തൃശ്ശൂർ: ’നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് ആദ്യ മലകയറ്റം. അനിയത്തിയെയും കൂട്ടി സ്കൂളിന്റെ എതിർവശത്തെ തറുതലക്കുന്നിലേക്ക് ഒളിച്ചുയാത്ര. ആരോടും പറയാതെയുള്ള ആ മലകയറ്റത്തിന് സമ്മാനമായി വീട്ടുകാരിൽനിന്ന് കിട്ടിയത് നല്ല അടി. സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മറ്റ് കുട്ടികളെല്ലാവരും മടങ്ങിവന്നപ്പോഴും ഞങ്ങളെക്കാണാതെ അവർ പേടിച്ചുപോയിരുന്നു.
പിന്നീട് സ്വന്തമായി വരുമാനമുണ്ടാക്കുംവരെ യാത്രാക്കൊതികൾ മാറ്റിവെച്ചു. ഗസ്റ്റധ്യാപികയായി ജോലി കിട്ടിയ ഉടനെ ഇഷ്ടങ്ങളൊക്കെ പൊടിതട്ടിയെടുത്തു. 2025-ൽ വിവിധ സംസ്ഥാനങ്ങളിലായി കയറിയിറങ്ങിയത് അറുപതിലേറെ മലകൾ. ഏറ്റവുമവസാനം ഹിമാലയ യാത്ര.
ട്രക്കിങ് ഗ്രൂപ്പുകൾക്കൊപ്പവും തനിയേയുമുള്ള യാത്രകൾ. ഓരോന്നും പിന്നിടുമ്പോൾ ആത്മവിശ്വാസമേറുന്നു. ഈ ലോകം എത്ര മനോഹരമാണെന്ന് ചിന്തിച്ചുപോകുന്നു’- പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയായ ഒ.എൻ. ബിന്ദുവിന്റെ വാക്കുകളിൽ നിറയുന്നത് യാത്രകൾ പകർന്ന ഊർജം.
അധ്യാപികയെന്ന നിലയിൽ വിദ്യാർഥികളോടുള്ള ഉത്തരവാദിത്വത്തിനൊപ്പം മകനും അമ്മയ്ക്കുമുള്ള സമയവും നീക്കിവെച്ചുകൊണ്ടുതന്നെ ആഗ്രഹിക്കുന്ന യാത്രകളെല്ലാം നടത്താൻ തനിക്ക് കഴിയുന്നുണ്ടെന്ന് 50 വയസ്സുകാരിയായ ബിന്ദു പറയുന്നു. പുതുവർഷ കലണ്ടർ കിട്ടുമ്പോൾത്തന്നെ ആ വർഷത്തെ ചുവന്ന അക്കങ്ങൾ നോക്കിവയ്ക്കും. ആ വർഷത്തെ ‘ബക്കറ്റ് ലിസ്റ്റി’ലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ നിശ്ചയിക്കും.
പിന്നീടാണ് അവിടേക്കെത്താനുള്ള മാർഗങ്ങളും മറ്റും അന്വേഷിക്കുന്നത്. സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുണ്ടെങ്കിൽ അവരോടൊപ്പമാകും യാത്ര. ട്രാവൽ ഗ്രൂപ്പുകളെ ആശ്രയിക്കാറേയില്ല. ചുരുങ്ങിയ ചെലവിൽ എല്ലാ യാത്രാപദ്ധതിയും സ്വയം രൂപപ്പെടുത്തും.
33,000 രൂപയ്ക്ക് എവറസ്റ്റ് ബേസ് ക്യാമ്പിൽ പോയിവന്നു. 5364 അടി ഉയരത്തിലേക്കുള്ള ഈ യാത്രയായിരുന്നു ഏറ്റവും വലിയ യാത്ര. ഒൻപതു തവണ ഹിമാലയം കയറി. സ്വന്തമാക്കിയ സുഹൃത്തുക്കളേറെ. യാത്രകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് തന്റെ ശിഷ്യരും സഹയാത്രികരായെത്തിയത് ഏറെ സന്തോഷം പകർന്നിട്ടുണ്ടെന്നും ഈ യാത്രിക പറയുന്നു.
‘ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടെങ്കിൽ മാത്രമേ മലകയറ്റം ആസ്വദിക്കാനാകൂ. ഇല്ലെങ്കിൽ കാലുവേദനയെക്കുറിച്ച് വ്യാകുലപ്പെടാനേ പറ്റൂ. അതുകൊണ്ടുതന്നെ മലകയറാനെത്തുന്ന സ്ത്രീകൾ കുറവാണ്. ഒരു ടീമിൽ 30 പുരുഷന്മാർ ഉണ്ടെങ്കിൽ നാലോ അഞ്ചോ സ്ത്രീകളേ കാണൂ.
തിരുവനന്തപുരത്ത് അഗസ്ത്യാർകൂടത്തേക്കാൾ ബുദ്ധിമുട്ടുള്ളതായി വരയാടുമൊട്ടയിലേക്കുള്ള മലകയറ്റം. ശരീരഭാരം കുറയ്ക്കാനായി കോവിഡിനുമുൻപേ പരിശീലിച്ചിരുന്ന ശാരീരികവ്യായാമങ്ങൾ മലകയറ്റത്തിന് തുണയായി’. പാലക്കാട് ജില്ലയിലെ കൊപ്പം ഓലഞ്ചരി വീട്ടിലെ അംഗമായ ബിന്ദുവിന്റെ യാത്രയിൽ പലപ്പോഴും 72 വയസ്സുള്ള അമ്മ നാരായണിക്കുട്ടിയും അഞ്ചാംക്ലാസുകാരൻ മകൻ നാരായണനും കൂടെക്കൂടാറുണ്ട്.
Content Highlights: Meet O.N. Bindu, a Malayalam teacher who turned her childhood passion for climbing into an adventurous life, conquering over 60 peaks including the Himalayas. Discover her inspiring journey and tips.
Published: 26 Jan 2026, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented