എൻ ഊര്
ലക്കിടിക്കുന്നിന് മുകളില്‍ കോടമഞ്ഞ് പുതച്ച് ഒരു മഴക്കാലം ചുറ്റിക്കളിക്കുന്നു. തണുത്ത കാറ്റിന്റെ താളത്തില്‍ താഴ്വാരത്തിലേക്ക് മുത്തമിട്ടിറങ്ങുന്ന വെളുത്ത കോടകള്‍ക്കിടയിലൂടെ പച്ചപ്പ് നിറഞ്ഞ കുന്നുകള്‍ അരികിലേക്ക് തെളിഞ്ഞുവന്നു. തനത് വയനാടിന്റെ പുല്ലുമേഞ്ഞ കുടിലുകള്‍ കൂണുപോലെ മുളച്ച്പൊന്തി വരി വരിയായി കാണാം. ചെളി മണ്ണ് മെഴുകിയ തിണ്ടുകള്‍ അതിരിടുന്ന വളഞ്ഞ് പുളഞ്ഞ് വഴികള്‍ കയറിയാല്‍ കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം എന്‍ ഊരില്‍ എത്താം. ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമത്തിന്റെ വാതില്‍ തുറക്കുന്നത്. വയനാടിന്റെ ചുരം കയറി ലക്കിടിയില്‍ നിന്നും വിളിപ്പാടകലെയാണ് സുഗന്ധഗിരിക്കുന്നില്‍ സഞ്ചാരികള്‍ക്കായി ഒരു പൈതൃക ഗ്രാമം അണിഞ്ഞൊരുങ്ങിയത്. കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് എന്‍ ഊര് വിഭാവനം ചെയ്തത്. വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം. ഗ്രോതജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴില് അണിനിരത്തുന്നതോടെ പുതിയ തലമുറകള്‍ക്കും ഈ നാടിന്റെ വൈവിധ്യങ്ങളെ ഇവിടെ തൊട്ടറിയാം. ഗോത്രജനതയുടെ സമഗ്രമായ ജീവിത പുരോഗതി ലക്ഷ്യമിടുന്നവിധത്തില് മാതൃകാപരമായി കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എന്‍ ഊര് പൈതൃക ഗ്രാമം കോര്‍ത്തിണക്കും. ഇതു വഴി ഗോത്രജനതയ്ക്ക് സ്ഥിര വരുമാന വര്‍ദ്ധനവിനും ജീവിത അഭിവൃദ്ധിക്കും അവസരം ഒരുക്കുകയാണ് ലക്ഷ്യം. വൈത്തിരിയിലെ 25 ഏക്കറിലാണ് ഗോത്ര പൈതൃഗ്രാമം സ്ഥിതി ചെയ്യുന്നത്.
.jpg?$p=90939c8&w=610&q=0.8)
പ്രതീക്ഷകളുടെ ഗ്രാമം
ഗോത്ര പാരമ്പര്യങ്ങളുടെയും സ്വന്തം നാടാണ് വയനാട്. ഇന്നെലകളോളം ഈ നാടിന്റ പാരമ്പര്യങ്ങള്‍ക്ക് കുട പിടിച്ചു നിന്ന ആചാരത്തനികള്ക്ക് ഗതകാലത്തിന്റെ ഊടും പാവുമുണ്ട്. ഗോത്ര സങ്കേതങ്ങളില്‍ നിന്നും ആ പഴയ തുടിയൊച്ചയും ചീനിവാദ്യവും കേള്‍ക്കാം. പ്രകൃതിയുമായി ഇണങ്ങിയ ഗോത്ര കലാരൂപങ്ങളും പാട്ടും ജീവിതവുമെല്ലാം കാണാം. നാട്ടുരുചിയൂറുന്ന വംശീയ അടുക്കളകളെ അറിയാം. ആചാരത്തിന്റെ നിധി സൂക്ഷിപ്പുകാരായ ഗോത്ര വിഭാഗങ്ങളുടെ കലകളെയും പാരമ്പര്യത്തെയും ജീവിതത്തെയുമെല്ലാമാണ് എന്‍ ഊര് പൈതൃ ഗ്രാമത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. കുറിച്യര്‍ കുറുമര്‍ പണിയര്‍ കാട്ടുനായ്ക്കര്‍ തുടങ്ങി വയനാട്ടിലും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ളതുമായ ഗോത്ര വിഭാഗക്കാരുടെ പാരമ്പര്യമായ കലകളുടെയും കരകൗശല വൈദ്യഗ്ധ്യത്തിന്റെയും സംരക്ഷണം ഈ ഗ്രാമത്തില്‍ സാക്ഷാത്കരിക്കപ്പെടും. ഇവിടെ ഇവരുടെ തനത് ഉത്പന്നങ്ങളുടെ വിപണിയും ഒരുങ്ങിയിട്ടുണ്ട്. കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളുടെ വിപണി എന്നിവയെല്ലാം എന്‍ ഊരിന്റെ പ്രത്യേകതയാണ്.
.jpg?$p=54ef9c4&w=610&q=0.8)
തനത് രുചിയുടെ സ്വന്തം നാട്
നാട്ടറിവുകളും കാട്ടറിവുകളും ചേര്‍ന്ന് സമ്മിശ്രമായിരുന്നു ഗോത്ര വയനാടിന്റെ ഗതകാലങ്ങള്‍.ഇല വര്‍ഗ്ഗ വന്യ സസ്യങ്ങളുടെ വംശിയ ഭക്ഷണങ്ങള്‍ ആദിവാസി ജനതയുടെ ആരോഗ്യ പോഷണത്തിന് കരുത്തു പകര്‍ന്നു. കാടിനുള്ളിലും വയല്‍ വക്കിലും സമൃദ്ധമായി വളര്‍ന്ന പൊന്നാങ്കണ്ണിയും തഴുതാമയും മുത്തിളും തവരയുമെല്ലാം ഒന്നാന്തരം ഭക്ഷ്യ വര്‍ഗ്ഗങ്ങളാണെന്ന് മുന്‍ തലമുറകള്‍ തെളിയിച്ചു. പല രോഗങ്ങള്‍ക്കും ഔഷധക്കൂട്ടുകള്‍ കൂടിയായിരുന്നു ഈ ഇലവര്‍ഗ്ഗങ്ങള്‍. ആദിവാസി ജീവിത ചാരുതകളില്‍ നിന്നും ഇവയെ അടര്‍ത്തി മാറ്റിയാല്‍ ഇവര്‍ക്ക് ജീവിതമില്ല. നൂറില്‍പ്പരം ഭക്ഷ്യയോഗ്യമായ വന്യ സസ്യങ്ങള്‍ വയനാട്ടിലെ ഗോത്ര വര്‍ഗ്ഗങ്ങളുടെ പരമ്പരാഗതമായ വംശീയ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നതായി എം എസ് സ്വാമിനാഥന് ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഏതു വെയിലിലും മഴയിലും അരോഗ ദൃഢഗാത്രമായി നിന്ന ഇവരുടെ മുന്‍തലമുറകള്‍ ഇതിനൊക്കെ സാക്ഷ്യമായിരുന്നു. കേരളത്തുലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായി വിലയിരുത്തപ്പെടുന്ന പണിയര്‍ക്കിടയില്‍ മാത്രം എണ്‍പതോളം ഇലക്കറികള്‍ ഉപോയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും കൃഷി ചെയ്ത് പരിപാലിക്കപ്പെട്ടതല്ല. പ്രകൃതിയില്‍ നിന്നും ശേഖരിക്കപ്പെട്ടതാണ്. കാലക്രമത്തില്‍ ഇവയെല്ലാം വംശനാശത്തിലാണ്. ആദിവാസികള്‍ക്കിടയില്‍ നിന്നും പോലും ഇവയുടെ രുചിഭേദങ്ങള്‍ പടിയിറങ്ങുന്നു. പോഷകാഹാരക്കുറവു കൊണ്ട് ആദിവാസികളുടെ ആയുര്‍ദൈര്‍ഘ്യം പോലും കുറയുന്ന ഇക്കാലത്തില്‍ പരമ്പരാഗത ഭക്ഷ്യസംസ്കാരത്തിന്റെ പ്രസക്തിയാണ് വര്‍ദ്ധിക്കുന്നത്. ഇതിനെല്ലാം അടിവരയിടുകയാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.
.jpg?$p=b681a47&w=610&q=0.8)
നാട്ടുഗദ്ദികയുടെ താളലയം
കാലം പരിഷ്കാരങ്ങള്‍ അതിവേഗം ഏറ്റുവാങ്ങുമ്പോള്‍ അനുഷ്ഠാനകലകള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ് ഇന്ന് ഗോത്ര സമൂഹം. അതിലൊന്നാണ് ഗദ്ദികയെന്ന അനുഷ്ഠാനകലയും. ഗദ്ദിക മൂന്ന് തരത്തിലാണ് അവതരിപ്പിക്കുന്നത്. രോഗം വന്നാല്‍ അനുഷ്ഠിക്കുന്ന നാട്ടുഗദ്ദികയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പൂജാഗദ്ദിക നാട്ടുഗദ്ദികയ്ക്ക് ശേഷം അവതരിക്കപ്പെടുന്നു. വര്‍ഷം തോറും നാടിന്റെ നന്മയ്ക്കായി അവതരിപ്പിക്കുന്ന ഗദ്ദിക ഏഴുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. അരിയും തേങ്ങയും മുത്താറിയുമാണ് ഗദ്ദികയ്ക്ക് വേണ്ടത്. മുറം ചാരി. ചൂരല്‍ വടിവെച്ച് കാണിക്ക അര്‍പ്പിച്ചാണ് ഈ ചടങ്ങുകള്‍ തുടങ്ങിയിരുന്നത്. ഗദ്ദിക നടത്താന്‍ സംഹാരമൂര്‍ത്തിയായ ശിവനോട് അനുവാദം ചോദിക്കുന്നതും ശ്രേഷ്ഠമായ അനുഷ്ഠാനമാണ്.
കര്‍ണ്ണാടകയില്‍ നിന്നുമാണ് അടിയരുടെ വയനാട്ടിലേക്കുള്ള കുടിയേറ്റം. കന്നഡ കൂട്ടിക്കലര്‍ത്തിയ ഭാഷയും ജീവിതരീതിയുമാണ് ഇവരില്‍ ശേഷിക്കുന്നത്.ഏറെക്കാലും ഇവരുടെ കുടിലുകളില്‍ തന്നെയാണ് ഗദ്ദിക എന്ന കലാരൂപം ഒതുങ്ങി നിന്നത്. എന്നാല്‍ ഇവര്‍ക്കിടയിലെ കലോപാസകനും പരിഷ്കര്‍ത്താവുമായ പി.കെ.കാളനാണ് ഈ അനുഷ്ഠാനത്തിന്റെ അല്‍പ്പം ഭാഗമെങ്കിലും പുറംലോകത്തിനായി പരിചയപ്പെടുത്തിയത്. നമുക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട കലാരൂപവും അനുഷ്ഠാനവുമല്ല ഇത്. ഒരും തലമുറകള്‍ ഇതിനെ ഏറ്റെടുക്കണം. ഇതിനായി നാട്ടുഗദ്ദികയെ ജനസമക്ഷം അവതരിപ്പിക്കുന്നു എന്നാണ് പി.കെ.കാളന് പറഞ്ഞത്. സ്വന്തം സമുദായത്തില്‍ ഇതിനോട് വിയോജിച്ച് നിന്നവരോടെല്ലാം കലഹിച്ച് നിര്‍ബന്ധബുദ്ധിയോടെ ഗദ്ദികയെ കാളന് പൊതവേദിയിലേക്ക് പരിചയപ്പെടുത്തി. പിന്നീട് കേരള ഫോക് ലോര്‍ അക്കാദമി ചെയര്മാന് പദവി ഏറ്റെടുത്തപ്പോള്‍ ഗദ്ദികയ്ക്കായി ഒരു അക്കാദമി സ്വന്തം നാട്ടില്‍ സ്ഥാപിക്കണമെന്നായിരുന്നു കാളന്റെ ആഗ്രഹം. എന്നാല്‍ ഇതിന മുമ്പേ ഈ കുലപതി അരങ്ങൊഴിഞ്ഞു പോയി. കാളന്റെ മരുമരന്‍ പി.കെ.കരിയന്‍ ആവുന്നപോലെ ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊഴിച്ചാല്‍ ഈ കലാരൂപം ഇനി എത്ര നാള് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
കൂളിയെ കാണുന്ന പണിയര്‍
തുടിതാളവും ചീനിക്കുഴല്‍ വിളിയും താളത്തിനൊത്ത് ചിലങ്കയും. പുല്ലുമേഞ്ഞ പണിയ കുടിലുകള്‍ നിരന്ന് നില്ക്കുന്ന പണിയ കോളനിയില്‍ കൂളികെട്ട് നടക്കുകയാണ്. കല്യാണം രോഗമകറ്റല് വയസ്സറിയിക്കല്‍ എന്നിവയിലെല്ലാം കൂളികല്പ്പിച്ചു നല്‍കുന്നതാണ് ഇവരുടെ ശാസ്ത്രം. പത്തില്‍ താഴെ പണിയര്‍ വലയം ചെയ്തുകൊണ്ട് തുടി താളം മുഴക്കും. മൃഗത്തോലുകൊണ്ടുണ്ടാക്കിയ ഇടയ്ക്കക്ക് സമാനമായ തുടിയിലാണ് ആദിഗോത്രത്തിന്റെ താളം ഒഴുകി വരുന്നത്. പൂര്‍ണ്ണമായും ഇവരുടെ അലിഖിത താളബോധത്തില്‍ നിന്നുമാണ് ഈ തുടിച്ചെത്തങ്ങള്‍ ഉയര്‍ന്നുവരുന്നത്. മുളങ്കുഴലും ചിരട്ടയും ഉപയോഗിച്ചാണ് സുഷിരവാദ്യാമായ ചീനി ഇവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്വാസനിശ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകള്ക്കിടയില് ഒന്നും പകരമില്ലത്ത ഒരു സുഷിരവാദ്യത്തെയാണ് പണിയര്‍ പരിചയപ്പെടുത്തുന്നത്.

തുടിയും ചീനിവാദ്യവും ഇടകലരുമ്പോള്‍ പണിയ സ്ത്രീകള്‍ വട്ടക്കളിയുമായി ഇറങ്ങുകയായി.ഒരറ്റം ഒരുതോളിലേക്ക് ചെരിച്ചുകെട്ടി മുട്ടോളമെത്തുന്ന വെളുത്ത മുണ്ടുടുത്ത് അരിയിലൊരു ചുവപ്പ് കച്ചയുമായി പണിച്ചികള്‍ നൃത്തമാടുന്നു. കൈകള്‍ പൊക്കി ആകാശത്തെ വലയം ചെയ്ത് താഴെ ഭൂമിയെ വലയം ചെയ്ത് വട്ടത്തില്‍ ആടുന്നതാണ് വട്ടക്കളി. കുടിലിനുള്ളില്‍ ഒതുങ്ങിക്കഴിയുന്ന പണിയസ്ത്രീകള്‍ പോലും തുടിയും ചീനിവിളിയും കേട്ടാല്‍ ജനമധ്യത്തിലേക്ക് യാതൊരു സങ്കോചവും കൂടൊതെ ചുവടുവെച്ചിറങ്ങുന്നത് അനുഷ്ഠാനത്തിന്റെ ഇഴയടുപ്പമാണ് പ്രകടമാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണിത്. ദൈവമായ കൂളിയെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന ഗോത്ര കോമരങ്ങളെയാണ് ഇവര്‍ക്കിടയില്‍ കാണാനാവുക. കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ ഏഴു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് ഇവര്‍ക്കിടയില്‍ നടന്നിരുന്നത്. രാത്രിയും പകലുമായി കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് നടത്തിയിരുന്ന ഈ അനുഷ്ഠാനത്തിന്റെ വിശുദ്ധികളെല്ലാം അസ്തമിച്ചിരിക്കുന്നു. സ്ഥലപരിമിതിയുള്ള കോളനിയുടെ മുററത്ത് ഇവര്‍ക്ക് ഇന്ന് ഇതിനൊന്നും സ്ഥാനമില്ല. മററുളളവര്ക്കൊപ്പം ഇട കലര്‍ന്നുപോയ ഇവര്‍ക്ക് ഇനി എന്തിനാണ് തുടി.
അടിമകച്ചവടത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ വള്ളിയൂര്‍ക്കാവ് ഉത്സവത്തിനു പോലും ഒരുകാലത്ത് ഉത്സവ നടത്തിപ്പിനായി ഇവരുടെ വട്ടക്കളിയും ചീനിവാദ്യവും സഹകരണവും നിര്‍ബന്ധമായി വേണമായിരുന്നു. കുടിയൊഴിഞ്ഞുപോയ കലാരൂപത്തെ ബാക്കിയാക്കി മാറിയ കാലത്തിന്റെ കാഴ്ചക്കാരായി മാറുകയാണ് ഇന്ന് ഇവിടെയും ഈ സമൂഹം.
ഗുഡമെനയുന്ന കാട്ടുനായ്ക്കര്‍
തായ്വേരുകള് കരിഞ്ഞുണങ്ങിയ വംശനാശം നേരിടുന്ന പ്രാക്തനഗോത്ര വിഭാഗമാണിത്. ആദിവാസികളില്‍ ഏററവും പ്രാകൃതരെന്നാണ് ഇവര്‍ക്ക് സമുഹം കല്പ്പിച്ചു നല്കിയ വിശേഷണം. കാടിനുളളില്‍ തന്നെയാണ് ഇവരുടെ ജീവിത മോഹങ്ങളെല്ലാം ഒതുങ്ങിനിന്നത്. ആര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തവിധം കാടിന്റെ അകത്തളങ്ങളിലാണ് ഇവര്‍ താമസസ്ഥലം കണ്ടെത്തുക. കാട്ടുകിഴങ്ങുകളും വനവിഭവങ്ങളും ശേഖരിച്ചാണ് ഇവരുടെ ഉപജീവനം. ജീവിത വ്യഥകള്‍ മറക്കാന്‍ ഇവരിലുമുണ്ട് അനുഷ്ഠാനങ്ങളും കലാരൂപങ്ങളും. വാമൊഴിയായി കൈമാറി വന്ന ഇവരുടെ ആചാരങ്ങള്‍ ബാഹ്യലോകത്തുനിന്നും ഏറെ അകലെയാണ്. ഗുഡ മന എന്നാല്‍ കാട്ടുപന്തല്. ഋതുമതിയാവുന്ന പെണ്‍കുട്ടിയെ കുടിലിനു മുന്നില്‍ പച്ചിലചാര്‍ത്തുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പന്തലിലാണ് ഇവര്‍ താമസിപ്പിക്കുക. മഞ്ഞള്‍ കൊണ്ട് പൊതിഞ്ഞ് കുടുംബക്കാര് ഒത്തു ചേര്‍ന്ന് കൊക്കൂണില്‍ നിന്നും ഒരു ശലഭം വിരിയുന്നതുപോലെയാണ് പെണ്‍കുട്ടിയെ കന്യകയായി സ്വീകരിക്കുക.
ചെലവേറിയ ഈ ചടങ്ങ് നടത്താന്‍ കഴിവില്ലാത്ത നായ്ക്ക കുടുംബങ്ങള്‍ക്ക് കാലങ്ങളോളം ഋുമതിയായ പെണ്‍കുട്ടിയെ ഗുഡയില്‍ തന്നെ താമസിപ്പിക്കേണ്ടി വരുന്നതും അപൂര്‍വ്വമല്ല. ലിപിയില്ലാത്ത തെലുങ്ക് കലര്‍ന്ന ഭാഷയില്‍ ഗുഡയുടെ മുന്നില്‍ ഇവര്‍ ഉയര്‍ത്തുന്ന പാട്ടുകളും ഇവരുടെ മേളങ്ങളും കാലത്തിനൊപ്പം മറയുകയാണ്. മുഖ്യധാരയിലേക്ക് പറിച്ചുനടപ്പെട്ട പല കുടുംബങ്ങള്‍ക്കു പോലും ഇതെല്ലാം ഒരു ഓര്‍മ്മ മാത്രമായി മാറി. കാട്ടു ചിലമ്പൊലികള്ക്കിടയില് ഇവര്‍ സ്വന്തം ഭൂതകാലത്തിനെയാണ് തെരയുന്നത്.
.jpg?$p=9d7be88&w=610&q=0.8)
ദൈവത്തെ പെട്ടിയിലടയ്ക്കുന്ന ഉരിഡവര്‍
കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലെ വയനാട് അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തു വന്നവരാണ് ഉരിഡവകുലം. സ്വയം പര്യാപ്തമായ കാര്‍ഷിക ജീവിതവും അടിമത്തത്തിന്റെ അടിപ്പാടുകളില്ലാത്ത ഭൂതകാലവുമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ടിപ്പുവിന്റെ അക്രമണകാലത്ത് മൈസൂരില്‍ നിന്നുമാണ് ഇവരുടെ പാലായനം. വളര്‍ത്തുമൃഗങ്ങളുടെ മുകളില്‍ കയറി അവിടെ നിന്നും ഇവര്‍ രക്ഷപ്പെട്ടെത്തിയെന്നാണ് ചരിത്രം. വയനാടന്‍ കാടുകള്‍ ഇവര്‍ക്കും അഭയമായി. ഇതിന്റെ ഓര്‍മ്മ പുതുക്കെന്നോണം ബൈരക്കുപ്പയിലെ ക്ഷേത്രത്തിനുമുന്നില്‍ വര്‍ഷം തോറും ഇവര്‍ മൂരിയോട്ടം അഥവാ ഓരി അബ്ബ നടത്താറുണ്ട്.
തുലാമാസത്തിലാണ് ദീപാവലി നാളില്‍ ഈ ഉത്സവം നടക്കുക. ദൈവകല്പിതമായ ചടങ്ങിലേക്ക് കുളിപ്പ് കുറി തൊടുവിച്ച് ആടയാബരണങ്ങളോടെയാണ് മൂരികളെ എത്തിക്കുക. ബൈരേശ്വരയില് നിന്നും ബസവേശ്വരയിലേക്കാണ് ഇവരുടെ പിന്നീടുള്ള പാലായനം. ചെണ്ടക്കാരുടെയും കുഴലൂത്തുകാരുടെയും അകമ്പടിയാണ് ഇതിനുണ്ടാവുക. പ്രധാന ആരാധ്യദേവതയായ കരുങ്കാളി അമ്മയെ ഇവര്‍ പെട്ടിയിലാണ് അടച്ചു സൂക്ഷിക്കിക. മുളകൊണ്ട് ഉണ്ടാക്കിയ പെട്ടിയില്‍ നിന്നും വിശേഷ അവസരങ്ങളില്‍ മാത്രം ഇവര്‍ ദൈവത്തെ പുറത്തെടുക്കുന്നു. മറ്റു വിഭാഗങ്ങളൊന്നും തങ്ങളുടെ ദൈവത്തെ തട്ടിക്കൊണ്ടുപോകാതിരിക്കാനാണ് പോലും ഇവര്‍ ദൈവത്തെയും അടച്ചിട്ട പെട്ടിയില്‍ സൂക്ഷിക്കുന്നത്.
ചിലങ്ക, കമ്മല്‍, മാല, മുക്കുത്തി, താലി, വെള്ളിമണി തുടങ്ങിയ ആഭരണങ്ങളും വാള് തുടങ്ങിയ ആയുധങ്ങളും ഇവര്‍ ദൈവത്തിനൊപ്പം പെട്ടിയില്‍ തന്നെ സൂക്ഷിക്കുന്നു. അഞ്ച് എന്ന അക്കത്തിനും ഇവര്‍ അമിതമായ പ്രധാന്യം കല്‍പ്പിക്കുന്നവരാണ്. പെണ്ണുകാണല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കെല്ലാം അഞ്ചുപേരടങ്ങുന്ന സംഘമാണ് പോവുക. വിവാഹ ഘോഷയാത്രയിലും മൂരികളെ അലങ്കരിച്ച് മുന്നില്‍ നടത്തുന്നതാണ് ഇവരുടെ രീതികള്‍. മുളകൊണ്ട് മെടഞ്ഞ ചുവരില്‍ മണ്ണും ചാണകവും മെഴുകിയ പുല്ലുമേഞ്ഞ വീടുകളില്‍ പച്ചകുത്തിയ ഉരിഡവസ്ത്രീകള് അതിഥികളെയെല്ലാം സ്വീകരിക്കുന്നു.
.jpg?$p=edac86b&w=610&q=0.8)
ഒരു കുടക്കീഴില് ഒരു ഗ്രാമം
ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവാണ് ഈ വിപണിയില്‍ വില്‍പ്പനയ്ക്കായി ഇവിടെ ഒരുക്കുക. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്ന ഓപ്പണ്‍ എയര്‍ തീയ്യേറ്ററില്‍ ഗോത്ര കലാവതരണം നടക്കും. രണ്ട് പ്രീമിയം കാഫ്റ്റീരിയകളാണ് ഇവിടെ സജ്ജീകരിക്കുക. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങള്‍ക്കൊപ്പം ഇവിടെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഗോത്ര പൈതൃക ഗ്രാമത്തില്‍ അതിഥികള്‍ക്കായി സൗകര്യമൊരുക്കും. എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. ഇതിനായുള്ള ഓഫീസും ഇവിടെ പ്രവര്‍ത്തിക്കും. ഗോത്ര ഗുണഭോക്താക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും സൂക്ഷിക്കാന്‍ ഇവിടെ വെയര്‍ ഹൗസ് സൗകര്യം ഉണ്ടായിരിക്കും. ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള വാക്ക് വേ ഇവിടെ ഒരുങ്ങും. ചുവര്‍ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, ശില്പ്പങ്ങള് എന്നിവയെല്ലാം ഈ വഴിത്താരകളില്‍ സന്ദര്‍ശകര്‍ക്കായി സജ്ജീകരിക്കും. ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാള് വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലുണ്ടാകും. ഗോത്ര കലാകാരന്മാര്ക്ക് കരകൗശല വസ്തുക്കളും പരമ്പരാഗത ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണിശാല ഗ്രോത്ര പൈതൃക ഗ്രാമത്തിലുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..