കോഴിക്കോട്: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബേപ്പൂർ എംഎൽഎയും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചു. റിയാസിന്റെ സുഹൃത്തുക്കളായ വാരിസ്, നന്ദുലാൽ, ഷൈജൽ, നിഖിൽ എന്നിവർക്കാണ് ഈ മാസം അവസാനത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസയച്ചത്.

To advertise here,

സിഎംആർഎൽ-എക്സാലോജിക് കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്. ഈ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിലടക്കം റെയ്ഡും നടത്തിയിരുന്നു.

ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡിയുടെ വാദം. കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം ഹാജരാകാനുള്ള നോട്ടീസിൽ റിയാസിന്റെ സുഹൃത്തുക്കൾ സാവകാശം തേടിയിട്ടുണ്ട്.