മറയൂർ: കേരളത്തിന് ശീതകാല പഴവർഗകൃഷി പരിചയപ്പെടുത്തിയ കാന്തല്ലൂർ പി.ടി. മാഷ് എന്ന ജോർജ് ജോസഫ് തോപ്പൻ (60) വിടവാങ്ങി. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

To advertise here,

കായികതാരങ്ങൾ ഏറെയുള്ള പാലാ തോപ്പൻ കുടുംബത്തിലെ അംഗമാണ്. കാന്തല്ലൂർ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ കായികാധ്യാപകനായാണ് അദ്ദേഹം ഇവിടെ എത്തിയത്. ഭാര്യ ജെസിയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്നു.

സ്കൂളിന് സമീപം സ്ഥലം വാങ്ങി വീടുവെച്ചു. വീടിന് സമീപമുള്ള സ്ഥലം മുഴുവൻ ശീതകാല പച്ചക്കറികൃഷി നടത്തി. ഇപ്പോൾ ശീതകാല പഴവർഗങ്ങൾ വ്യാപകമായി വിളയുന്ന പ്രദേശങ്ങളാണ് കാന്തല്ലൂരും വട്ടവടയും. ഏറ്റവും വിലയുള്ള ബ്ലാക്ക്ബെറി കേരളത്തിൽ ആദ്യമായി കൃഷിചെയ്തത് ഇദ്ദേഹമാണ്. കാശ്മീരിൽനിന്നും ആപ്പിൾ മരങ്ങൾ അതുപടി പിഴുത് വിമാനത്തിൽ കാന്തല്ലൂരിൽ എത്തിച്ച് കൃഷി ചെയ്തത് അന്ന് വലിയ വാർത്തയായിരുന്നു.

വിവിധയിനം പ്ളം, പിച്ച്, ഓറഞ്ച്, ബ്ലാക്ക്ബെറി, സ്ട്രോബറി തുടങ്ങി നൂറിലധികം ശീതകാല പഴവർഗങ്ങൾ ഇവിടെ കൃഷിചെയ്യുന്നു. ഇവിടെനിന്നാണ് ഇന്ത്യയിൽ ആദ്യമായി, കുരുത്തോലകൾക്ക് പകരം ഒലീവ് ഇലകൾ കുരുത്തോല പെരുന്നാളിന് കാന്തല്ലൂരിലെ ദേവാലയങ്ങളിൽ എത്തിച്ചത്.

മകൾ നീതു ജോർജ്, അഞ്ചുനാട്ടിൽനിന്ന് ആദ്യമായി ഐഎഫ്എസ് നേടി. മറ്റുമക്കൾ: നവീൻ ജോർജ് (അയർലൻഡ്‌), ഗീതു ജോർജ്. മരുമക്കൾ. നിഖിൽ വി. കമൽ (എറണാകുളം), ഗ്രീഷ്മ (അയർലൻഡ്‌), ആശിഷ് അലക്സ് (അമേരിക്ക). ഒക്ടോബർ എട്ടിന് 10 മണിക്ക് പാലാ വെള്ളിയേപ്പള്ളി തോപ്പിൽ വീട്ടിലെ പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം സംസ്കാരം പാലാ കത്തീഡ്രൽ സെമിത്തേരിയിൽ.