മോസ്‌കോ: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യ തങ്ങളുടെ ആണവശേഷിയുള്ള സ്ട്രാറ്റജിക് ബോംബർ വിമാനങ്ങളെ വിയറ്റ്നാമിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്. പസഫിക് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ചൈനയ്ക്കും തന്ത്രപരമായ സന്ദേശം നൽകുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. ഇന്തോ- പസഫിക്കിൽ സ്വാധീനം വർധിപ്പിക്കാൻ ചൈനയും അമേരിക്കയും തമ്മിലുള്ള കിടമത്സരത്തിനിടയിലേക്കാണ് റഷ്യയുമെത്തുന്നത്.

To advertise here,

നാറ്റോ സഖ്യം 'ബെയർ' (Bears) എന്ന് വിശേഷിപ്പിക്കുന്ന രണ്ട് ടി.യു-95 സ്ട്രാറ്റജിക് ബോംബറുകളും, അവയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള രണ്ട് ദീർഘദൂര ടാങ്കർ വിമാനങ്ങളുമാണ് മധ്യ വിയറ്റ്നാമിലെ ദാ നാങ് (Da Nang) വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. റഷ്യയുടെ ഫാർ ഈസ്റ്റിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ ചൊവ്വാഴ്ച വിയറ്റ്നാമിലെത്തുകയും ബുധനാഴ്ച എയർപോർട്ടിൽ നിലയുറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കിഴക്കൻ ഏഷ്യയിൽ റഷ്യ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസങ്ങളിലൊന്നാണിത്.

ആണവശേഷിയുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളവയാണ് ടി.യു-95 ബോംബർ വിമാനങ്ങൾ. ഇന്ധനം നിറയ്ക്കുന്ന ഐൽ-78 ടാങ്കർ വിമാനങ്ങളുടെ സഹായത്തോടെ പറക്കുന്ന ഇവയ്ക്ക് പസഫിക്കിലെ പ്രമുഖ അമേരിക്കൻ സൈനിക താവളമായ ഗുവാം വരെ എത്തിച്ചേരാൻ സാധിക്കും.

2014-ലാണ് ഇതിനുമുമ്പ് ഇത്തരത്തിൽ റഷ്യൻ സ്ട്രാറ്റജിക് വിമാനങ്ങൾ വിയറ്റ്നാമിൽ എത്തിയിരുന്നത്. അന്ന് കാം റാൺ ബേ (Cam Ranh Bay) നാവിക താവളവും ദാ നാങ് എയർഫീൽഡും ഉപയോഗിക്കാൻ വിയറ്റ്‌നാം ഭരണകൂടം റഷ്യയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം വിയറ്റ്നാമിനോട് ആശങ്ക അറിയിച്ചതിനെ തുടർന്നാണ് റഷ്യയുടെ നീക്കം പൊളിഞ്ഞത്.

യുക്രൈനുമായുള്ള യുദ്ധം തുടരുമ്പോഴും ഇന്തോ-പസഫിക് മേഖലയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമായി നിലനിർത്താനാണ് മോസ്‌കോ ശ്രമിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെ അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയുടെ വളരുന്ന സൈനിക സ്വാധീനത്തിനെതിരെയുള്ള തന്ത്രപരമായ പ്രതിരോധമായാണ് റഷ്യയുമായുള്ള ശക്തമായ സൈനിക ബന്ധത്തെ വിയറ്റ്നാം കാണുന്നന്നത്.

റഷ്യയും ചൈനയും തമ്മിൽ രാഷ്ട്രീയ-സൈനിക പങ്കാളിത്തം ശക്തമാക്കുമ്പോഴും, സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വിയറ്റ്നാമും മോസ്‌കോയുമായുള്ള പ്രതിരോധ ബന്ധം സജീവമാക്കുകയാണ്.