പൈനാവ്: മഴമേഘങ്ങൾ തഴുകിയിറങ്ങുന്ന മലനിരകളും കോടമഞ്ഞ് വിരിച്ച പ്രകൃതിക്കാഴ്ചകളും തണുത്തകാറ്റും ചാറ്റൽമഴയും ചേർന്ന് ഇടുക്കിയിലെ കുയിലിമല മൈക്രോ വ്യൂപോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുന്നു. മഴക്കാലത്തിന്റെ ഭംഗി ആസ്വദിക്കാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

To advertise here,

പ്രാദേശികമായിമാത്രം അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ യാത്രികർക്ക് പുതിയൊരനുഭവമായി മാറിക്കൊണ്ടിരിക്കുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല. സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും പിറന്നാൾ പോലുള്ള ആഘോഷങ്ങൾക്കായും ഈ സ്ഥലം ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന കുയിലിമല വ്യൂപോയിന്റ് ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് വനംവകുപ്പ് വീണ്ടും തുറന്നുനൽകിയിരുന്നു. ടിക്കറ്റ് കൗണ്ടറും സന്ദർശകർക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയശേഷമാണ് പ്രവേശനം അനുവദിച്ചത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്.

ദൂരക്കാഴ്ചകളേറെ

പച്ച മലനിരകൾക്ക് വൈശാലി വ്യൂപോയിന്റ് എന്ന മറ്റൊരു പേരുംകൂടിയുണ്ട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിവിധ ദൂരക്കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. 360 ഡിഗ്രി കാഴ്ചയിൽ മൂന്നാർ മലനിരകൾ, ഇടുക്കി ജലാശയം, പച്ചപുതച്ച വനപ്രദേശങ്ങൾ എന്നിവ വ്യക്തമായി കാണാം. ആദ്യകാല കുടിയേറ്റ ചരിത്രത്തിന് സാക്ഷിയായ വാഴത്തോപ്പും ഇടുക്കി രൂപത കത്തീഡ്രലായ സെയ്ന്റ് ജോർജ് ദേവാലയവും ഭൂമിയാങ്കുളം, ഇടുക്കി, ദേവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളും ഇവിടെനിന്ന് ദൃശ്യമാകും.

പ്രകൃതിയൊരുക്കുന്ന മനോഹരമായ ഈ കാഴ്ചകളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിഡാമിന്റെ വിശാലമായ ജലാശയം, കാൽവരിമൗണ്ട്, ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ആനമുടി ഉൾപ്പെടെയുള്ള ചൊക്രമുടി, പാൽക്കുളംമേട്, തോപ്രാംകുടി-ഉദയഗിരി മലനിരകളുടെ കാഴ്ച തുടങ്ങിയവ ഈ സ്ഥലത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്ജ്, പൂപ്പാറ, കള്ളിപ്പാറ തുടങ്ങിയ പ്രശസ്തമായ മിക്കയിടങ്ങളും ഇവിടെനിന്ന് നോക്കിയാൽ കാണാൻ സാധിക്കും.