
15 ദിവസത്തെ ഫ്രീ വിസയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റിയ ഇടമാണ് കസാഖ്സ്താൻ. ലോകത്ത് തന്നെ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്ത് വരുന്ന കസാഖ്സ്താൻ മുഴുവനും കാണാമെന്നത് വ്യാമോഹമാണ്. എങ്കിലും കസാഖ്സ്താന്റെ ഭൂപ്രകൃതിയും സംസ്കാരവും ഭക്ഷണരീതിയുമെല്ലാം അടുത്തറിയാൻ നമ്മെ സഹായിക്കുന്ന ഇടമാണ് തലസ്ഥാനമായ അസ്താനയും പഴയ തലസ്ഥാനമായ അൽമാട്ടിയും. ഏഴായിരം തടാകങ്ങളുടെ നാടെന്ന പ്രത്യേകതയുള്ള കസാഖ്താനിൽ കാടും പട്ടണവും മഞ്ഞുമൂടിയ മലനിരകളും മരുഭൂമിയും പുഴകളും എന്നു വേണ്ട പ്രകൃതിയിലെ ഒരുവിധം കാഴ്ചകളെല്ലാമുണ്ട്. കടലൊഴിച്ച്. കാസ്പിയൻ കടലിന്റെ വലിയൊരു ഭാഗം കസാഖ്സസ്താനോട് ചേർന്നാണെങ്കിലും കാസ്പിയൻ സീയിൽ പേരിനേ കടലുള്ളൂ. യഥാർഥത്തിൽ കാസ്പിയൻ തടാകമാണത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തടാകമാണ് കാസ്പിയൻ കടൽ.
കടലല്ലാതെ മറ്റെന്തും കാണാൻ ആഗ്രഹിച്ചോളൂ, എല്ലാമുണ്ട് കസാഖ്സ്താനിൽ. കസാഖ്സ്താൻ യാത്രയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങളായ ചരിൻകാന്യൺ, കൊൽസായ് തടാകം, ഇസ്സിക് തടാകം തുടങ്ങിയ പ്രദേശങ്ങളുടെ യാത്രവിവരണങ്ങൾ ആദ്യഭാഗത്ത് ചർച്ച ചെയ്തല്ലോ. ഈ ലക്കത്തിൽ കസാഖ്സ്താനിലെ പ്രധാന പട്ടണവും പഴയ തലസ്ഥാനവുമായ അൽമാട്ടി നഗരക്കാഴ്ചകളാണ് പങ്കുവെക്കുന്നത്. ഡൽഹിയിൽ നിന്നുള്ള യാത്രികരെല്ലാം മിക്കവാറും കസാഖ്സ്താനിലെ അൽമാട്ടിയിലേക്കാണ് ടിക്കറ്റെടുത്ത് വരുന്നതെന്നത് കൊണ്ട് തന്നെ അൽമാട്ടി നഗരത്തെ മുൻകൂട്ടിയറിയുന്നത് യാത്രയിൽ പ്രയോജനപ്പെടും.
Also Read
അതിശൈത്യ കാലാവസ്ഥ കാരണം പനി പിടിച്ച് ഒരു ദിവസം അപാർട്ട്മെൻറിൽ തങ്ങേണ്ടി വന്നതിനാൽ അസുഖം കഴിഞ്ഞുള്ള അടുത്ത ദിനം അധികം ആയാസപ്പെടാത്ത അല്‍മാട്ടി നഗരക്കാഴ്ചയാവാമെന്നുറപ്പിച്ചു. വെല്‍പ്ലാന്‍ഡ് നഗരം ആണ് അല്‍മാത്തി. നഗരത്തിന്റെ വൃത്തിയാണ് അതിലേറ്റവും ആകര്‍ഷകം. ചെറു കുഴി പോലുമില്ലാത്ത റോഡുകളും തെളിഞ്ഞു കാണുന്ന സീബ്രാലൈനുകളും സൈന്‍ ബോര്‍ഡുകളും തണല്‍മരങ്ങളുള്ള നടപ്പാതകളും നമ്മുടെ രാജ്യത്തെ സാധാരണ കാഴ്ചയല്ലല്ലോ. ഭിന്നശേഷി സൗഹൃദമായ നടപ്പാതകള്‍ അഥവാ നവജാത ശിശു മാതൃ സൗഹൃദ പാതകള്‍ അതില്‍ എടുത്തു പറയേണ്ട ഒന്നാണ്. നവജാത ശിശുക്കളെ കിടത്തിയുള്ള സ്ട്രോളറും ഉരുട്ടിപ്പിടിച്ചു പോകുന്ന രക്ഷിതാക്കളും തികച്ചും സാധാരണ കാഴ്ചയാണ്. കുട്ടികളുമായി പുറത്തുവരുന്ന അവരുടെ ജീവിതരീതി ശിശുസൗഹൃദം മാത്രമല്ല മാതൃസൗഹൃദം കൂടിയാണെന്നത് എടുത്തു പറയേണ്ടതാണ്.

സൈനികർക്കായി കൊളുത്തിയ തീ അണയാത്ത 28 പാര്‍ക്ക്
കസാഖ്സ്താനിലെ സിം എടുത്ത് അവിടുത്തെ കാബ് സർവീസ് ആപ്പ് ഡൗൺലോഡ് ചെയ്തതിനാൽ ഡെസ്റ്റിനേഷനിൽ മിതമായ നിരക്കിൽ എത്തുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ആസ്വാസമായിരുന്നു. ഒന്നര ദിവസത്തെ പരിപൂര്‍ണ റെസ്റ്റിനു ശേഷം കസാഖ്സ്താനിലെ ഏറ്റവും പ്രശസ്ത പാര്‍ക്കായ 28 പാര്‍ക്ക് അഥവാ പാന്‍ഫിലോവ് പാര്‍ക്ക് കാണാനായി പുറപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ അധിനിവേശത്തിനെതിരേ പോരാടി വീരമൃത്യു വരിച്ച സോവിയറ്റ് വീര സൈനികരാണ് പാന്‍ഫിലോവിന്റെ 28 സേന. ജര്‍മ്മന്‍ ടാങ്കറുകള്‍ വരെ തകര്‍ത്ത് കൊണ്ട് ഇവര്‍ നടത്തിയ പ്രതിരോധം മോസ്‌കോയിലേക്കുള്ള ജര്‍മ്മന്‍ അധിനിവേശത്തെ തടയുന്നതില്‍ വലിയ പങ്ക് വഹിച്ചു. പാന്‍ഫിലോവ് സഖ്യത്തിലുള്ളവരില്‍ ബഹുഭൂരിഭാഗവും കസാഖ്സ്താന്കാരായിരുന്നു. സൈനികരുടെ പ്രതിമയും അവരുടെ സ്മരണയില്‍ കൊളുത്തിയ അണയാതെ കത്തുന്ന വിളക്കും ആണ് ഈ പാര്‍ക്കിന്റെ കവാടത്തില്‍ കാണാനാവുക. ഈജിപ്തിനു പിരമിഡ് പോലെ, ഇറ്റലിക്കു പിസ ഗോപുരം പോലെ, പാരീസിന് ഈഫല്‍ ടവറുപോലെയാണ് കസാഖ്സ്താന് ഈ പാര്‍ക്കും പ്രതിമയും.

പാര്‍ക്കിനുള്ളില്‍ തന്നെയാണ് അല്‍മാട്ടിയിലെ അസന്‍ഷന്‍ കത്രീഡല്‍. പള്ളിക്കുമുന്നിൽ നമ്മെ വരവേൽക്കാൻ വലിയ പ്രാവിൻ കൂട്ടം തന്നെയുണ്ട്. പ്രാവിനു കൊടുക്കാനുള്ള തീറ്റയും അവിടെ നിന്ന വാങ്ങാൻ കിട്ടും . ഇഷ്ടമുള്ളവർക്ക് പ്രാവിനെ ഊട്ടാം. പ്രാവിൻ കൂട്ടത്തെയും അതിനു പിന്നിൽ മഞ്ഞനിറത്തിൽ പഴയ കൊളോണിയൽ ആർക്കിടെക്ചറിൽ നിർമ്മിച്ച പള്ളിയും പശ്ചാത്തലമാക്കി മനോഹര പടങ്ങളുമെടുക്കാം. കസാഖ്സ്താന് യാത്രയില്‍ ഓരോ സഞ്ചാരിയും സൂക്ഷിച്ചു വെക്കുന്ന ഒരുപിടി ചിത്രങ്ങളിലൊന്നാണ്.
ഗ്രീന്‍മാര്‍ക്കറ്റ്
കോഴിക്കോട് പാളയം മാര്‍ക്കറ്റിന്റെയും മിഠായിത്തെരുവിന്റെയും അടച്ചിട്ട രൂപമാണ് അല്‍മാട്ടിയിലെ ഗ്രീന്‍ മാര്‍ക്കറ്റ്. തൂക്കിയിട്ട് വില്‍ക്കുന്ന കുതിരയിറച്ചി, കുതിരപ്പാല്‍, ഉപ്പിലിട്ട കൂണുകള്‍, ഉണക്കിയ പാലുത്പന്നങ്ങളായ കുര്‍ത്തുകള്‍, കസാഖ്സ്താന് ചായപ്പൊടികള്‍, വൂളന്‍ വസ്ത്രങ്ങള്‍ എന്നിവ കാണാനും വാങ്ങാനും താത്പര്യമുണ്ടെങ്കില്‍ ഗ്രീന്‍ മാര്‍ക്കറ്റ് കറങ്ങുന്നത് നന്നാവും. കസാഖ്സ്താനിലെ ഏറ്റവും പ്രചാരമേറിയ ഭക്ഷണമായ കാസിയുണ്ടാക്കാൻ ഉപയോഗിക്കുന്ന കുതിര സോസേജുകൾ ഗ്രീൻമാർക്കറ്റിൽ ലഭിക്കും.

പല വിധ ഫ്ലേവറുകളിലുള്ള സോസേജുകൾ വാങ്ങാൻ അൽമാട്ടിക്കാർ ആശ്രിയിക്കുന്നത് ഗ്രീൻ മാർക്കറ്റിനെയാണ്. കസാഖ്സ്താനില്‍ നിന്നു നിര്‍ബന്ധമായും വാങ്ങേണ്ടത് അവിടെ ഉത്പാദിപ്പിക്കുന്ന ചോക്ലേറ്റുകളാണ്. അത് വാങ്ങാന്‍ എന്തുകൊണ്ടും മികച്ച ഇടം റാക്കത്ത് ആണ്. വൂളൻ വസ്ത്രങ്ങൾ നാട്ടിൽ നിന്നു വാങ്ങിയത് നന്നായെന്ന തോന്നി. രൂപയേക്കാൾ മൂല്യം കുറവാണ് കസാഖ് ടിങ്കെക്കെങ്കിലും പണപ്പെരുപ്പെ വളരെ കൂടുതലാണ് കസാഖ്സ്താനിൽ നമ്മുടെ നാട്ടിലെ മാർക്കറ്റിലെ വസ്ത്രങ്ങളുടെ അഞ്ചിരട്ടി കാശാവും ഗ്രീൻമാർക്കറ്റിൽ നിന്നുള്ള സാധനങ്ങൾക്ക്. എങ്കിലും കസാഖ്സ്താൻ ചായപ്പൊടി അവിടെ മാത്രമേ കിട്ടൂ എന്നുള്ളത് കൊണ്ട് അതിനായി കാശ് ചെലവാക്കാവുന്നതാണ്. ഇന്ത്യൻ ചായ പോലെയല്ല. ഇവരുടെ ചായപ്പൊടിയെന്നാൽ വിവിധതരം ചെടികളുടെ ഉണക്കിയ ഇലകളും പൂവുകളും പഴങ്ങളുമാണ്. 500 ഇന്ത്യൻ രൂപ മുതൽ നല്ല മദ്യം കിട്ടും കസാഖ്സ്താനിൽ. അതും നല്ല റഷ്യൻ, കസാഖ്സ്താൻ വോഡ്ക. സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാൻ രണ്ട് കുപ്പി വോഡ്കയും ഇഷ്ടമുള്ളവർക്ക് വാങ്ങാം.

കെബിടിയു ബില്‍ഡിങ്
അൽമാട്ടി സിറ്റിയിൽ തന്നെ സ്ഥിതി ചെയ്യുന്ന കെബിടിയു കെട്ടിടം കസാഖ്സ്താനിലെ ഏറ്റവും ചരിത്ര പ്രധാന്യമുള്ള കെട്ടിടങ്ങളിൽ ഒന്നാണ്. ഇവിടെ വെച്ചാണ് സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പിരിഞ്ഞുകൊണ്ടുള്ള ഉടമ്പടിയില്‍ കസാഖ്സ്താന് ഒപ്പിട്ടതെന്ന് കസാഖ്സ്താന്കാരിയായ സുഹൃത്ത് ഡാന പറഞ്ഞാണറിയുന്നത്. അവിടെ നിന്ന് അര്‍ബാത്ത് സ്ട്രീറ്റിലേക്ക് വെച്ചുപിടിച്ചു. ചെറു നടത്തം ആസ്വദിക്കാവുന്ന അല്‍മാട്ടിയിലെ സാംസ്‌കാരിക പൈതൃക പാതയാണത്.

നഗരത്തിലെ മഞ്ഞുമല
കസാഖ്സ്താനിലെ അവസാനദിന കറങ്ങലിലേക്ക് ഞങ്ങള്‍ കരുതി വെച്ച ഇടമാണ് ഷിംബൊല്ലാക്കും കൊക്തുബെയും. ശരത് കാലയാത്രികര്‍ക്ക് അല്‍മാട്ടിയിൽ മഞ്ഞും മഞ്ഞുമലയും കാണണമെങ്കില്‍ ഷിംബൊല്ലാക്കില്‍ തന്നെ പോവണം. അല്‍മാട്ടിയിൽ നിന്ന് 30 കിലോമീറ്റര്‍ താഴെ മാത്രം ദൂരമുള്ളൂ ഷിംബൊല്ലാക്കിലേക്ക്. ഷിംബൊല്ലാക്ക് മലനിരയുടെ താഴ്വാരം മെഡ്യു എന്നാണ് പറയുന്നത്. ശൈത്യകാലത്ത് ഐസ്സ്‌കേറ്റിങ് നടക്കുന്ന സ്ഥലമാണ് മെഡ്യു. ഞങ്ങള്‍ ചെന്നപ്പോള്‍ ഐസൊന്നുമില്ലാതെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് പോലെയാണ് കിടന്നിരുന്നത്. അതിനു സമീപം ഗോള്‍ഡന്‍ ഈഗിളിനെ തോളത്തിരുത്തി ഫോട്ടെയടുക്കാം. നാല് ഫോട്ടോയ്ക്ക് നമ്മുടെ നാട്ടിലെ രണ്ടായിരം രൂപയിലധികം വരും. കസാഖ് പരമ്പരാഗതവേഷം ധരിച്ചുള്ള നല്ല ക്ലാരിറ്റിയുള്ള വ്യത്യസ്തമായ ഫോട്ടോ ലഭിക്കാന്‍ ഒന്നു പരീക്ഷിക്കാവുന്നതാണ്. അവിടെ നിന്ന് റോപ്പ്വേ വഴിയാണ് ഷിംബോല്ലാക്ക് മലനിരകളിലെത്താനാവുക. മഞ്ഞു പുതഞ്ഞ താഴ്വാരത്തിനു മുകളിലൂടെ നാല് പേര്‍ക്ക് ഇരിക്കാവുന്ന ഗ്ലാസ്സ് കൂടിലിരുന്ന് മലമുകളിലേക്കുള്ള റോപ്പ്വേ യാത്ര വര്‍ണനാതീതമാണ്.

