നാളിതുവരെ കണ്ട കടല്‍കാഴ്ച്ചകളെല്ലാം മാറിമറിയും ലക്ഷദ്വീപിലെ കടലു കണ്ടാല്‍. താളത്തിലടിക്കുന്ന തിരമാലകളോ അവയുടെ ഇരമ്പലോ ഇല്ലാതെ നിശ്ചലമായൊരു കിടപ്പാണ്. നിശബ്ദതയാണ് അതിന്റെ സ്ഥായീഭാവം. കവരത്തിയില്‍ കപ്പലിറങ്ങിയ അന്നു മുതല്‍ പോരുംവരെ മതിമറന്ന് അനുഭവിച്ചത് കടല്‍ക്കാഴ്ചകളായിരുന്നു.

To advertise here,

ആദ്യഭാഗം വായിക്കാം: കടല്‍ കടന്ന് കപ്പല്‍ കയറി ലക്ഷദ്വീപിലേക്ക് യാത്ര | ഭാഗം 01......

24 മണിക്കൂറിലധികം നീണ്ട കപ്പൽയാത്രക്കൊടുവിൽ വൈകുന്നേരമാണ് കപ്പൽ  കവരത്തിയിലെത്തിയത്. കാലു കുത്തിയ ആദ്യമാത്രയില്‍ തന്നെ കടല്‍ വല്ലാതാകര്‍ഷിച്ചു. ഞങ്ങളുടെ താമസം പോര്‍ട്ടിനടുത്തുള്ള ചെറുവാടകക്കെട്ടിടത്തിലായിരുന്നു. ചെന്നയുടനെ തന്നെ ദ്വീപിലെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ബൈക്ക് വാടകക്കെടുത്തു. പ്രതിദിനം 150 രൂപക്ക് ബൈക്ക് വാടകക്ക് ലഭിക്കും. ബൈക്കും കൊണ്ട് ആ വൈകുന്നേരം തന്നെ ഞങ്ങള്‍ കടല്‍ കാണാനിറങ്ങി.  വെറും 9 ചതുരശ്ര കിലോ മീറ്റർ മാത്രം വലിപ്പമുള്ള കവരത്തി കാണാന്‍ ബൈക്ക് തന്നെ ധാരാളമാണ്...  

തിരക്ക് അധികമില്ലാത്ത  കടലോരം നോക്കിയായിരുന്നു പോക്ക്. നിശബ്ദമായി കിടക്കുന്ന കടലും അതിലെ ചെറുവഞ്ചികളും ചേര്‍ന്ന് എവിടെ നിന്നെടുത്താലും മനോഹര ഫ്രെയിമുകള്‍ മാത്രം. താമസിക്കുന്നിടത്ത് നിന്നു കഷ്ടിച്ച് 500 മീറ്റർ ദൂരമേ ഉള്ളൂ അങ്ങോട്ട്..ലഗൂണുകളുടെ സാന്നിധ്യമാണ് തിരരഹിതമായ ഈ കടലിന്റെ പിന്നിലെ രഹസ്യം. സ്വിം സ്യൂട്ടണിഞ്ഞ് ഒറ്റച്ചാട്ടമായിരുന്നു കടലിലേക്ക്. നമ്മുടെ കടലിനേക്കാള്‍ ഉപ്പുരസം കൂടുതലാണ് ദ്വീപിലെ കടല്‍വെള്ളത്തിന്. ആ കടുത്ത ഉപ്പുരസം കടലില്‍ മുഖമാഴ്ത്തുന്നതില്‍നിന്ന് എന്നെ തെല്ലൊന്ന് നിരുത്സാഹപ്പെടുത്തി എന്നും പറയാം. 

പവിഴപ്പുറ്റുകൾ നിറഞ്ഞ കടൽ തീരം

നമ്മുടെ നാട്ടില്‍ കക്കകള്‍ കാണാന്‍ കിട്ടുന്നതു പോലെ കവരത്തിയിലെ കല്‍ത്തീരങ്ങള്‍ നിറയെ പൊട്ടിയ പവിഴപ്പുറ്റിന്‍ കഷ്ണങ്ങളാണ്. പവിഴപ്പുറ്റിന്‍ കഷ്ണങ്ങളും മറ്റും തറച്ച് കാലുമുറിയാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ആ വെള്ളത്തില്‍ അന്ന് സന്ധ്യ മയങ്ങുംവരെ മതിവരുവോളം കളിച്ചു. ഗോഗിള്‍സ്(വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന കണ്ണട) ഉണ്ടായിരുന്നതിനാല്‍ വെള്ളത്തില്‍ മുങ്ങി കടലിനടിഭാഗം കാണാനുള്ള ശ്രമവും നടത്തി.  എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അടിത്തട്ടില്‍ അത്രയേറെ കടല്‍വെള്ളരികള്‍ കാണാമായിരുന്നു. സ്‌നോര്‍ക്കല്‍( വെള്ളത്തിനടിയില്‍ വെച്ച് ശ്വസിക്കാനുപയോഗിക്കുന്ന പൈപ്പ്- ഈ പൈപ്പുപയോഗിച്ച് ശ്വസിച്ച് വെള്ളത്തിനടിഭാഗം കാണാന്‍ ശ്രമിക്കുന്നതിനെയാണ് സ്‌നോര്‍ക്കലിങ് എന്ന പറയുന്നത്) ഉണ്ടായിരുന്നെങ്കില്‍ കുറെ നേരെ ശ്വാസം വലിച്ച കൊണ്ടു തന്നെ മുങ്ങിക്കിടക്കാമായിരുന്നു എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ഒരു ദ്വീപു നിവാസി സഹായത്തിനെത്തിയത്.

അദ്ദേഹം തന്ന സ്നോർക്കൽ ഉപയോഗിച്ച് സ്‌നോര്‍ക്കലിങ്ങും ചെയ്തു. വെള്ളത്തില്‍ മുങ്ങുമ്പോള്‍ ശ്വസിക്കാന്‍ സ്‌നോര്‍ക്കല്‍ സഹായിക്കും. നല്ല തെളിഞ്ഞ വെള്ളത്തിനുള്ളിലെ കടല്‍ജീവികളെ തെളിഞ്ഞു കാണാൻ ഗോഗിൾസ് സഹായിച്ചു. ലക്ഷദ്വീപിലേക്കു വരുന്നവര്‍ നാട്ടില്‍നിന്നു തന്നെ ഒരു സ്‌നോര്‍ക്കല്‍ വാങ്ങി കയ്യില്‍ വെക്കുന്നതാണ് നല്ലത്. മറ്റുള്ളവര്‍ വായ കൊണ്ട് ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. സ്‌നോര്‍ക്കലിങ് ചെയ്യുമ്പോള്‍ വെള്ളത്തിനടിയില്‍ കൂടുതലും കായ്ച്ച വെള്ളരി കണക്കെ വെള്ളത്തിനടിത്തട്ടില്‍ അനങ്ങാതെ കിടക്കുന്ന കൽവെള്ളരികളെയായിരുന്നു. ചില കടല്‍വെള്ളരികള്‍ ചൊറിയുമെന്ന അറിവുള്ളതിനാലും ഇവയെ പിടിക്കുന്നത് നിയമവിരുദ്ധമായതിനാലും തൊടാനേ പോയില്ല. ചവിട്ടിപ്പോവുമോ എന്ന ഭയത്താല്‍ വെള്ളത്തില്‍നിന്ന് സന്ധ്യയായപ്പോഴേക്കും കരകയറി.

placeholder
കടൽ വെള്ളരി | By © Hans Hillewaert, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=15276004

കടത്തുകാരുടെ കടല്‍വെള്ളരി

ജൈവ അവശിഷ്ടങ്ങള്‍ തിന്ന് ദഹിപ്പിച്ച് പുനചക്രമണം ചെയ്യുന്നതില്‍ കടല്‍വെള്ളരിക്ക് വലിയ പങ്കുണ്ട്. കടലിനുള്ളിലെ ഭക്ഷ്യവിഭവങ്ങളെ വിഘടിപ്പിച്ച് ചെറുമത്സ്യങ്ങള്‍ക്ക് ആഹാരം ലഭ്യമാക്കുകയും അതുവഴി ചെറു മത്സ്യങ്ങളെ ആഹാരമാക്കുന്ന വലിയ മത്സ്യങ്ങളെയും അവയെ ആശ്രയിച്ചു ജീവിക്കുന്ന പക്ഷികളെയും അതുവഴി ലക്ഷ്ദ്വീപ് ജനതയുടെ ജീവിതത്തെയും സഹായിക്കുന്നു. ഇവ മാലിന്യം ആഹാരമാക്കി നൈട്രജനും ഫോസ്ഫറസ്സും ഉത്പാദിപ്പിച്ച് സമുദ്രഅടിത്തട്ടിനെ പോഷകസമ്പുഷ്ടമാക്കി കൂടുതല്‍ ജീവികള്‍ വളരാന്‍ അനുയോജ്യമാക്കുകയും ചെയ്യുന്നു. ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇവ ശേഖരിക്കുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാക്കുന്നതും മറൈന്‍ വാച്ചേഴ്സിനെ നിയമിക്കുന്നതും. കോടികളുടെ കള്ളക്കടത്തിനുപയോഗിക്കുന്ന ജീവിയാണ് കടൽവെള്ളരി. ശ്രീലങ്ക വഴി ചൈനയിലേക്ക് കള്ളക്കടത്തുകാർ ഇതിനെ കയറ്റി അയക്കാറുണ്ടെന്ന് അവിടങ്ങളിലെ ചില മുൻ മറൈൻ വാച്ചേർസിനോട് സംസാരിച്ചപ്പോൾ മനസ്സിലാക്കാനായി

തിരികെ റൂമിലേക്ക് വരുംവഴി മത്സ്യത്തൊഴിലാളികള്‍ പിടയ്ക്കുന്ന മീനുമായി കയറി വരുന്നുണ്ടായിരുന്നു. ലക്ഷദ്വീപുകാര്‍ ചൂര മത്സ്യമാണ് കൂടുതലും കഴിക്കുന്നത്. കറി, പൊരിച്ചതു തുടങ്ങി കടല്റ്റ്, സമൂസ, സാന്‍ഡ്‌വിച്ച് വരെ എല്ലാം ചൂരമയമാണ്. ദ്വീപെത്തും മുമ്പെ ലക്ഷദ്വീപ് സുഹൃത്തുക്കള്‍ പറഞ്ഞു കൊതിപ്പിച്ച ചൂര സമൂസയും ചൂര കട്‌ലറ്റും കഴിച്ചു. ഗംഭീര ടേസ്റ്റായിരുന്നു.

placeholder
നീരാളി(അപ്പൻ) ഫ്രൈയും തേങ്ങാച്ചോറും ചൂരക്കറിയും

ലക്ഷദ്വീപിലെ കവി സലാഹുദ്ദീന്റെ വീട്ടിലായിരുന്നു രാത്രി ഭക്ഷണം. തേങ്ങാച്ചോറും അപ്പൻ ഫ്രൈയുമടക്കം ലക്ഷദ്വീപ് സ്പെഷ്യലായിരുന്നു അത്താഴത്തിന്. ലക്ഷദ്വീപുകാരുടെ തനത് ഭക്ഷണമാണ് തേങ്ങാച്ചോര്‍. തേങ്ങാപ്പാലിൽ ചോറ് വേവിച്ചെടുത്തുണ്ടാക്കുന്ന വിഭവമാണ് തേങ്ങാച്ചോര്‍. നീരാളിക്ക് ലക്ഷദ്വീപുകാര്‍ പറയുന്ന പേരാണ് അപ്പന്‍. കൂന്തളിന്റേതിന് സമാനമായ രുചിയാണ് അപ്പന്. ഭക്ഷണശേഷം രാത്രി താമസസ്ഥലത്തേക്ക് മടങ്ങി. ചെറിയ ഇടവഴികളുള്ള റോഡിലൂടെ പോകുമ്പോള്‍ 20 വര്‍ഷം മുമ്പുള്ള നാട്ടിടവഴികള്‍ മനസ്സിലേക്ക് വന്നു. ലൈറ്റ് പൊല്ലൂഷനോ സൗണ്ട് പൊല്ലൂഷനോ ഇല്ലാതെ നിശബ്ദമായ രാത്രിയാണ് ലക്ഷദ്വീപ് സമ്മാനിച്ചത്. തിരയടി ഇല്ലാത്തിനാല്‍ തന്നെ മുന്നില്‍ ശബ്ദമില്ലാതെ പരന്നു കിടക്കുന്ന കടല്‍ ഒരു വല്ലാത്ത അനുഭൂതിയാണ് സമ്മാനിച്ചത്. 

placeholder
കവരത്തിയിലെ ലൈറ്റ്ഹൈസിൽ ലേഖിക

കവരത്തിയില്‍ വീടുകളായും ലോഡ്ജായും താമസസൗകര്യങ്ങളുണ്ട്. പാക്കേജില്ലാതെ വരുന്നവര്‍ക്ക് 500 രൂപ മുതലുള്ള താമസസൗകര്യം ലഭിക്കും. സൗകര്യങ്ങള്‍ കൂടുതലുള്ളവക്ക് പ്രതിദിനം 1000-ത്തിലധികം വരും. ഞങ്ങളുടെ താമസസ്ഥലത്തിന് മുന്നില്‍ തന്നെ കടലായിരുന്നു. നെറ്റ്‌വർക്ക്‌ കണക്ടിവിറ്റിയുടെ കാര്യത്തിൽ ലക്ഷദ്വീപിലെ അവസ്ഥ ശോകമായതിനാല്‍ വീട്ടിലേക്കൊന്നും വിളിച്ച് ഇവിടത്തെ എക്‌സൈറ്റ്‌മെന്റ് അറിയിക്കാനോ വാട്‌സാപ്പില്‍ വീഡിയോ കോൾ വഴി ദ്വീപ് കാണിക്കാനോ ഒന്നും കഴിഞ്ഞില്ല. അധികം താസിയാതെ കടലിനടിയിലൂടെ വരുന്ന ഫൈബർ നെര്റ്വർക്കിങ് കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ലക്ഷദ്വീപുകാരുടെ പ്രതീക്ഷ. 

 അനാര്‍ക്കലി സിനിമയിലെ ലൈറ്റ് ഹൗസും ആകാശക്കാഴ്ചയും

പിറ്റേദിവസത്തെ ആദ്യ ലക്ഷ്യം പോലീസ് സ്റ്റേഷനായിരുന്നു. പെര്‍മിറ്റെടുത്ത് വരുന്നവര്‍ എത്രയും വേഗം  സ്റ്റേഷനില്‍ പോയി രജിസ്റ്ററില്‍ ഒപ്പുവെക്കണം. മറ്റ് ദ്വീപുകളിലേക്ക് പോകുംമുമ്പും ദ്വീപില്‍നിന്ന് മടങ്ങുമ്പോഴെല്ലാം സ്റ്റേഷനിലെത്തി മുറമുറയായി കാര്യങ്ങള്‍ ധരിപ്പിക്കേണ്ടതുണ്ട്.അതിനുശേഷം അനാർക്കലി സിനിമയിൽ ചില സീനുകളിൽ വരുന്ന ലൈറ്റ് ഹൗസ് കാണാനായി യാത്ര തിരിച്ചു.  പോകും വഴി പെട്രോള്‍ അടിച്ചു. പണ്ട് റേഷന്‍ കട വഴിയായിരുന്നു പെട്രോള്‍ കൊടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ കവരത്തിയില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. ഞങ്ങളുണ്ടായിരുന്ന പല ദിവസങ്ങളിലും പെട്രോളിന് നീണ്ട ക്യൂവായിരുന്നു.

ലൈറ്റ് ഹൗസിലേക്കുള്ള വഴി അല്‍പം കുഴഞ്ഞുമറിഞ്ഞതായിരുന്നു. വഴിയില്‍ കണ്‍ഫ്യൂഷനടിച്ചു നിന്ന ഞങ്ങളെ കണ്ട് ഒരു സ്്കൂട്ടര്‍ യാത്രികന്‍ വഴി കാണിക്കാനെത്തി. ഏതാണ്ട് മൂന്ന് കിലോ മീറ്ററിലധികം ദൂരം ഞങ്ങളുടെ മുന്നില്‍ വഴികാട്ടിയായി വന്ന് ലൈറ്റ് ഹൗസ് കാണിച്ച് അയാള്‍ തിരിച്ചു പോയി. ദ്വീപിലെ താമസത്തിനിടയില്‍ സ്‌നോര്‍ക്കല്‍ തന്നും ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചും വഴി കാണിച്ചും പല രൂപത്തില്‍ അവിടുത്തെ മനുഷ്യരുടെ ദയാവായ്പ് ഞങ്ങളെ തേടിയെത്തിയിരുന്നു.

placeholder
പെട്രോൾ പമ്പിലെ ക്യൂ

കവരത്തിയുടെ മുഴുവന്‍ ഏരിയല്‍ വ്യൂ കാണാനുള്ള മികച്ച അവസരമാണ് ലൈറ്റ് ഹൗസ് നല്‍കുന്നത്. വൈകുന്നേരം 5 മുതല്‍ 6 മണി വരെ മാത്രമാണ് പ്രവേശാനുമതി. അരമണിക്കൂര്‍ നേരെ കാണാനുള്ള കാഴ്ചയേ ഉള്ളൂവെങ്കിലും അഞ്ചിനു തന്നെ എത്തിയാല്‍ വെളിച്ചം പോകുന്നതിന് മുമ്പ് നല്ല ഫോട്ടോസെടുക്കാം. 10 രൂപയാണ് പ്രവേശന ഫീ. കുറെയേറെ പടികള്‍ കയറാനുണ്ടെങ്കിലും മുകളിലത്തെ കാഴ്ച വാക്കുകള്‍ക്കതീതമായ അനുഭവമാണ്. ഈ ഭാഗത്തെ കടലിനു തിരയുണ്ട്. കവരത്തിയുടെ പടിഞ്ഞാറു ഭാഗത്ത് ലഗൂണ്‍ സാന്നിധ്യമില്ലാത്തതാണ് തിരകള്‍ക്ക് കാരണം.  

placeholder
കടൽക്കാഴ്ച കാണാനായി അടിഭാഗം ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ച ഗ്ലാസ് ബോട്ട്

ലഗൂണ്‍ മത്സ്യങ്ങളെ കണ്ടൊരു ഗ്ലാസ് ബോട്ട് യാത്ര

അടുത്ത ദിനം ഗ്ലാസ് ബോട്ടില്‍ കടല്‍കാഴ്ചകള്‍ കാണാന്‍ സാന്‍ഡി ബീച്ച് ലക്ഷ്യമിട്ടിറങ്ങി. ഒരാള്‍ക്ക് 1000 രൂപയാണ് ചാര്‍ജ്ജ്. വെളുത്ത മണല്‍പ്പരപ്പും അങ്ങിങ്ങ് രുദ്രാക്ഷം ചെടികളുമുള്ള മനോഹര ഇടമാണ് സാന്‍ഡിബീച്ച്. അവിടെനിന്ന് അരമണിക്കൂര്‍ നേരത്തെ കടല്‍ക്കാഴ്ച കാണാന്‍ ഗ്ലാസ്‌ബോട്ടില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ബോട്ടിനടിവശത്തെ കുറച്ചു ഭാഗങ്ങള്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചാണ് കടല്‍കാഴ്ച സാധ്യമാകുന്നത്. ബഹുവര്‍ണ്ണങ്ങളിലുള്ള ലഗൂണ്‍ മത്സ്യങ്ങളും പവിഴപ്പുറ്റുകളും കണ്ടുള്ള ആ അരമണിക്കൂര്‍ നേരം പോയതറിഞ്ഞില്ല. ജീവനുള്ള പവിഴപുറ്റുകള്‍ കടും നിറങ്ങളിലാണുണ്ടാവുക. പവിഴപ്പുറ്റിലെ ജീവികള്‍ ചത്ത് പവിഴപ്പുറ്റിന്റെ ജീവന്‍ നിലക്കുമ്പോഴാണ് അത് വെള്ളനിറമാകുന്നത്. ഗ്ലാസ് ബോട്ട് യാത്രയില്‍ ഞങ്ങള്‍ കൂടുതലും കണ്ടത് ചത്ത കോറലുകളായിരുന്നു. നാം കടലോരത്ത് കാണുന്നതെല്ലാം ബ്ലീച്ച് ചെയ്യപ്പെട്ട പവിഴപ്പുറ്റുകളാണ്. ചൂട് കൂടുമ്പോള്‍ കോറലിനുള്ളിലെ ആല്‍ഗകളെ ജീവികള്‍ പുറംതള്ളും. ചൂടുള്ള ഉച്ചസമയത്ത് പുറംതള്ളപ്പെട്ട ആല്‍ഗെകള്‍ കടല്‍പ്പരപ്പില്‍ ഒഴുകി നടക്കുന്നതും ആ യാത്രയില്‍ കണ്ടു.

placeholder
സാൻഡി ബീച്ച്

ലക്ഷദ്വീപിലെ കടലോരം മുഴുവനും പവിഴപുറ്റിന്‍ കഷണങ്ങള്‍ കാണാം.. കൂമ്പാരമായി കൂട്ടിയിട്ട പവിഴപ്പുറ്റുകള്‍ കണ്ടതോടെ അതിനോടുള്ള കൗതുകവും പോയി. പക്ഷെ, കടലിനുള്ളിലെ പവിഴപ്പുറ്റിന്റെ കാഴ്ച. അത് താരതമ്യങ്ങള്‍ക്കതീതമാണ്. ജീവനുള്ള കോറലുകള്‍ക്ക് പലനിറമാണ്. സ്‌കൂബ ഡൈവിങ്ങിന് പോയി ആ അത്ഭുതലോകം നേരില്‍ക്കണ്ടിരുന്നു. സ്‌കൂബ ഡൈവിങ് നടത്താനുദ്ദേശമുണ്ടെങ്കില്‍ ഗ്ലാസ് ബോട്ട് യാത്രയുടെ ആവശ്യമില്ല. കടലിനടിലെ കാഴ്ച നേരിട്ട് കണ്‍ കുളിര്‍ക്കെ കാണാനുള്ള അവസരം സ്‌കൂബ ഡൈവിങ്ങില്‍ ലഭിക്കും. 

കടലിലെ അത്ഭുത ലോകം അനുഭവിച്ച് സ്‌കൂബ ഡൈവിങ്

8 മീറ്റര്‍ ആഴത്തിന്റെയും 13 മീറ്റര്‍ ആഴത്തിന്റെയും സ്‌കൂബ ഡൈവിങ്ങുണ്ട്. കാശല്‍പം കൂടുതലാണെങ്കിലും സ്‌കൂബയുടെ മുഴുവന്‍ മനോഹാരിതയും അനുഭവിച്ചറിയണമെങ്കില്‍ ആഴം കൂടിയതാണ് നല്ലത്. നീന്താനറിയാത്തവര്‍ക്കും സ്‌കൂബ ചെയ്യാം. വായ കൊണ്ട് പ്രത്യേക രീതിയിലുള്ള ശ്വാസംവലി നിമിഷനേരം കൊണ്ട് പഠിച്ചെടുത്താല്‍ തന്നെ സ്‌കൂബാ ഡൈവിങ്ങിന് തയ്യാറെടുക്കാം. കരയില്‍ വെച്ച് തന്നെ അരമണിക്കൂര്‍ പരിശീലനം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. 

കടലിനടിയിലെ മര്‍ദ്ദം ചെവിക്ക് കടുത്ത വേദനയുളവാക്കും. അതൊഴിവാക്കാന്‍ ഈക്വലൈസ് പ്രക്രിയ ചെയ്യണം. മൂക്കമര്‍ത്തി ചെവിയിലേക്ക് മര്‍ദ്ദം കൊടുക്കുന്ന രീതിയാണത്. ഇല്ലെങ്കില്‍ കടുത്ത ചെവിവേദന കാരണം സ്‌കൂബ തുടരാന്‍ കഴിയില്ല. വെള്ളത്തിലിറങ്ങിയ നിമിഷം തൊട്ട് ഇടക്കിടെ ഈക്വലൈസ് ചെയ്യണം. എല്ലാം ഒകെ എന്ന് കാണിക്കാനുള്ള സിഗ്നൽ, സ്‌കൂബ മതിയാക്കി മുകളിലേക്ക് പോകാനുള്ള സിഗ്നല്‍ തുടങ്ങീ പരസ്പരം സംവദിക്കാനുള്ള ടെക്നിക് ഇന്‍സ്ട്രക്ടര്‍മാര്‍ കടലില്‍ പോകുന്നതിനു മുമ്പേ പഠിപ്പിച്ചിരുന്നു. 

സാധനസാമഗ്രികളുമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്കൊപ്പം ആഴക്കടലിലേക്ക് യാത്ര ചെയ്ത് അവിടെ ബോട്ട് നിര്‍ത്തിയാണ് ഇറങ്ങുക. അര മണിക്കൂര്‍ സമയം അന്ന് ഞങ്ങള്‍ കടലിനടിയില്‍ ചെലവഴിച്ചു. കടലാമ, ലയണ്‍ഫിഷ്, പലവര്‍ണ്ണങ്ങളിലുള്ള ലഗൂണ്‍ മത്സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങി വാക്കുകൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയാത്ത ലോകമാണത്. ആ കാഴ്ച ജീവിതത്തിലൊരിക്കലെങ്കിലും കാണണം, അനുഭവിക്കണം, നിര്‍വൃതിയടണം.

placeholder
തിമിംഗലത്തിന്റെ അസ്ഥിക്കൂടം

മ്യൂസിയവും താറുമാറായി അടച്ചിട്ട ഷാര്‍ക്ക് പൂളും

പല ജീവികളെയും സ്റ്റഫ് ചെയ്തുവെച്ച ചെറു മ്യൂസിയമുണ്ട് കവരത്തിയില്‍. പക്ഷെ, സ്‌കൂബ ചെയ്തോടെ ആ മ്യൂസിയ കാഴ്ചയിലെ കൗതുകം പോയി. സ്‌പേം വെയിലിന്റ അസ്ഥികൂടം ഈ മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ്. മുമ്പ് മ്യൂസിയത്തിന്റെ ഭാഗമായുള്ള മറൈന്‍ അക്വേറിയവും അതിലെ ഷാര്‍ക്ക് പൂളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതാണ്. എന്നാല്‍, ഇപ്പോൾ അറ്റകുറ്റപ്പണി നടക്കാതെ ആകെ അലങ്കോലമായി കിടക്കുന്ന ഒരു സ്ഥലമാണവിടെ ചെന്നപ്പോള്‍ കണ്ടത്. പണ്ട് സ്രാവുണ്ടായിരുന്നു. കുറെ തൊഴിലാളികളെ പിരിച്ചുവിട്ടതോടെ സ്രാവിനു ദിവസവും തിന്നാന്‍ മീനനിനെ പിടിച്ചു കൊണ്ടുവരാനും മറ്റും ആളില്ലാതായി. വലിയ അധ്വാനവും ആള്‍ബലവും വേണ്ട സ്ഥലമാണ് ഷാർക്ക് പൂൾ. അതിലെ സ്രാവും ചത്തെന്നാണ് നാട്ടുകാർ പറഞ്ഞറിഞ്ഞത്.

placeholder
കവരത്തിയിലെ സന്ധ്യാനേരത്തെ തിര നിലച്ച കടൽ, ലഗൂണുകളാണ് കടലിൽ തിരയില്ലാത്തതിന് കാരണം | ഫോട്ടോ : നിലീന അത്തോളി

അന്നത്തെ വൈകുന്നേരം നേരെ പോയത് റീഫിലേക്കാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാച്ച് മേറ്റായിരുന്ന സച്ചു ആയിഷ ദ്വീപിലെ കെ.വിയിലെ ടീച്ചറാണ്. അവളാണ് റീഫ് എന്ന് പേരിട്ട് സ്ഥലത്തേക്ക് കൊണ്ടുപോയത്. റെസ്‌റ്റോറന്റുണ്ട്, ഒപ്പം മനോഹര ഫ്രെയിമിലാക്കാവുന്ന കടല്‍ക്കാഴ്ചയും. ആ തീരത്തിരുന്നു ..... ഇത് കടലോ കായലോ എന്നോര്‍ത്ത് അത്ഭുതം കൂറി. പിന്നെ ആ തിര നിലച്ച കടല്‍ നല്‍കിയ നിശബ്ദതയില്‍ അലിഞ്ഞു.

placeholder
placeholder
placeholder
placeholder
placeholder
+10