താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗത പ്രതിസന്ധി ഓരോ ദിവസം പിന്നിടുമ്പോഴും രൂക്ഷമാവുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് അവധി ദിവസങ്ങളില്‍ ചുരം കയറുന്നത്. തിരക്കിലമര്‍ന്ന് മണിക്കൂറുകളോളം ചുരം യാത്ര തടസ്സപ്പെടുകയാണ്. വയനാട്ടുകാര്‍ അനുഭവിക്കുന്ന ഈ ഗതാഗത പ്രതിസന്ധിക്ക് വയനാട് ജില്ലയെക്കാളും പഴക്കമുണ്ട്. ഇക്കാലയളവില്‍ ചുരത്തില്‍ കുരുങ്ങി നിരവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞുകഴിഞ്ഞു. മഴക്കെടുതിയുടെ സമയത്ത് ചുരങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ വയനാട് ജില്ല ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. വയനാടിന്റെ പല വികസന സ്വപ്നങ്ങളും ചുരം കയറാനാകാതെ പാതിവഴിയില്‍ കുരുങ്ങി നില്‍ക്കുകയാണ്. ഇതിനെല്ലാം പരിഹാരമായി പലപ്പോഴായി ഉയര്‍ന്നുകേട്ടതാണ് വയനാട്ടിലേക്കുള്ള ബദല്‍ പാതകള്‍. പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത പോലെ പതിറ്റാണ്ടുകള്‍ മുന്‍പേ ആരംഭിച്ച പല പദ്ധതികളും എഴുപത് ശതമാനത്തോളം പൂര്‍ത്തിയായെങ്കിലും ഇനിയും യാഥാര്‍ഥ്യമായില്ല. ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത പോലുള്ള പദ്ധതികള്‍ ഇപ്പോഴും സജീവമായി രംഗത്തുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. പാരിസ്ഥിതികാനുമതിയാണ് മിക്കവാറും എല്ലാ പദ്ധതികള്‍ക്കും വെല്ലുവിളിയായുള്ളത്.

To advertise here,

പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍പാത

placeholder
ബദല്‍പാതയുടെ സ്റ്റാര്‍ട്ടിങ് പോയന്റ്‌

ചുരം ബദല്‍പാതകളില്‍ ഏറ്റവും പ്രായോഗികമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന പാതകളിലൊന്നാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത. ഈ പാതയുടെ എഴുപത് ശതമാനത്തോളം പണികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തികരിച്ചതാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വനത്തിലൂടെ ഏതാനും കിലോ മീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ ഈ ബദല്‍പാത യാഥാര്‍ഥ്യമാകും. 27 കിലോ മീറ്റര്‍ റോഡില്‍ 9 കിലോ മീറ്ററോളം കോഴിക്കോട് ജില്ലയിലൂടെയും 18 കിലോ മീറ്റര്‍ വയനാട് ജില്ലയിലൂടെയുമാണ് കടന്നുപോകുന്നത്. 52 ഏക്കര്‍ വനഭൂമിയാണ് റോഡ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്തേണ്ടത്. ഇതിനു പകരമായി വിലയ്ക്കു വാങ്ങിയതടക്കം 104 ഏക്കര്‍ ഭൂമി നാട്ടുകാര്‍ പതിറ്റാണ്ടു മുമ്പ് വനം വകുപ്പിന് വിട്ടുകൊടുത്തതാണ്. എന്നാല്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പാണ് നിലവില്‍ ഈ പാതയ്ക്ക് തടസമായി നില്‍ക്കുന്നത്. ഈ ബദല്‍ റോഡിനായി പടിഞ്ഞാറത്തറ, തരിയോട്, പൂഴിത്തോട് നിവാസികളുടെ കര്‍മ്മസമിതി വര്‍ഷങ്ങളായി സമരമുഖത്താണ്.

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

വനഭൂമി വിട്ടുകിട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 1996-ലും 2001-ലും 2006-ലും കേന്ദ്ര മന്താലയത്തിനു കത്തയച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കപ്പെടുത്തേണ്ടത് അപൂര്‍വ മരങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും കലവറയായ വനമാണെന്ന കേരള വനം വകുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടാണ് ഇതിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. എന്നാല്‍, റോഡ് കടന്നുപോകുന്ന ഭാഗം റിസര്‍വ് വനമല്ലെന്ന് കര്‍മസമിതി പറയുന്നു. ഇക്കാര്യം നിര്‍ണയിക്കാനായി പാത കടന്നുപോവുന്ന ഭാഗത്തുകൂടെ വനം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി. റവന്യൂ വകുപ്പുകളും കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന്‌
സംയുക്ത പരിശോധന നടത്തിയിരുന്നു. ആറു കിലോ മീറ്റര്‍ പരിശോധന നടത്തിയതില്‍ രണ്ട് ഈട്ടിമരങ്ങളും ഏതാനും റബ്ബര്‍, കാറ്റാടി മരങ്ങളുമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് കര്‍മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ബാണാസുരസാഗര്‍ ഡാം വരുന്നതിനു മുന്‍പ് ഈ ഭാഗം എസ്റ്റേറ്റായിരുന്നു. അവിടേയ്ക്ക് റോഡുമുണ്ടായിരുന്നു. പിന്നീട് വളര്‍ന്ന മരങ്ങള്‍ മാത്രമേ പാത കടന്നുപോവുന്ന ഭാഗത്തുള്ളൂവെന്നാണ് സംയുക്ത പരിശോധനയിലൂടെ മനസ്സിലായത്. ഇനി കോഴിക്കോട് ജില്ലയിലും പരിശോധന നടക്കണം.

കോഴിക്കോട്-കല്പറ്റ സംസ്ഥാന ഹൈവേയുടെ ഭാഗമാണ് ഈ ബദല്‍പാത. 27.225 കിലോ മീറ്റര്‍വരുന്ന ബദല്‍പ്പാതയില്‍ 14.285 കിലോ മീറ്ററാണ് ഇതുവരെ നിര്‍മിച്ചത്. ബാക്കിവരുന്ന ഭാഗത്ത് 12.940 കിലോ മീറ്ററാണ് നിക്ഷിപ്തവനഭൂമിയുള്ളത്. 1994 സെപ്തംബര്‍ 24-നാണ് ചുരമില്ലാ പാതയ്ക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവ കോഴിക്കോട് ജില്ലയിലും തറക്കല്ലിട്ടത്. 1994-95 വര്‍ഷത്തെ ബജറ്റില്‍ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു. 1990-ല്‍ അന്നത്തെ മന്ത്രിസഭ അനുമതിനല്‍കിയ പദ്ധതിയുടെ പ്രവൃത്തി 1994-ല്‍ തുടങ്ങിയെങ്കിലും വനാതിര്‍ത്തി വരെയെത്തി റോഡ് അവസാനിച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ 20.770 ഹെക്ടറും കോഴിക്കോട് ജില്ലയില്‍ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനംവകുപ്പിന് വിട്ടുനല്‍കുകയും ചെയ്തിരുന്നു. 93-ല്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ 23.50 ഹെക്ടര്‍ വനഭൂമി വിട്ടുനല്‍കാന്‍ വനംവകുപ്പ് അധികൃതര്‍ സമ്മതവും അറിയിച്ചതാണ്. എന്നാല്‍, നിര്‍മാണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് വനത്തിലൂടെ റോഡ് നിര്‍മാണത്തിന് തടസ്സവാദമുണ്ടായത്. 1995-ലാണ് പടിഞ്ഞാറത്തറ- പൂഴിത്തോട് പദ്ധതിക്കെതിരായ റിപ്പോര്‍ട്ട് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുത്തത്.

placeholder
1994-ലെ ശിലാഫലകം

വയനാട്ടിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുര സാഗര്‍ ഡാമിന് സമീപത്ത് കൂടിയാണ് പാത കടന്നുപോകുന്നത്. ഇത് ടൂറിസം മേഖലയ്ക്കും കരുത്ത് പകരുന്നതിന് കാരണമാകും. അരുവികളുള്ളതിനാല്‍ ഏഴു കള്‍വര്‍ട്ടുകളും മൂന്നു പാലങ്ങളും പണിയേണ്ടി വരും. കുന്നിന്‍ ചരിവിലൂടെയാണ് കുറെദൂരം റോഡു പോവുന്നത്. കുറഞ്ഞ സമയം കൊണ്ട് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. നിലവില്‍ ഈ പദ്ധതിക്കും ചിപ്പിലിത്തോട്-മരുതിലാവ്- തളിപ്പുഴ ബൈപ്പാസിനും വനംവകുപ്പ് തടസം നില്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് നേരത്തെ പദ്ധതിക്ക് അനുമതി നിഷേധിച്ചതെന്നും അനുമതി ലഭിക്കാന്‍ കേരള വനം വകുപ്പ് ഇവര്‍ക്ക് മുന്നില്‍ സമ്മര്‍ദം  ചെലുത്തുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ എഴുപത് ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തീകരിച്ച പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പ്പാത തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലുള്ള കാത്തിരിപ്പ് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്.

വഴി തെളിയണം വയനാടിന് പരമ്പര 2:  സ്മാരകം പോലെ വീടുകള്‍, കൃഷിഭൂമികള്‍, കുടിയിറക്കിയിട്ടും റോഡ് മാത്രമില്ല; ബദല്‍പാതയും.

വഴി തെളിയണം വയനാടിന് പരമ്പര 3: 141 വര്‍ഷത്തെ കാത്തിരിപ്പ്;വയനാട്ടിലേക്ക് ചുരം കയറിയെത്തുമോ തീവണ്ടി

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത

നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ള പദ്ധതിയാണ് സ്വര്‍ഗംകുന്ന്, ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത. വയനാട് ചുരം പ്രതിസന്ധിക്ക് പരിഹാരമായി കേരള സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നതും ഈ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നുമാണ് ഈ തുരങ്കപാത. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്. പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം അടുത്ത മാര്‍ച്ചോടെ നടത്താനാകും. നിലവില്‍ രണ്ട് ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്റെ 19(1) നോട്ടിഫിക്കേഷന്റെ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകും. ഈ വര്‍ഷം ഡിസംബറിനു മുമ്പായി പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി നേരത്തെ ലഭിച്ചിരുന്നു.

placeholder

ചുരം പ്രതിസന്ധിക്കുള്ള ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍നിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി കള്ളാടിയില്‍ അവസാനിക്കുന്നതാണ് പാത. ഇതില്‍ കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്നിനും കള്ളാടിക്കുമിടയില്‍ വനത്തിലൂടെ കടന്നുപോകുന്ന ഏഴു കിലോ മീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മിക്കേണ്ടിവരുക. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയുടെ നിര്‍മ്മാണം സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് സാക്ഷാല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ തന്നെയാണ്.

placeholder
പാതയുടെ അലൈന്‍മെന്റ്

വനഭൂമി നഷ്ടപ്പെടുത്താതെയും ഒരു മരം പോലും മുറിക്കാതെയും തുരങ്കപാത യാഥാര്‍ഥ്യമാക്കാനാകുമെന്ന് മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രാഥമികപഠനം നടത്തിയ ടണലിങ് സര്‍വേ ഏജന്‍സിയായ റൂബി സോഫ്റ്റ് കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ വന്നതിനു ശേഷം ആദ്യബജറ്റില്‍ത്തന്നെ 20 കോടി പ്രാഥമിക നടപടികള്‍ക്ക് അനുവദിച്ചു. പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കലും നിര്‍മാണവും മൂന്ന്‌ വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ഏല്‍പ്പിച്ചത്. അവര്‍ പാതയുടെ അലൈന്‍മെന്റ് തയ്യാറാക്കി. ആറ് മാസത്തിലേറെ കാലം കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ആനക്കാംപൊയിലിലും കളളാടിയിലും ക്യാംപ് ചെയ്ത് നടത്തിയ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ഈ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. ഇത് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചതോടെയാണ് ഭരണാനുമതി ലഭിച്ചത്

കോഴിക്കോട് ജില്ലയില്‍ മറിപ്പുഴവരെയും വയനാട് ഭാഗത്ത് കള്ളാടി തൊള്ളായിരം എസ്സേറ്റ് വരെയും നേരത്തേത്തന്നെ റോഡ് പൂര്‍ത്തിയാക്കിയിരുന്നു. മറിപ്പുഴ മുതല്‍ തുരങ്കം തുടങ്ങുന്ന സ്വര്‍ഗംകുന്ന് വരെ പഴയ റോഡുണ്ട്. എന്നാല്‍, മറിപ്പുഴയില്‍ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പാലം നിര്‍മിക്കേണ്ടതുണ്ട്. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്ന് 16 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താനാകും. കേവലമൊരു പാത എന്നതിനപ്പുറം കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ടൂറിസം പദ്ധതികള്‍ക്കും പദ്ധതി ഏറെ നിര്‍ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ജില്ലകൾക്കിടയിലെ യാത്രയും ചരക്കുനീക്കവും ഏറെ എളുപ്പത്തിലാക്കുന്നതാണ് തുരങ്കപാത. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. പക്ഷെ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ഇതുവരെ നേടിയെടുക്കാന്‍ സാധിക്കാത്തത് പദ്ധതിക്ക് ഭീഷണിയാണ്. ഒപ്പം പദ്ധതിക്കെതിരേ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്.

placeholder
മറിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെ സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍

ചിപ്പിലിത്തോട് ചുരം ബൈപ്പാസ്

'ചുരത്തിനൊരു സമ്പൂര്‍ണ ബൈപ്പാസ്' എന്ന തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിര്‍ദേശമുയര്‍ന്ന പാതയാണ് 'ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്'. എന്നാല്‍ കാര്യമായ പുരോഗതികള്‍ ഇതില്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല നിലവില്‍ ഈ പദ്ധതി പരിഗണിക്കുന്ന കാര്യത്തിലും ഉറപ്പില്ല. മറ്റ് പാതകളെല്ലാം വയനാട്ടിലേക്ക് എത്താനുള്ള ഇതര വഴികളാണെങ്കില്‍ താമരശ്ശേരി ചുരത്തിന്റെ അക്ഷരാര്‍ഥത്തിലുള്ള ബദല്‍ പാതയാണ് ചിപ്പിലിത്തോട്- മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ്. ഇതര പദ്ധതികളേക്കാള്‍ കുറഞ്ഞ ചെലവിലും കുറഞ്ഞ ദൂരത്തിലും കുറഞ്ഞ കാലയളവിലും പൂര്‍ത്തിയാക്കാവുന്നതാണ് നിര്‍ദിഷ്ട വയനാട് ചുരം ബൈപാസ്. ഈ ബൈപ്പാസ് വന്നാല്‍ ഹെയര്‍പിന്‍ വളവുകളില്ലാത്ത 14.5 കിലോ മീറ്റര്‍ സഞ്ചരിച്ച് തളിപ്പുഴയിലെത്താനാകും. ഈ പാത വന്നാല്‍ നിലവിലെ ചുരം റോഡ് വണ്‍വേ ആക്കാനും പദ്ധതിയുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കോടഞ്ചേരി പരിധിയില്‍ ആറു കിലോ മീറ്റര്‍ പഞ്ചായത്ത് റോഡ് നിലവിലുണ്ട്. തുടര്‍ന്ന്, രണ്ടര കിലോ മീറ്റര്‍ വനഭൂമി പിന്നിട്ടാല്‍ ബാക്കിഭാഗം വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡാണ്. രണ്ടു കിലോ മീറ്റര്‍ ദൂരമാണ് പുതിയ തുഷാരഗിരി റോഡ് ഉപയോഗിച്ചാല്‍ കുറഞ്ഞുകിട്ടുക.

placeholder
തളിപ്പുഴയില്‍ സമരക്കാര്‍ റോഡു വെട്ടുന്നു.

നിലമ്പൂര്‍-മുണ്ടേരി- മേപ്പാടി പാത

മറ്റ് പാതകളെന്നപോലെ തന്നെ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ് നിലമ്പൂരിലെ മുണ്ടേരിയില്‍നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്കുള്ള പാത. ഇത് പ്രകാരം ചുരങ്ങളില്ലാതെ 57 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താനാകും. യാഥാര്‍ഥ്യമായാല്‍ വയനാട് വഴിയുള്ള ചരക്കുനീക്കത്തിനും ഈ പാത നിര്‍ണായകമാവും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദ്യ ബജറ്റില്‍ തന്നെ മലയോര വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഇതിനായുള്ള തുകവകയിരുത്തിയിരുന്നു.

അട്ടമലയില്‍നിന്ന് അരണപ്പുഴ വരെ രണ്ട് കിലോ മീറ്റര്‍ എസ്റ്റേറ്റ് റോഡും അരണപ്പുഴയില്‍നിന്ന് തലപ്പാലി വരെ കൂപ്പു റോഡുമുണ്ട്. ഏഴ് കിലോ മീറ്ററോളം വനത്തിലൂടെ റോഡ് നിര്‍മിക്കണമെന്നതാണ് ഈ പദ്ധതിക്കും തടസമായി നര്‍ക്കുന്നത്. വനപാതയിലൂടെയുള്ള മലയോര ഹൈവേ നിര്‍മ്മാണത്തിനെതിരേ വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പദ്ധതിക്കും ആവശ്യമാണ്. 2018-ല്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ കത്ത് പ്രകാരം വനപാത സര്‍വേയ്ക്കു ഡി.എഫ്ഒ. അനുമതി നല്‍കിയിരുന്നു. 12 കിലോ മീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കി. ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം മുണ്ടേരിയില്‍ ഭൂമി നല്‍കാമെന്ന് കാണിച്ച് പി.വി. അന്‍വര്‍ കത്തു നല്‍കിയിരുന്നുവെങ്കിലും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല.

placeholder

പദ്ധതി യാഥാര്‍ഥ്യമായാല്‍ നാടുകാണി, താമരശ്ശേരി ചുരങ്ങള്‍ക്ക് ബദല്‍മാര്‍ഗമായി ഈ പാത ഉപകരിക്കും. നിലമ്പൂരില്‍നിന്ന് കല്‍പറ്റയിലേക്കുള്ള 110 കിലോമീറ്ററില്‍ 48 കിലോ മീറ്ററിന്റെ കുറവാണ് വരിക. വയനാട്, നിലമ്പൂര്‍ മേഖലയിലെ ടൂറിസം മേഖലയിലും വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകും. വയനാട്ടില്‍ നിന്നുള്ളവര്‍ക്ക് നിലമ്പൂരില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിനെയും ആശ്രയിക്കാനാകും. വര്‍ഷങ്ങളായി ആദിവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും കൂപ്പുതൊഴിലാളികളും മലയാറ്റൂര്‍ തീര്‍ഥാടനത്തിനു പോകുന്ന കാല്‍ നടയാത്രക്കാരും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാട്ടുപാത നവീകരിച്ചാല്‍ മാത്രം മതി മുണ്ടേരി- മേപ്പാടി പാത യാഥാര്‍ഥ്യമാകാന്‍. ഈ പാതയ്ക്കായും ജനങ്ങള്‍ സമരരംഗത്താണ്.

ഇവയ്ക്ക് പുറമെ കുഞ്ഞോം-വിലങ്ങാട് റോഡ്, തലപ്പുഴ 44-അമ്പായത്തോട് റോഡ് തുടങ്ങി ചുരമില്ലാ ബദല്‍പ്പാതകളും പലകുറി ചര്‍ച്ചയായെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

വയനാട് റോപ്‌ വേ

ചുരം പ്രതിസന്ധിക്ക് വലിയരീതിയിലുള്ള പരിഹാരമാവില്ലെങ്കിലും ഏവരും ഉറ്റുനോക്കിയ പദ്ധതിയായിരുന്നു അടിവാരം-ലക്കിടി റോപ്‌ വേ. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുടെ ആശയം മുന്നോട്ടുവെച്ചത്. പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കി, റവന്യൂ-സാങ്കേതിക സര്‍വേകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 150 കോടി പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല 2020-ല്‍ തന്നെ വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയിരുന്നു. അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോ മീറ്റര്‍ ദൂരത്തിലാണ് റോപ്‌ വേ വിഭാവനംചെയ്തിരിക്കുന്നത്. പരമാവധി പത്തു മിനിറ്റിനകം അടിവാരത്തുനിന്ന് ലക്കിടിയില്‍ എത്തിച്ചേരാനാകും. 40 കേബിള്‍ കാറുകളാണ് റോപ്‌വേയില്‍ ഉണ്ടാവുക. വയനാടിന്റെ ആരോഗ്യരംഗത്തെ പരിമിതികള്‍കൂടി കണക്കിലെടുത്ത് ഒരു കേബിള്‍ കാര്‍ ആംബുലന്‍സ് സൗകര്യങ്ങളോടെ സജ്ജീകരിക്കും. ചുരത്തിലൂടെ തന്നെയാണ് റോപ്‌ വേ. പൂര്‍ത്തീകരിച്ചാല്‍ ഏഷ്യയിലെ ഏറ്റവുംവലിയ റോപ്‌ വേകളില്‍ ഒന്നായിരിക്കും.

placeholder

പദ്ധതിക്കുവേണ്ടി അടിവാരത്ത് പത്ത് ഏക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും കമ്പനി വാങ്ങുകയും ചെയ്തു. ലോവര്‍ടെര്‍മിനലായ അടിവാരത്ത് കാര്‍ പാര്‍ക്കിങ്ങിനൊപ്പം ടൂറിസം സാധ്യതകള്‍കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഭൂമി വാങ്ങുന്നത്. ഡി.പി.ആര്‍. സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്റെ രണ്ട് ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക. പകരമായി നാല് ഏക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറുന്നതിന്റെ സമ്മതപത്രവും അനുബന്ധരേഖകളും വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചതാണ്. എന്നാല്‍ മൂന്ന് വര്‍ഷമായി പദ്ധതിയില്‍ പുതിയ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. പദ്ധതിക്കായി അടിവാരത്ത് ഏറ്റെടുത്ത ഭൂമി റബ്ബര്‍ എസ്റ്റേറ്റാണെന്നതാണ് തടസമായി നില്‍ക്കുന്ന ഘടകങ്ങളിലൊന്ന്.

റെയില്‍പാതകളും വയനാട് എയര്‍സ്ട്രിപ്പും

placeholder
ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡി.യുമായ ബിജു പ്രഭാകര്‍ ഉള്‍പ്പെടെയുള്ളവര്‍ വയനാട് എയര്‍സ്ട്രിപ്പിനായി പരിഗണിക്കുന്ന സ്ഥലം പരിശോധിക്കുന്നു

റോഡ് മാര്‍ഗമുള്ള ബദലുകള്‍ക്ക് പുറമെ റെയില്‍ വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ബദലുകളും പദ്ധതികളായി മുന്നിലുണ്ട്. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ ലിങ്ക്, തലശ്ശേരി-മൈസൂര്‍ റെയില്‍പാത, കൊയിലാണ്ടി മൈസൂരു റെയില്‍പ്പാത തുടങ്ങിയവയാണ് പലകാലങ്ങളിലായി ഉയര്‍ന്നു കേട്ടിരുന്നത്. ഇതില്‍ സര്‍ക്കാരിന് താല്‍പര്യമുള്ള തലശ്ശേരി- മൈസൂര്‍ റെയില്‍പാതയുടെ ആകാശ സര്‍വേ വരെ പൂര്‍ത്തിയായതാണ്.

ചെറുവിമാനങ്ങള്‍ക്ക് വന്നിറങ്ങാനും പറന്നുയരാനും സൗകര്യമുള്ള എയര്‍സ്ട്രിപ്പും വയനാട്ടില്‍ പല കാലങ്ങളില്‍ ആലോചനയിലുണ്ടായിരുന്നു. മാതമംഗലം, ചീക്കല്ലൂര്‍ ഉള്‍പ്പെടെ പരിഗണിക്കപ്പെട്ട സ്ഥലങ്ങളെല്ലാം നെല്‍ക്കൃഷി നടക്കുന്ന വലിയ പാടശേഖരങ്ങളായതിനാല്‍ എതിര്‍പ്പുയര്‍ന്നു. ടൂറിസം സാധ്യതകളും എയര്‍ ആംബുലന്‍സ് എന്ന ആവശ്യവും പരിഗണിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കിയ പദ്ധതിയാണ് വയനാട് എയര്‍സ്ട്രിപ്പ്. പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി കെ-റയിലിനെ നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയതോടെ എയര്‍സ്ട്രിപ്പ് സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചിരിക്കുകയാണ്. കാരാപ്പുഴ പദ്ധതി പ്രദേശവും വാര്യാട് എസ്റ്റേറ്റുമെല്ലാം ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് വിവരം.