മലപ്പുറം : എവറസ്റ്റ് കൊടുമുടി കീഴടക്കി ബേസ് ക്യാമ്പിലേക്ക് തിരികെയുള്ള നടത്തത്തിലാണ് മഞ്ചേരിക്കാരി സുഹ്റ സിറാജ്. ഒരു മാസത്തിലധികം നീണ്ട ശ്രമത്തിനൊടുവിൽ കഴിഞ്ഞദിവസം 12.36-നാണ് എവറസ്റ്റിന്റെ നെറുകയിൽ തൊട്ടത്. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയുമായി.

To advertise here,

രണ്ടു കുട്ടികളുടെ അമ്മയായ ഈ നാൽപ്പതുകാരി പത്തുകൊല്ലത്തോളമായി പർവതങ്ങളുമായി പ്രണയത്തിലാണ്. എലൈറ്റ് എക്സ്പെഡിഷൻ ഏജൻസിക്കൊപ്പമായിരുന്നു പർവതാരോഹണം. 14 അംഗ സംഘത്തിൽ 12 പേർ എവറസ്റ്റ് സമ്മിറ്റ് ചെയ്തു. അനാരോഗ്യം കാരണം രണ്ടുപേർക്ക് സാധിച്ചില്ല.

സുഹ്‌റ എവറസ്റ്റ് സമ്മിറ്റ് ചെയ്ത വിവരം എക്സ്പെഡിഷൻ ടീമിന്റെ ബേസ് ക്യാമ്പിലുള്ള സംഘം ഭർത്താവ് സിറാജിനെ വിളിച്ചറിയിച്ചു. ബേസ് ക്യാമ്പിലെത്തിയ ശേഷമേ കുടുംബവുമായി ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ.

കഴിഞ്ഞ സമ്മിറ്റ് സീസണിൽ എവറസ്റ്റാരോഹണത്തിലെ അവസാന ഘട്ടമായ ക്യാമ്പ് നാലിലെത്തിനിൽക്കേ മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. അതൊരു തിരിച്ചടിയായിക്കണ്ടില്ല. പരിശീലനം തുടർന്ന് ഈ വർഷത്തെ സീസണിൽ വീണ്ടും പുറപ്പെട്ടു.

2017-ലാണ് മലകൾ കയറണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചത്. ഭർത്താവിന്റെ നാടായ വയനാട്ടിലെ മലകൾ കയറിയായിരുന്നു തുടക്കം. ‘ബോഷി’ൽ എൻജിനീയറായ ഭർത്താവ് സിറാജിനൊപ്പം ബെംഗളൂരുവിൽ താമസമാക്കിയതോടെ പർവതാരോഹണ പരിശീലനങ്ങൾ തുടർന്നു. ഇത്തവണയും പര്യവേക്ഷണത്തിനിടയിൽ ചില തടസ്സങ്ങളുണ്ടായിരുന്നതായി സുഹ്റ പറഞ്ഞിരുന്നെന്ന് സിറാജ് പറഞ്ഞു.

ക്യാമ്പ് ഒന്നിലേക്കെത്താൻ ഖുംബു ഹിമനദി കടക്കേണ്ടതുണ്ട്. അവിടെ വലിയൊരു മഞ്ഞുകട്ട ട്രെക്കിങ് ബുദ്ധിമുട്ടാക്കി. മേയ് അഞ്ചിന് ഒരാൾക്ക് അപകടം പറ്റി.

ഒരാഴ്ചയോളമാണ് പർവതാരോഹകർ ബേസ് ക്യാമ്പിൽ കുടുങ്ങിയത്. ഏകദേശം നാൽപ്പതു ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട് ഈ പര്യവേക്ഷണത്തിന്.

ലോകത്തിന്റെ നെറുകയിൽ പ്രിയതമ കാലുകുത്തിയതിന്റെ സന്തോഷത്തിലാണ് സിറാജും മക്കളായ 15-കാരൻ എമിറും 10 വയസ്സുകാരൻ എഹബിനും.

സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ എന്നിവരാണ് ഇതിനുമുൻപ് എവറസ്റ്റ് കീഴടക്കിയ മലയാളി വനിതകൾ.

ദേ... സുഹ്‌റ എവറസ്റ്റ് തൊട്ടു

ഒറ്റദിവസം, ലക്ഷ്യത്തിലേക്ക് നടന്നടുത്തത് നൂറുകണക്കിന് പേരും. അങ്ങനെ അതൊരു ചരിത്രമാകുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്, നേപ്പാൾഭാഗത്തുകൂടി ഒറ്റദിവസംമാത്രം കീഴടക്കിയത് 274 പേരാണ്. പർവതാരോഹകസംഘത്തിൽ മൂന്ന് ഇന്ത്യക്കാരും ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് ഇവർ കൊടുമുടിയിലെത്തിയത്. നേപ്പാളിൽനിന്നുള്ള 150 ഷെർപ്പകളും സംഘത്തിലുണ്ട്. തുളസി റെഡ്ഡി പാൽപുനൂരി, സന്ദീപ് അറേ, അജയ് പാൽ സിങ് ദലിവാൾ എന്നിവരാണ് സംഘത്തിലുൾപ്പെട്ട ഇന്ത്യക്കാർ.

ഇതിനുമുൻപ്, 2019 മേയിൽ 223 പേർ നേപ്പാൾ വഴി ഒറ്റദിവസംമാത്രം എവറസ്റ്റ് കീഴടക്കിയിരുന്നു. നേപ്പാളി ഷെർപ്പയായ കാമി റീതയാണ് ഏറ്റവും കൂടുതൽതവണ എവറസ്റ്റ് കീഴടക്കിയത് - 32 തവണ. 8848.86 മീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം.