മുംബൈ: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പുസ്തകത്തിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം മാറിക്കീറി. ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന നേതാവ് ഷൈന എൻ.സി.ക്കാണ് പ്രതിഷേധത്തിനിടെ അബദ്ധം പിണഞ്ഞത്. സംഭവത്തെത്തുടർന്ന് ഉദ്ധവ് താക്കറേ വിഭാഗം ശിവസേനയും കോൺഗ്രസും ബാൽ താക്കറെയെ അപമാനിച്ചെന്നാരോപിച്ച് ഷൈന എൻ.സി.ക്കെതിരേ രംഗത്തെത്തി.
സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്' പുസ്തകത്തിന്റെ വിതരണം തടയണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ഷിൻഡെ വിഭാഗം ശിവസേന പ്രതിഷേധിച്ചത്. സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നും ചരിത്രത്തെ വളച്ചൊടിച്ച് അവതരിപ്പിക്കാനാണ് ശ്രമമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഷൈന എൻ.സി., സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയ ശിവസേന നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായി പുസ്തകത്തിന്റെ പേജുകൾ കീറുകയും 201, 443 പേജുകളിലെ പരാമർശങ്ങൾ നീക്കംചെയ്യാൻ പ്രസാധകരായ ഹാർപ്പർകോളിൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ഷൈന അബദ്ധത്തിൽ ബാൽ താക്കറെയുടെ ചിത്രവും കീറിയത്. പിന്നാലെ ഷൈന എൻ.സി.യെ ശിവസേനാ മേധാവിയും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ വിളിച്ചുവരുത്തി. നിയമസഭയിൽവെച്ച് ഷൈന ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി.
കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ കോലം ചെരിപ്പുകൊണ്ടടിക്കുന്ന ബാൽ താക്കറെയുടെ ചിത്രമാണ് അബദ്ധത്തിൽ കീറിയത്. സഹപ്രവർത്തകനായ സഞ്ജയ് നിരുപം ഇത് ചൂണ്ടിക്കാട്ടിയതോടെ കീറിയ ചിത്രം ഷൈന വേഗത്തിൽ മറ്റു കടലാസുകൾക്കിടയിൽ ഒളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കീറിയത് ബാൽ താക്കറെയുടെ ചിത്രമല്ലെന്നും മണിശങ്കർ അയ്യരുടെ ചിത്രമാണെന്നുമായിരുന്നു പിന്നീട് ശിവസേന നേതാക്കളുടെ വിശദീകരണം. ഷൈന എൻ.സി.യും ഇതേ നിലപാട് ആവർത്തിച്ചു.
കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗത്തെ വിമർശിക്കാനാണ് ബാൽ താക്കറെ മണിശങ്കർ അയ്യരുടെ കോലം ചെരിപ്പുകൊണ്ട് അടിക്കുന്ന പഴയ ചിത്രം ഷിൻഡെ വിഭാഗം പ്രതിഷേധത്തിനായി കൊണ്ടുവന്നത്. കോൺഗ്രസിന്റെ കടുത്ത എതിരാളിയായിരുന്നു ബാൽ താക്കറെയെന്നും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ് ഉദ്ധവ് വിഭാഗം കോൺഗ്രസുമായി കൈകോർത്തതെന്നുമായിരുന്നു ഷിൻഡെ വിഭാഗത്തിന്റെ ആരോപണം.
2004 ഓഗസ്റ്റ് 27-നാണ് വിവാദത്തിനിടയായ ചിത്രത്തിലെ സംഭവം നടന്നത്. മുംബൈയിലെ ശിവാജി പാർക്കിലുള്ള സവർക്കർ സ്മാരകത്തിന് സമീപം 'ജോഡേ മാരോ' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കാനായി ബാൽ താക്കറെ സ്വന്തം വസതിയിൽനിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. അന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കർ അയ്യർ ഹിന്ദുത്വ സൈദ്ധാന്തികനായ സവർക്കറെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
താക്കറെ സ്വന്തം ചെരിപ്പുമായാണ് പ്രതിഷേധത്തിനെത്തിയത്. മണിശങ്കർ അയ്യരുടെ കോലത്തിൽ അദ്ദേഹം ചെരിപ്പുകൊണ്ടടിച്ചു. പിന്നാലെ മുതിർന്ന ശിവസേന നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പഴയ ചെരിപ്പുകളുമായെത്തി കോലത്തിൽ അടിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു. അന്നത്തെ പ്രതിഷേധത്തിന്റെ ചിത്രമാണ് ഇപ്പോൾ ഷിൻഡെ വിഭാഗത്തിന്റെ പ്രതിഷേധത്തിനിടെ വീണ്ടും രാഷ്ട്രീയവിവാദത്തിനിടയാക്കിയത്.
Published: 18 Nov 2026, 05:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented