മറയൂർ: ശീതകാല പച്ചക്കറിയുടെ കലവറയായ കാന്തല്ലൂരിൽനിന്ന്‌ ഈ ഓണക്കാല വിപണികളിൽ പച്ചക്കറി എത്തില്ല. കർഷകർ പച്ചക്കറി കൃഷി ഉപേക്ഷിച്ച് വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞതാണ് അതിന് കാരണം.

To advertise here,

നാമമാത്രമായ സ്ഥലത്താണ് ഇപ്പോൾ പച്ചക്കറി കൃഷിയുള്ളത്. ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ. ലേലവിപണി തുടങ്ങിയ സർക്കാർ ഏജൻസികളുടെ യാതൊരുവിധ സഹായവും സമീപവർഷങ്ങളിൽ കർഷകർക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്നുവർഷമായി ഒരുകിലോ പച്ചക്കറിപോലും കാന്തല്ലൂരിൽനിന്ന്‌ ഹോർട്ടി കോർപ്പ് സംഭരിച്ചിട്ടില്ല.

വർഷങ്ങൾക്കുമുൻപ് കാന്തല്ലൂരിലെ കർഷകരിൽ നിന്നും വാങ്ങിയ പച്ചക്കറിവില 20 ലക്ഷം രൂപ സർക്കാർ ഏജൻസിയായ ഹോർട്ടി കോർപ്പ് നൽകാത്തതും കർഷകരെ പച്ചക്കറി കൃഷിയിൽനിന്നും പിൻമാറുന്നതിന് കാരണമായി. കൂടാതെ വിളകൾക്ക് ന്യായവില ലഭിക്കാത്തതും വിപണി കണ്ടെത്താൻ കഴിയാത്തതും ഇടനിലക്കാരുടെ ചൂഷണവും മൂലമാണ് പച്ചക്കറി കൃഷിയിൽനിന്നും കർഷകർ പിൻമാറിയത്.

പച്ചക്കറി കൃഷിയുടെ വിളനിലമായ പെരുമല, പുത്തൂർ, ഗുഹനാഥപുരം, കുളച്ചി വയൽ തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകർ പൂർണമായും പച്ചക്കറികൃഷി ഉപേക്ഷിച്ച് വെളുത്തുള്ളി കൃഷിയിലേക്ക് മാറി. കൊളുത്താമലയിൽ ഉരുളകിഴങ്ങ് കൃഷിയും കീഴാന്തൂർ മേഖലയിൽ ചില കർഷകർ ബീൻസ് കൃഷിയും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ ചെയ്തതിന്റെ 10 ശതമാനം പോലുമില്ല.

ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. ലേലവിപണി തുടങ്ങിയ സർക്കാർ ഏജൻസികളാണ് മുൻകാലങ്ങളിൽ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കർഷകർക്ക് സഹായം നല്കിയിരുന്നത്. വിത്തു വാങ്ങുന്നതിനും വളത്തിനുമെല്ലാം സഹായം ലഭിച്ചിരുന്നു. 2013-14 കാലങ്ങളിൽ ഇടുക്കി പാക്കേജിൽ നല്ല ആനുകൂല്യങ്ങൾ സർക്കാരിൽനിന്ന്‌ കർഷകർക്ക് ലഭിച്ചിരുന്നു. എന്നാൽ ആ സഹായങ്ങളെല്ലാം നിർത്തലാക്കി.

ഓണവിപണികളിൽ തമിഴ്നാട്ടിൽനിന്ന്‌ നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനാണ് ഹോർട്ടികോർപ്പിന് താത്പര്യം. കാന്തല്ലൂർ, വട്ടവട മേഖലകളിൽനിന്ന്‌ വാങ്ങിയാൽ വില നേരിട്ട് കർഷകർക്ക് നല്കേണ്ടിവരുന്നതിനാൽ വലിയ പ്രയോജനം അധികൃതർക്ക് ലഭിക്കുകയില്ല എന്ന് കർഷകർ പറയുന്നു. തമിഴ്നാട്ടിൽനിന്ന്‌ നേരിട്ട് വാങ്ങിയാൽ കമ്മിഷൻ ഒരു പ്രധാനഘടകമായി മാറുന്നു.