പശ്ചാത്തലത്തിൽ ഷിംബൊല്ലാക് മലനിരകൾ കാണാം. ആ മഞ്ഞു പുതച്ച മലനിരയിലാണ് റോപ്പ്വേയുടെ അവസാനത്തെ സ്റ്റേഷൻ
ഇടയ്ക്കുള്ള സ്‌റ്റേഷനിലൊക്കെ ഇറങ്ങി കറങ്ങി നടന്ന് ഫോട്ടോയെടുക്കാം അവിടങ്ങളിലെ ചെറിയ കോഫി ഷോപ്പില്‍ നിന്നും റെസ്റ്റോറന്റില്‍ നിന്നും ലഘു ഭക്ഷണങ്ങളും കഴിക്കാം. പശ്ചാത്തലത്തില്‍ മഞ്ഞു പുതച്ച മലയിലിരുന്നു കൊണ്ടുളള കാപ്പി കുടി തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു. ഏറ്റവും അവസാന സ്‌റ്റേഷന്‍ വരെയുള്ള റോപ്പ്വേ ടിക്കറ്റെടുത്തത് നന്നായെന്ന് തോന്നി. തുറന്നിട്ട റോപ്പ്വേയിലായിരുന്നു ആ സാഹസികയാത്ര. സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷനുകളിലേക്കുള്ള റോപ്പ്വേ യാത്രകളില്‍ ഏറ്റവും ആസ്വദിച്ചതും ആ തുറന്നിട്ട യാത്ര തന്നെ. പൂര്‍ണമായും മഞ്ഞുമൂടിയ നിലമാണ് അവസാന സ്‌റ്റേഷനില്‍. വെള്ളപുതച്ച പശ്ചാത്തലത്തിൽ എവിടെ വെച്ച് ഫോട്ടോയെടുത്താലും മനോഹരമായ ഫ്രെയിമുകൾ ലഭിക്കും. വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്ത് ആ കാഴ്ച കാട്ടിക്കൊടുക്കാനും മറന്നില്ല. മൈനസ് 25 ഒക്കെയാണ് താപനില എന്നതിനാൽ അധികം അവിടെ നില്‍ക്കാനായില്ല. ഒരു മണിക്കൂറിനടുത്ത് ചെലവഴിച്ച് ഞങ്ങള്‍ വേഗം തന്നെ റോപ്പ്വേയിലേയ്ക്ക് മടങ്ങി.
കളിക്കളങ്ങളുടെ കോക്തുബെ
അന്ന് വൈകുന്നേരം പോയത് കോക്തുബെയിലേക്കാണ്. കസാഖ്സ്താനിലേക്ക് വരുന്ന എല്ലാ ടൂറിസ്റ്റുകളും പോകുന്ന ഏറ്റവും പോപ്പുലറായ ഇടമാണ് കോക്തുബെ. കുഞ്ഞു മൃഗശാലയും പലതരം കളികളും തലതിരിഞ്ഞ വീടുമൊക്കെയായി റിലാക്‌സ് ചെയ്ത് ഉലാത്താന്‍ പറ്റിയ ഇടമാണ് കോക്തുബെ. നിറയെ കട്ടി രോമങ്ങളുള്ള കസാഖ്സ്താനിലെ അണ്ണാനും മാനുകളും എമുവുമൊക്കെയുള്ള മൃഗശാലയിൽ ഒരു കൗതുകം കൂടിയുണ്ടായിരുന്നു. നമ്മുടെ നാടന്‍ പൂവന്‍കോഴി. കൂട്ടിനകത്തുള്ള നമ്മുടെ നാടന്‍ കോഴിക്കൂട്ടത്തെ തമാശയോടെയാണ് ഞങ്ങള്‍ കണ്ടത്.

നാട്ടിലുള്ളവര്‍ക്ക് നല്‍കാനുള്ള നല്ല സമ്മാനങ്ങള്‍ക്ക് പറ്റിയ സാധനങ്ങളും കോക്തുബയില്‍ ലഭിക്കും. ചെന്നായ നഖം കൊണ്ടുള്ള കീചെയിന്‍, കസാഖ്സ്താന് പതാകയും മാപ്പും പതിച്ച പാത്രങ്ങള്‍, അവരുടെ കമ്പളി വസ്ത്രങ്ങള്‍ എല്ലാം അറവുവിലയ്ക്കല്ലാതെ ലഭിച്ചത് കോക്തുബയില്‍ നിന്നാണ്. ഗ്രീന്‍ മാര്‍ക്കറ്റിനേക്കാള്‍ ഗിഫ്റ്റ് നല്‍കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പറ്റിയ ഇടം കോക്തുബെയാണ്. പക്ഷേ, നന്നായി വിലപേശാന്‍ കൂടി അറിയണം. അല്‍മാട്ടിയിലെ അല്‍മ എന്ന വാക്കിനര്‍ഥം ആപ്പിളെന്നാണ്. കോക്തുബെയില്‍ ആപ്പിളന്റെ വലിയൊരു ഗ്രാനൈറ്റ് രൂപമുണ്ട്.. ആപ്പിളിന്റെ കുഞ്ഞന്‍ ഗ്രാനൈറ്റ് രൂപങ്ങളും കോക്തുബയില്‍ ലഭിക്കും. അവസാന ദിനം കസാഖ്സ്താനിലെ മലയാളി സുഹൃത്ത് വിപിന്‍ പറഞ്ഞാണ് അബായ് മെട്രോ എസ്‌കലേറ്ററില്‍ കയറാനാണ് അബായിലേക്ക് പോയത്.എസ്‌കലേറ്ററിലെ താഴത്തെ സ്‌റ്റെപ്പില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ കാണാത്തത്ര ആഴമേറിയതാണ്.

മെട്രോയ്ക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് കസാഖ്സ്താന് ചായപ്പൊടിയും മദ്യക്കുപ്പികളും വാങ്ങിയത്. നാട്ടിലെ 400 രൂപ മുതലുള്ള വിലയ്ക്ക് അരലിറ്റര്‍ വോഡ്ക ലഭിക്കും. ബാഗിലെ മാക്‌സിമം കപ്പാസിറ്റി മൂന്ന് ലിറ്ററായതിനാല്‍ അധികം വാങ്ങാനാവില്ല. പക്ഷേ, സുഹൃത്തുക്കൾക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് റഷ്യന്‍ വോഡ്കയും ചോക്ക്‌ലേറ്റും.
അന്ന് രാത്രി കസാഖ്സ്താനിലെ ഇന്ത്യന്‍ യോഗഗുരു സന്ദീപിന്റെയും ഭാര്യ കസാഖ്സ്താന്കാരിയായ ഐജാന്റെയും വക അല്‍മാട്ടിയിലെ പൈതൃക ഹോട്ടലായ നവാത്തില്‍ അത്താഴവിരുന്നുണ്ടായിരുന്നു. കസാഖ്സ്താനിലെ ഏറ്റവും പ്രസിദ്ധ വിഭവമായ ബെഷ്‌ബെര്‍മാക്ക് അന്നാണ് ആദ്യമായി രുചിക്കുന്നത്. ബെഷ്ബെര്‍മാക് എന്ന വാക്കിനര്‍ഥം അഞ്ച് വിരലുകള്‍ എന്നാണ്. വിരല് കൊണ്ട് കഴിക്കേണ്ട ഭക്ഷണം എന്ന അര്‍ഥത്തിലാണ് ഇതിനാ പേര് വീണത്. കുതിരയിറച്ചികൊണ്ടുള്ള ബെഷ്ബര്‍മാക് കസാഖ്സ്താന്കാര് തങ്ങളുടെ ഏറ്റവും വിശിഷ്ടാതിഥികള്‍ക്ക് മാത്രം നല്‍കുന്ന വിഭവമാണ്. വയറുനിറഞ്ഞാല്‍ മനസ്സു നിറയും എന്ന് പറയും പോലെ അല്‍മാട്ടിയില്‍ നിന്നുള്ള ഉള്ളം നിറഞ്ഞ മടക്കമായിരുന്നു ഞങ്ങളെ സംബന്ധിച്ച് 60 ശതമാനത്തോളം മുസ്ലിങ്ങളുള്ള കസാഖ്സ്താനില്‍ മതമോ മതരീതികളോ അത്രയും ദിവസത്തെ യാത്രയ്ക്കിടിയില്‍ എവിടെ വെച്ചും കാണാനിടയായിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. തട്ടമിട്ട സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ തന്നെ ഉണ്ടോ എന്ന സംശയം. തീര്‍ത്തും സെക്യുലറായ ജീവിതരീതി നയിക്കുന്ന ശാന്തരായ മനുഷ്യര്‍ ഒരു കാലത്തെ സോവിയറ്റ് യൂണിയന്റെ സാംസ്‌കാരിക ശേഷിപ്പായിരിക്കാം എന്നാണ് തോന്നിയത്.

വിസ ഫ്രീ- ഏതാനും വര്‍ഷമായി ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ ആക്കിയതാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. കസാഖ്സ്താനില്‍ പോയി 15 ദിവസത്തിനുള്ളില്‍ തിരിച്ചുവരുന്നവര്‍ക്ക് മാത്രമേ ഫ്രീ വിസ ലഭിക്കൂ. അതിനാല്‍ ഡല്‍ഹി എയര്‍പോട്ടില്‍ എമിഗ്രേഷനില്‍ റിട്ടേണ്‍ ടിക്കറ്റ് നിര്‍ബന്ധമായും നമ്മള്‍ കാണിക്കേണ്ടതുണ്ട്. പാക്കേജ് ട്രിപ്പല്ലെങ്കില്‍ താമസിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ ബുക്കിങ് വിവരങ്ങളും കയ്യില്‍ കരുതുന്നത് പ്രയോജനം ചെയ്യും.
താമസം- വാഷിങ് മെഷീന്‍, അടുപ്പ് സൗകര്യമുള്ള ഫുള്ളി ഫര്‍ണിഷ്ഡ് അപാര്‍ട്‌മെന്റ് പ്രതിദിനം 4000 രൂപയ്ക്ക് ബുക്ക് ചെയ്തിരുന്നു. പ്രതിദിനം 2000 രൂപ ചെലവുള്ള ഡോര്‍മെട്രികളും ലഭ്യമാണ്.
ചെലവ്- രൂപയേക്കാള്‍ മൂല്യം കുറവുള്ള ടിങ്കെയാണ് കസാഖ്സ്താനിലെ കറന്‍സി. ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് അഞ്ച് ലക്ഷം കസാഖ് ടിങ്കെ കിട്ടും. പോകുന്നതിനു മുമ്പ് കാശ് ഡോളറിലാക്കി അല്‍മാട്ടി എയര്‍പോട്ടിലെത്തിയയുടന്‍ ടിങ്കെയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതാണ് ഉത്തമം. രൂപയേക്കാള്‍ മൂല്യം കുറവായതിനാല്‍ ഒരുപാടു സാധനങ്ങള്‍ വാങ്ങിക്കാം എന്ന് വിചാരിക്കണ്ട. ഒരു കീച്ചെയിനിന് ചുരുങ്ങിയത് മൂവായിരം ടിങ്കെയാവും. പെട്രോളിന് വെള്ളത്തേക്കാള്‍ വില കുറവാണെന്ന് പല സന്ദര്‍ഭങ്ങളിലും തോന്നിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് അല്‍മാട്ടിയിലെ താമസസ്ഥലത്തേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു പക്ഷേ, വെറും 2800 ഡിങ്കെയാണ് ടാക്‌സിക്ക് ചെലവായത്. പക്ഷേ, അരലിറ്റര്‍ വെള്ളത്തിന് 500 ഡിങ്കെയാണ് നല്‍കേണ്ടി വന്നത്.





+5
Content Highlights: Kazakhstan places Almaty shymbolak koktobe 28 park kbtu internationaltrip,nileena atholi
Published: 21 May 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented