
വയനാട് 43-ാം പിറന്നാള്‍ ആഘോഷിച്ചിട്ട് ദിവസങ്ങളാവുന്നതേയുള്ളൂ. എന്നാല്‍ മഴയൊന്ന് കനത്താല്‍ ഒറ്റപ്പെട്ട് പോവുമെന്ന് ഭയക്കുന്ന വയനാട്ടുകാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണമെന്ന ആവശ്യത്തിന് ജില്ലയുടെ രൂപീകരണത്തിന്റെ അത്രയും തന്നെ പഴക്കമുണ്ട്.
കര്‍ണാടകയുമായും തമിഴ്നാടുമായെല്ലാം അതിര്‍ത്തി പങ്കിടുന്ന കേരളത്തെ വിദേശ ടൂറിസത്തിന്റെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ജില്ലയുടെ ഏറ്റവും പഴക്കം ചെന്ന ആവശ്യങ്ങളിലൊന്നാണ് വയനാട് ചുരമില്ലാ ബദല്‍പാത. ഇതില്‍ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ പദ്ധതികളിലൊന്നാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്.
ബദല്‍പാതകളില്‍ ചെലവ് കുറഞ്ഞതും പ്രായോഗികമായതുമാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത. ഇതിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത് ജനങ്ങള്‍ റോഡിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷത്തിലേറെയായിട്ടും ചുരത്തിലൂടേയുള്ള ദുരന്തയാത്രയുടെ ഫലമനുഭവിക്കുകയാണ് ഇന്നുമിവര്‍. പകരം ബാക്കിയായത് റോഡെന്ന സ്വപ്നത്തിനായി കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണുനീരും ആര്ക്കുമെല്ലാതായി പോവുന്ന അവരുടെ 104 ഏക്കറോളം ഭൂമിയും മാത്രമാണ്. ഭൂമി വിട്ടുകൊടുത്തവരൊക്കെ ഇന്നും ചോദിക്കുന്നത് തങ്ങളുടെ കണ്ണടയുന്നതിന് മുമ്പേയെങ്കിലും ഈ റോഡ് യാഥാര്‍ഥ്യമാവുമോയെന്ന ഒറ്റ ചോദ്യമാണ്.

കോഴിക്കോട്ട് നിന്നും 58 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പൂഴിത്തോടെത്താം. ജാനകിക്കാടും കക്കയം ഡാം പരിസരവും പെരുവണ്ണാംമൂഴിയും കടന്നുള്ള മനോഹരമായ പ്രദേശം. പൂഴിത്തോട് അങ്ങാടിയില്‍ നിന്നും ഒമ്പത് കിലോമീറ്ററില്‍ മാത്രമാണ് വയനാട് അതിര്‍ത്തിയിലേക്കുള്ളത്. ബാക്കിയുള്ള 18 കിലോമീറ്റര്‍ വയനാട് ജില്ലയിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കപ്പയും ചേനയും കൊക്കോയും തേങ്ങയും അടക്കയും കാപ്പിയുമെല്ലാമായി പൊന്നുവിളയുന്നയിടമായിരുന്നു പൂഴിത്തോട് പ്രദേശം. ഇതിനിടെയാണ് റോഡിനായുള്ള നിർദേശം വരുന്നതും നാടിന്റെ വികസനമോര്ത്ത് 200-ല്‍ അധികം കുടുംബങ്ങള്‍ 54 ഏക്കറോളം ഭൂമി സര്‍ക്കാരിന് സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തത്.
സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് കുറുകെ റോഡ് വന്നെങ്കിലും വനഭൂമിയുടെ അടുത്തെത്തിയതോടെ പ്രശ്നങ്ങള്‍ തുടങ്ങി. വനം വകുപ്പ് നല്കിയ തെറ്റായ റിപ്പോര്‍ട്ട് ബദല്‍പാതയ്ക്ക് അകാല ചരമം വിധിക്കുകയും ചെയ്തു. ഏഴുപത് ശതമാനത്തോളം പണി പൂര്‍ത്തിയാക്കിയ റോഡാണ് പാതിവഴിയില്‍ നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം. റോഡിനായി ഭൂമി വിട്ടുകൊടുത്തതോടെ വീടും സ്ഥലവും വിട്ട് ഇവിടെയുള്ളവര്‍ക്ക് കുടിയിറങ്ങേണ്ടിയും വന്നു.
പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

- പടിഞ്ഞാറത്തറ പൂഴിത്തോട് സ്മാരകമായി വീടുകള്‍
1971 മുതല്‍ പൂഴിത്തോട് ബദല്‍പാത പോവുന്നയിടത്ത് വീടുവെച്ച് താമസിച്ചു പോന്നിരുന്നയാളായിരുന്നു മരോട്ടി കുഴിയില്‍ മാര്‍ക്കോസ്. 12 മീറ്ററില്‍ റോഡ് വരുമെന്ന പ്രതീക്ഷയില്‍ ആവശ്യത്തിന് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തു. അഞ്ചരയേക്കറോളമുള്ള ഭൂമിയിലായിരുന്നു അന്ന് കുടുംബത്തോടൊപ്പം മാര്‍ക്കോസ് താമസിച്ചിരുന്നത്. റോഡ് വരുമെന്ന പ്രതീക്ഷയില്‍ 2018 വരെ തുടര്‍ന്നു. ഇരുന്നൂറോളമുള്ള വീട്ടുകാരില്‍ പലരും ഒഴിഞ്ഞുപോയപ്പോഴും ഒരിക്കല്‍ തങ്ങളുടെ സ്വപ്നം പൂര്‍ത്തിയാക്കുമെന്നും റോഡ് വന്നാല്‍ ജീവിതം രക്ഷപ്പെടുമെന്നുമായിരുന്നു മാര്‍ക്കോസ് കരുതിയത്. അങ്ങനെയാണ് എല്ലാവരും ഭൂമി വിട്ടു പോയപ്പോഴും അന്ന് അവിടെ തന്നെ തുടര്‍ന്നത്. മേലെ നിന്നും നടന്നുപോയി ചെമ്പനോടെ സ്കൂളിലെത്തി കുട്ടികള്‍ പഠനം നടത്തിയതെല്ലാം മാര്‍ക്കോസിന് ഇന്നും ഓര്‍മയുണ്ട്. പക്ഷെ കാത്തിരുന്ന് മടുത്ത് ആള്‍ത്താമസം കുറഞ്ഞതോടെ ഒറ്റയ്ക്ക് താമസിക്കാനുള്ള പേടിയായി. ഇതോടെയാണ് ഉള്ള സ്ഥലം സ്വയം പുനരധിവാസ പദ്ധതിയില്‍ എഴുതിക്കൊടുത്ത് കുടിയിറങ്ങിയത്. പക്ഷെ സ്വയം പുനരധിവാസ പദ്ധതിയുടെ പണം ഇതുവരെ കിട്ടിയില്ലെന്ന് മാത്രമല്ല ഉള്ള സ്ഥലം നഷ്ടപ്പെടുകയും ചെയ്തു.
Read More: ബൈപ്പാസ്, തുരങ്കപാത, റോപ് വേ, എയര്‍ സ്ട്രിപ്പ്; വയനാട് ചുരത്തിന് എന്താണ് മോചനമാർഗം?
ആളുകള്‍ കുടിയൊഴിഞ്ഞ ഭൂമിയില്‍ ഇന്നുമുണ്ട് സ്മാരകം പോലെ പല വീടുകളുടേയും അവശിഷ്ടങ്ങള്‍. ചിലത് ഭാഗികമായി തകര്‍ന്നിരിക്കുന്നു. മറ്റ് ചിലത് പ്രതീക്ഷയോടെ ഇപ്പോഴും തലയുയര്‍ത്തി നില്‍പ്പുണ്ട്. കാപ്പിയും തെങ്ങും കൊക്കോയും നാരകവുമെല്ലാം സജീവ കൃഷിയുടെ ശേഷിപ്പുകളായിമാറി. കുടിയേറിയവരില്‍ ചിലര്‍ താഴ്വാരത്തേക്ക് താമസം മാറ്റിയെങ്കിലും മറ്റ് ചിലര്‍ നാട് തന്നെ വിട്ടുപോയി. കൃഷി ഭൂമികള്‍ കാടെടുത്തതോടെ ഇവിടേക്കുള്ള യാത്ര പോലും ദുഷ്കരമായി. റോഡ് വരുമെന്ന പ്രതീക്ഷയില്‍ സ്ഥലം വിട്ടുകൊടുത്തവര്‍ അങ്ങനെ എല്ലാം ഉപേക്ഷിച്ച് മലയിറങ്ങി. വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭൂമിയേറ്റെടുക്കല്‍ വലിയ തിരിച്ചടിയാകുമ്പോഴും സൗജന്യമായി ഭൂമി ലഭിച്ചിട്ടും കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പെട്ടിയിലൊതുങ്ങിപ്പോയ വയനാടിന്റെ സ്വപ്ന പദ്ധതിയായി അങ്ങനെ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത മാറുകയും ചെയ്തു. ബാണാസുരമലയ്ക്കും തരിയോട് മലയ്ക്കും ഇടയിലൂടെ വലിയ കയറ്റങ്ങളും വളവുകളുമില്ലാതെ ഒരു പാത എന്നതിലേക്കാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പ്പാത പരിഗണിക്കപ്പെട്ടത്. അതിന് പ്രഥമപരിഗണനയും ലഭിച്ചു.
1988-ല്‍ കോഴിക്കോട് ജില്ലയില്‍നിന്നും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പാതയുടെ സാക്ഷാത്കാരത്തിനായി ഇതുവഴി പദയാത്ര നടത്തി പടിഞ്ഞാറത്തറയിലെത്തിയതോടെയാണ് അതുവരെ ചര്‍ച്ചയിലുണ്ടായിരുന്ന പദ്ധതി സജീവമായത്. 1991-ല്‍ പൊതുമരാമത്ത് വകുപ്പ് ഈ പാതയുടെ സാക്ഷാത്കാരത്തിനായി ഇടപെടുകയും ചെയ്തു. മാസങ്ങള്‍ക്കകം റോഡിന്റെ സര്‍വേ പൂര്‍ത്തിയാക്കി. 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 ഏക്കര്‍ സ്ഥലം വനംവകുപ്പിന് വിട്ടുകൊടുക്കാന്‍ ധാരണയായി.1993-ല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണത്തിനായി ഡിവിഷന് ഓഫീസ് വടകരയില്‍ തുടങ്ങി. 1994-ല്‍ ഈ റോഡിന് ഭരണാനുമതിയും ലഭിച്ചു.

പടിഞ്ഞാറത്തറയില്‍നിന്ന് പൂഴിത്തോടുവരെയുള്ള ബദല്‍പ്പാതയുടെ ചര്‍ച്ചകള്‍ 1979-ല്‍ തുടങ്ങിയതാണെങ്കിലും 1994 സെപ്റ്റംബര്‍ 24-ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ആദ്യത്തെ ചുരമില്ലാ ബദല്‍പ്പാതയുടെ പ്രവൃത്തി പടിഞ്ഞാറത്തറയില്‍ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് ജില്ലയുടെ പ്രവൃത്തിയുടെ ഉദ്ഘാടനം അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ ബാവയും നിര്‍വഹിച്ചു.
27.225 കിലോമീറ്റര്‍ വരുന്ന ബദല്പ്പാതയില് വയനാട് ജില്ലയിലെ കാപ്പിക്കളം വരെയും കോഴിക്കോട് ജില്ലയില്‍ പൂഴിത്തോട് വരെയുമാണ് 14.285 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. ബാക്കി 12.940 കിലോമീറ്റര്‍ വനഭൂമിയിലൂടെയാണ് കടന്നുപോവേണ്ടത്. വനംവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതോടെ തുടര്‍ന്നങ്ങോട്ട് ബദല്‍പ്പാതയെന്ന സ്വപ്നവും വഴിമുടങ്ങി. മഹാരാഷ്ട്രയിലെ പനവേലില്‍ തുടങ്ങി കന്യാകുമാരിവരെ നീണ്ടു നില്ക്കുന്ന ദേശീയപാത 66 ന്റെ 1611 കിലോമീറ്ററില്‍ 643.295 കിലോമീറ്റര്‍ കടന്നുപോവുന്ന കേരളത്തിന് ഭൂമി ഏറ്റെടുക്കലിന് മാത്രം ചെലവായി കണക്കാക്കിയിരിക്കുന്നത് 5748 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കേരളം വഹിച്ചതെങ്കിലും ഭൂമിയേറ്റെടുക്കല്‍ നീങ്ങിയത് വലിയ സമരത്തിലേക്കും വിവാദത്തിലേക്കുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഭൂമിയേറ്റെടുക്കലിന് പണം പോലും മുടക്കാതെയുള്ള ഒരു പദ്ധതി പാതിവഴിയിലായിരിക്കുന്നത് എന്നതാണ് ഏറെ സങ്കടകരം.

- അപൂര്‍വയിനം ഞെണ്ടോ ?
റോഡിനായി സ്വകാര്യ വ്യക്തികളുടെ 52 ഏക്കറോളം ഭൂമി സൗജന്യമായി വിട്ടുകൊടുത്തിട്ടും വനംവകുപ്പിന്റെ കീഴിലുള്ള ഭൂമിക്ക് പകരം ഇരട്ടി ഭൂമി വനവല്‍ക്കരണത്തിന് വിട്ടുകൊടുത്തിട്ടും അന്നത്തെ വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ടായിരുന്നു പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന് തിരിച്ചടിയായത്. സ്ഥലത്ത് അപൂര്‍വയിനം ഞണ്ടുകളും സസ്യങ്ങളും ആനത്താരകളുമുണ്ടെന്ന റിപ്പോര്‍ട്ട് വിലങ്ങുതടിയായി. എന്നാല്‍ പിന്നീട് നടന്ന സംയുക്ത സര്‍വേയില്‍ അപൂര്‍വയിനം ഞെണ്ടുപോയിട്ട് വയുടെ മാളം പോലും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു കര്മസമിതിക്കാര്. മാത്രമല്ല ആനത്താരയും അപൂര്‍വ മരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടും തെറ്റായിരുന്നു. കോഴിക്കോട് ജില്ലയില്‍ പൂഴിത്തോട് നിന്ന് വനാതിര്‍ത്തിവരെയുള്ള ഒമ്പത് കിലോമീറ്ററില്‍ അഞ്ചുകിലോമീറ്ററോളമാണ് ഇപ്പോള്‍ നിര്‍മാണ പ്രവൃത്തി നടത്തിയിരിക്കുന്നത്.
വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മുതല്‍ കാപ്പിക്കളം വരെ എട്ടുകിലോമീറ്ററിലും നിര്‍മാണ പ്രവൃത്തി നടന്നിട്ടുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ തെറ്റായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് കടുപ്പിച്ചതോടെ ബദല്‍ പാതയെന്ന സ്വപ്നം അനിശ്ചിതമായി നീളുകയും ചെയ്തു. വയനാട് ജില്ലയില്‍ റോഡ് പോകുന്ന ഭാഗത്ത് വനം, പരിസ്ഥിതി, പൊതമരാമത്ത്, കെ.എസി.ഇ.ബി-യുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഇതേ രീതിയിലുള്ള പരിശോധ കോഴിക്കോട് ജില്ലയിലും നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. 20.995 ഏക്കര്‍ വനഭൂമി നഷ്ടപ്പെടുമെന്നാണ് ആദ്യ ഘട്ടത്തില്‍ കണക്കാക്കിയിരുന്നത്. ഇതിന് പകരം വയനാട് കാഞ്ഞിരങ്ങാട് വില്ലേജില്‍ 33.5 ഏക്കര്‍ ഭൂമിയും, തരിയാട് വില്ലേജില്‍ 15 ഏക്കര്‍ഭൂമിയും, പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 4.23 ഏക്കര്ഭൂമിയുമാണ് വനം വകുപ്പിന് വിട്ടുകൊടുത്തത്.

