സുൽത്താൻബത്തേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിച്ചുവരുന്ന അതിവേഗ റെയിൽവേ പദ്ധതിയിൽ വയനാടിനെയും ഉൾപ്പെടുത്തണമെന്ന് നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയുടെ ഡി.പി.ആർ. നടപടികൾ അന്തിമഘട്ടത്തിലാണ്.
അടുത്തമാസത്തോടെ ഇത് റെയിൽവേ ബോർഡിന് സമർപ്പിച്ചേക്കും. കഴിഞ്ഞമാസം ഇ. ശ്രീധരനുമായുള്ള കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡി.പി.ആർ. സമർപ്പിക്കുന്ന മുറയ്ക്ക് പാതയുടെ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമുള്ള യാത്രയിൽ വിപ്ലവകരമായ മാറ്റം ഈ പാതകൊണ്ടുവരുമെന്ന് കർമസമിതി വ്യക്തമാക്കി.
ബത്തേരിയിൽനിന്ന് മൈസൂരുവിലേക്ക് ഒരുമണിക്കൂറും ബെംഗളൂരുവിലേക്ക് മൂന്നുമണിക്കൂറുമായി യാത്രാസമയം ചുരുങ്ങും. ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ഹൈസ്പീഡ് റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് മൈസൂരുവിലേക്കും നീട്ടും. അതിവേഗ റെയിൽപ്പാതകളുടെ പൂർണ പ്രയോജനം കേരളത്തിന് ലഭിക്കണമെങ്കിൽ നിലമ്പൂർ-നഞ്ചൻകോട് പാതയുമായി കേരളത്തിന്റെ അതിവേഗ റെയിൽപ്പാതയെ ബന്ധിപ്പിക്കണം. ഇതിനായി കോഴിക്കോട്ടുനിന്ന് നിർമാണം നടക്കുന്ന കള്ളാടി തുരങ്കപാതവഴി സുൽത്താൻബത്തേരിയിലേക്ക് അതിവേഗ റെയിൽപ്പാത നിർമിച്ചാൽ ബത്തേരിയിൽവെച്ച് നിലമ്പൂർ-നഞ്ചൻകോട് പാതയുമായി ബന്ധിപ്പിക്കാനാകുമെന്ന് കർമസമിതി ചൂണ്ടിക്കാട്ടി. നഞ്ചൻകോട്-നിലമ്പൂർ പാതയിൽ 160 കിലോമീറ്റർ വേഗത്തിൽ തീവണ്ടി ഓടിക്കാനുള്ള വിധത്തിലാണ് ഡി.പി.ആർ. തയ്യാറാക്കുന്നത്. വയനാട്ടിലേക്ക് അതിവേഗ റെയിൽപ്പാതയുടെ ലിങ്ക് നിർമിച്ചാൽ ഒന്നരമണിക്കൂർകൊണ്ട് കോഴിക്കോടുനിന്ന് മൈസൂരുവിലേക്കും മൂന്നുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും അഞ്ചരമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലും എത്താനാകും.
ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള അതിവേഗയാത്രകളും ഈ പാതവഴിയാകും. ഇക്കാരണങ്ങളാൽ ഈ പാത കേരളത്തിന്റെ വികസനത്തിന് വൻകുതിച്ചുചാട്ടം നൽകും. കൂടാതെ, സാമ്പത്തികമായി പാത വൻലാഭമാക്കാനും സാധിക്കും. കേരളം പരിഗണിക്കുന്ന അതിവേഗ റെയിൽപ്പാതയ്ക്ക് നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയിലേക്ക് കള്ളാടി തുരങ്കപാത വഴി കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിവരെ അതിവേഗ ലിങ്ക് പാത പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, കേരള സർക്കാരുകളെ സമീപിക്കുമെന്നും ജനപ്രതിനിധികൾ ഇതിനായി മുന്നിട്ടിറങ്ങണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കൺവീനർ ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, എം.എ. അസൈനാർ, ജോസ് കപ്യാർമല, സി. അബ്ദുൾറസാഖ്, ജോയിച്ചൻ വർഗീസ്, രാജൻ തോമസ്, മോഹൻ നവരംഗ്, നാസർ കാസിം, ജേക്കബ് ബത്തേരി, അനിൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Connect Wayanad to the High-Speed Railway Network: Action Committee's Demand
Published: 10 Feb 2026, 07:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented