ന്യൂഡൽഹി: ലോകത്ത് നിർമിക്കുന്ന കപ്പലുകളുടെ 55 ശതമാനവും ചൈനയിലാണ് നിർമിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. ആഗോള കപ്പൽനിർമാണ രംഗത്ത് ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും പങ്ക് ഏകദേശം 20 ശതമാനമാണ്. അതേസമയം ഇന്ത്യയുടെ പങ്ക് ഒരു ശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കപ്പൽനിർമാണ മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കപ്പൽനിർമാണ രംഗത്ത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുറഞ്ഞ ഉൽപ്പാദനശേഷിയെന്ന് സന്യാൽ പറഞ്ഞു. അടുത്ത ഒരു ദശകത്തിനുള്ളിൽ ഇന്ത്യയെ പ്രധാന കപ്പൽനിർമാണ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് കൈവരിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വ്യാപാരത്തിന്റെ 95 ശതമാനവും കപ്പൽമാർഗമാണ് നടക്കുന്നത്. വ്യാപാരത്തിന്റെ 75 ശതമാനം മൂല്യവും കടൽമാർഗമുള്ള ചരക്കുനീക്കത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ വ്യാപാരത്തിൽ വിദേശ കപ്പലുകൾക്ക് വലിയ പങ്കുണ്ടെന്നും സന്യാൽ പറഞ്ഞു.

കപ്പൽനിർമാണ മേഖല നാവികസേനയ്ക്കുള്ള യുദ്ധക്കപ്പലുകളിൽ മാത്രം കേന്ദ്രീകരിക്കരുത്. വാണിജ്യ കപ്പലുകളുടെ നിർമാണത്തിനും പ്രാധാന്യം നൽകണം. വലിയ ടാങ്കറുകളുടെ നിർമാണത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം. കപ്പൽനിർമാണ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ പ്രധാന കപ്പൽനിർമാണ ശക്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.