
കാഴ്‌ചയും വിശ്വാസവും ഇടകലരുന്ന ഇടമാണ് കാറ്റൂതിമേട്. സമുദ്രനിരപ്പില്‍ നിന്നു മൂവായിരം അടി ഉയരത്തിലാണ് ഈ പരിസ്‌ഥിതി സൗഹൃദഹരിതകേദാരം. നിരന്തരം വീശിയടിക്കുന്ന
കാറ്റാണ് കാറ്റൂതിമേട് എന്ന പേരിനാധാരം. ഏത് കൊടിയ വേനലിലും വറ്റാത്ത ആമ്പല്‍ക്കുളമാണ്, കാവും പുല്‍മേടുമൊക്കെയായി 50 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഉയരം പോലെ ഐതിഹ്യപ്പെരുമയിലും കാറ്റൂതിമേടിന് ഉയരമേറെയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാറ്റൂതി താഴ്‌വരയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ മലമുകളിലെ കുളക്കരയില്‍ കണ്ണിമാരമ്മന്‍ കറുപ്പ് സ്വാമിയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചതോടെ കാറ്റൂതിമേടിന്റെ കാവല്‍ ദൈവമായി മാറി കറുപ്പ് സ്വാമി. ആദിവാസി ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും കാക്കുന്നത് കറുപ്പ് സ്വാമിയാണെന്ന് ഇന്നും ഇവര്‍ വിശ്വസിച്ചുപോരുന്നു. കൊമ്പന്‍മീശയും കൈയില്‍ വടിവാളുമായി കറുപ്പ് സ്വാമിയുടെ വിഗ്രഹം കാവല്‍ ദൈവമായി തല ഉയര്‍ത്തി നില്‍ക്കുകയാണ്. ആദിവാസികളെല്ലാം തന്നെ മലയിറങ്ങിയെങ്കിലും സമീപ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളാണ് കാവ് സംരക്ഷിക്കുന്നതും പൂജ നടത്തുന്നതും.മകരമാസത്തിലെ പൗര്‍ണമിയിലാണ് പൊങ്കാലയും, മുളകുപറിക്കലുമുള്‍പ്പടെയുള്ള പ്രധാന ആഘോഷം. കറുപ്പ് സ്വാമിയെക്കൂടാതെ സപ്‌ത കന്യകമാരുടെ പ്രതിഷ്‌ഠയും ഇവിടെയുണ്ട്.
ദേവലോകത്ത് ഇന്ദ്രസദസിലെ നര്‍ത്തകിമാരായ ഇവര്‍ രാത്രി കാലങ്ങളില്‍ നീരാടുന്നതിനായി കാറ്റൂതിമേട്ടിലെ കുളത്തിലെത്തിയിരുന്നതായാണ് ഐതിഹ്യം. 1972 കാലഘട്ടത്തില്‍ സപ്‌ത കന്യകമാരുടെ വിഗ്രഹം കുളത്തിന്റെ മധ്യത്തില്‍ നിന്നും ആദിവാസികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് കന്യകമാരുടെ പ്രതിഷ്‌ഠയുള്ള കാവ് ഉണ്ടായത്. കറുപ്പ് സ്വാമിയെ കൂടാതെ കാവിന് കാവല്‍ക്കാരനായി സര്‍പ്പവുമുണ്ട്. ഇവിടെ അതുകൊണ്ടുതന്നെ കാവിലേയ്‌ക്ക് ഒറ്റയ്‌ക്ക് പോകാന്‍ ആരെയും അനുവദിക്കാറില്ല.
മനശുദ്ധിയുള്ളവര്‍ക്ക് മാത്രമേ സര്‍പ്പത്തെ കാണാന്‍ സാധിക്കുകയുള്ളൂയെന്നാണ് വിശാസം. കുളിച്ച് ശുദ്ധിവരുത്തിയവര്‍ക്കു മാത്രമേ കാവില്‍ പ്രവേശനമുള്ളൂ. ചാഞ്ഞ് കിടക്കുന്ന വൃക്ഷശിഖരത്തില്‍ തൊട്ടിലുകള്‍ കെട്ടിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ശാന്തന്‍പാറ, സേനാപതി റോഡിലെ പള്ളിക്കുന്ന് കവലയില്‍ നിന്നുമാണ് കാറ്റൂതിമേട്ടിലേക്ക് തിരിയുന്നത്. ഇവിടെനിന്ന് നാലു കിലോമീറ്ററോളം വന്‍മരങ്ങള്‍ തണല്‍വിരിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ മേട്ടിലെ കാറ്റിന്റെ തലോടലേല്‍ക്കാം. പ്രകൃതിയോട് ഇണങ്ങി ഇളം കാറ്റേറ്റ് മലമേട്ടില്‍ ഇരിക്കുമ്പോള്‍ അസുലഭക്കാഴ്‌ചവട്ടങ്ങളുടെ ജാലകങ്ങളും കണ്‍മുമ്പില്‍ തെളിയും.
ചതുരംഗപ്പാറ, രാമക്കല്‍മേട്, സൂര്യനെല്ലി, ചിന്നക്കനാല്‍, ദേവികുളം, ഗ്യാപ്‌റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ എല്ലാം വിദൂര കാഴ്‌ചകളാണ്. ആയിരക്കണക്കിന് ആമ്പല്‍ പൂക്കളെയും തിരയിളകുന്നപോലെ പുല്‍മേടിനെയിളക്കി സദാ അലയടിക്കുന്നു. കാറ്റിന്റെ തലോടലേറ്റ് ജൈവ പ്രകൃതിയുടെ നേര്‍ക്കാഴ്‌ചകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് കാറ്റൂതിമേട്ടില്‍ നിന്ന് മലയിറങ്ങാം.
Content Highlights: Kattoothimedu, Idukki, tourist destination, idukki hill stations, idukki tourist destinations
Published: 31 Mar 2024, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented