തൃക്കരിപ്പൂർ: മഞ്ഞിൽ പുതഞ്ഞ റാണിപുരവും വയനാടും കാണാൻ ഒരു യാത്ര പോകാൻ തയ്യാറെടുക്കുന്നയാളാണോ നിങ്ങൾ? അല്ലെങ്കിൽ ഊട്ടി-മൈസൂരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണോ? ബസോ, തീവണ്ടിയോ, വിമാനമോ എന്തുമാകട്ടെ. കൂട്ടിന് യാത്രാശ്രീയുണ്ട്. രണ്ട് വർഷം, 85 യാത്രകൾ. പുതുവർഷത്തിലും പ്രതീക്ഷയേകി കുതിക്കുകയാണ് കുടുംബശ്രീയുടെ വിനോദയാത്രാ സംരംഭമായ 'യാത്രാശ്രീ'.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുക, ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുക എന്നിവയാണ് യാത്രാശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്താം എന്നതാണ് യാത്രാശ്രീയുടെ സ്വീകാര്യത കൂട്ടിയത്. സാധാരണക്കാർക്കായി വിമാനയാത്രയും വന്ദേഭാരത് യാത്രയും ഒരുക്കുന്നുണ്ട്.
2022 ഒക്ടോബർ 28-നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. 200 അംഗങ്ങളുടെ സ്കൂൾ യാത്രയും 75 അംഗങ്ങൾ പങ്കെടുത്ത ഊട്ടി-മൈസൂരു യാത്രയും 54 അംഗങ്ങളുടെ വിമാനയാത്രയും ഉൾപ്പെടെ 85 യാത്രകളാണ് രണ്ട് വർഷക്കാലയളവിൽ യാത്രാശ്രീ നടത്തിയത്. കുടുംബശ്രീ ജില്ലാ മിഷന്റെയും ബേക്കൽ റിസോർട്ട് ഡിവലപ്മെന്റ് കോ ഒപ്പറേഷന്റെയും സഹകരണത്തിലാണ് യാത്രാശ്രീയുടെ പ്രവർത്തനം.
കസ്റ്റമൈസ്ഡ് പാക്കേജുകളും
നിലവിലുള്ള ടൂർ പാക്കേജുകൾക്ക് പുറമെ, സഞ്ചാരികളുടെ ആവശ്യമനുസരിച്ചുള്ള പാക്കേജുകളും യാത്രാശ്രീ നൽകുന്നുണ്ട്. യാത്രാ ചെലവ്, താമസം, ഭക്ഷണം, വിവിധ എൻട്രി ടിക്കറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ടൂർ പാക്കേജ്. സ്കൂൾ യാത്രകൾ, സ്ത്രീകൾക്ക് മാത്രമായുള്ളത്, പുരുഷന്മാർക്ക് മാത്രമായുള്ളത്, കുടുംബങ്ങൾക്കുള്ള യാത്ര തുടങ്ങി വിവിധ യാത്രകൾ യാത്രാശ്രീ ഇതിനോടകം നടത്തി.
14 അംഗങ്ങൾ, രണ്ട് സംഘങ്ങൾ
ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നായി 18 വനിതകളുമായാണ് യാത്രാശ്രീ തുടങ്ങിയത്. നിലവിൽ 14 അംഗങ്ങളുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിൽനിന്നും പള്ളിക്കര, ചെമ്മനാട്, പിലിക്കോട്, ഉദുമ, കയ്യൂർ-ചീമേനി, മടിക്കൈ, വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തുകളിൽനിന്നുള്ളവരുമാണ് യാത്രാശ്രീയിലെ അംഗങ്ങൾ. പള്ളിക്കര, വലിയപറമ്പ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളുണ്ട്. നിലവിൽ പള്ളിക്കര കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
മികച്ച വരുമാനം
മികച്ച ടൂർ പാക്കേജുകൾ ഉൾപ്പെടുത്തി രണ്ട് വർഷക്കാലയളവിൽ മികച്ച വരുമാനം നേടാനും യാത്രാശ്രീക്ക് കഴിഞ്ഞു. രണ്ട് വർഷം ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിന്റെയും ഈ വർഷം ബേക്കൽ ബീച്ച് കാർണിവലിന്റെയും ടിക്കറ്റിങ് ഏജൻസിയായി പ്രവർത്തിച്ചതും യാത്രാശ്രീയായിരുന്നു. ഇന്ത്യയ്ക്ക് പുറത്തേക്കും യാത്രക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് യാത്രാശ്രീയിപ്പോൾ. ഫോൺ: 9188842937.
Content Highlights: kudumbashree kasaragod district mission yathra sree
Published: 01 Feb 2025, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented