
എളുപ്പമായിരുന്നില്ല ദൗത്യം, എവിടേക്കും നേരായ വഴികളുണ്ടായിരുന്നില്ല. വാഹനങ്ങള്‍ക്ക് എത്തിപ്പെടാനാവില്ല. ഈ സാഹചര്യത്തിലാണ് കാവസാക്കി ബൈക്കുകളുടെ രംഗപ്രവേശം. അതില്‍ പുതുതായി എന്‍ജിനിയറിംഗ് പഠിച്ചിറങ്ങിയ ചെറുവാല്യക്കാര്‍. അവര്‍ കാവസാക്കിയുടെ സഹായത്തോടെ സാഹസികമായ ഒരു ദൗത്യമേറ്റെടുത്തു. മറ്റു വാഹനങ്ങള്‍ക്കൊന്നും എത്തിപ്പെടാനാകാത്ത പ്രദേശങ്ങളിലേക്ക് യുവ എന്‍ജിനിയര്‍മാരേയും ലെവലിംഗ് ഉപകരണങ്ങളേയും വഹിച്ച് കാവസാക്കികള്‍ പാഞ്ഞു. കാടും മലയും താണ്ടാനാകും വിധം മോഡിഫൈ ചെയ്ത നാനൂറോളം കാവസാക്കി ബൈക്കുകളാണ് ഇതിനായി പ്രത്യേകം വരുത്തിച്ചത്. ദിവസവും വണ്ടികള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കി. പുറമെ നൂറ് രൂപ പ്രതിദിന അലവന്‍സും നല്‍കി. വിചാരിച്ചതിലും നേരത്തെ 'ബൈക്കികള്‍' ദൗത്യം പൂര്‍ത്തിയാക്കി- കൊങ്കണ്‍ പാതയെന്ന രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയത്തിന്റെ നിര്‍മാണ കഥയെക്കുറിച്ച് ഇ.ശ്രീധരന്‍ തന്റെ ആത്മകഥയായ കര്‍മയോഗിയില്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്.
ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ ഒരു പാതയിലൂടെ കാടും മലയും പുഴയും കടന്ന് ഇന്ന് തീവണ്ടി കുതിച്ച് പായാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. പ്രതിബന്ധങ്ങളുടെ മാലപ്പടക്കം തന്നെ മുന്നിലെത്തി. കുന്നും മലയും പാറക്കെട്ടുകളും തുരന്നു. നിരവധി രക്തസാക്ഷികളുണ്ടായി. ബ്രിട്ടീഷുകാര്‍പോലും ഉപേക്ഷിച്ച ഒരു പദ്ധതി 760 കിലോമീറ്ററില്‍ യാഥാര്‍ഥ്യമായതോടെ കാലങ്ങള്‍ പിന്നിടുമ്പോള്‍ ചരക്ക് നീക്കത്തിലടക്കം വമ്പന്‍ മുന്നേറ്റം നടത്തുന്ന പാതയായി കൊങ്കണ്‍ മാറി. ഇവിടെയാണ് 141 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ മുന്നോട്ടുവെച്ച മലപ്പുറം വയനാട് ജില്ലകളിലൂടേയും കര്‍ണാടകയിലൂടേയും കടന്ന് പോവുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാത ഇന്നും യാഥാര്‍ഥ്യമാവാതെ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നത്. ഡി.എം.ആര്‍.സി യുടെ അവസാന കണക്ക് പ്രകാരം 169 കി.മി നീളത്തിലുള്ള പാതപോവുന്നയിടങ്ങളില്‍ വനപ്രദേശങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തടസ്സമായിരുന്നു പ്രധാന കാരണമായി പറഞ്ഞത്. എന്നാല്‍ കൊങ്കണിന്റെ ശില്‍പിയെന്ന് കരുതുന്ന ഇ. ശ്രീധരന്റെ നേതൃത്വത്തുള്ള ഡി.എം.ആര്‍.സി തയ്യാറാക്കിയ രൂപരേഖ പ്രകാരം വനമേഖല പോവുന്നിടത്തെല്ലാം തുരങ്കപാതയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നിട്ടും എന്താണ് വയനാട്-നഞ്ചന്‍കോട് പാതയുടെ തടസ്സം. ഈവര്‍ഷം മെയ് മാസം പുതിയ സര്‍വേ നടത്താന്‍ റെയില്‍വേ ബോര്‍ഡ് തന്നെ തയ്യാറായി മുന്നോട്ട് വന്നത് ഒരിക്കല്‍ കൂടെ പ്രതീക്ഷ നല്‍കുന്നതാണ്. ഇതിനൊപ്പമാണ് ചുരമില്ലാ ബദല്‍പാതയും ചര്‍ച്ചയാവുന്നത്. വയനാടിനെ സംബന്ധിച്ചിടത്തോളം പുതിയ സാഹചര്യത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് നിലമ്പൂര്‍ നഞ്ചന്‍കോട് പാത.

- ചൂളം വിളിക്കായുള്ള കാത്തിരിപ്പ്
ചുരം കയറി കാടുതാണ്ടി വയനാടന്‍ ഗ്രാമങ്ങളുടെ ഹൃദയം തൊട്ടെത്തുന്ന തീവണ്ടിയുടെ ചൂളം വിളിയോര്‍ത്ത് വയനാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 141 വര്‍ഷത്തിലേറെയായി. കൈക്കുമ്പിളിലെത്തി തട്ടിത്തടഞ്ഞ് ദൂരേക്ക് പോവുമ്പോഴും ഇന്നും റോഡ് യാത്രയുടെ ദുരിതം അനുഭവിക്കുന്നു വയനാട്ടുകാരും വയനാടിനെ സ്‌നേഹിക്കുന്നവരും. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ വയനാട് ഇടം നേടുമ്പോഴും ചുരം കയറിയുളള യാത്രയെ ശപിച്ചുകൊണ്ടുള്ള ഒരു മടക്കമാണ് ഓരോ യാത്രക്കാരനും ഇവിടെ മറന്നിട്ട് പോവുന്നത്. ഏഴും എട്ടും മണിക്കൂറുകള്‍ കാത്ത് കിടന്നുള്ള ചുരം യാത്ര ദുരിതത്തിനപ്പുറം മനുഷ്യാവകാശ ലംഘനം കൂടിയാവുന്ന സാഹചര്യത്തിലാണ് ബദല്‍പാതകളും റെയില്‍വേ പദ്ധതികളുമെല്ലാം വീണ്ടും ചര്‍ച്ചയാവുന്നത്. ഇതില്‍ ഒന്നാണ് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയും, തലശ്ശേരി-മൈസൂരു റെയില്‍പാതയും.ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാത. കേരളത്തില്‍ നിലമ്പൂര്‍ വരേയും കര്‍ണാടകയില്‍ മൈസൂരുവിനിപ്പുറം നഞ്ചന്‍കോട് വരേയും വന്ന് നില്‍ക്കുന്ന റെയില്‍വേ പാളങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചാല്‍ സ്വപ്‌നപദ്ധതി റെഡിയാണ്. ഇതിനായി കഴിഞ്ഞ മേയ് മാസം സര്‍വേ നടത്തുമെന്ന് പ്രഖ്യാപിച്ച റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നതാണ്. ഇതോടെയാണ് പതിറ്റാണ്ടുകളായുള്ള ഈ ആവശ്യത്തില്‍ ഒരിക്കല്‍ കൂടെ ചിറക് വെക്കുന്നത്.
അന്തിമ സ്ഥല നിര്‍ണ സര്‍വേയും വിശദമായ ഡി.പി.ആറും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൊങ്കണ്‍പാതയ്ക്ക് ബദലായി ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും മധ്യേന്ത്യയിലേക്കുമുള്ള യാത്രാ ദുരിതത്തില്‍ ഗണ്യമായ കുറവ്, ചരക്കുനീക്കത്തില്‍ പ്രതീക്ഷിക്കുന്ന അഭിവൃദ്ധി-തുടങ്ങി ഈ പാതയ്ക്ക് അനുകൂല ഘടകങ്ങള്‍ ഏറെയാണ്. ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, തുടങ്ങി ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള പതിവ് യാത്രയുട ദൈര്‍ഘ്യവും വലിയരീതിയില്‍ കുറയും. വയനാടിന്റെ ടൂറിസം വികസനത്തില്‍ അത് നിര്‍ണായക ചുവടുവെപ്പുമാകും.
പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

- അല്‍പ്പം ചരിത്രം
മൈസൂരുവില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള റയില്‍പാതക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ 1891 ല്‍ റയില്‍പാത മൈസൂരുവില്‍നിന്നും നഞ്ചന്‍കോട്ടേക്ക് നീട്ടിയ കാലം മുതല്‍ ആരംഭിച്ചിരുന്നു. 1919 ല്‍ റയില്‍വേ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജോണ്‍ ഇസറ്റിനെ തെക്കേ ഇന്ത്യയില്‍ ആവശ്യമുള്ള പുതിയ റയില്‍പാതകള്‍ സംബന്ധിച്ച് സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തി. 1921 ല്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൈസൂരു-കൊച്ചി പാത അനിവാര്യമാണെന്നും അത് മൂന്ന് ഘട്ടങ്ങളായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെ നിലവിലെ ബ്രോഡ്ഗേജ് പാത ആദ്യഘട്ടമായും ഷൊര്‍ണൂരില്‍ നിന്നും എറണാകുളം വരെ മീറ്റര്‍ഗേജ് പാത ബ്രോഡ്‌ഗേജാക്കുന്ന പ്രവൃത്തി രണ്ടാംഘട്ടമായും നിലമ്പൂരില്‍നിന്ന് നഞ്ചന്‍കോട് വരെയുള്ള പാത മൂന്നാം ഘട്ടമായും നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് 1922 ല്‍ റയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി.
ഒന്നാംഘട്ടമായ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത 1924 ല്‍ നിര്‍മാണം തുടങ്ങി 1927 ല്‍ പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടം 1936 ലും പൂര്‍ത്തിയായി. എന്നാല്‍ മൂന്നാംഘട്ടം തുടങ്ങാനായില്ല. ഈ പാതക്കു വേണ്ടി ആ കാലം മുതല്‍ ഉയര്‍ന്നുവന്നിരുന്ന ആവശ്യത്തെത്തുടര്‍ന്ന് 2002-03 ലെ റയില്‍വേ ബജറ്റില്‍ സര്‍വേ അനുവദിക്കുകയും 2004 ല്‍ സതേണ്‍ റയില്‍വേ എന്‍ജിനിയര്‍മാര്‍ സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കേരള, തമിഴ്‌നാട കര്‍ണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 236 കി.മി ഉള്ള ഒരു അലൈന്‍മെന്റാണ് അന്ന് സര്‍വേയില്‍ തയ്യാറാക്കിയത്. ഇത് വലിയ എതിര്‍പ്പിന് വഴിവെച്ചു. 2015 ല്‍ സംയുക്ത സംരംഭമായി പാതനിര്‍മിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വീണ്ടും ഒപ്പിട്ടു. 2016 ഫെബ്രുവരി 25 ന് റെയില്‍വേ മന്ത്രാലയം നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാത നിര്‍മാണം തുടങ്ങേണ്ട പദ്ധതികളുടെ പിങ്ക് ബുക്കില്‍ ഈ പാതയെ ഉള്‍പ്പെടുത്തി.

2016-ല്‍ 3000 കോടി രൂപ പദ്ധതി വിഹിതം കണക്കാക്കി സംയുക്ത സംരംഭപദ്ധതികളില്‍ ഉള്‍പ്പെടുത്തി ഡി.പി.ആര്‍ തയ്യാറാക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഇതുപ്രകാരം ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി.യെ ഡി.പി.ആര്‍ ചെയ്യാന്‍ ചുമതലപ്പെടുത്തി. പഴയ സര്‍വേ പ്രകാരം 6000 കോടി രൂപയാണ് പാതക്ക് നിര്‍മാണച്ചെലവ് കണക്കാക്കിയത്. എന്നാല്‍ നിലമ്പൂരിനും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലെ അലൈന്‍മെന്റ് മാറ്റിയതില്‍ പാതയുടെ ദൂരം 236 കി.മിയില്‍നിന്ന് ദൂരം 176 കി.മിയായി കുറക്കാമെന്നും നിര്‍മാണച്ചെലവ് വൈദ്യുതീകരണമടക്കം 3500 കോടി രൂപയാക്കി കുറക്കാമെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. എട്ട് കോടി രൂപയാണ് സര്‍വേ നടപടികള്‍ക്ക് നീക്കി വെച്ചത്. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. 2017-ല്‍ ഡി.പി.ആര്‍ ചെയ്യാന്‍ തുക നല്‍കാതായതോടെ ഡി.എം.ആര്‍.സി കരാറില്‍ നിന്ന് പിന്മാറുകയും ചെയ്തു. 2023 മേയ് മാസത്തില്‍ റെയില്‍വേപ്പാതയുടെ ഡി.പി.ആറും അന്തിമ സ്ഥല നിര്‍ണയ സര്‍വേയും നടത്താന്‍ റെയില്‍വേ ബോര്‍ഡ് വീണ്ടും തീരുമാനിച്ചു. 5.90 കോടി അനുവദിക്കുകയും ചെയ്തു.ഇനിയാണ് സര്‍ക്കാരിന്റെ ഇടപെടലുണ്ടാവേണ്ടത്.
- തടസ്സം വിവാദം
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ നിയമവും പരിസ്ഥിതിയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളാണ് പ്രധാന പ്രശ്‌നമായി ആക്ഷന്‍ കമ്മിറ്റിക്കാരടക്കം ചൂണ്ടിക്കാട്ടുന്നത്. ചിലര്‍ കേരളാ സര്‍ക്കാറിനെ ഇതു സംബന്ധിച്ച് മന:പൂര്‍വം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് റെയില്‍വേ നിയമങ്ങള്‍ നിരവധി കേസ്സുകളില്‍ സുപ്രീം കോടതിയും ഹൈക്കോടതികളും വിശദീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. റെയില്‍വേ നിയമത്തിന്റെ 11-ാം വകുപ്പ് പ്രകാരം ഈ നിയമങ്ങളിലെ എല്ലാ വകുപ്പുകളുടേയും മേല്‍ റെയില്‍വേ നിയമത്തിന് മുന്‍കൈയുണ്ട്. അതുകൊണ്ടുതന്നെ ഏതു സംസ്ഥാനത്തും ഏതു സ്ഥലത്തുകൂടിയും പുതിയ റയില്‍വേ ലൈനുകള്‍ നിര്‍മിക്കാമെന്ന് പറയുന്നു ഇതുമായി ബന്ധപ്പെട്ടവര്‍. എന്നാല്‍ പരിസ്ഥിതിക്ക് കഴിയുന്നിടത്തോളം ആഘാതം കുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കണം. വന്യജീവി സങ്കേതങ്ങളില്‍ മേല്‍പ്പാലങ്ങളോ ടണലുകളോ വഴിയാണ് റെയില്‍പാത നിര്‍മിക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍നിന്ന് ഭൂട്ടാനിലേക്കുള്ള സെവോങ് -റോങ്‌പോ റെയില്‍വേ ലൈന്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം വന്യജീവി സങ്കേതത്തില്‍ ടണലുകള്‍ വഴിയുള്ള നിര്‍മാണം ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത്. പാത കടന്നുപോകുന്ന ബന്ദിപ്പുര്‍ വനത്തില്‍ റെയില്‍പാത നിരോധിച്ചു കൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രധാന പ്രചരണം. ഈ നോട്ടിഫിക്കേഷന്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നോട്ടിഫിക്കേഷനാണ്. ഇത് വനത്തിലുള്ളിലല്ല, പുറത്തെ ഇക്കോ സെന്‍സിറ്റീവ് സോണിനാണ് ബാധകം. മാത്രവുമല്ല, മേല്‍പ്പറഞ്ഞ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണിലെ റയില്‍വേ നിരോധനം അസാധുവുമാണ്.
ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശകളാണ് ബാധകമാവുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. കസ്തൂരി രംഗന്‍ കമ്മിറ്റി ഇക്കോ സെന്‍സിറ്റീവ് സോണില്‍ റയില്‍വേ നിരോധിക്കേണ്ട ആവശ്യമില്ല എന്നും പരിസ്ഥിതി സംരക്ഷണ ഉപാധികള്‍ പാലിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതക്കായി തയ്യാറാക്കിയ അലൈന്‍മെന്റ് വനത്തിലും ഇക്കോ സെന്‍സിറ്റീവ് സോണിലും ടണലുകളിലൂടെയായതിനാലും ഈ തടസ്സവാദങ്ങളെ മറികടക്കാനാവുമെന്നതാണ് യാഥാര്‍ഥ്യം.

- തടസ്സം പറയാതെ കര്‍ണാടക
കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ ഈ പാതക്ക് തടസ്സം പറഞ്ഞിട്ടില്ലെന്നതാണ് സത്യം. ചില ചോദ്യങ്ങളും ആശങ്കകളും ഉന്നയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് പരിസ്ഥിതി-നിയമപക്ഷത്തുനിന്ന് കൃത്യമായി വിശദീകരിക്കാവുന്നതേയുള്ളൂ. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാത ഇത്തരത്തില്‍ അനുമതി ലഭിച്ചുകഴിഞ്ഞ ഒരു പാതയാണ്. അത് തടസ്സപ്പെടുത്താന്‍ കര്‍ണാടകക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോ അധികാരമില്ല. എന്നാല്‍ പരിസ്ഥിതി സംബന്ധിച്ച അവരുടെ ആശങ്കകളാണ് പരിഹരിക്കപ്പെടേണ്ടത്. വനത്തില്‍ ടണലുകള്‍ വഴി കടന്നുപോകുന്ന റെയില്‍പാത യാതൊരു പരിസ്ഥിതി പ്രശ്‌നവുമുണ്ടാക്കില്ല. അതിനുവേണ്ടിയുള്ള അലൈന്‍മെന്റും തയ്യാറാക്കിക്കഴിഞ്ഞു. ഇത് കര്‍ണാടക സര്‍ക്കാരിനേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും ബോധ്യപ്പെടുത്തുക, എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് ആ തടസ്സങ്ങള്‍ പരിഹരിക്കുക എന്നുള്ളതാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടിയിരിക്കുന്നത്. അതിന് പദ്ധതിയോട് ആത്മാര്‍ഥമായ സമീപനമുണ്ടാവണം. നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതയുടെ കാര്യത്തില്‍ അത് ഉണ്ടാവുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരമെന്നും ആക്ഷന്‍ കമ്മിറ്റിക്കാര്‍ വിശദീകരിക്കുന്നു.
നിലമ്പൂര്‍ നിന്നും ചുരം കയറി നീലഗിരി വടുവന്‍ചാല്‍ ബത്തേരി വള്ളുവാടി ചിക്കബര്‍ഗി വഴി നഞ്ചന്‍കോട്ടെത്തുന്നതായിരുന്നു ആദ്യം രൂപകല്‍പന ചെയ്ത പാത. കല്‍പറ്റ നഗരത്തെ കൂടി ഉള്‍പ്പെടുത്തി പിന്നീടു മാറ്റം വരുത്തി. 2016 ല്‍ കേന്ദ്രബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ് പാത യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുമെന്ന തോന്നലുളവാക്കിയത്. ബന്ദിപ്പൂര്‍ വനമേഖല മുറിച്ചു കടക്കാന്‍ കര്‍ണാടക അനുമതി തരുന്നില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടണല്‍ വഴിയെങ്കില്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നും പാതയ്ക്ക് തങ്ങള്‍ എതിരല്ലെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ടെന്നും പാതയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആക്ഷന്‍ കമ്മിറ്റിയടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നിലമ്പൂര്‍ നഞ്ചന്‍കോട് പാതയ്ക്കായി റെയില്‍ കടന്നു പോകുന്ന റൂട്ടില്‍ കുറ്റിയടിച്ചു കല്ലിട്ട് തിരിച്ച് ഉടമകളെ അറിയിക്കുന്ന സര്‍വേയാണ് ഇനി റെയില്‍വേ ബോര്‍ഡ് നടത്തേണ്ടത്. അത് വരും മാസങ്ങളില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലുള്ളവര്‍.

- സാധ്യത പ്രതീക്ഷ
കേരളത്തെ രാജ്യത്തിന്റെ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കുന്നതാവും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെന്നാണ് കണക്കാക്കുന്നത്. ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് പോലും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയായിരിക്കും. ഇത് പാത പൂര്‍ത്തിയാവുന്നതോടെ കേരളത്തില്‍നിന്ന് ബാംഗ്ലൂരിലേക്കും മൈസൂരുവിലേക്കും ഏറ്റവും എളുപ്പമാര്‍ഗമാണ് തുറക്കപ്പെടുത്. ബെഗളൂരു, കൊച്ചി, മൈസൂര്‍, കോയമ്പത്തൂര്‍ (ഷൊര്‍ണ്ണൂര്‍- പാലക്കാട് വഴി) എന്നിങ്ങനെ രണ്ട് പാതകളാണ് ഒറ്റയടിക്ക് സാധ്യമാവുക. നിലവില്‍ മൈസൂരുവില്‍ല്‍നിന്ന് കൊച്ചിയിലേക്ക് ബെംഗളൂരു വഴിയുള്ള ദൂരം 725 കി.മിയും സമയം 15.30 മണിക്കൂറുമാണ്. ഇത് 372 കി.മിയും നാലര മണിക്കൂറുമായി ചുരുങ്ങും.
മൈസൂരുവില്‍നിന്നും കോഴിക്കേട്ടേക്കുള്ള ദൂരം 577 കി.മിയില്‍നിന്ന് 386. കി.മിയുമാവും. മൈസൂരുവില്‍ നിന്ന് പാലക്കാട്ടേക്കുള്ള ദൂരം നിലവില്‍ 574 കി.മി എന്നുള്ളത് 311 കി.മിയും മൈസൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള ദൂരം 516 കി.മി എന്നുള്ളത് 366 കി.മിയുമായി മാറും. ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുള്ള ദൂരം നിലവില്‍ 635 കി.മിയും സമയം 11.5 മണിക്കൂറുമാണ്. ഇത് 510 കി.മിയും 6.5 മണിക്കൂറുമായി ചുരുങ്ങും. യാത്രാസമയത്തില്‍ നാല് മണിക്കൂറിന്റെ വ്യത്യാസമാണ് ഉണ്ടാവുക. ഇതിന് കാരണം നിലവിലെ ബെംഗളൂരു-കൊച്ചി പാതയില്‍ ശരാശരി 60 കി.മി വേഗത്തിലേ തീവണ്ടി ഓടിക്കാന്‍ കഴിയൂ. എന്നാല്‍ ബെംഗളൂരു-മൈസൂര്‍- നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയില്‍ 100 കി.മി സ്പീഡില്‍ തീവണ്ടി ഓടിക്കാനാവും.

- വേണ്ടത് സര്‍ക്കാരിന്റെ ഇച്ഛാശക്തി-സമരമിതി
തലശ്ശേരി-മൈസൂരു പാത അസാധ്യമായ പദ്ധതിയാണെന്ന് നിരവധി സര്‍വേകള്‍ തെളിയിച്ച് കഴിഞ്ഞതാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതിക്ക് ഇനി ആവശ്യമെന്ന് പറയുന്നു സമരമിതി കണ്‍വീനര്‍ കൂടിയായ അഡ്വ. ടി.എം റഷീദ്. തലശ്ശേരി-മൈസൂരു പാതക്കായി പ്രവര്‍ത്തിക്കുന്ന ഒരു ലോബി കേരളാ സര്‍ക്കാറിനെ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ കേന്ദ്ര അനുമതി, പരിസ്ഥിതി, നിയമം മുതലായ കാര്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും റഷീദ് പറയുന്നു. തലശ്ശേരി -മൈസൂരു പാത കണ്ണൂര്‍ ജില്ലക്കാര്‍ക്ക് മാത്രമാണ് പ്രയോജനമുണ്ടാവുക. അതേസമയം നിലമ്പൂര്‍-നഞ്ചന്‍കോട് പാത തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരേയുള്ളവര്‍ക്ക് വലിയ പ്രയോജനമുണ്ടാവും. നിലമ്പൂര്‍-നഞ്ചന്‍കോട് പാത കേരളത്തില്‍ 11.12 കി.മിയും കര്‍ണാടകയില്‍ 9.6 കിലോമീറ്ററും വനത്തിലൂടെ നിര്‍മിക്കുമ്പോള്‍ തലശ്ശേരി പാത കേരളത്തില്‍ 57.4 കിലോമീറ്ററും കര്‍ണാടകയില്‍ 11.05 കിലോമീറ്റും വനത്തിലൂടെ നിര്‍മിക്കേണ്ടിവരും. ഇ.ശ്രീധരനും ബന്ധപ്പെട്ട ജനപ്രതിനിധികളുമായി കേരളാ സര്‍ക്കാരും മുഖ്യമന്ത്രിയും ഒരു തുറന്ന ചര്‍ച്ചക്ക് തയ്യാറാവണമെന്നും സമരസമിതിക്കാര്‍ ആവശ്യപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന ഡി.പി.ആര്‍ നടപടികള്‍ ഡി.എം.ആര്‍.സിയെക്കൊണ്ടുതന്നെ പൂര്‍ത്തിയാക്കിക്കണം. അദ്ദേഹത്തെ ഈ പാതയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ച് കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സുഗമമാക്കണം. അങ്ങനെയായാല്‍ നാല് വര്‍ഷം കൊണ്ട് ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിയും.
(തുടരും)
Content Highlights: Nilambur Nanjangud Railway Expectation and Wayanad
Published: 14 Nov 2023, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented