യു.കെയിലൂടെ യാത്ര ചെയ്യുന്ന ഒരു മലയാളി എന്ന നിലയിൽ, എന്റെ യാത്രാസ്വപ്നങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത് സ്റ്റോൺഹെഞ്ച് ആയിരുന്നു. അതിനു ചുറ്റും അലിഞ്ഞുചേർന്നിരിക്കുന്ന വിസ്മയിപ്പിക്കുന്ന ദുരൂഹത തന്നെയാണ് അങ്ങോട്ടേക്ക് ആകർഷിച്ചത്. ഭീമാകാരമായ കല്ലുകൾ വട്ടത്തിൽ അടുക്കിവെച്ചിരിക്കുന്ന ഈ പ്രശസ്തമായ ചരിത്രസ്മാരകത്തിന്റെ ചിത്രങ്ങൾ മുൻപ് ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ, നേരിട്ടൊരു കാഴ്ച അതെന്നെ വേറൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്!

To advertise here,

ലണ്ടനിൽനിന്ന് ഏകദേശം 140 കിലോമീറ്റർ അകലെ, ദക്ഷിണ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലാണ് (Wiltshire) ഈ അത്ഭുതം നിലകൊള്ളുന്നത്. യു.കെയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നും യുനെസ്‌കോയുടെ ലോക പൈതൃക സ്‌പോട്ടുകളിലൊന്നുമാണിത്. ഓരോ വർഷവും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് ഈ ചരിത്രാതീത അത്ഭുതം തേടിയെത്തുന്നത്.

ആർക്കും കൃത്യമായി അറിഞ്ഞുകൂടാത്ത ഒരു രഹസ്യമാണ് സ്റ്റോൺഹെഞ്ചിനെ ഇത്രയധികം പ്രിയപ്പെട്ടതാക്കുന്നത്. ആരാണ് നിർമ്മിച്ചതെന്നോ, യന്ത്രങ്ങളൊന്നുമില്ലാത്ത ആ കാലത്ത് ഇത്രയും വലിയ കല്ലുകൾ എങ്ങനെയാണ് ഇവിടെ എത്തിച്ചതെന്നോ ഇന്നുവരെ ആർക്കും പൂർണ്ണമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

ഈജിപ്ഷ്യൻ പിരമിഡുകളേക്കാൾ പഴക്കം

സ്റ്റോൺഹെഞ്ചിന് ഏകദേശം 5,000 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. അതായത് ഈജിപ്തിലെ പ്രശസ്തമായ പിരമിഡുകളേക്കാൾ പഴക്കം! ഒറ്റയടിക്ക് പണിതുയർത്തിയ ഒന്നല്ല ഇത്. വട്ടത്തിലുള്ള ഒരു കിടങ്ങും മൺതിട്ടയും ഉണ്ടാക്കിയാണ് ഇതിന്റെ പണി തുടങ്ങിയത്. പിന്നീട് വരുംതലമുറകൾ വൻകല്ലുകൾ ഓരോന്നായി ഇവിടെ കൂട്ടിച്ചേർത്തു. ഇന്നു നമ്മൾ കാണുന്ന ഈ രൂപത്തിലേക്ക് സ്റ്റോൺഹെഞ്ച് മാറാൻ ഏകദേശം 1,000 മുതൽ 1,500 വർഷങ്ങൾവരെ എടുത്തു എന്നറിയുമ്പോൾ അത്ഭുതം തോന്നും.

പച്ചപ്പുല്ലുകൾ വിരിച്ച ആ താഴ്വരയിൽ നിൽക്കുമ്പോൾ, വട്ടത്തിൽ അടുക്കിവെച്ചിരിക്കുന്ന ആ ഭീമൻ കല്ലുകൾ എന്നെ നോക്കി മന്ത്രിക്കുന്നതുപോലെ തോന്നി. 'സാർസെൻ' (Sarsens) എന്നറിയപ്പെടുന്ന വലിയ കല്ലുകൾക്ക് ഓരോന്നിനും ഏകദേശം 25 ടൺ ഭാരമുണ്ട്! ചെറിയ 'ബ്ലൂസ്റ്റോണുകൾക്ക്' (Bluestones) പോലും 4 മുതൽ 5 ടൺ വരെ ഭാരമുണ്ട്.

ക്രെയിനുകളോ ട്രക്കുകളോ ആധുനിക യന്ത്രങ്ങളോ ഒന്നുമില്ലാത്ത ആ കാലത്ത്, അനേകം കാറുകളുടെ ഭാരമുള്ള ഒരു കല്ല് അവർ എങ്ങനെ പൊക്കിയെടുത്തു എന്ന് ചിന്തിച്ചുനോക്കൂ! അതിലും അത്ഭുതം, ഇതിൽ ചില കല്ലുകൾ കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിൽ നിന്നാണ് എത്തിച്ചതെന്നതാണ്. തടിയുടെ ഉരുളകളും കയറുകളും സ്വന്തം കൈക്കരുത്തും മാത്രമാണോ അവർ ഉപയോഗിച്ചത്? ഗവേഷകർ പല വഴികളും നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ഈ കടങ്കഥയ്ക്ക് പൂർണ്ണമായ ഉത്തരം ഇന്നും ലഭ്യമല്ല.

ആ ദുരൂഹത തന്നെയാണ് സ്റ്റോൺഹെഞ്ചിന്റെ ആത്മാവ്. എത്ര പഠനങ്ങൾ നടന്നാലും, അത് തന്റെ രഹസ്യങ്ങൾ പൂർണ്ണമായി വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിക്കുന്നു.

ആരാണ് പണിതത്? എന്തിനുവേണ്ടി?

സ്റ്റോൺഹെഞ്ച് പണിതത് ആരാണെന്ന് കൃത്യമായി പറയാൻ ആർക്കും കഴിയില്ല. എഴുതപ്പെട്ട ചരിത്രങ്ങൾ ഉണ്ടാകുന്നതിനും എത്രയോ കാലം മുൻപാണ് ആ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നത്. ഇതൊരു ആരാധനാലയമോ ആചാരപരമായ സ്ഥലമോ ആയിരിക്കാം എന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്. ഇവിടെ നടന്ന ഖനനങ്ങളിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതിനാൽ, ഇതൊരു ശ്മശാനമായി ഉപയോഗിച്ചിരുന്നു എന്നും കരുതപ്പെടുന്നു. എന്നിരുന്നാലും, ഇതിന്റെ യഥാർത്ഥ ലക്ഷ്യം ഇപ്പോഴും തർക്കവിഷയമാണ്.

സൂര്യനുമായി കല്ലുകൾക്കുള്ള അപൂർവ്വബന്ധം

വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ ദിനത്തിൽ (Summer Solstice ജൂൺ 21-ഓടെ), ഉദിച്ചുയരുന്ന സൂര്യന്റെ കിരണങ്ങൾ ഈ കല്ലുകൾക്കിടയിലൂടെ കൃത്യമായി പതിക്കുന്നു. അതുപോലെ, ശീതകാലത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രി വരുന്ന ദിനത്തിൽ (Winter Solstice ഡിസംബർ 21-ഓടെ) അസ്തമയ സൂര്യന്റെ വെളിച്ചവും ഈ കല്ലുകളുമായി കൃത്യമായി വിന്യസിക്കപ്പെടുന്നു. ആധുനിക ശാസ്ത്ര ഉപകരണങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലത്ത്, സൂര്യന്റെ ചലനങ്ങൾ കൃത്യമായി നിരീക്ഷിച്ച് ഇത്രയും വലിയൊരു സ്മാരകം പ്ലാൻ ചെയ്ത ആ പൂർവ്വികരുടെ ബുദ്ധിശക്തി പ്രണമിക്കേണ്ടതുതന്നെയാണ്!

ആ അത്ഭുതത്തിന് ചുറ്റും നടക്കുമ്പോൾ

ഈ ചരിത്രസ്മാരകം കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെടുന്നതിനാൽ സന്ദർശകർക്ക് കല്ലുകളുടെ തൊട്ടടുത്തേക്ക് പോകാൻ അനുവാദമില്ല. പകരം, കല്ലുകൾക്ക് ചുറ്റും നടന്ന് വിവിധ കോണുകളിൽനിന്ന് കാഴ്ചകൾ ആസ്വദിക്കാൻ പാതകൾ ഒരുക്കിയിട്ടുണ്ട്.

നടക്കുന്നതിനനുസരിച്ച് കല്ലുകളുടെ രൂപവും ഭാവവും മാറുന്നതായി തോന്നും. ചിലത് നിവർന്നുനിൽക്കുന്നു, മറ്റുചിലത് രണ്ട് കല്ലുകൾക്ക് മുകളിലായി വച്ച് മനോഹരമായ കൽമണ്ഡപങ്ങൾ തീർക്കുന്നു. പ്രധാന വട്ടത്തിൽനിന്ന് മാറി മാറി നിൽക്കുന്ന 'ഹീൽ സ്റ്റോൺ' (Heel Stone) എന്ന വലിയ കല്ല് ശ്രദ്ധ ഏറെ ആകർഷിച്ചു.

പ്രധാന വിസിറ്റർ സെന്ററിൽനിന്ന് സ്മാരകത്തിലേയ്ക്ക് വേണമെങ്കിൽ നടന്നുപോകാം, അല്ലെങ്കിൽ ഷട്ടിൽ ബസ് സേവനവും ലഭ്യമാണ്. കാൽനടയായി പോവുകയാണെങ്കിൽ ഗ്രാമീണ സൗന്ദര്യവും വായുവും ആവോളം ആസ്വദിക്കാം; നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബസ് ഏറെ സൗകര്യപ്രദമാണ്.

സ്റ്റോൺഹെഞ്ചിനോട് വിടപറഞ്ഞ് മടങ്ങുമ്പോൾ, ഉത്തരങ്ങളേക്കാൾ കൂടുതൽ സംശയങ്ങളും കൗതുകങ്ങളുമാണ് മനസ്സിൽ നിറഞ്ഞുനിന്നത്. അവർ എങ്ങനെ ആ കല്ലുകൾ ഇത്രയും ദൂരം ചുമന്നുകൊണ്ടു വന്നു? എന്തിനായിരിക്കും ഇത്രയും വലിയൊരു സ്മാരകം പണിതുയർത്തിയത്? ചിലപ്പോൾ ഈ ചോദ്യങ്ങൾക്കൊന്നും നമുക്ക് ഒരിക്കലും ഉത്തരം കിട്ടിയെന്നു വരില്ല... എന്നാൽ, ആ അജ്ഞത തന്നെയല്ലേ സ്റ്റോൺഹെഞ്ചിനെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്!