
നേരം ഉച്ചയോടെ കെഎസ്ആര്‍ടിസി ബസ് ചുരം കയറിത്തുടങ്ങി. ഒഴിവുദിനമായതിനാല്‍ റോഡില്‍ വാഹനങ്ങളുടെയും ആള്‍ക്കാരുടെയും എണ്ണം കൂടുതലാണ്. തട്ടി, തട്ടിയില്ല എന്ന മട്ടില്‍ ബസും ചില വണ്ടികളും മുട്ടിയുരുമ്മി തെന്നിമാറി. ഒരു ഡ്രൈവര്‍ എത്ര വഴക്കമുള്ളവന്‍ ആയിരിക്കണമെന്ന് കെഎസ്ആര്‍ടിസി വളയം പിടിക്കുന്നവരാണ് പലപ്പോഴും ഓര്‍മപ്പെടുത്താറുള്ളത്. വലിയ തണുപ്പൊന്നും ചുരത്തിലുണ്ടായില്ല. പകുതി കയറിയപ്പോഴാണ് ചുരമെന്ന് തോന്നിപ്പിക്കാന്‍ ഇത്തിരി കാറ്റടിച്ചത്.
ഏറ്റവും ഉയരത്തിലുള്ള ലക്കിടി വ്യൂ ഒഴിച്ചാല്‍ ഈ ചുരത്തിന് എന്താണ് ഭംഗിയെന്ന് വീണ്ടും ആലോചിച്ചു. അതേപ്പറ്റി കൂട്ടിയും കുറച്ചും ഗുണിച്ചു. കൂട്ടുപുഴ ചുരമാണ് മനോഹരമെന്ന് ഹരണത്തില്‍ ബാക്കിയായി. എന്റെ മാത്രം വിലയിരുത്തലാണല്ലോ അതെന്ന് മനസ്സില്‍ കരുതാതിരുന്നുമില്ല.
ഒറ്റയാന്‍ യാത്രയാണ്. വൈത്തിരിയിലായിരുന്നു താമസമൊരുക്കിയത്. ഒരു വീട് സെറ്റപ്പ്. ഫ്രഷ് ആയ ശേഷം പതുക്കെ കുറച്ച് നടന്നു. റോഡരികിലെ കടയില്‍ നിന്ന് ചൂട് ചായേം ഉഴുന്നുവടയും. വയര്‍ വരുതിയിലായെന്ന് തോന്നിയപ്പോള്‍ അവിടെ നിന്നിറങ്ങി.
'ഏട്ടാ ഇവിടെ ഈ നേരത്ത് കാണാന്‍ പോകാന്‍ എന്തേലുമുണ്ടോ?' -അപരിചിതനായ ഒരുത്തന്റെ ചോദ്യമാണെങ്കിലും കട്ടിയില്‍ താടിവെച്ച ഓട്ടോ ഡ്രൈവര്‍ എന്തൊക്കെയോ പേരുകള്‍ പറഞ്ഞു. അതില്‍ രസകരമായി തോന്നിയതായിരുന്നു 'എന്‍ ഊര്'. വാച്ചില്‍ സമയം നാലിനോട് അടുത്തിരുന്നു.
Also Read: വയനാടിന്റെ ആത്മാവറിയാം; സ്വപ്‌നം പോലെ സുന്ദരമായ ഒരു പൈതൃക ഗ്രാമം
വയനാട് വെറ്ററിനറി കോളേജ് കവാടത്തിന് മുമ്പില്‍ ഓട്ടോ സൈഡ് ആക്കിയ അയാള്‍ എന്നെയിറക്കി. 'വേഗം ചെന്നോ.. ചെലപ്പോ പൂട്ടാനായിട്ടുണ്ടാകും.' പരിചയ സമ്പന്നായ അങ്ങേരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചു. വലിയ കവാടത്തിന് പിന്നിലെ പാലം കടന്ന് ടിക്കറ്റ് കൗണ്ടറിലെത്തി. അവിടവിടെ ആള്‍ക്കൂട്ടം നില്‍പ്പുണ്ട്. ടിക്കറ്റ് വില്‍പ്പന അവസാനിക്കാറായി. കിട്ടിയ ടിക്കറ്റുമെടുത്ത് അവര്‍ ഒരുക്കിയ ജീപ്പില്‍ കുന്നിന്‍ മുകളിലേക്ക് പോകാനൊരുങ്ങി. ടോക്കണ്‍ പ്രകാരമുള്ള ജീപ്പ് യാത്രയ്ക്ക് വേണ്ടി അധികനേരം നില്‍ക്കേണ്ടി വരില്ല. അഞ്ചോ ആറോ ജീപ്പുകള്‍ ഇടതടവില്ലാതെ ആളെയും കൊണ്ടുപോകുന്നു. തിരികെ കൊണ്ടിറക്കുന്നു.
