താമരശ്ശേരി ചുരത്തിന് ചെലവുകുറഞ്ഞ ബദൽ പാതകൾ ഒന്നല്ല, പലതുണ്ട്; വയനാട്ടുകാർ ചോദിക്കുന്നു എന്നുവരും?
മണ്ണിടിച്ചിലും, മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുമൊന്നും വയനാട്ടുകാർക്ക് പുതിയ കാര്യമല്ല. അതിൽ ജീവനും കൈയിൽപിടിച്ച് ആംബുലൻസുകൾ കുരുങ്ങിക്കിടക്കുന്ന ചിത്രവും പുതിയതല്ല. എന്നാൽ ഈ ഓഗസ്റ്റ് അവസാന ആഴ്ച നമ്മൾ കണ്ടത്, സമീപകാലത്തൊന്നും കണ്ടു പരിചയമില്ലാത്ത ഗതാഗത പ്രതിസന്ധിയായിരുന്നു. വയനാട് ചുരം എന്നറിയപ്പെടുന്ന താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ, അത് നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു. പിന്നെ ഗതാഗതം നിർത്തിവെച്ചു, കുറ്റ്യാടി ചുരം കടന്ന് വളഞ്ഞു തിരിഞ്ഞ് ബേപ്പൂരിലേക്ക് ചരക്കുകളെത്തിച്ച ബ്രിട്ടീഷ് കാലഘട്ടത്തിലായിരുന്നു പിന്നെ വയനാട്. ഫയലുകളിലുറങ്ങുന്ന ബദൽപ്പാതകളും, പദ്ധതികളുമെല്ലാം ചർച്ചകളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കയറിവന്നു. പതിവുപോലെ അതിനപ്പുറം ഒരു ചർച്ചയും നീണ്ടില്ല.
ഇന്നത്തെ ദേശീയ പാത 766ന്റെ ഭാഗമായ താമരശേരി ചുരത്തിന് 12 കിലോമീറ്റര്‍ ദൂരവും 9 ഹെയര്‍പിന്‍ വളവുകളുമുണ്ട്. കർണാടകയിലെ ഗുണ്ടൽപ്പേട്ട കടന്ന് കേരളത്തിലേക്ക് വരുന്ന വലിയ ചരക്കു ലോറികളും, യാത്രാവാഹനങ്ങളുമെല്ലാം ആശ്രയിക്കുന്നത് ഈ ചുരത്തിനേയാണ്. ആകാശമാര്‍ഗമോ റെയില്‍മാര്‍ഗമോ എത്താനാകാത്ത വയനാട്ടിലേക്ക് സഞ്ചാരികളായെത്തുന്നവരും ആശ്രയിക്കുന്നത് ഈ പാതയെയാണ്. പിന്നെയുള്ളത് കുറ്റ്യാടി ചുരം, കണ്ണൂർ ജില്ലയിലെ പേര്യ ചുരം, പാല്‍ച്ചുരം, മലപ്പുറം ജില്ലയിലെ നാടുകാണിച്ചുരം എന്നിങ്ങനെ മറ്റ് നാല് ചുരങ്ങളാണ്. കോഴിക്കോട് ഭാഗത്തേക്ക് താമരശ്ശേരി ചുരം കഴിഞ്ഞാൽ പിന്നെ പഴയ കുറ്റ്യാടി ചുരം മാത്രമേയുള്ളൂ. അതാണെങ്കിൽ വലിയ തോതിൽ ചരക്കുഗതാഗതത്തിന് അനുയോജ്യമല്ല താനും. താമരശ്ശേരി ചുരത്തിന്റെ പ്രാധാന്യമറിയാൻ ഇതിനപ്പുറം പറയേണ്ടതില്ലല്ലോ.
ചുരത്തില്‍ അപകടം നടക്കുമ്പോഴോ ദിവസങ്ങളോളം ഗതാഗത സ്തംഭനം ഉണ്ടാകുമ്പോഴോ മാത്രമാണ് ബദല്‍ പാത ചര്‍ച്ചകളിലേക്ക് ശ്രദ്ധതിരിയാറുള്ളത്. തുറന്നുകിടക്കുന്ന ഓവുചാല്‍ മുതല്‍ വീഴാറായ വന്മരങ്ങളും അശാസ്ത്രീയ പാര്‍ക്കിങ്ങും ഇടുങ്ങിയ പാതയും വരെ താമരശേരി ചുരം വഴിയുള്ള യാത്രയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. റോഡ് വികസനത്തിനു സ്ഥലം അനുവദിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചില വളവുകള്‍ മാത്രമാണു വീതി കൂട്ടിയത്. ചുരത്തിലെ 6,7,8 വളവുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനു 37 കോടി രൂപയുടെ പദ്ധതി ടെന്‍ഡറായിട്ടുണ്ട്. ഇത് എത്രയും വേഗത്തിലായാലും അത്രയും വേഗം യാത്രാദുരിതത്തിന് പരിഹാരമാകും. ബദല്‍പാതകള്‍ പ്രായോഗികമാകും വരെ ചുരം വഴിയുള്ള ഗതാഗതം സുഗമമാക്കാന്‍ അധികൃതരുടെ ഭാഗത്ത് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആവശ്യമായ വെളിച്ചം, ചരക്കുലോറികള്‍ക്ക് സമയനിയന്ത്രണം, വീതികൂട്ടല്‍, സിസിടിവി നിരീക്ഷണസംവിധാനം എന്നിവയെല്ലാം ചെറിയ എന്നാല്‍ വലിയ സഹായകമാകുന്ന നടപടികളാണ്. വാഹനങ്ങള്‍ തകരാറിലാവുന്നത് വലിയ ഗതാഗതക്കുരുക്കാണ് ചുരത്തിലുണ്ടാക്കുക. അത് എത്രയും പരിഹരിക്കുന്നതിനുള്ള കര്‍മപദ്ധതികളും മുന്നില്‍കാണണം. താമരശേരി ചുരത്തിനപ്പുറം മറ്റൊരു യാത്രാപാത എന്നത് വയനാട്ടുകാരുടെ പ്രതീക്ഷയല്ല, ആവശ്യമാണ്.
നേരത്തേ പറഞ്ഞ പാതകളെല്ലാം തന്നെയോ ഏതെങ്കിലുമൊന്നോ പോലും യാഥാര്‍ത്ഥ്യമായാല്‍ അത്രയെങ്കിലും ദുരിതം കുറയും. ചരക്കുഗതാഗതം കൂടുതല്‍ സുഗമമാകുന്നതിനും പുതിയ പാതകള്‍ സഹായകമാകും. അരിമുതല്‍ പച്ചക്കറി വരെ എന്തിനും ഏതിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്, വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്ക് നീക്കത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വയനാട്ടിലെ കാര്‍ഷികവിളകള്‍ക്ക് മറ്റ് വാണിജ്യമേഖലകള്‍ കണ്ടെത്തുന്നതിനും ബദല്‍പാതകള്‍ സഹായകമാകും. ചുരംപാതകളടഞ്ഞാല്‍ പുറം ലോകവുമായി ബന്ധമില്ലാത്ത ഒറ്റത്തുരുത്താകും വയനാട്. യാത്രാക്ലേശത്തിനും ചരക്കുഗതാഗതപ്രതിസന്ധിക്കുമൊപ്പം വയനാടിന്റെ വിനോദസഞ്ചാര - സാമ്പത്തികമേഖലയെക്കൂടി ഈ പ്രശ്‌നങ്ങള്‍ ബാധിക്കപ്പെടുന്നുണ്ടെന്ന കാര്യം അധികൃതര്‍ മറന്നുകൂട.
യാത്രാപ്രേമികളുടെ പ്രിയപ്പെട്ട ഇടമായതിനാലും അന്തസംസ്ഥാന പാതയായതിനാലും ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് താമരശ്ശേരി ചുരം വഴി കടന്നുപോവുന്നത്. അവധി ദിനങ്ങളില്‍ ഈ കണക്ക് ഇരട്ടിയിലധികമാകും. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍, ഓവര്‍ടേക്ക്, വാഹനാപകടം, യന്ത്രത്തകരാര്‍, റോഡിന്റെ വീതിക്കുറവ്, മണ്ണിടിച്ചില്‍, മരംവീഴ്ച, റോഡുതകര്‍ച്ച എന്നിവയെല്ലാം ചുരത്തിലൂടെ യാത്ര ദുഷ്‌കരമാക്കുന്നുണ്ട്. മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കിട്ടാതെ ചുരത്തിൽ പെട്ടുപോകുന്ന ഈ കാലം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഈ മണ്ണിടിച്ചിൽ.
വയനാട് ജില്ലയില്‍നിന്ന് ദിനംപ്രതി നിരവധി രോഗികളാണ് കോഴിക്കോട് മെഡി.കോളേജ് അടക്കമുള്ള ആശുപത്രികളിലേക്കെത്തുന്നത്. പലരും അത്യാസന്ന നിലയിലുള്ളവര്‍. താമരശേരി ചുരം അടയ്ക്കേണ്ടി വന്നാലോ ഗതാഗതക്കുരുക്കുണ്ടായാലോ ഏറ്റവും പ്രയാസമനുഭവിക്കുന്നതും ഇത്തരം അടിയന്തര ചികിത്സയ്ക്കായി പോകുന്നവരാണ്. പരീക്ഷകള്‍ മുതല്‍ തീവണ്ടി-വിമാന യാത്രകളടക്കം പലകാര്യങ്ങള്‍ക്കും നിരന്തരം കോഴിക്കോട്ടേക്ക് യാത്രവേണ്ടവരാണ് വയനാട്ടുകാരെന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്.
Content Highlights: addressing Wayanad's Transportation Challenges and Proposed Solutions
Published: 31 Aug 2025, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented