു അണക്കെട്ട് നിര്‍മിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് കരുതി വണ്ടി നേരെ അങ്ങോട്ടുതന്നെ വിടാന്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ തമിഴ് സിനിമകളിലും മറ്റും കാണുന്ന ഒരു ഗ്രാമപ്രദേശം. അതിലേയാണ് ഡാം കാണാന്‍ പോകുന്നത്.

placeholder
പട്ടിശ്ശേരി ഡാം (ഫയൽ ചിത്രം)| ഫോട്ടോ:മാതൃഭൂമി ആർക്കൈവ്സ് 

കേരള ജലവിഭവ വകുപ്പാണ് കാന്തല്ലൂരിലെ ഈ അണക്കെട്ട് നിര്‍മിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2014 നവംബറിലാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ പട്ടിശ്ശേരി ഡാമിന്റെ പുനര്‍നിര്‍മാണത്തിന്റെ തറക്കല്ലിട്ടത്. മന്നവന്‍ചോലയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് പട്ടിശ്ശേരി ഡാമിന്റെ ജലസ്രോതസ്സ്. മുന്‍പുണ്ടായിരുന്ന ചെറു ഡാമിന്റെ സംഭരണശേഷി വളരെ കുറവായതിനാല്‍ വേനല്‍ക്കാല ആവശ്യത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനും വെള്ളം സംഭരിച്ചുവെയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡാം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. പഴയ ഡാമിന് നാലുമീറ്റര്‍ ഉയരമാണുണ്ടായിരുന്നത്. ഇതിനുപകരം ഫൗണ്ടേഷന്‍ ഉള്‍പ്പെടെ 23 മീറ്റര്‍ ഉയരത്തിലും 136 മീറ്റര്‍ നീളത്തിലുമാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരുന്നത്. 26 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുകയെങ്കിലും 23 കോടി രൂപയുടെ ഭരണാനുമതിയായിരുന്നു അന്ന് ലഭിച്ചത്.

placeholder
നിർമാണം നിലച്ച പട്ടിശ്ശേരി അണക്കെട്ട് | ഫോട്ടോ:മാതൃഭൂമി ലൈബ്രറി

നിര്‍മാണച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കരാറുകാരന്റെ അപേക്ഷയിന്മേല്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക 48.6 കോടി രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചുനല്കി. ഇതില്‍ 42.82 കോടി രൂപ സിവില്‍ പ്രവൃത്തിക്കുമാത്രമാണ്. ഇതിനിടയില്‍ കോവിഡ്, ഡാം പരിസരത്ത് താമസിച്ചിരുന്നവരുടെ പുനരധിവാസം തുടങ്ങിയ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. എന്നാല്‍, അനുവദിച്ച തുകയില്‍ 20 ശതമാനംകൂടി കൂട്ടി നല്കണമെന്നും നിലവിലെ തുക 2018-ലേതാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് കരാറുകാരന്‍ വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്കി. അനുകൂല മറുപടി ലഭിക്കാതെവന്നതോടുകൂടി 2022 ജൂണില്‍ കരാറുകാരന്‍ നിര്‍മാണം നിര്‍ത്തി. ധനകാര്യവകുപ്പിന്റെ മുന്‍പിലാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഫയലുള്ളത്. വകുപ്പ് വ്യക്തമായ തീരുമാനം എടുക്കാത്തതിനാലാണ് നിര്‍മാണം നിലച്ചിരിക്കുന്നത്. ഡാം പരിസരത്ത് താമസിക്കുന്നവര്‍ക്ക് 2023 മാര്‍ച്ച് 31-ന് പുതിയ സ്ഥലം അളന്ന് പട്ടയം നല്കുകയും ചെയ്തു. 

ഡാം നിര്‍മാണം പൂര്‍ത്തിയായാല്‍ കാന്തല്ലൂര്‍ പഞ്ചായത്തില്‍ 90 ശതമാനം മേഖലയിലും കുടിവെള്ളം എത്തിക്കാന്‍ കഴിയും. കൂടാതെ അഞ്ചുനാടിന്റെ വിനോദസഞ്ചാര മേഖലയിലും കാര്‍ഷിക അനുബന്ധ മേഖലയിലും ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയും. കൂടാതെ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും നിരന്തര പരിഹാരമാകും. ഇപ്പോള്‍ ഈ ഭാഗം ഇരുമ്പുകൊണ്ടുള്ള ഗേറ്റ് വെച്ച് അടച്ചിരിക്കുകയാണ്. ഇതിലേ വരുന്നവര്‍ ഡാം നിര്‍മാണത്തേക്കുറിച്ചറിയുമ്പോള്‍ വണ്ടിയൊന്ന് സൈഡാക്കി നിര്‍ത്തി കണ്ടുപോകും. ഗേറ്റിനപ്പുറം പശുക്കള്‍ മേയുന്നുണ്ട്. അതിനുമപ്പുറം പാതി കഴിച്ച് ബാക്കിയായ ഭക്ഷണം പോലെ അണക്കെട്ടിന്റെ അവശേഷിപ്പുകള്‍.

placeholder
പട്ടിശ്ശേരി അണക്കെട്ടിന്റെ പദ്ധതി പ്രദേശം ഇപ്പോൾ

പ്രദേശത്തിന് ചുറ്റും പശ്ചിമഘട്ട മലനിരകള്‍ കോടപുതച്ച് നില്‍പ്പുണ്ട്. മഴ പെയ്‌തേക്കുമോ എന്ന ആശങ്കയുണര്‍ത്തിയിരുന്നു അന്തരീക്ഷം. അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയായാല്‍ ഞാന്‍ നില്‍ക്കുന്ന വഴിയും ജീപ്പില്‍ക്കയറി വന്ന വഴിയുമെല്ലാം വെള്ളത്തിനടിയിലാവും എന്ന വസ്തുത ജീപ്പ് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്ന് അമ്പരന്നു. പതിയെ ആ അമ്പരപ്പ് കൗതുകത്തിലേക്ക് വഴിമാറി. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉണ്ടാവുന്നതിന് മുന്‍പ് ആ പ്രദേശം എങ്ങനെയായിരുന്നു എന്നത് ഒരു ചിത്രത്തില്‍ക്കണ്ടത് മനസിലേക്കോടിയെത്തി. അടുത്ത കാഴ്ച കാണാനായി മനസ് തിടുക്കം കൂട്ടി. തിരികെ ജീപ്പിനരികിലേക്ക് നടന്നു. മഴ പെയ്തിറങ്ങാനായി വെമ്പുന്ന പോലെ തോന്നി. ജീപ്പ് മുന്നോട്ടുചലിച്ചപ്പോള്‍ ഭാവിയില്‍ ജലത്താല്‍ മൂടപ്പെടാവുന്ന ആ ഭൂമികയില്‍ അങ്ങുദൂരെ ഒരു പെണ്‍മയില്‍ എന്തോ കൊത്തിപ്പെറുക്കി നടക്കുന്നത് കണ്ടു. (തുടരും)