മേല്‍നോട്ടക്കാരന്‍ പറഞ്ഞതനുസരിച്ച് ചെറുപ്പക്കാരനായ ഡ്രൈവര്‍ ഓടിച്ച ജീപ്പിന്റെ പിറകിലെ അറ്റത്തുള്ള സീറ്റില്‍ കയറിയിരുന്നു. 'ഹം ഇദര്‍ സേഫ് ഹൂ' എന്ന മറുപടിയിലേക്കാണ് പെട്ടെന്ന് എന്റെ ശ്രദ്ധ പതിഞ്ഞത്. ചാരനിറത്തിലുള്ള കൂളിങ് ഗ്ലാസിട്ട, സുന്ദരിയായ ഹിന്ദിക്കാരി ഫോണില്‍ സംസാരിക്കുകയാണ്. കൂടെ അവരുടെ ജീവിതപങ്കാളിയുമുണ്ട്. തൊട്ടടുത്ത സീറ്റിലിരുന്ന് ഹിന്ദിയില്‍ സംസാരം തുടരുന്നു. ഒരുനിമിഷം ആലോചന അവരിലേക്ക് പോയി. ഭാഷയറിയാത്ത ഉത്തരേന്ത്യക്കാരനൊക്കെ 'എന്‍ ഊര്' കണ്ടിട്ട് എന്താ കാര്യം. പഴശ്ശിയേയും എടച്ചേന കുങ്കനേയുംകുറിച്ച് ഇവര്‍ക്ക് എന്തറിയാം? മലയാളി എന്നനിലയില്‍ പ്രാദേശികവാദം മനസ്സില്‍ വന്ന് സംശയത്തിന്റെ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. അല്‍പ്പം നെഞ്ചും തലയുമുയര്‍ത്തി പണ്ഡിതനെന്ന ഭാവത്തില്‍ ഞാനിരുന്നു. അല്ല പിന്നെ!
ടാറും കോണ്‍ക്രീറ്റും ഇടവിട്ട് ചെയ്ത റോഡിലൂടെ ജീപ്പ് തിങ്ങിയും മുഴങ്ങിയും മേലേക്ക് കയറി. മരങ്ങള്‍ പുല്ലുകള്‍ക്ക് വഴിമാറുന്ന വലിയ കുന്നുകള്‍ക്ക് മുകളിലൂടെ ഗോത്ര ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് കണ്ണുകള്‍ വിടര്‍ന്നു. എന്തൊക്കെയോ ചിന്തകള്‍ എന്റെയുള്ളില്‍ അലയടിച്ചു. ആദിവാസി ഗ്രാമങ്ങളുടെ ദൃശ്യചാരുത വിളിച്ചോതുന്നതാണ് എന്‍ ഊരെന്ന് മുമ്പ് എവിടെയോ വായിച്ചത് മനസ്സില്‍ മനോഹര സ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതുപോലെ തോന്നി. മുകളിലെത്താന്‍ ജീപ്പിനേക്കാള്‍ വേഗത്തില്‍ ഹൃദയവും പ്രതീക്ഷകളും പാഞ്ഞു.
ചാറ്റൽമഴയ്ക്കൊപ്പം കോടയിറങ്ങുന്ന 'എൻ ഊര്' | വീഡിയോ
ജീപ്പ് നിര്‍ത്തിയാല്‍ മനോഹരമായ കവാടവും കടന്ന് ഉള്ളിലേക്ക് നീങ്ങണം. അവിടം മുതല്‍ ഭരണാധികാരികളുടെ വലിയ പ്രവര്‍ത്തനം ഈ പദ്ധതിക്ക് പിന്നിലുണ്ട് എന്നത് ബോധ്യപ്പെട്ടുതുടങ്ങും. ചെറിയ കൂരകളും നീളത്തില്‍ രസകരമായ നടപ്പാതകളും. അരികില്‍ സിമന്റ് കൊണ്ടുണ്ടാക്കി പെയിന്റ് ചെയ്ത കൈവരികള്‍ക്ക് സമാനമായ വേലിയും. ദൂരക്കാഴ്ചകള്‍ കണ്ടിരിക്കാവുന്ന ചെറിയ സ്പോട്ടുകള്‍. അവിടങ്ങളില്‍ കമിതാക്കള്‍ കൂടുതലായി ആധിപത്യമുറപ്പിച്ചിരുന്നു. സുന്ദരമായ കാഴ്ചകള്‍ക്ക് അവകാശികള്‍ തങ്ങളാണെന്ന് പ്രണയിതാക്കള്‍ അവകാശപ്പെട്ടാല്‍ ആര്‍ക്കാണ് നിഷേധിക്കാനാകുക?

പ്രായഭേദമന്യേ നിരവധി പേരാണ് എത്തുന്നത്. അധികവും കേരളത്തിന് പുറത്തുള്ളവര്‍. ഉയരത്തിലേക്ക് നടക്കുംതോറും മലനിരകളുടെ കാഴ്ചാഭംഗി കൂടുന്നു. ക്ഷീണിപ്പിക്കില്ലെന്ന് വാശിയുള്ള പോലെ തണുത്ത കാറ്റ് നിര്‍ത്താതെ കെട്ടിപ്പിടിച്ചും പൊതിഞ്ഞും കടന്നുപോകും. ഫോട്ടോയെടുക്കാന്‍ വിശാലമായ ഇടങ്ങള്‍. നടന്നുകയറുന്തോറും ശരീരഭാരം കുറഞ്ഞുവരുന്നതായി തോന്നും. തലയുയര്‍ത്തി നോക്കിയാല്‍ വലിയൊരു കാന്‍വാസ് പോലെ വിശാലമായ ആകാശവും അതില്‍ പഞ്ഞിക്കെട്ടുകളായി മേഘങ്ങളും തങ്ങിക്കളിക്കുന്നത് കാണാനാകും.
വയനാടിന്റെയും കാട്ടുവാസികളായ മനുഷ്യരുടെയും പ്രതിഭ വിളിച്ചോതുന്ന ഉത്പന്നങ്ങള്‍ നിരത്തിയ കുഞ്ഞുകടകള്‍. മണ്‍ പാത്രങ്ങളും കരകൗശല വസ്തുക്കളും കാണാന്‍ എത്തുന്നവര്‍ ഉത്പന്നങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നു. ചിലര്‍ അവയെ കൂടെ വിളിച്ചിറക്കി കൊണ്ടുപോകുന്നു. മറ്റുചിലര്‍ വിലപേശുന്നു. ഓരോന്നിന്റെയും സവിശേഷതകള്‍ നുകര്‍ന്നുകാണുന്ന ചില ചരിത്രകുതുകികളെയും അവിടെ കണ്ടു. പ്രത്യേകരീതിയില്‍ വര്‍ഷങ്ങളോളം മാങ്ങയെ കേടുകൂടാതെ സൂക്ഷിക്കുന്ന വയനാടന്‍ 'തൊറമാങ്ങ'യും രുചിച്ചു. ഒരു പാത്രം കഞ്ഞി കുടിക്കാന്‍ ഒരു കഷ്ണം തൊറമാങ്ങ മതിയാകുമെന്ന ചരിത്രസത്യം മുറുക്കാന്‍ ചവച്ച് ചുവന്ന ചുണ്ടുകളില്‍ പറ്റിപ്പിടിച്ച ചിരിയോടെ വില്‍ക്കാനിരുന്ന ചേച്ചി പറഞ്ഞുതന്നു. തൊറമാങ്ങയുടെ ഏറ്റവും ലളിതമായ മാര്‍ക്കറ്റിങ് സ്ട്രാറ്റജി!
പച്ചപ്പുല്ലില്‍ പുതച്ചു കിടക്കുന്ന മലനിരകളിലാണ് ഓരോ കാഴ്ചകളും ഒരുക്കിയിരിക്കുന്നത്. ഒരു കാലത്തേ വയനാടിന്റെയും അതിലൂടെ കേരളത്തിന്റെയും പരിസ്ഥിതിയെ അവയില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. പഴശ്ശിയുടേയും ബ്രിട്ടീഷുകാരകാരുടേയും ഏറ്റുമുട്ടലിന്റെ വേദിയായ മണ്ണിലൂടെ നടക്കുമ്പോള്‍ പോരാട്ടത്തിന്റെ ഇരമ്പല്‍ കാറ്റില്‍ ചെവിയില്‍ വന്ന് മന്ത്രിക്കുന്നതുപോലെ തോന്നും.
'തേന്‍ കൊതിയനാ അല്ലേ...?'
ചെറിയ കണ്ണുകളുള്ള ആ മനുഷ്യന്റെ ചോദ്യം കേട്ടപ്പോള്‍ എന്റെയുള്ളിലെ കള്ളന് ചിരി വന്നു. സംഗതി ശരിയാണ്. തേനില്‍ പൊതിര്‍ന്ന നെല്ലിക്കയാണ്. എന്നിട്ടും നാലെണ്ണം വാങ്ങിയപ്പോള്‍ എട്ടുതവണയാണ് അയാളോട് തേന്‍ ചാലിച്ച് മുക്കി വാങ്ങിയത്. അതുകൂടാതെ സാമ്പിള്‍ എന്നപേരിട്ട് മൂന്നു തവണ വേറെയും. കുസൃതി കലര്‍ത്തി വീണ്ടും വീണ്ടും വാങ്ങിയ കയ്യിലെ തേന്‍ നക്കിക്കുടിച്ചാല്‍ ആരായാലും ചോദിച്ചുപോകില്ലേ?
Related Article: എന്‍ ഊര്; സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം
കാഴ്ചകള്‍ ഓരോന്നും കണ്ടിരിക്കെ സൂര്യന്‍ പതിയെ മലയുടെ പിന്നില്‍ ഒളിക്കാന്‍ തുടങ്ങി. ഭൂമിശാസ്ത്രപ്രകാരം താമരശ്ശേരി ചുരം ഭാഗത്തേക്കാണ് സൂര്യന്‍ മറഞ്ഞത്. എന്‍ ഊരില്‍ നിന്ന് അന്നത്തേക്ക് പടിയിറക്കിയ സൂര്യനെയാണ് തങ്ങള്‍ കാണുന്നതെന്ന് കോഴിക്കോട് കടപ്പുറത്തിരിക്കുന്നവര്‍ അറിയുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഉള്ളില്‍ചിരിച്ചു. ഒരുപിടി കൂരകള്‍ ഒരുമിച്ചുള്ള അവസാനത്തെ ഭാഗത്തെത്തിയപ്പോളേക്കും കൂടണയാന്‍ വെമ്പുന്ന പക്ഷികളെപ്പോലെ ഓരോരുത്തരും താഴേക്ക് ഇറങ്ങി. സന്ധ്യനേരത്തെ ചെറുതണുപ്പിലേക്ക് കാറ്റും മയങ്ങി. തിരിച്ചിറങ്ങാനും ടോക്കണ്‍ സംവിധാനമുണ്ട്. അതെടുത്ത് കാത്തിരുന്നു.
വീശിയപ്പോള്‍ വിതറിയ ഒരുപിടി വെളിച്ചം എവിടൊക്കെയോ ബാക്കിവെച്ച സൂര്യന്‍ പൂര്‍ണമായും മാഞ്ഞപ്പോള്‍ സന്തോഷത്തിന്റെ നൂറു നിമിഷങ്ങളുമായി ഞങ്ങള്‍ ഒരുപിടി പേരെയും പേറി ജീപ്പ് താഴേക്ക് പതുക്കെ ഇറങ്ങി. അന്നത്തെ ജോലിയും കഴിഞ്ഞ് ആദിവാസികളായ മനുഷ്യര്‍ ചെരിപ്പില്ലാത്ത കാലിനാല്‍ വിയര്‍ത്തൊട്ടിയ ശരീരവുമായി നടന്നിറങ്ങുന്നുണ്ടായി, ആരെയും ശ്രദ്ധിക്കാതെ. സ്വന്തമായി രാജ്യമുണ്ടായിട്ടും കുടിയിറക്കപ്പെടുന്ന മനുഷ്യരെപ്പോലെ.
Content Highlights: A solo trip to En OOru, the tribal heritage village in Wayanad: Written by Kabeer Chavassery
Published: 19 May 2025, 02:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented