'നിങ്ങൾക്കിത് വിശ്വസിക്കാനാകുമോ?' 'ഐക്കൺ ഓഫ് ദ സീസ്' എന്ന ആഡംബര കപ്പലിന്റെ വിവരണം കണ്ട ഒരാൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇപ്രകാരമായിരുന്നു. അത്രയ്ക്കും ആശ്ചര്യകരമാം വിധത്തിലാണ് ഐക്കൺ ഓഫ് ദ സീസ് എന്ന കപ്പലിന്റെ നിർമാണം. ഒരു നഗരം ഒഴുകുന്നതുപോലെയുള്ള കപ്പൽ കടലിലൊഴുകാൻ ഇനി  ദിവസങ്ങൾ മാത്രമാണ് ബാക്കി. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ, ആഡംബരക്കപ്പലിന്റെ അവസാനവാക്കായിരുന്ന ടൈറ്റാനിക്കിനേക്കാൾ അഞ്ചിരട്ടി വലിപ്പം, ഇരുപത് നിലകൾ, നാല്പതോളം ബാറുകൾ, വാട്ടർപാർക്ക്, വെള്ളച്ചാട്ടം...  മനുഷ്യനിർമിതമായ എല്ലാ സൗകര്യങ്ങളും കൂടിച്ചേർന്ന 'ഐക്കൺ ഓഫ് ദ സീസ്' ജനുവരി 27-ന് കടൽപ്പരപ്പിൽ വിസ്മയം തീർക്കും. ആദ്യ യാത്രയിൽ പതിനായിരത്തോളം പേരെ വഹിച്ചുകൊണ്ട് കപ്പൽ ഓളപ്പരപ്പിൽ ചരിത്രമെഴുതും. സാക്ഷ്യം വഹിക്കാൻ തീരത്തും കടലിലും ആൾക്കൂട്ടം കാഴ്ചക്കാരാകും.

To advertise here,

മുൻനിര കപ്പൽ കമ്പനിയായ റോയൽ കരീബിയനാണ് ഐക്കൺ ഓഫ് ദ സീസിന്റെ ഉടമസ്ഥർ. ഫിന്‍ലന്‍ഡിലെ മെയര്‍ ടുര്‍ക്കുവിലായിരുന്നു നിര്‍മാണം. ലോകത്ത് ഇതിനുമുമ്പും ആഢംബര കപ്പലുകൾ നീറ്റിലിറക്കിയിട്ടുണ്ട് റോയൽ കരീബിയൻ. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ഇപ്പോൾ ഐക്കൺ ഓഫ് ദ സീസിന്റെ രംഗപ്രവേശം. തീർത്തും പ്രകൃതിസൗഹൃദമാണ് കപ്പലിന്റെ രൂപകല്പന എന്നാണ് അവകാശവാദം. ആദ്യപരീക്ഷണ യാത്ര കഴിഞ്ഞ ജൂണിൽ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ നിർമാണശാലയിൽ നിന്ന് കപ്പൽ റോയൽ കരീബിയന് കൈമാറിയിരുന്നു. ആദ്യ പ്രയാണത്തിനായി ജനുവരി രണ്ടിന് കപ്പൽ പ്യൂർട്ടോറിക്കോയിലെത്തിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലോറിഡയിലെ മിയാമിയിൽ നിന്നായിരിക്കും കപ്പലിന്റെ ആദ്യ യാത്ര.

നിലവിൽ കടലിലെ കപ്പൽ രാജാവ് റോയൽ കരീബിയൻ കമ്പനിയുടെ തന്നെ വണ്ടർ ഓഫ് ദ സീസ് എന്ന പടുകൂറ്റൻ ആഢംബര കപ്പലാണ്. ഐക്കൺ ഓഫ് ദ സീസ് കടലിലിറങ്ങുന്നതോടെ വണ്ടർ ഓഫ് ദ സീസിന്റെ റെക്കോർഡ് പഴങ്കഥയാകും. 

എഴുദിവസം നീണ്ടുനിൽക്കുന്ന ഐക്കൺ ഓഫ് ദ സീയുടെ കന്നിയാത്ര ബഹമാസ് അടക്കം അഞ്ച് കരീബിയൻ തീരങ്ങൾ സന്ദർശിച്ച ശേഷം തിരികെ മയാമിയിൽ എത്തും. ഇതിനകം തന്നെ ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റഴിച്ചതായി ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.  1.5 ബില്യൺ യൂറോയാണ് (ഏകദേശം 1,36,40,10,00,000 ഇന്ത്യൻ രൂപ) കപ്പൽ നിർമ്മാണച്ചെലവ് . 7,600 യാത്രക്കാരെ ഉൾക്കൊള്ളുന്നതാണ് കപ്പൽ. 50 ലക്ഷത്തോളം യൂറോയുടെ (ഏകദേശം 45,46,70,000 ഇന്ത്യൻ രൂപ) അഡ്വാൻസ് ബുക്കിങ് ഇതിനകം തന്നെ പൂർത്തിയായതായാണ് റിപ്പോർട്ട്. 

നീളത്തിലും ഭാരത്തിലും ചരിത്രം കുറിക്കാൻ

നിലവിലെ ഏറ്റവും വലിയ കപ്പലായ വണ്ടർ ഓഫ് സീസിന്റെ നീളം 1,187 അടിയാണ്. എന്നാൽ ചരിത്രം തിരുത്തി ഐക്കൺ ഓഫ് ദ സീസ് എത്തുന്നത് 1,196 അടി നീളത്തിലാണ്. ഇതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ കപ്പൽ എന്ന വിശേഷണം ഇനി ഐക്കൺ ഓഫ് ദ സീസിന്റെ പേരിലാകും. 2,350 ജീവനക്കാർ അടക്കം 7600 ഓളം യാത്രക്കാരെ വഹിക്കാൻ പാകത്തിൽ 20 തട്ടുകളാണ് കപ്പലിനുള്ളത്. 250,800 ടൺ ആണ്കപ്പലിന്റെ ഭാരം. 

ടൈറ്റാനിക്കും എംപയർ ബിൽഡിങ്ങും ഐക്കൺ ഓഫ് ദ സീസിനൊപ്പം താരതമ്യം ചെയ്താൽ

ടൈറ്റാനിക്കിനേക്കാൾ അഞ്ചു മടങ്ങാണ് ഐക്കൺ ഓഫ് ദ സീസിന്റെ ഭാരം. 46,328 ടൺ ആയിരുന്നു ടൈറ്റാനിക്കിന്റെ ഭാരം. നീളം 882 അടിയും. ന്യൂയോർക്ക് സിറ്റിയിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ വെറും 52 അടിയുടെ കുറവ് മാത്രമാണ് കപ്പലിനുള്ളത്. 1,250 അടിയാണ് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ നീളം. എന്നാൽ ഐക്കൺ ഓഫ് ദ സീസിന്റേതാകട്ടെ 1,196 അടി നീളവും 2,50,800 ടൺ ഭാരവുമാണ് കണക്ക്.

വെള്ളച്ചാട്ടം മുതൽ ആകാശപ്പാത വരെ

എട്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന 20 നിലകപ്പലിൽ കോക്ടെയിൽ ബാർ അടങ്ങിയ നീന്തൽക്കുളങ്ങൾ, ലൈവ് ഡിജെ പരിപാടികൾ, മനുഷ്യനിർമ്മിത വെള്ളച്ചാട്ടം, കടലിലെ ഏറ്റവും വലിയ വാട്ടർപാർക്ക് അടക്കം ഒരുക്കിയിട്ടുണ്ട്. 55 അടി വിസ്തൃതിയിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 40 ബാറുകൾ, റസ്റ്റോറന്റുകൾ, കാസിനോ, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഗെയിമിങ് റൂം, ജിം, ലക്ഷ്വറി സ്പാ, കുട്ടികൾക്ക് പ്രത്യേക പാർക്കുകൾ, ഹെയർ സലൂൺ, തീയേറ്ററുകൾ, ആകാശ നടപ്പാത, കടൽ കാഴ്ചകൾ കണ്ടു നടക്കാൻ കപ്പൽ വശങ്ങളിൽ നടപ്പാത, പൂന്തോട്ടങ്ങൾ, ഐസ് സ്കേറ്റിങ്, പുറത്തെ കാഴ്ചകൾ കാണുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന സീലിങ്ങുകളും ജനാലകൾ, 55 അടിയിൽ ഒരുക്കിയിരിക്കുന്ന അക്വാ ഡോം തുടങ്ങിയവ അടങ്ങുന്നതാണ് കപ്പൽ. ഒരേ സമയം 1300ഓളം പേർക്ക് ഇരുന്ന് ആസ്വദിക്കാൻ പാകത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. ഭക്ഷണ പ്രേമികളായവർക്ക് വിവിധ രാജ്യങ്ങളിലെ വിവിധ ഭക്ഷണവിഭവങ്ങളും കപ്പലിൽ ലഭ്യമാണ്.

തീർത്തും ആഡംബര ഉല്ലാസ രീതിയിലാണ് കപ്പലിന്റെ നിർമ്മാണം. മൂന്ന് നിലകളിലായാണ് ബെഡ് റൂമുകൾ ഒരുക്കിയിരിക്കുന്നത്. മുകളിൽ നിന്ന് 37 അടിയോളം താഴ്ചയിലെത്താൻ സ്ലൈഡുകളും ഒരുക്കിയിട്ടുണ്ട്. അതായത് ഒരാൾ കിച്ചണിൽ മറന്നുവെച്ച ഒരു വസ്തു എടുക്കാൻ ബെഡ്റൂമിൽ നിന്ന് സ്ലൈഡിൽ കയറിയാൽ നേരെ താഴെ എത്താം എന്ന് ചുരുക്കം. ഇതിനു പുറമെ ലിഫ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. 

കുടുംബങ്ങളെയാണ് കൂടുതലായും കമ്പനി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഫാമിലി സൗഹൃദ അന്തരീക്ഷത്തിനും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. 1772 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഫാമിലി ടൗണ്‍ഷിപ്പിന് ഒരാഴ്ചത്തേക്കായി 75000 ഡോളറാണ് (62 ലക്ഷം രൂപ) ഈടാക്കുന്നത്. എട്ടുപേരായിരിക്കും ഫാമിലി സ്യൂട്ടിൽ ഉൾപ്പെടുക. കപ്പലിലെത്തിയാൽ സ്വന്തമായിട്ടൊരു തീയേറ്റർ, പിങ് പോങ് ടേബിൾ, കരോക്കെ, താഴെത്തട്ടിലേക്കുള്ള സ്ലൈഡ് അടക്കമായിരിക്കും ഫാമിലി ടൗൺ ഹൗസ് എന്ന് കോണ്ടെ നാസ്റ്റ് എന്ന ട്രാവൽ മാഗസിൽ റിപ്പോർട്ട് ചെയ്യുന്നു. 

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഒരാൾക്ക് 1542 ഡോളറാണ് യാത്രയ്ക്കായി  ഈടാക്കുന്നത്. ഏകദേശം 1,28,251 ഇന്ത്യൻ രൂപ. ആശ്ചര്യമാം വിധത്തിലാണ് കപ്പൽ യാത്രയ്ക്കായി ആളുകൾ മുമ്പോട്ട് വരുന്നതെന്നാണ് റിപ്പോർട്ട്.