
ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ വര്‍ഷമായിരുന്നു 2023. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ടൂറിസം മേഖല അതിശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ മനുഷ്യര്‍ അകലങ്ങളിലേക്ക് യാത്രകള്‍ ചെയ്തു. ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ നിര്‍ണായക സ്വാധീനമായി മാറുന്ന കാഴ്ച. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസരഹിത പ്രവേശനം നല്‍കാന്‍ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മത്സരിച്ച വര്‍ഷം കൂടിയാണിത്. എല്ലാ രാജ്യങ്ങള്‍ക്കും വിസരഹിത പ്രവേശനം പ്രഖ്യാപിച്ച് കെനിയ ലോകത്തെ ഞെട്ടിച്ചതും ഈ വര്‍ഷമായിരുന്നു. നിരവധി അന്തര്‍ദേശീയ ടൂറിസം പുരസ്‌കാരങ്ങള്‍ ഇത്തവണയും കേരളത്തെ തേടിയെത്തി. വിനോദസഞ്ചാര മേഖലയില്‍ 2023ലുണ്ടായ പ്രധാന നേട്ടങ്ങള്‍ ഇവയാണ്.
ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും
2023 ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെയും തിരഞ്ഞെടുത്ത വാര്‍ത്തയോടെയാണ് 2023 ആരംഭിച്ചത്. പട്ടികയില്‍ പതിമൂന്നാമതായാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയത്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി. വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോര്‍ക്ക് ടൈംസ് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
സൂപ്പര്‍ ഹിറ്റായി കെ.എസ്.ആര്‍.ടി.സി ബജറ്റ് പാക്കേജുകള്‍
കെ.എസ്.ആര്‍.ടി.സി ടൂറിസം സെല്‍ നേരത്തെയുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റടിച്ചത് 2023ലായിരുന്നു. കോവിഡാനന്തരം മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര മാര്‍ഗമായി കെ.എസ്.ആര്‍.ടി.സിയെ തിരഞ്ഞെടുത്തു. മിക്കവാറും എല്ലാ ഡിപ്പോകളിലെയും പാക്കേജുകള്‍ ഹിറ്റായി മാറി. പല സ്ഥലങ്ങളിലും ആവശ്യത്തിന് ബസില്ലാത്തതും ജീവനക്കാരില്ലാത്തതുമായിരുന്നു പ്രതിസന്ധി. ഗവി, മൂന്നാര്‍ പോലുള്ള പാക്കേജുകളായിരുന്നു ഏറ്റവും വലിയ ഹിറ്റായത്. പല ഡിപ്പോകളിലും ട്രിപ്പുകളുടെ എണ്ണം ആയിരത്തിലേക്കും വരുമാനം കോടികളിലേക്കും ഉയര്‍ന്നു. വിനോദസഞ്ചാര മേഖലയില്‍ കെ.എസ്.ആര്‍.ടി.സിക്കുള്ള ഭാവി സൂചിപ്പിക്കുന്നതായിരുന്നു ഈ വര്‍ഷം നേടിയ വിജയങ്ങള്‍.
ജനപ്രിയമായി കേരളത്തിന്റെ സ്വന്തം ക്രൂസുകള്‍

അന്താരാഷ്ട്ര തലത്തില്‍ ക്രൂസ് ടൂറിസം വ്യാപകമാകുന്നതിനോടൊപ്പം തന്നെ കേരളത്തിന്റെ പ്രാദേശിക ക്രൂസുകളും ജനകീയമായ വര്‍ഷമായിരുന്നു 2023. കുട്ടനാടിന്റെ സ്വന്തം വേഗ ബോട്ട് സര്‍വീസ്, അഷ്ടമുടിക്കായലിലെ സീ അഷ്ടമുടി, ഇടുക്കി ഡാമിലെ കൊലുമ്പന്‍ തുടങ്ങിയ സര്‍വീസുകളാണ് ഇക്കൂട്ടത്തിലെ മിന്നും താരങ്ങള്‍. നീറ്റിലിറക്കി കുറഞ്ഞകാലം കൊണ്ട് തന്നെ ഇവയെല്ലാം മുടക്കുമുതലിലും കൂടുതല്‍ വരുമാനമുണ്ടാക്കി. ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ഇവയില്‍ ഏതാനും സീറ്റുകള്‍ ബാക്കിയായത്. വിദേശികളും സ്വദേശികളും ഉള്‍പ്പടെയുള്ള ഏറെ സഞ്ചാരികളാണ് കേരളത്തിലുടനീളമുള്ള ഇത്തരം ബോട്ടുയാത്രകള്‍ ആസ്വദിക്കാനെത്തിയത്. എന്നാല്‍ ഏറെ ജനപ്രിയമായിരുന്ന ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് പോലുള്ളവ പുനരാരംഭിക്കാനാവാത്തത് കല്ലുകടിയാണ്.
ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു
60 വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ട്രാന്‍സ് ഭൂട്ടാന്‍ ട്രയല്‍ എന്ന ചരിത്രപാത സഞ്ചാരികള്‍ക്കായി തുറക്കാന്‍ ഭൂട്ടാന്‍ തീരുമാനിച്ചത് 2023 ലായിരുന്നു. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വ്യതൃസ്തമായ രാജ്യങ്ങളിലൊന്നിലൂടെ 9 ജില്ലകളിലെ 28ഓളം ഗ്രാമങ്ങളിലൂടെ ഒരു ദേശീയ ഉദ്യാനത്തിലൂടെ 400 ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളിലൂടെ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങി. പടിഞ്ഞാറ് ഹാ താഴ്വരയ്ക്കും കിഴക്ക് ട്രാഷിഗാങ് പട്ടണത്തിനും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാത 1962 വരെ ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായിരുന്നു. പിന്നീട് ഭൂട്ടാനിലെ ആദ്യ ദേശീയപാതയുടെ പിറവിയോടെ ഈ പാത ഉപയോഗിക്കാതായി. പതിറ്റാണ്ടുകള്‍ ഉപയോഗശൂന്യമായി കിടന്നതോടെ ഈ പാതയിലെ റോഡുകളും പാലങ്ങളും തകര്‍ന്നിരുന്നു. രാജ്യത്തിന്റെ മഹത്തായ പൈതൃക പാതയെ പുനരുജ്ജീവിപ്പിക്കാനുള്ള ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുകിന്റെ ഇടപെടലുകളാണ് ഈ പാതയ്ക്ക് വീണ്ടും ജീവന്‍ നല്‍കിയത്.
ജി-20 ഉച്ചകോടി കുമരകത്ത്

ഇന്ത്യയുടെ ഗ്രാമ മുഖമായി കുമരകം മാറിയ വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞുപോയത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടുവരെ ജി- 20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിന് കുമരകം വേദിയായി. കെ ടി ഡി സിയുടെ ഉടമസ്ഥതയിലുള്ള കുമരകം വാട്ടര്‍ സ്‌കേപ്പ് റിസോര്‍ട്ടായിരുന്നു മുഖ്യവേദി. ഇന്ത്യയിലെ ഗ്രാമങ്ങള്‍ മാലിന്യമുക്തവും സൗകര്യങ്ങള്‍ നിറഞ്ഞതാണെന്നും ലോകത്തെ അറിയിക്കുക എന്നതാണ് കുമരകം തിരഞ്ഞെടുത്തതിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജി-20 ഷെര്‍പ്പ അമിതാഭ് കാന്തായിരുന്നു് പരിപാടിയുടെ അധ്യക്ഷന്‍. വിവിധ അന്താരാഷ്ട്രസംഘടനകളുടെ പ്രതിനിധികളും പരിപാടിയുടെ ഭാഗമായി കുമരകത്തെത്തി. ഷെര്‍പ്പകള്‍ കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടി.
ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍ ഇന്ത്യയില്‍
ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ഒരു ഇന്ത്യന്‍ ഹോട്ടല്‍ നേടിയതും വാര്‍ത്തയായി. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ് അഡ്വൈസർ ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസര്‍ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ നല്‍കിയ 15 ലക്ഷത്തിലധികം റിവ്യുകളുടെ അടിസ്ഥാനത്തിലാണ് രാംബാഗ് പാലസിലെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് വിഭാഗങ്ങളിലായി 2023 ലെ ട്രാവലേഴ്‌സ് ചോയിസ് പുരസ്‌കാരങ്ങളുടെ ഭാഗമായാണ് മികച്ച ആഡംബര ഹോട്ടലിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ മികച്ച പത്ത് ഹോട്ടലുകളുടെ പട്ടികയില്‍ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഉള്‍പെട്ടിട്ടുള്ളത്. മാലദ്വീപിലെ ഒസെന്‍ റിസര്‍വ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടല്‍ കൊലിന ഡി ഫ്രാന്‍സ് മൂന്നാം സ്ഥാനവും നേടി.

സിയാച്ചിന്‍ യാത്ര എളുപ്പമായി, കശ്മീരിലെ തന്ത്രപ്രധാന മേഖലകളില്‍ പ്രവേശനം
ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിയായ സിയാച്ചിന്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് സൈന്യത്തിന്റെ അനുമതിപത്രമോ എന്‍.ഒ.സിയോ ആവശ്യമില്ലെന്ന തീരുമാനവും 2023ല്‍ വന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശന നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്ന് കൂടിയായ സിയാച്ചിന്‍ സന്ദര്‍ശനം ഇതോടെ കൂടുതല്‍ എളുപ്പമായി. ലഡാക്ക് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു സൈന്യം ഈ സുപ്രധാന അനുമതി നല്‍കിയത്.
അതോടൊപ്പം കശ്മീരിലെയും ലഡാക്കിലെയും തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കൂടി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ വര്‍ഷമാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ മൗണ്ടൻ പാസായ മാര്‍സിമിക് ലാ, ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള താഴ്വാരമായ സോഗ്ത്സലു, അതിമനോഹരമായ ചാങ് ചെന്‍മോ റീജിയണ്‍ തുടങ്ങി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരുന്ന പല പ്രദേശങ്ങളിലും ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം ലഭിച്ചു. ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്. സൈനികര്‍ക്കോ മറ്റ് നിര്‍ണായക വകുപ്പുകളിലെയോ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇവിടുത്തെ പല പ്രദേശങ്ങളിലും പ്രവേശനമുണ്ടായിരുന്നത്.
ട്രാവല്‍ ലെഷര്‍ മാസികയുടെ പട്ടികയില്‍ വാഗമണ്‍
ട്രാവല്‍ ലെഷര്‍ മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ മികച്ച പത്ത് വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ വാഗമണ്‍ ഇടംനേടി. കേരളത്തില്‍ നിന്ന് വാഗമണ്‍ മാത്രമാണ് പട്ടികയിലിടം നേടിയത്. നേരത്തെ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായും വാഗണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വൈറലായി കൊല്ലങ്കോട് ഗ്രാമം, സഞ്ചാരി പ്രവാഹം

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിന്റെ ഭംഗി സാമൂഹിക മാധ്യമങ്ങളുടെ ഹൃദയം കീഴടക്കിയതും ഈ വര്‍ഷമായിരുന്നു. ആദ്യം ട്വിറ്ററും പിന്നീട് ഇന്‍സ്റ്റഗ്രാമും കീഴടക്കി കൊല്ലങ്കോട് ജൈത്രയാത്ര തുടര്‍ന്നു. പിന്നീട് സഞ്ചാരിപ്രവാഹമായിരുന്നു. മലയാളികള്‍ കൊല്ലങ്കോട്ടേക്ക് വച്ചുപിടിച്ചു. പോസ്റ്റായും റീലായുമെല്ലാം ഇന്‍സ്റ്റയില്‍ കൊല്ലങ്കോട് ട്രെന്‍ഡിങ്ങില്‍ തന്നെ തുടര്‍ന്നു. കൊല്ലങ്കോട് ചുറ്റിക്കുന്ന യാത്രാ പാക്കേജുകളുമായി ചിലരെത്തി. ഫോട്ടോയും റീലും എടുക്കാനുള്ള ഓട്ടത്തിനിടെ ചിലര്‍ ഗ്രാമത്തിന്റെ ഭംഗി നശിപ്പിച്ചതും വാര്‍ത്തകളായി.
ചെന്നൈ- ശ്രീലങ്ക ക്രൂസ് - 'എം.വി. എംപ്രസ്'
ചെന്നൈയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആദ്യ അന്താരാഷ്ട്ര ക്രൂസ് കപ്പല്‍ 'എം.വി. എംപ്രസ്' സര്‍വീസ് തുടങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. രണ്ടുമുതല്‍ അഞ്ച് രാത്രി വരെയുള്ള ടൂര്‍ പാക്കേജുകളാണ് ഈ കപ്പലിലുണ്ടായിരുന്നത്. യാത്രാനിരക്ക് 85,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെയായിരുന്നു. ചെന്നൈ തുറമുഖവും വാട്ടര്‍വേസ് ലെഷര്‍ ടൂറിസവും തമ്മില്‍ 2022-ല്‍ നടന്ന ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രൂയിസ് സമ്മേളനത്തില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഫലമാണ് ക്രൂയിസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ കപ്പല്‍ ഫ്ളാഗ് ഓഫ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മതിയായ യാത്രക്കാരില്ലാത്തതിനാല്‍ യാത്ര നിര്‍ത്തിവെച്ചതും വാര്‍ത്തകളിലിടം നേടി.
ബോഡിനായ്ക്കന്നൂരില്‍ നിന്ന് ആദ്യത്തെ ട്രെയിന്‍- പ്രതീക്ഷയോടെ ഇടുക്കി
കേരള അതിര്‍ത്തിയായ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആദ്യ ട്രെയിന്‍ ജൂണ്‍ 15 ന് പുറപ്പെട്ടു. ബ്രോഡ്‌ഗേജ് ആക്കിയതോടെയാണ് ഇവിടെ റെയില്‍വേ സ്റ്റേഷന്‍ അനുവദിച്ചത്. ഇതോടെ, ഇത് ഇടുക്കിയില്‍നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി. ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം. മറയൂരില്‍നിന്ന് 47 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉദുമലൈപ്പേട്ട റെയില്‍വേ സ്റ്റേഷനിലെത്താം. ഇടുക്കിയുടെ രണ്ടുഭാഗത്തും തമിഴ്‌നാട് അതിര്‍ത്തികളില്‍ റെയില്‍പാതകള്‍ യാഥാര്‍ഥ്യമായി ഇടുക്കി ജില്ലക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസുകള്‍ ഉപകാരപ്രദമായി. ഇതോടെ ഇടുക്കിയുടെ റെയില്‍വേ മോഹങ്ങള്‍ക്കും ജീവന്‍ വെച്ചു.
ഇന്ത്യ-തായ്ലൻഡ് റോഡ്; പ്രതീക്ഷകള്‍ക്ക് പുതിയ വേഗം
ഇന്ത്യയെ മ്യാന്‍മാറും തായ്‌ലാന്‍ഡുമായി റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത് സഞ്ചാരികളെ ആവേശത്തിലാഴ്ത്തി.. മണിപ്പുരിലെ മോറെയെ മ്യാന്‍മാര്‍ വഴി തായ്ലൻഡിലെ മേ സോട്ടുമായാണ് 1400 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബന്ധിപ്പിക്കുക.. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് പാത യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്വര്‍ഗത്തിലേക്കുള്ള പാത- മൂന്നാര്‍ ബോഡിമെട്ട് റോഡ് തുറന്നു
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 2023ലാണ്. 381.76 കോടി രൂപ ചെലവഴിച്ചാണ് 42 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2017-ലാണ് പണികള്‍ ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം നടന്നില്ലെങ്കിലും പാത തുറന്നുകൊടുത്തു.
രാജ്യത്തെ ഏറ്റവും നീളമേറിയ ചില്ലുപാലം വാഗമണ്ണില്‍
വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് സാഹസികാനുഭൂതി നുകരാന്‍ കാന്റിലിവര്‍ മാതൃകയിലുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലം തുറന്ന് നല്‍കിയത് സെപ്തംബര്‍ ഒന്‍പതിനാണ്. വാഗമണ്‍ സാഹസിക വിനോദ പാര്‍ക്കില്‍ ഭാരത് മാതാ വെഞ്ചേഴ്സ് നിര്‍മിച്ച ചില്ലുപാലം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയത്. 40 മീറ്ററാണ് പാലത്തിന്റെ നീളം. ഒരേ സമയം 15 പേര്‍ക്കാണ് പ്രവേശനം.

ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ
ഒറ്റവിസ കൊണ്ട് വിനോദസഞ്ചാരികള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലായി. യു.എ.ഇ, സൗദി, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവയാണ് വിസ പദ്ധതിയില്‍ വരുന്ന ഗള്‍ഫ് രാജ്യങ്ങള്‍. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ പദ്ധതി ടൂറിസ്റ്റുകള്‍ക്കും ഉപകാരപ്രദമാണ്. അതോടൊപ്പം ഈ രാജ്യങ്ങളിലെ ടൂറിസം വരുമാനം വര്‍ധിക്കുകയും ചെയ്യും.
രാജ്യത്തെ മികച്ച ടൂറിസം വില്ലേജായി കാന്തല്ലൂര്‍

കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ അര്‍ഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡാണ് കാന്തല്ലൂരിന് ലഭിച്ചത് ടൂറിസം വളര്‍ച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര നൗകയുടെ നിര്‍മാണം പൂര്‍ത്തിയായി

ലോകത്തിലെ ഏറ്റവും വലിയ ആഡംബര നൗകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐക്കണ്‍ ഓഫ് ദ സീസ് നിര്‍മാണം പൂര്‍ത്തിയായി. അതിഥികളും ജീവനക്കാരും ഉള്‍പ്പടെ പതിനായിരത്തിലേറെ യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ കപ്പലിനുണ്ട്. റോയല്‍ കരീബിയന്‍ എന്ന കമ്പനിയാണ് കപ്പലിന്റെ ഉടമസ്ഥര്‍. 2024 ജനുവരിയിലാണ് കപ്പല്‍ ആദ്യയാത്ര പുറപ്പെടുക. ഫിന്‍ലന്‍ഡിലെ തുര്‍കു കപ്പല്‍പ്പണിശാലയിലാണ് കപ്പല്‍ നിര്‍മിച്ചത്. 20 നിലകളിലായി 1200 അടി നീളമുള്ള കപ്പലിന്റെ ഭാരം 250,800 ടണ്ണാണ്.
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല തൃശൂരില്‍
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പണികള്‍ പൂര്‍ത്തിയായി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ജീവികളെ മാറ്റിത്തുടങ്ങി. വയനാട്ടില്‍ നിന്ന് പിടിച്ച നരഭോജി കടുവയെയും ഇവിടേയ്ക്കാണ് മാറ്റിയത്. അടുത്തവര്‍ഷം ആദ്യംതന്നെ പാര്‍ക്ക് സജ്ജമാക്കി തുറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുക്കുന്നത്.. ലഭ്യമായ വിവരങ്ങളനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് ഇത്. പ്രശസ്ത ഓസ്‌ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഡിസൈന്‍ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.

ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാമതായി കൊച്ചി
2024ല്‍ ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചിയെ ഒന്നാമതായി ഉള്‍പ്പെടുത്തി ലോകപ്രശസ്ത ട്രാവല്‍ പ്രസിദ്ധീകരണമായ 'കൊണ്ടെ നാസ്റ്റ് ട്രാവലര്‍'. കൊച്ചിയുടെ സുസ്ഥിരവികസനം, മികച്ച ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. കൊച്ചിയിലെ ജലപാതകള്‍ നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണെന്ന് കൊണ്ടെ നാസ്റ്റ് ട്രാവലര്‍ വിശദീകരിക്കുന്നു. കൊച്ചിയിലെ വാട്ടര്‍ മെട്രോ വിപ്ലവകരവും ലോകത്തില്‍ തന്നെ അപൂര്‍വവുമാണെന്നും ലേഖനത്തില്‍ പറയുന്നു.
ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത്
വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ തുറന്നു. സെപ്തംബര്‍ 30 ന് ഉള്ളൂര്‍ സ്വദേശികളായ റിയാസും അനഘയും ഇവിടെ വിവാഹിതരായി. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.
ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പൊതുവെ നല്ല വര്‍ഷമായിരുന്നു 2023. തായ്‌ലന്‍ഡ്, ശ്രീലങ്ക, വിയറ്റ്‌നാം, ഇന്‍ഡോനീഷ്യ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചത് ഈ വര്‍ഷമായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്കാണ് ഈ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിസ ഒഴിവാക്കി നല്‍കിയത്. രാജ്യത്തിന്റെ ടൂറിസം വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കിയത്.

സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍
സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കല പാപനാശം ബീച്ചില്‍ തുറന്നു. കാസര്‍കോടും കണ്ണൂരും കോഴിക്കോടും മലപ്പുറവും തൃശൂരും എറണാകുളത്തും ഇപ്പോള്‍ തിരുവനന്തപുരത്തും ഫ്ളോട്ടിങ്ബിഡ്ജ് വന്നു. ഇനി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കൂടെ വരുന്നും വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. കടലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം നൂറു മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 100 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശത്തും തൂണുകളുമുണ്ടാകും. അവസാന ഭാഗത്ത് കടല്‍ക്കാഴ്ച ആസ്വദിക്കുന്നതിന് 11 മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമായി പ്ലാറ്റ്ഫോമുമുണ്ട്. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റ്, സുരക്ഷാ ബോട്ടുകള്‍ എന്നിവയുണ്ടാകും.
കെനിയയില്‍ പോകാന്‍ വിസ വേണ്ട
ലോകത്ത് എവിടെ നിന്നുള്ള സഞ്ചാരികള്‍ക്കും വിസരഹിത പ്രവേശനം പ്രഖ്യാപിച്ച് കെനിയ ലോകത്തെ ഞെട്ടിച്ച വര്‍ഷം കൂടിയാണ് 2023. 2024 ജനുവരി മുതലാണ് കെനിയയില്‍ ഈ നിയമം നടപ്പിലാവുക. രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമാണ് കെനിയയുടെ ഈ അസാധാരണ നീക്കം. കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയുടെ വിസരഹിത ആഫ്രിക്കന്‍ യാത്ര പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ നീക്കം. ഒക്ടോബറില്‍ റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ വിസ ഇളവുകള്‍ക്കുള്ള തന്റെ പദ്ധതികള്‍ റുട്ടോ വിശദീകരിച്ചിരുന്നു.
Content Highlights: travel and tourism Year ender 2023
Published: 30 Dec 2023, 01:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented