താമരശ്ശേരി: ക്രിസ്മസ് പുതുവത്സര അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്‌സിൽ ഭാര വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയുള്ള സമയങ്ങളിലാണ് വലിയ ഭാരവാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. വലിയ ഭാരവാഹനങ്ങളെ നിയന്ത്രണ സമയങ്ങളിൽ ചുരംപാതവഴി കടത്തിവിടില്ലെന്നും മറിച്ചൊരു അറിയിപ്പുണ്ടാവുന്നതുവരെ നിയന്ത്രണം തുടരുമെന്നും കോഴിക്കോട് റൂറൽ പോലീസും അറിയിച്ചു.

To advertise here,

നിർദേശങ്ങളും നിയന്ത്രണങ്ങളും നിലവിലിരിക്കെയും അവ പ്രാവർത്തികമാവാതെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കും യാത്രാദുരിതവും തുടർക്കഥയാവുന്നത് സംബന്ധിച്ച് 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂർണമാവുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിലുണ്ടായ കനത്ത ഗതാഗതക്കുരുക്കും വരുംദിവസങ്ങളിൽ വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ അതിപ്രസരവും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കൂടാതെ ചുരം വ്യൂപോയിന്റ് രണ്ട്, നാല് വളവുകളിൽ ഉൾപ്പെടെയുള്ള അനധികൃത പാർക്കിങ്ങിന് പിഴയും ചുമത്തും.

വാഹനാപകടം: ചുരത്തിൽ ഗതാഗതക്കുരുക്ക്

കല്പറ്റ: വാഹനാപകടത്തെത്തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്്. ഞായറാഴ്ച ഉച്ചയോടെ ഒന്നാം വളവിന് മുകൾ ഭാഗത്തായിരുന്നു ടൂറിസ്റ്റ് ബസിന് പിന്നിൽ ട്രാവലറിടിച്ച് അപകടമുണ്ടായത്. ഇതേത്തുടർന്ന് ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ക്രിസ്മസ്-പുതുവത്സര സീസണായതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഏറെനേരം നീണ്ട ഗതാഗതക്കുരുക്കുണ്ടായിരുന്നു.