- കൃഷി ഭൂമി വനഭൂമിയായത് ഇങ്ങനെ
1972 -ലാണ് ബാണാസുരഡാം നിര്‍മാണത്തിനുള്ള സര്‍വേ തുടങ്ങുന്നത്. ഇതോടെ വയനാട്ടിലെ നിലവില്‍ ഉണ്ടായിരുന്ന നാലു ടൗണുകളില്‍ ഒന്നായ തരിയോട് ടൗണ്‍ പദ്ധതി പ്രദേശങ്ങള്ക്കുള്ളിലാവുകയും ചെയ്തു. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ എണ്‍പതുകളില്‍ പൂര്‍ത്തിയാക്കി പണി തുടങ്ങിയതോടെ അന്നു വരെ പൂഴിത്തോട് മുതല്‍, കരിങ്കണ്ണി, താണ്ടിയോടു ഭാഗങ്ങളില്‍ ഉണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെയും, താമസക്കാരുടെയും തരിയോടുമായുള്ള ആശ്രയം നിലയ്ക്കുകയും ചെയ്തു. ഇതോടെ റോഡ് ഗതാഗതവും നിലച്ചു. തരിയോട് ടൗണ്‍ ഇല്ലാതായതോടെ എസ്റ്റേറ്റ് ജോലികള്‍ നഷ്ടത്തിലുമായി. ഇതിനുശേഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വനം വകുപ്പ് ഈ എസ്റ്റേറ്റുകള്‍ മിച്ചഭൂമിയായി പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ തരിയോട് ടൗണ്‍ ഉണ്ടായിരുന്ന കാലത്തെ തരിയോട്-പൂഴിത്തോട് റോഡ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡായി മാറി. ഇതിനു ശേഷമാണ് ചുരമില്ലാ ബദല്‍റോഡെന്ന ആശയത്തിന് ജീവന് വെക്കുന്നത്.
മിച്ചഭൂമിയായി പിടിച്ചെടുത്ത എസ്റ്റേറ്റുകളുടെ നിലവില്‍ ഉണ്ടായിരുന്ന റോഡ് മാര്‍ഗം ആണ് ഈ റോഡിന്റെ അലൈമെന്റ്. ബദല്‍റോഡ് വന്നാല്‍ കല്‍പറ്റയടക്കമുള്ള നഗരങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് കണ്ടതിനാലാണ് വനം വകുപ്പിനെ സ്വാധീനം ചെലുത്തി തെറ്റായ റിപ്പോര്‍ട്ട് നല്കിയ ഈ റോഡ് ഗാതാഗതം മുടക്കിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരേ ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ കര്മസമിതിക്കാര് പടിഞ്ഞാറത്തറില് റിലേ സമരവും ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്ക്കാരിക മത മേഖലകളിലെ 29 കൂട്ടായ്മകളുടെ പിന്തുണയാണ് സമരത്തിനുള്ളത്. നഷ്ടപ്പെടുന്നു വെന്ന് വനം വകുപ്പ് അവകാശപ്പെടുന്ന ഭൂമി യത്രയും നേരത്തേ ഫോറസ്റ്റ് പിടിച്ചെടുത്ത എസ്റ്റേറ്റ് ഭൂമികളാണെന്നതാണ് ശ്രദ്ധേയം. മാത്രമല്ല 2023 സെപ്റ്റംബര്‍ 19 ന് നടന്ന സംയുക്ത പരിശോധനയില്‍ മുന്‍ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിയുകയും ചെയ്തു.

- തടസ്സം നില്‍ക്കില്ല-എ.കെ ശശീന്ദ്രന്
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്പ്പാതയ്ക്കും ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസിനും വനംവകുപ്പ് തടസ്സം നില്‍ക്കില്ല. താമരശ്ശേരി ചുരത്തിനു ബദലായുള്ള രണ്ടു പദ്ധതികളും വീണ്ടും പരിഗണനയില്‍ വരികയാണെങ്കില്‍ അനുകൂല നിലപാടെടുക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ കല്പറ്റയില് ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊതുജന താല്പര്യം സംരക്ഷിക്കുന്നതരത്തില്‍ നിലപാട് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കിയതായും മന്ത്രി എ.കെ. ശശീന്ദ്രന് ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്ക് അംഗീകാരം ലഭിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുമുന്നില്‍ വനംവകുപ്പ് സമ്മര്‍ദം ചെലുത്തും.
1995-ലാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പ്പാത സംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പ് പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. അവരാണ് അനുമതി നിഷേധിച്ചത്. കേരളത്തിലെ സര്‍ക്കാരിനും വനംവകുപ്പിനും ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. രണ്ടു പദ്ധതികളും രണ്ട് ജില്ലകളിലാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ പ്രധാന പ്രവൃത്തി നടക്കേണ്ടത് വയനാട്ടിലല്ല. വയനാട്ടില്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. 1995-ല്‍ നിന്നുപോയ ശേഷം ഇപ്പോള്‍ അനുവാദം ചോദിച്ചുള്ള ഒരു ഫയലും വനംവകുപ്പിന്റെ മുന്നിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: Wayanad Churam Parallel Road Poozhithiode Padinjarathara Project
Published: 04 Nov 2023, 04:25 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented