യാത്ര മാനസികോല്ലാസമാണ്. പലരുടേയും വിഷ് ലിസ്റ്റിൽ ഇഷ്ടനഗരങ്ങൾ ഇപ്പോൾ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കും. എന്നാൽ പണമില്ലെന്ന കാരണത്താൽ കാണാൻ ആഗ്രഹിച്ച പലയിടങ്ങളിലും പോകാൻ പറ്റാത്തവരുമുണ്ടാകും. എന്നാൽ എത്തിച്ചേരുന്നിടത്തെക്കുറിച്ചുള്ള അത്യാവശ്യ അറിവുകളും മറ്റും ഉണ്ടായാൽ തന്നെ ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്ത് വരാൻ സാധിക്കും. അത്തരത്തിൽ ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ പറ്റുന്ന ആറ് രാജ്യങ്ങളെക്കുറിച്ച് അറിയാം.

To advertise here,

വെറും അറുപതിനായിരം രൂപയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പോയി വരാൻ പറ്റുന്ന ആറ് രാജ്യങ്ങൾ. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം, ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യത്ത് ചെല്ലുമ്പോൾ രൂപയുടെ മൂല്യം പോലെത്തന്നെ അവിടത്തെ ജീവിതച്ചെലവും മുൻകൂട്ടി അറിയേണ്ടതുണ്ട്. താമസച്ചെലവ്, ഭക്ഷണം, യാത്ര തുടങ്ങിയവയുടെ ചെലവുകൾ നേരത്തെ തന്നെ കാണേണ്ടതുണ്ട്.

നേപ്പാൾ: ഇന്ത്യയിൽ നിന്ന് ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്ത് തിരിച്ച് വരാൻ പറ്റിയ രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്താൻ വിസ വേണ്ട എന്നതും ഗുണകരമായ കാര്യമാണ്. ഭക്ഷണം, താമസം, യാത്ര, സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും ചെലവ് വളരെ കുറവാണ്. പ്രതിദിനം 1000-2000 രൂപയ്ക്ക് ഹോട്ടൽ മുറികൾ ലഭിക്കും. കാഠ്മണ്ഡു, പോഖര, ലുംബിനി, എവറസ്റ്റ് ബേസ് ക്യാമ്പ് തുടങ്ങിയിടങ്ങളൊക്കെ സന്ദർശിക്കാം. മനോഹരങ്ങളായ ക്ഷേത്രങ്ങളും ഭൂപ്രകൃതിയുമാണ് നേപ്പാളിന്റേത്. 

ശ്രീലങ്ക: ബോളിവുഡ് താരങ്ങളുടെ ഏറ്റവും ഇഷ്ട സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീലങ്ക. ദിപിക പദുക്കോൺ, രൺവീർ സിങ് അടക്കമുള്ളവർ ശ്രീലങ്കൻ മനോഹാരിതയെക്കുറിച്ച് വാചാലരാകാറുണ്ട്. ഇന്ത്യയോട് ചേർന്ന് നിൽക്കുന്ന രാജ്യമായതുകൊണ്ട് തന്നെ പലരും ശ്രീലങ്ക ലക്ഷ്യം വെച്ച് വിനോദസഞ്ചാരത്തിനെത്താറുണ്ട്. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാം എന്നതാണ് ഇവിടത്തെ പ്രത്യേകത. 1500-3000 രൂപ വരേയാണ് ഒരു രാത്രിക്ക് ഇവിടെ ഹോട്ടൽ മുറികൾക്ക് ഈടാക്കുന്നത്. കൊളംബോ, കാൻഡി, നെഗോംബോ, ഗാൽ, ബെന്റോട്ട തുടങ്ങിയിടങ്ങൾ സന്ദർശിക്കാം. മനോഹരമായ ബീച്ചും ചരിത്ര സംഭവങ്ങളുടെ ശേഷിപ്പായ സ്ഥലങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകവും ശ്രീലങ്കയിൽ ആസ്വദിക്കാൻ പറ്റും.

തായ്ലാൻഡ്: ഇന്ത്യൻ സഞ്ചാരികൾക്ക് ചെലവ് ചുരുക്കിക്കൊണ്ട് ആസ്വദിക്കാൻ പറ്റിയ വിദേശ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്ലാൻഡ്. ചുരുങ്ങിയ ചെലവിലുള്ള വിമാനയാത്ര, ബഡ്ജറ്റ് ഫ്രണ്ട്ലി ഹോട്ടലുകൾ, ചുരുങ്ങിയ ചെലവിൽ ഭക്ഷണം, ഗതാഗതം തുടങ്ങിയവ തായ്ലാൻഡിനെ സഞ്ചാരികൾക്ക് ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. 2500-3500 വരേയാണ് ഇവിടെ ദിവസച്ചെലവ് വരിക. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മേയ്, തായ് ദ്വീപ്തുടങ്ങിയിടങ്ങൾ ആസ്വദിക്കാം. നൈറ്റ് ലൈഫിന് പേര്കേട്ട രാജ്യം കൂടിയാണ് തായ്ലാൻഡ്.

വിയറ്റ്നാം: വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമാണ് വിയറ്റ്നാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ചുരുങ്ങിയ ചെലവിൽ സന്ദർശിക്കാൻ പറ്റിയ ഇടവും. ഒരു രാത്രിക്ക് താമസിക്കാൻ 1000-2500 രൂപ വരെ ചെലവിൽ ഹോട്ടൽ മുറികൾ ലഭിക്കും. ഭക്ഷണവും ഏറെ ചുരുങ്ങിയ ചെലവിൽ ലഭിക്കുന്നിടം കൂടിയാമ് വിയറ്റ്നാം. പ്രകൃതി സൗന്ദര്യമാണ് ഇവിടത്തെ പ്രധാന ആകർഷണം. തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഹനോയ്, ഹോ ചി മിൻ സിറ്റി, ഹാലോംഗ് ബേ, മുയി നേ തുടങ്ങിയിടങ്ങൾ വിയറ്റ്നാമിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.

ഇന്തോനേഷ്യ (ബാലി): ഇന്ത്യൻ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് ബാലി. ഏറെ ശ്രദ്ധയോടെ പ്ലാൻ ചെയ്താൽ 60,000 രൂപയ്ക്കുള്ളിൽ ബാലി കണ്ട് തിരിച്ചു വരാം. മിക്ക ഹോട്ടലുകളിലും പ്രഭാതഭക്ഷണം കോംപ്ലിമെന്ററി ആയിരിക്കും. ഒരു രാത്രിക്ക് 1500- 3000 രൂപ വരെയാണ് ഇവിടെ താമസച്ചെലവ്. മനംമയക്കുന്ന ബീച്ചുകൾ, പ്രകൃതിരമണീയ കാടുകൾ മനോഹര ക്ഷേത്രങ്ങൾ തുടങ്ങിയവയ്ക്ക് പേരുകേട്ട സ്ഥലമാണ് ബാലി. 

ഭൂട്ടാൻ: നേപ്പാളിനൊപ്പം തന്നെ ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാതെ ആസ്വദിക്കാൻ പറ്റിയിടങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. ബജറ്റ് ഫ്രണ്ട്ലി ഹോട്ടലുകളും ചുരുങ്ങിയ ചെലവിലുള്ള യാത്രാ സൗകര്യവും യാത്രക്കാരെ ഭൂട്ടാനിലേക്ക് ആകർഷിക്കുന്നു. വളരെ സാധാരണ രീതിയിൽ, ദിവസച്ചെലവ് 2000 രൂപ മുതൽ 3000 രൂപ വരേയാണ്. മനോഹര കാഴ്ചകൾ, സാംസ്കാരികാനുഭവങ്ങളും ഭൂട്ടാനിൽ ആസ്വദിക്കാൻ പറ്റും. തിംഫു, പരോ, ബുദ്ധ പോയിന്റ് തുടങ്ങിയിടങ്ങൾ സഞ്ചാരികളുടെ പ്രത്യേകാകർഷണങ്ങളാണ്.