നഗോയ: പത്തൊമ്പതു വയസ്സ്. 950 അടി നീളം. 125 അടി വീതി. 13 നിലകൾ... ഓളപ്പരപ്പിൽ പൊന്തിക്കിടക്കുന്ന ആഡംബര നൗകയാണ് 'കോസ്റ്റ സെറീന' എന്ന ഇറ്റാലിയൻ കപ്പൽ. ആയിരക്കണക്കിന് യാത്രക്കാരുമായി ഉല്ലാസയാത്ര പോയിരുന്ന കോസ്റ്റ സെറീനയ്ക്ക് ഇനി ഇരുപതു ദിവസം അനക്കമുണ്ടാവില്ല. മൂന്നാഴ്ച ദൗത്യം വേറെയാണ്. ഇരുപതാം ഏഷ്യൻ ഗെയിംസിനെത്തുന്ന കായികതാരങ്ങൾക്ക് താമസസൗകര്യമൊരുക്കുന്നത് പ്രധാനമായും കോസ്റ്റ സെറീനയിലാണ്.

To advertise here,

ചൊവ്വാഴ്ചയാണ് കപ്പൽ നഗോയ തുറമുഖത്തടുത്തത്. ഇനി ഒക്ടോബർ ആറുവരെ ഇവിടെയുണ്ടാകും. അടുത്ത യാത്ര ഒക്ടോബർ ഏഴിനു തുടങ്ങും. ഏഷ്യൻ ഗെയിംസിനെത്തുന്ന നാലായിരം കായികതാരങ്ങൾക്ക് കപ്പലിൽ താമസസൗകര്യമൊരുക്കും. 1507 കാബിനുകളുള്ള കപ്പലിൽ 3600 യാത്രക്കാരും 1068 ജോലിക്കാരും സാധാരണ ഉണ്ടാകാറുണ്ട്. 5421 കോടി രൂപയാണ് ഇതിന്റെ നിർമാണെച്ചെലവ്. ഒരു ലക്ഷം ടണ്ണാണ് കപ്പലിന്റെ ഭാരം.

കപ്പലിലേക്ക് ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങിയിട്ടില്ല. കായികതാരങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്ന കാര്യങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

തുറമുഖത്തിനടുത്തുതന്നെയുള്ള പ്രധാന മീഡിയാ സെന്ററിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണ് കപ്പലുള്ളത്. കപ്പലിന്റെ കാര്യങ്ങൾ നോക്കാനായി മാത്രം പുറത്ത് ഒട്ടേറെ കണ്ടെയ്നർ പാർപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. കായികതാരങ്ങളുടെ വിശദമായ വിവരങ്ങളെല്ലാം ഇവിടെയാണ് ശേഖരിക്കുന്നതും നിയന്ത്രിക്കുന്നതും.

2007-ലാണ് കപ്പൽ നിർമിച്ചത്. കഴിഞ്ഞവർഷം പുതുക്കിപ്പണിതു. കാർണിവൽ കോർപ്പറേഷൻ കമ്പനിയാണ് ഉടമസ്ഥർ. കോസ്റ്റ കോൺകോർഡിയ, കോസ്റ്റ പസിഫിക, കോസ്റ്റ ഫാവലോസ തുടങ്ങി അഞ്ചു കപ്പലുകൾ വേറെയും ഈ കമ്പനിക്കുണ്ട്. കപ്പലിലെ ഒരുദിവസത്തെ യാത്രയ്ക്ക് മുപ്പതിനായിരം രൂപ മുതലാണ് ചെലവ്.

ഓളപ്പരപ്പിൽ ഇളകിയാടുന്ന താമസസൗകര്യത്തിൽ കായികതാരങ്ങൾ അത്ര തൃപ്തരല്ല. ഇതിലെ ഉറക്കവും താമസവുമൊക്കെ തങ്ങളുടെ ശാരീരികാവസ്ഥയെയും പ്രകടനത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് പലരും.