കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളുടെ കലവറയാണ് യൂറോപ്പ്. മഹാനഗരങ്ങളും അപൂര്‍വമായ ഭൂപ്രകൃതിയും അതിമനോഹരമായ ദ്വീപുകളും കൊടും കാടുകളും തുടങ്ങി വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഈ വന്‍കര ഒളിച്ചുവെക്കുന്നത്. ചില നാടുകളും ചില കാഴ്ചകളും സഞ്ചാരികള്‍ക്ക് അവിശ്വസനീയമായ കാഴ്ചാനുഭവങ്ങളാവും സൃഷ്ടിക്കുക. കണ്മുന്നില്‍ നില്‍ക്കുമ്പോഴും ഒരു മായക്കാഴ്ച പോലെ തോന്നിക്കുന്നത്രയും സുന്ദരമായ സ്വപ്‌നതുല്യമായ കാഴ്ചകള്‍ സൃഷ്ടിക്കുന്ന ഇടങ്ങളുണ്ട് ഇവിടെ. അത്തരത്തില്‍ ഭംഗികൊണ്ടും ഭൂപ്രകൃതികൊണ്ടും കാലാവസ്ഥ കൊണ്ടുമെല്ലാം അപൂര്‍വമായ യൂറോപ്പിലെ ചില ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.

To advertise here,

ഗ്രീസിലെ സ്വര്‍ഗം സാന്റോറിനി

ലോകത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയവും സൂര്യാസ്തയവും എവിടെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവുമെങ്കിലും വലിയൊരു വിഭാഗം പറയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നാണ് ഗ്രീസിലെ സാന്റോറിനി ദ്വീപ്. പളുങ്കുപോലെ തെളിഞ്ഞ നീലനിറമുള്ള കടല്‍, പഞ്ചസാരമണല്‍ നിറഞ്ഞ ബീച്ചുകള്‍, അതിമനോഹരമായ വെള്ളയും നീലയും വര്‍ണങ്ങളിലുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ കടല്‍തീരത്തെ നഗരം. ഗ്രീസിലെ മാജിക്കല്‍ ഐലന്‍ഡ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്. ഗ്രീസില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് സാന്റോറിനി ദ്വീപ് സ്ഥിതി ചെയ്യുന്നത്. പ്രണയത്തിന്റെ പ്രതീകമായ ഈ മാന്ത്രിക ദ്വീപ് ഹണിമൂണ്‍ ടൂറിസത്തിനും അതിപ്രശസ്തമാണ്. 

placeholder
Photo: Canva

ബീച്ചുകളുടെ വൈവിധ്യമാണ് ഈ ദ്വീപിന്റെ ഏറ്റവും വലിയ ആകര്‍ഷണത. പ്രധാനപ്പെട്ട ആറ് ദ്വീപുകളും ലോകോത്തരവും വ്യത്യസ്തതകള്‍ നിറഞ്ഞതുമാണ്. ചുവന്ന നിറത്തിലുള്ള റെഡ് ബീച്ചും സ്ഫടികസമാനമായ കടലുള്ള വൈറ്റ് ബീച്ചും കറുത്ത മണല്‍തരികള്‍ നിറഞ്ഞ കമാരി ബീച്ചുമെല്ലാം അവിശ്വസനീയമായ സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ്. അതിമനോഹരമായ പള്ളികളാണ് ഈ ദ്വീപിന്റെ മറ്റൊരു പ്രത്യേകത. വീടുകളേക്കാള്‍ പള്ളികള്‍ നിറഞ്ഞ ദ്വീപെന്നും സാന്റോറിനിയെ വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലേറ്റവും മികച്ച വൈനുകള്‍ തയ്യാറാക്കുന്ന ധാരാളം വൈനറികളും ഇവിടെയുണ്ട്. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളയും നീലയുമാണ് ദ്വീപിലെ കെട്ടിടങ്ങളുടെ നിറം. അമിത ടൂറിസത്തിന്റെ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും സഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ് സാന്റോറിനി.

വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ 16 തടാകങ്ങള്‍, ഓരോന്നിനും ഓരോ നിറം- പ്ലിറ്റ്വിസ് 

ഉപരിതലത്തില്‍ നിന്ന് നോക്കിയാല്‍ ഒരേസമയം കാണാവുന്ന 16 തടാകങ്ങള്‍. തടാകങ്ങള്‍ക്കെല്ലാം ഓരോ നിറം. ഭൂരിഭാഗം തടാകങ്ങള്‍ക്കും അനുബന്ധമായി കൊച്ചു വെള്ളച്ചാട്ടങ്ങള്‍. എവിടെയായിരിക്കും ഇങ്ങനെയൊരിടം എന്ന് കരുതുന്നുണ്ടാവും. ക്രൊയേഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ പ്ലിറ്റ്വിസ് തടാക ദേശീയോദ്യാനത്തിലാണ് ഇങ്ങനെയൊരു കാഴ്ച കാണാനാവുക. ദക്ഷിണ യൂറോപ്പിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനങ്ങളില്‍ ഒന്നാണിത്. 1949-ല്‍ ആണ് ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. മധ്യ ക്രൊയേഷ്യയില്‍ ബോസ്‌നിയയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് പര്‍വതങ്ങള്‍ കാവലായാണ് ഉദ്യാനം സ്ഥിതിചെയ്യുന്നത്.

placeholder
Photo: Canva

ക്രൊയേഷ്യന്‍ ഉള്‍നാടിനെയും അഡ്രിയാറ്റിക് തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡ് ദേശീയോദ്യാനത്തിന്റെ മദ്ധ്യേ ആണ് കടന്നുപോകുന്നത്. 296.85 ചതുരശ്ര കിലോമീറ്ററില്‍ ഏറെയാണ് ദേശീയോദ്യാനത്തിന്റെ സംരക്ഷിതമേഖല. 1979 -ല്‍ പ്ലിറ്റ്വിസ് യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഇടംനേടി. ഉദ്യാനത്തിലെ 16 തടാകങ്ങളില്‍ പന്ത്രണ്ടെണ്ണം ഉയര്‍ന്ന തടാകങ്ങളായും നാലെണ്ണം താഴെയുള്ള തടാകങ്ങളായും തരംതിരിച്ചിക്കപ്പെട്ടിക്കുന്നു. ചങ്ങലയിലെ കണ്ണികളെന്നപോലെ എല്ലാ തടാകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തടാകങ്ങളും കൂടി ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ആകാശനീല, പച്ച, നീല, ചാരനിറങ്ങളിലാണ് തടാകങ്ങള്‍ കാണപ്പെടുന്നത്. വെള്ളത്തില്‍ അടങ്ങിയ ധാതുക്കളുടെ അളവും സൂര്യപ്രകാശം പതിക്കുന്നതിന്റെ കോണുമാണ് ഈ നിറവ്യത്യാസം അനുഭവപ്പെടാന്‍ കാരണം. വളരെ വ്യത്യസ്തമായ സസ്യ-ജന്തുജാലങ്ങളും ഇവിടെയുണ്ട്. പത്ത് ലക്ഷം സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.

ഒഴുകുന്ന നഗരം - വെനീസ്

കായലുകളും തോടുകളും നിറഞ്ഞ ആലപ്പുഴ കണ്ട പാശ്ചാത്യര്‍ അതിനെ വിശേഷിപ്പിച്ചത് കിഴക്കിന്റെ വെനീസ് എന്നാണ്. ഇറ്റലിയിലെ വെനീസിലെത്തുമ്പോള്‍ അതിന്റെ കാരണം വ്യക്തമാകും. ശരിക്കും ഒരു ജലനഗരമാണ് വെനീസ്. ഇറ്റലിയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 412 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പട്ടണമാണ് വെനീസ്. റോമാ സാമ്രാജ്യത്തില്‍നിന്ന് രക്ഷപ്പെട്ട് ദ്വീപുകളില്‍ അഭയംതേടിയവരാണ് വെനീസിലെ പൂര്‍വികര്‍. ഇവര്‍ നിര്‍മിച്ചതാണ് ഇവിടത്തെ കനാലുകളില്‍ ഭൂരിഭാഗവും. വെനീസിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഴുകുന്ന നഗരമെന്നും മുങ്ങുന്ന നഗരമെന്നും വിളിപ്പേരുണ്ട്. കായലിനു നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ് വെനീസ് എന്നുവേണമെങ്കില്‍ പറയാം.

placeholder

കനാലുകള്‍ സിരകളായ നാടാണ് വെനീസ്. വെനീസിന്റെ ജീവരക്തമോടുന്നത് ഈ കനാല്‍ ഞരമ്പുകളിലൂടെയാണ്.  അടുത്തടുത്തുനില്‍ക്കുന്ന 118 ദ്വീപുകള്‍ ഇവിടെയുണ്ട്. അതിനുചുറ്റുമായി 177 കനാലുകളും. വെനീസില്‍ നമുക്ക് റോഡുകള്‍ കാണാനേ സാധിക്കില്ല. ഒരു ദ്വീപില്‍നിന്ന് മറ്റൊന്നിലേക്കു പോകാന്‍ വള്ളങ്ങളാണ് ആശ്രയം. ചില ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളുമുണ്ട്. ഏറ്റവും വലിയ കനാലായ ഗ്രാന്‍ഡ് കനാലില്‍ സഞ്ചാരികളെയും നാട്ടുകാരെയും കാത്ത് ഒട്ടേറെ വള്ളങ്ങള്‍ കാത്തിരിപ്പുണ്ട്. കൗണ്ടറില്‍നിന്ന് ടിക്കറ്റെടുത്ത് കയറുകയേ വേണ്ടൂ. കറുത്ത നിറത്തിലുള്ള ഈ വള്ളങ്ങള്‍ക്ക് ഗൊണ്ടോള എന്നാണു പേര്. കെട്ടിടങ്ങള്‍ നില്‍ക്കുന്നത് വെള്ളത്തിലാണെന്നേ തോന്നൂ. ഓഫീസുകളും വീടുകളും കൊണ്ട് ദ്വീപുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ കരഭാഗം തീരെ കാണില്ല. നാട്ടിന്‍പുറങ്ങളിലെ റോഡുകളില്‍ കുട്ടികള്‍ സൈക്കിളോടിക്കുന്നതുപോലെ ചെറിയ വള്ളം തുഴഞ്ഞ് കുട്ടികളും സ്ത്രീകളും പോകുന്ന കാഴ്ച രസകരമാണ്. വെനീസിന്റെ ഹൃദയത്തിലൂടെ പതുക്കെ മുന്നോട്ട് പോകുന്ന ഈ അരയന്നസവാരിയില്‍ ഈ നാടിന്റെ ആത്മാവിന്റെ മര്‍മരം കേള്‍ക്കാം. വാതില്‍ തുറന്നാല്‍ നേരെ വഞ്ചിയിലേക്ക് കാലുവെക്കാന്‍ പറ്റുന്ന വീടുകള്‍. അവയുടെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ബാല്‍ക്കണികള്‍. ഈ കെട്ടിടങ്ങളോ കനാലുകളോ ഒന്നും പല ഫ്രയിമുകളല്ല. വെനീസ് എന്ന ഒരൊറ്റ ചിത്രത്തിലെ വര്‍ണക്കൂട്ടുകള്‍ മാത്രമാണ്.

ആയിരംവെള്ളച്ചാട്ടങ്ങളുടെ നാട് -ഫെറോ ദ്വീപ്

placeholder
Photo: faroeislands.fo/

ആകാശക്കാഴ്ചയില്‍ മരതകം പോലെയാണ് ഫെറോ ദ്വീപ്. നീലനിറത്തിലുള്ള കടലില്‍ ഒഴുകി നടക്കുന്ന ഒരു മരതകം. സ്‌കോട്ട്‌ലന്‍ഡിനും ഐസ്ലന്‍ഡിനും ഇടയിലുള്ള അറ്റ്ലാന്റിക് കടലിടുക്കിലെ അതിമനോഹരമായ 18 ദ്വീപുകളുടെ സമൂഹമാണ് ഫെറോ. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, വൈവിധ്യമാര്‍ന്ന വന്യജീവിസമ്പത്ത്, മനോഹരമായി ചായംപൂശിയ വീടുകള്‍ തുടങ്ങി കാഴ്ചകള്‍ അനന്തമാണ്. ശാന്തതയാണ് ഈ ദ്വീപിന്റെ മുഖമുദ്ര. 18 ദ്വീപുകളിലും കൂടെ ആകെയുള്ളത് 50000 ജനങ്ങളാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ തലസ്ഥാനമെന്ന് വിളിപ്പേരുള്ള ടര്‍ഷാവനാണ് ദ്വീപിന്റെ ഹൃദയം. പുരാതനമായ പള്ളികളും മ്യൂസിയങ്ങളും ഒരുപോലെ വര്‍ണംപൂശിയ കെട്ടിടങ്ങളുമൊക്കെയായി ശെരിക്കും ഒരു മാന്ത്രിക നഗരം. അതിമനോഹരമായ ഭൂപ്രകൃതിയാണ് ഫെറോ ദ്വീപിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ദ്വീപിന്റെ ചില ഫോട്ടോകള്‍ കണ്ടാല്‍ ചിത്രം വരച്ചുവെച്ചിരിക്കുന്നത്രയും മനോഹരമായി തോന്നും. വാഗര്‍ദ്വീപില്‍ കടലിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിന്റെ അപൂര്‍വമായ സൗന്ദര്യം കൊണ്ട് സഞ്ചാരികളെയും ഫോട്ടോഗ്രാഫര്‍മാരെയും ഭ്രമിപ്പിക്കുന്നതാണ്. ശൈത്യകാലത്തിലാണ് ദ്വീപ് അക്ഷരാര്‍ഥത്തില്‍ മാന്ത്രിക ദ്വീപാവുന്നത്. ആയിരംവെള്ളച്ചാട്ടങ്ങളുടെ ദ്വീപെന്നും ഫെറോയ്ക്ക് വിളിപ്പേരുണ്ട്.