ഭർത്താവ് വിദേശശക്തികളുടെ അനധികൃത തടവിലാണെന്ന് ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ പറയുന്നു

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ മിസൈൽ-ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ നിന്ന് കാണാതായ മർച്ചന്റ് നേവി ക്യാപ്റ്റൻ ആശിഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്നും വിദേശശക്തികളുടെ അനധികൃത തടവിലാണെന്നും ആരോപിച്ച് ഭാര്യ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. ഭാര്യ അൻഷു ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
2026 മാർച്ച് ഒന്നിന് എം.ടി. സ്‌കൈലൈറ്റ് എന്ന കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ആണ് ക്യാപ്റ്റൻ ആശിഷ് കുമാർ ഉൾപ്പടെയുള്ള കപ്പൽ ജീവനക്കാരെ കാണാതായത്. ക്യാപ്റ്റൻ ആശിഷ് കുമാർ മരിച്ചതായാണ് നേരത്തെ അറിയിച്ചിരുന്നത്. ആക്രമണത്തിന് പിന്നാലെ ക്യാപ്റ്റന്റെ കാബിനിൽ നിന്ന് കത്തിക്കരിഞ്ഞ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ അവ ക്യാപ്റ്റൻ ആശിഷ് കുമാറിന്റേതല്ലെന്ന് വ്യക്തമായതായി ഭാര്യ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസി മേയ് 15-ന് ഇക്കാര്യം കുടുംബത്തെ അറിയിച്ചതായും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന് ശേഷം ക്യാപ്റ്റന്റെ മൊബൈൽ ഫോണിലേക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം മണിക്കൂറുകൾക്ക് ശേഷവും ഡെലിവർ ആയതായി ഭാര്യ പറയുന്നു. ക്യാപ്റ്റനെ മോചിപ്പിക്കാൻ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാർച്ച് നാലിന് വിവിധ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ ലഭിച്ചതായും ഭാര്യ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാര്യയ്ക്ക് മോചനദ്രവ്യത്തിനായി കോളുകൾ വന്നിട്ടുണ്ടെന്നത് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നതിന്റെ സൂചനയാണെന്ന് ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
മാർച്ച് ഒന്നിന് ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്നപ്പോഴാണ് എം.ടി. സ്‌കൈലൈറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. ക്യാപ്റ്റൻ ആശിഷ് കുമാറിനെയും മറ്റൊരു ഇന്ത്യക്കാരനെയും കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
ക്യാപ്റ്റനെ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഒമാനിലെ ഇന്ത്യൻ എംബസി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് തുടങ്ങിയ അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നാണ് ഭാര്യയുടെ ആരോപണം. നയതന്ത്ര, രഹസ്യാന്വേഷണ, കോൺസുലർ സംവിധാനങ്ങൾ ഉപയോഗിച്ച് ക്യാപ്റ്റനെ കണ്ടെത്തി കോടതിയിൽ ഹാജരാക്കണമെന്നാണ് ഹേബിയസ് കോർപ്പസ് ഹർജിയിലെ ആവശ്യം.
Content Highlights: The Supreme Court directed the Central Government to file a status report on missing Merchant Navy Captain Ashish Kumar after his wife filed a habeas corpus petition citing DNA test evidence, WhatsApp activity, and ransom calls indicating he is alive in illegal foreign custody.
Published: 18 Aug 2026, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented