ജീവിതത്തിൽ ഏറ്റവും മനോഹരമായ സന്ദർഭം ഏതായിരിക്കുമെന്ന ചോദ്യത്തിന്, അച്ഛന്റെ വിരലുകളിൽ തൂങ്ങി നാട്ടിൻപുറത്തുകൂടെ നടന്നതാണെന്ന് കേട്ടാൽ എന്തുതോന്നും? പണ്ട്, പാടവരമ്പിലൂടെ, തോട്ടുവക്കിലൂടെ, അങ്ങാടിയുടെ ഓരത്തുകൂടെ അങ്ങനെ നടന്നൊരു ഓർമ നമ്മെ വന്നു മൂടും. ഉള്ളിലൊരു തണുപ്പുനിറയും. അത്തരം അനുഭവമില്ലാത്തവർ പോലും ആ കാഴ്ചയിലേക്ക് നോക്കിയിരിക്കും. നാട്ടിൻപുറത്തെ ആ നടത്തത്തെ, ഭാഷയ്ക്കും ദേശത്തിനുമപ്പുറത്ത് അന്യനാട്ടിലേക്ക് നീട്ടുകയാണ് 'മലകളുടെയും സ്റ്റെപ്പികളുടെയും നാട്' എന്ന പുസ്തകത്തിൽ കെ.എം. ശാഫി എന്ന സഞ്ചാരി.

To advertise here,

രാവിലെ കുപ്പായവും മാറ്റി പുറത്തേക്കിറങ്ങുന്ന പ്രതീതിയോടെ തുടക്കം. വഴിയോരത്ത് കണ്ടതെല്ലാം അതേപടി പകർത്തിയുള്ള പോക്കിൽ വായനക്കാർ ഒപ്പമുള്ള പ്രതീതി. വേങ്ങര ചന്തയിൽ പോയ ലാഘവത്തോടെയാണ് മദ്ധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബക്കിസ്ഥാൻ, കിർഗിസ്താൻ, ഖസാക്കിസ്താൻ എന്നിവിടങ്ങളിൽ ചെന്നിറങ്ങി അക്കഥ മലയാളിയോട് പറയുന്നത്. ബലൂണും കളിപ്പാട്ടവും കമ്മലും കണ്ട് കൗതുകം കൂറുന്ന കുട്ടിയെപോലെ കുഞ്ഞുകുഞ്ഞനുഭവങ്ങൾ ചേർത്തുവച്ച് 'മലകളുടെയും സ്റ്റെപ്പികളുടെയും നാടി'നെ നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ആദ്യം കാണുന്നവർ മുതൽ പിരിഞ്ഞുപോരുമ്പോൾ കണ്ണുരുട്ടിയവർ വരെ യാത്രാവിവരണത്തിലെ കഥകളും കഥാപാത്രങ്ങളുമാകുന്നു. കാഴ്ചകളെല്ലാം നേരിൽ കാണുന്ന വായനാനുഭവം.

യാത്രയെ വായനയുമായി കൂട്ടിയിണക്കുകയാണ് ഈ പുസ്തകം. ഒ.ചന്തുമേനോന്റെ ഇന്ദുലേഖ വായിച്ച് ഇന്ദുലേഖയെയും മാധവനെയും സൂരിനമ്പൂതിരിപ്പാടിനെയും കാണാൻ ആരെങ്കിലും കേരളത്തിലേക്ക് വന്നിട്ടുണ്ടാകുമോ? തകഴിയുടെ 'ചെമ്മീനി'ലെ കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടിയ തീരങ്ങൾ കാണാൻ ആരെങ്കിലും വന്നുകാണുമോ? എന്നാൽ, കിർഗിസ്താനിലെ ചിംഗിസ് ഐത് മാത്തൊവിനെ കാണാൻ പോയിരിക്കുന്നു, ശാഫി. കാരണം, ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജമീല'യുടെ രചയിതാവാണ് ചിംഗിസ് ഐത്മത്തോവ്. പുസ്തകത്തിൽനിന്ന് ഹൃദയത്തിലേക്കിറങ്ങി നടന്ന ദനിയാറും ജമീലയും ചെലവഴിച്ച ഭൂപ്രദേശത്തിന്റെ കാഴ്ചകൾ പ്രണയത്തേക്കാൾ മനോഹരം. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു നോവലായ മൈ ലിറ്റിൽ പോപ്ലാറിലെ അസേലും ഇല്യാസും പ്രണയചുംബനങ്ങൾ കൈമാറിയ ഇസിക് കുൾ തടാകക്കരയുടെ സൗന്ദര്യം, കഥകളെ യാഥാർത്ഥ്യവുമായി കൂട്ടിയിണക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മലനിര തടാകങ്ങളിൽ ഒന്നാണിത്. ട്രക്കിങ്ങിനും പർവത കാഴ്ചകൾക്കും പ്രശസ്തമായ അല അർച്ച നാഷണൽ പാർക്കിലേക്ക് വായന നമ്മെ കൈപിടിക്കുന്നുണ്ട്. ഇങ്ങനെ ഭാഷാദേശാന്തരങ്ങളെ മറികടന്ന് പ്രകൃതിയുടെ, കാലത്തിന്റെ, ചരിത്രത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കാഴ്ച പറയുകയാണ് ഈ പുസ്തകം.

കടന്നുചെല്ലുന്ന ഓരോ ദേശത്തെയും വായനക്കാരന് പ്രിയപ്പെട്ടതാക്കാനുള്ള തന്ത്രം എഴുത്തിലെല്ലാമുണ്ട്. ഏതുനാടിനെയും നമ്മുടെ നാടുമായി ചേർത്തൊരു പറച്ചിൽ. തണുത്തുറഞ്ഞു നിൽക്കുന്ന മലഞ്ചെരുവുകളിൽ കാണുന്ന അപരിചിതനെ നമുക്കും പരിചയപ്പെടാം. കൂലിപ്പണിയെടുക്കാരോടും വഴിയാത്രക്കാരോടും കച്ചവടക്കാരോടും ഡ്രൈവർമാരോടുമെല്ലാം നമുക്കും വർത്തമാനം പറയാം. എന്നെങ്കിലുമൊക്കെ അവിടെ ചെല്ലുമ്പോൾ പ്രിയപ്പെട്ടവരായി അവരൊക്കെ അവിടെയുണ്ടാകുമെന്ന് തോന്നിപ്പിക്കുന്നു, കഥപോലെ വായിക്കാവുന്ന ഈ യാത്രാവിവരണം.

ഓരോ രാജ്യത്തിനും ഓരോ പ്രദേശത്തിനും പൗരാണികമായ അടയാളങ്ങളുണ്ട്. അവയെ നിരീക്ഷിച്ച് ഇന്ത്യൻ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പുതിയകാല രാഷ്ട്രീയവും യാത്രകളുടെ ഭാഗമാകുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യവും ഇന്ത്യാക്കാരായ ടൂറിസ്റ്റുകളുടെ തിരക്കും ഈ മൂന്ന് രാജ്യങ്ങളിലെയും നഗരങ്ങളിലുണ്ട്. സംസ്‌കാരത്തിലും ആതിഥ്യമര്യാദയിലും മലയാളിക്ക് അടുപ്പം തോന്നുന്ന ഒട്ടേറെ സാമ്യങ്ങൾ പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉസ്ബക്കിസ്താനിൽ മഹാത്മാഗാന്ധി സ്ട്രീറ്റും ഇന്ദിരാഗാന്ധിയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. പേരും പൊരുളുമൊന്നും അറിയില്ലെങ്കിലും സത്കാരത്തിന്റെ കാര്യത്തിൽ കോഴിക്കോടിനെപോലെയാണ് ഈ രാജ്യങ്ങളിലുള്ളവരെന്ന് സമർത്ഥിക്കുകയാണ് ഈ പുസ്തകം.

ഉസ്ബെക്കിന്റെ തലസ്ഥാനമായ താഷ്‌കന്റിൽനിന്നാണ് അദ്ധ്യായങ്ങളുടെ തുടക്കം. റഷ്യയുടെ മദ്ധ്യസ്ഥതയിൽ പാക് പ്രസിഡന്റ് ജനറൽ അയ്യൂബ് ഖാനുമായി ചർച്ചക്കെത്തിയ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഓർമകൾ യാത്രാവിവരണത്തിന് ചരിത്രത്തിന്റെ മാനമൊരുക്കുന്നു. താഷ്‌കന്റിലെ തിമൂർ സ്‌ക്വയറിലെത്തുമ്പോൾ 1398-ൽ ഡൽഹിയെ കീഴടക്കിയ തിമൂർ ചക്രവർത്തിയെ ഓർക്കാതെ തരമില്ല. തിമൂർ മ്യൂസിയവും വേറിട്ട കാഴ്ചതന്നെ. ലോകപ്രശസ്തമായ ഇസ്ലാമിക വാസ്തുവിദ്യയും പഴയ പട്ടണങ്ങളും കോട്ടകളും മറ്റും മറ്റും ഉസ്ബെക്കിസ്താൻ കാണാൻ നമ്മെ ക്ഷണിക്കുന്നു. 2500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന സമർഖണ്ഡും പൗരാണിക മദ്രസകളും, സൂഫീ പർണ്ണശാലകളും നിറഞ്ഞ ബുഖാറയും പൈതൃകത്തെ ഈ കാലത്തിന് പരിചയപ്പെടുത്തുന്നു.

വിശാലമായ പുൽമേടുകൾ, മലനിരകൾ, മരുഭൂമികൾ എന്നിവയുടെ സംഗമമാണ് ഖസാക്കിസ്താൻ. മലനിരകളുടെ പശ്ചാത്തിലുള്ള ബിഗ് അൽമാത്തി തടാകം മറ്റൊരിടത്തും കാണാനിടയില്ലാത്ത കാഴ്ചയാണ്.

ബീഫും ആട്ടിറച്ചിയും കുതിരയിറച്ചിയും കഴിച്ചു മടുത്തെങ്കിൽ, ഈ രാജ്യങ്ങളിലെല്ലാം വേണമെങ്കിൽ വെജിറ്റേറിയനുമാവാം. റൊട്ടി, പച്ചക്കറി സലാഡുകൾ, പഴങ്ങൾ, നൂഡിൽസ് തുടങ്ങിയവ സുലഭം. ലോകത്തെവിടെ സഞ്ചരിച്ചാലും മലയാളിക്ക് വേണ്ടതെല്ലാം എല്ലായിടത്തും റെഡിയായിരിക്കും. ഒക്കുമെങ്കിൽ മദ്ധ്യേഷ്യയുടെ മലനിരകളിലേക്ക് യാത്ര തിരിക്കാൻ അത്യാവശ്യം വേണ്ടതെല്ലാം ഈ പുസ്തകം പറഞ്ഞുതരുന്നുണ്ട്. മുൻപരിചയത്തോടെ യാത്ര തിരിക്കാൻ ഈ വായന ഉപകരിക്കും.

രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും അറിയുക മാത്രമല്ല പുസ്തകം നൽകുന്നത്. ഭാഷ അറിയില്ലെങ്കിലും ആ നാട്ടുകാരോട് മിണ്ടിയും പറഞ്ഞും നമ്മളും സഞ്ചരിക്കും. പുസ്തകങ്ങളിലൂടെ ലോകത്തെ അറിയാൻ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാവുന്ന, കഥപോലെ വായിച്ചുതീർക്കാവുന്നതാണ് ഈ യാത്രാവിവരണം.