
മരതകപച്ചനിറമുള്ള തടാകങ്ങള്‍, അതിനു ചുറ്റും മഞ്ഞ്പുതച്ച മലനിരകള്‍, അതിരിട്ട് കടും പച്ച നിറമുള്ള പൈന്‍മരക്കാടുകൾ. കാഴ്ചയില്‍ സ്വിറ്റ്‌സര്‍ലൻഡിനെയും കാനഡയുടെയുമെല്ലാം ഏഷ്യന്‍ വേര്‍ഷന്‍... അതാണ് കസാക്കിസ്താന്‍. നാലു ഭാഗവും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ തന്നെ ഒമ്പതാമത്തെ വലിയ രാജ്യം, ഏഴായിരം തടാകങ്ങളുടെ നാട്, സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട അവസാനത്തെ രാജ്യം തുടങ്ങീ പ്രത്യേകതകളേറെ. വിവിധ രുചികളിലൂടെയും വീഡിയോകളിലൂടെയും യൂറോപ്പും തായ്‌ലന്‍ഡും സിംഗപ്പൂരും മലേഷ്യയും നമുക്ക് പരിചിതമാണ്. പക്ഷേ, കസാക്കിസ്താന്‍ നിഗൂഢമായൊരിടമാണ്. ആ ഭൂപ്രദേശത്തെ കുറിച്ചോ അവിടുത്തെ മനുഷ്യരെ കുറിച്ചോ അവരുടെ സംസ്‌കാരത്തെ കുറിച്ചോ, ഭക്ഷണരീതിയെകുറിച്ചോ വലിയ അറിവ് നമുക്കില്ല എന്നത് തന്നെയാണ കസാക്കിസ്താനിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം.

ടിക്കറ്റ് നിരക്ക് - അപ് ആന്‍ഡ് ഡൗണ്‍ ടിക്കറ്റിന് ഏകദേശം 20,000 മുതല്‍ 40,000 രൂപ വരെ വരും. കേരളത്തില്‍ നിന്ന് ഡല്‍ഹിക്കുള്ള ഫ്ളൈറ്റ് ടിക്കറ്റുകൂടി കണക്കാക്കുമ്പോള്‍ 15000 രൂപയുടെ അധിക ഫ്‌ലൈറ്റ് ചാര്‍ജ് കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

നാലു കാലങ്ങളില്‍ നാലു മുഖവും നാലു കാലാവസ്ഥയുമാണ് കസാക്കിസ്താന്. നല്ല പച്ചപുതച്ച പനോരമ ദൃശ്യങ്ങളാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ വേനല്‍ക്കാലമാണ് പറ്റിയ സമയം. ശൈത്യകാലത്ത് മൈനസ് ഡിഗ്രിയിലേക്ക് കസാക്കിസ്താനിലെ താപനില താഴും തലസ്ഥാനമായ അല്‍മാട്ടിയില്‍ -20 വരെ പോകും. അസ്താനയിലും മറ്റും -30 വരെ താഴാറുണ്ട്. തണുത്തുറഞ്ഞ തടാകങ്ങളും മഞ്ഞണിഞ്ഞ മലനിരകളും പാതകളും മഞ്ഞിനെ അത്രയേറെ ഇഷ്ടപ്പെടുന്നവരുടെ ഉള്ളം നിറയ്ക്കും. ശരത്കാലത്ത് പൊതുവെ ഫ്ളൈറ്റ് ചാര്‍ജ്ജെല്ലാം താരതമ്യേന കുറവായിരിക്കും. അതുപോലെതന്നെ് വിലകുറഞ്ഞതായിരിക്കും കാഴ്ചയും. ഇലയെല്ലാം കൊഴിഞ്ഞു വീണ് മൊട്ടയടിച്ച കരിഞ്ഞുണങ്ങിയ മരങ്ങളായിരിക്കും ചുറ്റിലും. വോനല്‍ക്കാലത്തിനും ശൈത്യകാലത്തിനുമിടയിലുള്ള വസന്തകാലത്തെ ഭൂപ്രകൃതിയാണ് കസാക്കിത്സാന്റെ ഏറ്റവും ഭംഗിയുള്ള കാലം.
Also Read
മഞ്ഞയും തവിട്ടും നിറത്തിലുള്ള ഇലകളുതിര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ തീര്‍ത്തും വ്യത്യസ്തകാഴ്ചയാണ്. ഒക്ടോബറാണ് ഇതിനായി ഞങ്ങള്‍ തിരഞ്ഞെടുത്തത്. എയര്‍ അസ്താനയിലായിരുന്നു യാത്ര. സാലഡുകളും വിവിധ തരം പാനീയങ്ങളും പഴങ്ങളും നല്ല ചോക്‌ളേറ്റുകളുമെല്ലാമുള്ള ഗംഭീര ഭക്ഷണമായിരുന്നു ഫ്ളൈറ്റില്‍. വിവിധ ഫ്‌ലേവറുകളിലും പലവിധ ബ്രാന്‍ഡുകളിലുമുള്ള മദ്യവും യഥേഷ്ടം ലഭിക്കും. നല്ല ഭക്ഷണവും നല്ല സർവ്വീസും അനുഭവിച്ചുള്ള തുടക്കം തന്നെ യാത്രയെ ശാന്തവും സ്വസ്ഥവുമാക്കി. പാകിസ്താൻ, അഫ്ഗാനിസ്താൻ, താജിക്കിസ്താൻ, കിര്‍ഗിസ്താൻ എന്നീ രാജ്യങ്ങളുടെ വ്യോമപാത താണ്ടിയാണ് കസാക്കിസ്താനിലെത്തുന്നത്. യാത്രയുടെ അവസാനത്തോടടുത്തുള്ള ആകാശക്കാഴ്ച വര്‍ണ്ണനാതീതമായിരുന്നു. നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ചാരനിറമുള്ള പര്‍വ്വതനിരകളില്‍ മഞ്ഞു പൊടിഞ്ഞു കിടക്കുന്ന ആ കാഴ്ച അനിര്‍വ്വചനീയം.

താജിക്കിസ്താനിലെ ഇസ്‌മൈല്‍ സൊമോനി പീക്കിന് മുകളിലൂടെയാണ് പോവുന്നതെന്ന് ഫ്ളൈറ്റിലെ സീറ്റിനു മുന്നിലെ മാപ്പ് പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാനായി. താജിക്കിസ്താനില്‍ നിന്ന് കിര്‍ഗിസ്താനിലേക്കു കടന്നതോടെ ചാരനിറമെല്ലാം മാറി പൂര്‍ണമായും മഞ്ഞു പുതച്ച മലനിരകളുടെ കാഴ്ചാവിസ്മയാണ് കണ്ണുകളെ വരവേറ്റത്. ഇത്ര മനോഹരമായ ലാന്‍ഡ്‌സ്‌കേപ് ഫ്‌ലൈറ്റില്‍ നിന്നു കാണാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നതേയല്ല. മനസ്സുനിറക്കുന്ന രുചിയും കാഴ്ചയും സമ്മാനിച്ച ആ മൂന്നരമണിക്കൂര്‍ കടന്നു പോയതറിഞ്ഞില്ല. 3 ന് പുറപ്പെട്ട ഫ്ളൈറ്റ് 6.30ന് അല്‍മാട്ടി വിമാനത്താവളത്തിലെത്തി. രാത്രി ചെന്നിറങ്ങിയപ്പോൾ 4 ഡിഗ്രി ആയിരുന്നു കാലാവസ്ഥ. വൂളന്‍ സോക്‌സും ഷൂവും ഗ്ലൗസുമെല്ലാം അത്യാവശ്യം കട്ടിയുള്ള ജാക്കറ്റും കരുതിയിരുന്നതിനാലാണ് ഫ്ളൈറ്റ് ലാന്‍ഡ് ചെയ്ത ഉടനെയുള്ള തണുപ്പിനെ അതിജീവിക്കാനായത്. വിമാനത്താവളത്തില്‍ വെച്ചു തന്നെ ഡോളര്‍ കണ്‍വെര്‍ട്ട് ചെയ്ത് ടിങ്കെയാക്കി കസാക്കിസ്താന്‍ സിമ്മുമെടുത്തു. ആ നാട്ടിലെ കാബ് സര്‍വ്വീസ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവുമെന്നതാണ് കസാക്കിസ്താന്‍ സിമ്മെടുക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണം. കാബ് വഴിയാണെങ്കില്‍ 2000 മുതല്‍ 4000 രൂപയ്ക്ക് അല്‍മാട്ടി സിറ്റിയിലെത്താം പകരം ടാക്‌സി ഡ്രൈവര്‍മാരെ ആശ്രയിക്കാനാണ് തീരുമാനമെങ്കില്‍ വലിയ അറവിന് തന്നെ വിധേയമാവും. 40,000 മുതല്‍ 50,000 ടിങ്കെ വരെ അവര്‍ ആവശ്യപ്പെടും.
അപാര്‍ട്‌മെന്റ് നേരത്തെ ബുക്ക് ചെയ്തതിനാല്‍ കാര്യങ്ങളെളുപ്പമായി. പക്ഷേ, ഞങ്ങളുടെ വീട്ടുടമയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നുള്ളത് പ്രതിസന്ധി സൃഷ്ടിക്കാതിരുന്നില്ല . ഭര്‍ത്താവ് കുറെക്കാലം താമസിച്ച ഇടമായതിനാലും റഷ്യന്‍ ഭാഷ ചെറിയ രീതിയില്‍ വശമുള്ളതിനാലും റഷ്യക്കാരായ സുഹൃത്തുക്കള്‍ സംശയനിവാരണത്തിനായി ഉണ്ടായിരുന്നതിനാലുമാണ് എല്ലാം സുഗമമായി നടന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനും കാബില്‍ കയറാനും ഭക്ഷണം വാങ്ങാനുമെല്ലാം ഭാഷ ഇവിടെ വലിയ പ്രശ്‌നമാണ്. ഇംഗ്ലീഷ ഭാഷ കാര്യമായി ഉപകാരപ്പെടാത്തതിനാല്‍ തന്നെ പ്രാദേശിക സുഹൃത്തക്കള്‍ ഇല്ലെങ്കില്‍ പാക്കേജ് ടൂര്‍ എടുക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ലോകത്തെ തന്നെ ഏറ്റവും വലിയ ഒന്‍പതാമത്തെ രാജ്യമായതു കൊണ്ട് ഒരു മഞ്ഞുമലയുടെ അറ്റം കണ്ടൂവെന്നേ ഈ യാത്രയെ വിശേഷിപ്പിക്കാനാവൂ. എങ്കിലും രാജ്യത്തെ വ്യത്യസ്തയാളുകളെല്ലാം സമ്മേളിച്ച കസാക്കിസ്താനിലെ കോസ്‌മോ പൊളിറ്റന്‍ പട്ടണമാണ് അല്‍മാട്ടി. കസാക്കിസ്താനിലെ പോപ്പുലറായ രുചികളെല്ലാം ഇവിടെ സുലഭം. അത്യാവശ്യം ഭംഗിയുള്ള സ്ഥലങ്ങളും പ്രധാന ചരിത്രസ്മാരകങ്ങളും അല്‍മാട്ടിയിലായതിനാല്‍ തന്നെ കസാക്കിസ്താന്‍ മുഴുവന്‍ കണ്ടില്ലെങ്കിലും അല്‍മാട്ടി ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും ജീവിത രീതിയെയും ഭക്ഷണരീതികളെകുറിച്ചും ധാരണ തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചരിന്‍ കാന്യണ്‍
കേരളത്തിലോ ഇന്ത്യയിലെവിടെയുമോ കാണാനില്ലാത്ത അപൂര്‍വ്വ പ്രകൃതി ദൃശ്യമാണ് ചരിൻ കാന്യണ്‍ സമ്മാനിക്കുന്നത്. അതിനാല്‍ തന്നെ കസാക്കിസ്താന്‍ യാത്രയില്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ചയുമാണത്. അല്‍മാട്ടിയില്‍ നിന്ന് 211 കിലോമീറ്റര്‍ ദൂരമുണ്ട് ചാരിന്‍ കാന്യണിലേക്ക്. പക്ഷെ മൂന്ന് മണിക്കൂര്‍ മതി യാത്രക്ക്. കസാക്കുകാരിയായ സുഹൃത്ത് ഗൗഹറുണ്ടായിരുന്നു ഞങ്ങള്‍ക്കൊപ്പം വഴിക്കാട്ടിയായി. ഈ മലയിടുക്കിലൂടെ പണ്ട് ഷിറിന്‍ നദി ഒഴുകിയിരുന്നെന്നും അത് വറ്റിവരണ്ടാണ് ചരിന്‍ കാന്യണെന്ന് വിളിക്കുന്ന ഇത്രവലിയ വിടവായി മാറിയതെന്നുമാണ് ഗൗഹര്‍ സ്ഥലത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത്.
ചരിനിലെ ഭൂമിയുടെയും മണ്ണിന്റെയും കളര്‍ടോണ്‍ കണ്ടാല്‍ ചൂടുള്ള പ്രദേശമാണെന്ന് തോന്നുമെങ്കിലും നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. മലമുകളില്‍ നിന്ന് നോക്കിയാല്‍ നോക്കെത്താദൂരത്തോളം ചുവന്നനിറത്തിലുള്ള മലയടുക്കുകള്‍ അനന്തമായി നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. ആ മലകള്‍ക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും എങ്ങോട്ടേക്കെന്നില്ലാതെ പോകുന്ന മലയിടുക്കു കാണാം. ആ മലയിടുക്കിലൂടെ കിലോമീറ്ററുകള്‍ നീണ്ട നടത്തം ആസ്വദിക്കാനാണ് ചരിന്‍ കാന്യണിലേക്ക് സഞ്ചാരികളെത്തുന്നത്. ഒരു മണിക്കൂറിലധികം നടന്നാണ് മലയിടുക്കവസാനിക്കുന്ന നദീ തീരത്തെത്താനാവുക. മഞ്ഞനിറമുള്ള ഇലകള്‍ പൂത്ത മരങ്ങള്‍ക്കിടയിലൂടെ വെള്ളാരം കല്ലുകള്‍ നിറഞ്ഞ ആ തെളിനീരരുവി ആ യാത്രക്ക് ഏറ്റവും മനോഹരമായ ഒരു അവസാനമാണ് നല്‍കിയത്. തിരികെ ഓപ്പണ്‍ ട്രക്കിലായിരുന്നു മടക്കം. അത് ഉയരത്തിലുള്ള മറ്റൊരു വ്യത്യസ്ത കാഴ്ച നല്‍കി.

കൊല്‍സായ് തടാകം
കാന്യണില്‍ നിന്ന് നേരെ 100 കിലോ മീറ്റര്‍ അകലെയുള്ള കോല്‍സായിലേക്കായിരുന്നു യാത്ര. കസാക്കിസ്താനിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണ് കൊല്‍സായ് തടാകം. കോല്‍സായി നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി കൊണ്ടുണ്ടായ മലയിടിച്ചിലിനെത്തുടര്‍ന്ന് വെള്ളം മലയിടുക്കില്‍ തങ്ങിനില്‍ക്കുകയും പിന്നീട് തടാകമായി രൂപാന്തരം പ്രാപിക്കുകയുമായിരുന്നു. അഗ്രം മാത്രം മഞ്ഞുപുതച്ച് തുടങ്ങിയ മലനിരകളും കടും നീല നിറമുള്ള തടാകവും അതിനെ അതിരിട്ട് കരിമ്പച്ച നിറമുള്ള പൈന്‍ മരങ്ങളും ചേര്‍ന്ന വാള്‍പേപ്പര്‍ ദൃശ്യമാണ് കോല്‍സായ് സമ്മാനിക്കുന്നത്. നടത്തത്തിന്റെ മൂന്ന് ഘട്ടങ്ങളിലും മൂന്ന് തരം സൗന്ദര്യമാണ് തടാകത്തിന്. മധ്യത്തില്‍ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരം എന്നതിനാല്‍ തന്നെ അവിടെ 360 ഡിഗ്രി കാമറാസെറ്റപ്പുകളെല്ലാമുണ്ട്. 3000 ടിങ്കെ കൊടുത്താല്‍ മനോഹരമായ വീഡിയോ ലഭിക്കും. താഴെ തടാകക്കരയിലെത്തിയപ്പോള്‍ തനത് വേഷമണിഞ്ഞ കുറെയേറെ കസാക്ക് സുന്ദരികള്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം കോല്‍സായ് തടാകം പശ്ചാത്തലമാക്കി കുറെ ഫോട്ടോയുമെടുത്തു. മലയടിവാരത്തുണ്ടാക്കിയ മരംകൊണ്ടുണ്ടാക്കിയ നടപ്പാതയിലൂടെ തടാകം ചുറ്റിക്കാണാം. സര്‍ക്കാരിന്റെ അത്തരം നിര്‍മിതികളെല്ലാം തന്നെ ആ പ്രദേശത്തിന്റെ ദൃശ്യഭംഗിക്ക് യാതൊരുവിധ കോട്ടം തട്ടാത്തതായിരുന്നു.

ലെഗ്മാനും ബോര്‍സാക്കും രുചിച്ച്
അന്നുച്ചക്ക് തടാകത്തിന്റെ പരിസരത്ത് വെച്ചാണ് കസാക്കിസ്താന്‍കാരുടെ തനത് വിഭവങ്ങളില്‍ പലതും പരീക്ഷിക്കാനായത്. ഫലൂഡപോലെ പച്ചക്കറികളും മട്ടണ്‍ കഷണങ്ങളും ഇറച്ചി നീരും നൂഡില്‍സും അടുക്കിയടുക്കി വെച്ച ലെഗ്മാന്‍ ആയിരുന്നു അന്നത്തെ ഉച്ച ഭക്ഷണം . കസാക്ക് യാത്ര ആരംഭിക്കുന്നതിനു മുമ്പേ തീരുമാനിച്ചതാണ് ഇവിടെ വന്നാല്‍ കസാക്ക് റഷ്യന്‍ രുചികള്‍ പരീക്ഷിക്കണമെന്നത്. ലിസ്റ്റ് ചെയ്ത 10-20 വിഭവത്തോളം പരീക്ഷിക്കാനും കഴിഞ്ഞു. തായ് ചൈനീസ് കുസിന്‍ പോലെ ഒട്ടും പരിചിതമല്ലാത്ത രുചി മേഖലയായതുകൊണ്ട് തന്നെ രുചികള്‍ പരീക്ഷിക്കുക എന്നത് വലിയൊരു ഉദ്യമമായി തന്നെ ഏറ്റെടുത്തിരുന്നു. കസാക്ക് സൂപ്പായ ഷോര്‍പ്പയും പിലാഫും അന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണമെനുവില്‍ ഇടം കണ്ടെത്തി. പിലാഫ് എന്നത് ഗ്രീക്ക് വിഭവമാണെങ്കിലും രൂപത്തിലും ചേരുവകളുടെ കാര്യത്തിലും പുലാവിന്റെ ബന്ധുവായി വരും. ഇറച്ചിയിട്ട പുലാവ് പോലിരിക്കും പിലാഫും.. കാരട്ടിന്റെ ചെറു മധുരം പുലാവിനേക്കാള്‍ കൂടി നിന്നു എന്ന വ്യത്യാസം മാത്രമാണ് കഴിച്ചപ്പോള്‍ തോന്നിയത്. നീളം കുറഞ്ഞ കാലുകളുള്ള കുള്ളന്‍ മേശക്കരികില്‍ നിലത്ത് കാലുമടക്കിയിരുന്ന് കഴിക്കുന്ന പരമ്പരാഗത കസാക്ക് ഭക്ഷണ രീതിയായിരുന്നു അന്നവിടെ. വൈകുന്നേരങ്ങളില്‍ കസാക്കിസ്താന്‍ സ്‌നാക്കുകളില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ബ്രഡ് പൊരിച്ചുണ്ടാക്കുന്ന ബോര്‍സാക്ക്. ബോര്‍സാക്കിനൊപ്പം കസാക്ക് ചായയും കുടിച്ചു. നമ്മുടെ നാട്ടിലെ പോലെ ഗ്ലാസ്സിലല്ല കോപ്പയിലാണ് അവര്‍ ചായ കുടിക്കുന്നത്. ഇന്ത്യന്‍ ചായയുമായി താരതമ്യം ചെയ്യുമ്പോള്‍ കസാക്ക് ചായയൊന്നുമല്ല. ബെറിപ്പഴങ്ങളിട്ട് വാറ്റിയ ചൂടാക്കിയ ജൂസാണ് കസാക്കിസ്താന്‍കാര്‍ക്ക്് ചായ. പാക്കേജ് ടൂറല്ലാത്ത കസാക്കിസ്താന്‍ സന്ദര്‍ശനത്തില്‍ കയ്യില്‍ കുറച്ചു മസാല ചായ പാക്കര്‌റുമായി പോവുകയാണെങ്കില്‍ അവിടുത്തുകാര്‍ക്ക് അത് സമ്മാനമായി നല്‍കാം. ഞങ്ങളും കൊണ്ടു പോയിരുന്നു കുറച്ച് ചായപ്പൊടി പാക്കറ്റുകള്‍. ഇന്ത്യന്‍ ചായയോടും മധുരപ്പലഹാരങ്ങളോടും അവര്‍ക്കത്രയേറെ പ്രിയമാണ്.

വെള്ളത്തിലുയര്‍ന്ന മരത്തടികള്‍, കൈന്‍ഡി എന്ന അത്ഭുതം
കോല്‍സായില്‍ നിന്ന് 11 കിലോമീറ്റര്‍ മാത്രം ദൂരമേ കൈന്‍ഡി തടാകത്തിലേക്കുള്ളൂവെങ്കിലും അല്‍പം സാഹസികമാണ് അങ്ങോട്ടുള്ള യാത്ര . സാഹസപ്പെട്ടാലും കൈന്‍ഡി കാണാതെ മടങ്ങരുത്. കുത്തനെയുള്ള കൊടിമരം കണക്കെ വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന മരത്തടികള്‍ ചേര്‍ന്ന് വ്യത്യസ്തമായ കാഴ്ചയാണ് കൈന്‍ഡി സമ്മാനിക്കുന്നത്. പൈന്‍മരങ്ങള്‍ ചേര്‍ന്ന കാട് 1911ലെ ഭൂമി കുലുക്കത്തില്‍ പിന്നീട് തടാകമായി മാറിയതാണെന്ന് പറയുന്നു. അധികം കാലപ്പഴക്കമില്ലാത്ത ഈ തടാകത്തില്‍ കാണുന്ന കുറ്റികളെല്ലാം ഏഷ്യന്‍ പൈന്‍ മരങ്ങളുടെ അവശിഷ്ടമാണ്. തണുത്തവെള്ളമായിരിക്കാം ഈ മരത്തടികളെ ഇത്രകാലവും ദ്രവിച്ചു പോവാതെ സംരക്ഷിച്ചിരിക്കുന്നത്. ജലത്തിലാണ്ടുപോയ വനം എന്നര്‍ഥത്തില്‍ sunken forest എന്ന അപരനാമം കൂടിയുണ്ട് കൈന്‍ഡിക്ക്. ശൈത്യകാലത്ത് തണുത്തുറയുന്ന കൈന്‍ഡിയില്‍ ഐസ് ഡൈവിങ്ങും നടക്കാറുണ്ട്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞപോലെ മൂന്ന് കാലങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ കാണുന്നപോലുള്ള അനുഭവമാണ് കസാക്കിസ്താന്‍ സമ്മാനിക്കുന്നത്. ഏത് കാലം തിരഞ്ഞെടുക്കണമെന്നത് നമ്മുടെ സൗകര്യവും താത്പര്യവും അനുസരിച്ചിരിക്കും. മഞ്ഞു മൂടിയ പര്‍വതനിരകള്‍ കാണാന്‍ നമുക്ക് കശ്മീരുള്ളതുകൊണ്ട് തന്നെ കസാക്കിസ്താനില്‍ ഞാന്‍ പോവാനിഷ്ടപ്പെടുന്നത് ശരത്കാലത്താണ്. ഒരു കാര്യം പ്രത്യേകം പറയാം അല്‍മാട്ടിയില്‍ നിന്ന് അതിരാവിലെ പുറപ്പെട്ടാല്‍ മാത്രമേ ഈ മൂന്ന് സ്ഥലങ്ങളും ഒരു ദിവസം കൊണ്ട് കവര്‍ ചെയ്യാന്‍ നിങ്ങള്‍ക്കാവൂ. മാത്രമല്ല കക്ക പഴവും കസാക്ക് പിയറും ബോര്‍സാക്കും കാറില്‍ വെച്ച് കഴിച്ചാണ് ഞങ്ങള്‍ പ്രാതല്‍ വിശപ്പടക്കിയത്. ആ രീതിയിലും സമയം ലാഭിക്കാനായി.

അല്‍മാട്ടി തടാകവും സ്വര്‍ണ മനുഷ്യനും
രണ്ടാം ദിനം അല്‍മാട്ടി തടാകം കാണണമെന്നായിരുന്നു ലക്ഷ്യം വെച്ചതെങ്കിലും മലവെള്ളപ്പാച്ചിലില്‍ പാതയടഞ്ഞ് മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. BAO (bolshoe almatinskoy) ആണ് കസാക്കുകാര്‍ക്ക് ഈ തടാകം. അല്‍മാട്ടിയില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരമേ ഈ തടാകത്തിലേക്കുള്ളൂ. അല്‍മാട്ടി കാണാന്‍ സാധിക്കുമെങ്കില്‍ കോല്‍സായിയും കൈന്‍ഡിയും കണ്ടില്ലെങ്കിലും വലിയ നഷ്ടബോധമുണ്ടാവില്ല. ആദ്യ ദിവസം അതിമനോഹര കാഴ്ചകള്‍ കണ്ടും കസാക്ക് രുചികളറിഞ്ഞും സംതൃപ്തിയോടെയാണ് അവസാനിച്ചത്. അല്‍മാട്ടി കാണണമെന്ന ആശ സാധ്യമാവാത്തതിനാല്‍ ഗൗഹര്‍ ഇസ്സിക്കിലേക്കാണ് ഞങ്ങളെയും കൊണ്ട് രണ്ടാം ദിനം പോയത്. പോകും വഴി ഗോള്‍ഡ് മാന്‍ മ്യൂസിയവും കണ്ടു. മുഴുവനായും സ്വര്‍ണവസ്ത്രം കൊണ്ടും സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടും മൂടിയ പഴയ രാജാവിന്റെ മൃതദേഹം ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് സ്വര്‍ണ്ണനുഷ്യന്റെ ചരിത്രം അനാവരണം ചെയ്യപ്പെടുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള സകല വിധ സാധനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മ്യൂസിയത്തില്‍.

അല്‍മാട്ടിയുടെ നഷ്ടം തീര്‍ത്ത ഇസ്സിക്ക്
മറ്റെല്ലാ തടാകങ്ങളെയും പോലെ ഇസ്സിക് തടാകവും ഇസ്സിക് നദിയിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് രൂപപ്പെട്ട പ്രകൃതി ദത്ത ജലസംഭരണിയാണ്. കോല്‍സായ് പോലെ തടാകത്തിനരികെ വരെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാവില്ല. കുറച്ചധികം ദൂരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നടന്നോ അതല്ലെങ്കില്‍ തടാകത്തിലേക്ക് മാത്രമോടുന്ന സര്‍വീസ് വണ്ടികളില്‍ കയറിയോ എത്താം. കോല്‍സായ് പോലെ കടും നീലയല്ല ഇളം പച്ചയായിരുന്നു ഇസ്സിക്കിന്റെ നിറം. തടാകത്തിനരികിലെ ചെറിയ കുറ്റിക്കാടിനിടയിലൂടെ നടന്നു പോയാല്‍ ഇസ്സിക്കിന്റെ വ്യത്യസ്തമായ സൗന്ദര്യം ദര്‍ശിക്കാനാവും.
പനിപ്പിടിയിലായ കാഴ്ചകള്‍
മൂന്നാം ദിനം പൂര്‍ണമായും മകള്‍ക്ക് പനി പിടിച്ച് അപാര്‍ട്‌മെന്റിലായി. ഹോട്ടലിനു പകരം അപാര്‍ട്‌മെന്റ് തിരഞ്ഞെടുത്തതിന്റെ ഗുണം അന്നാണ് മനസ്സിലായത്. കസാക്ക് അരി ഉപയോഗിച്ച് അന്ന് ഞങ്ങള്‍ കഞ്ഞി വെച്ച് കുടിച്ചു. രണ്ട് ദിവസത്തെ കാര്‍ റെന്റിനെടുത്ത് 500 കിലോമീറ്ററോളം യാത്രചെയ്തതിന്റെ ചിലവ് മുഴുവന്‍ ഒരു ദിവസത്തെ ഡോകട്ടറുടെ കണ്‌സള്‍ട്ടേഷന് ചിലവായി. ഗൗഹര്‍ ആശുപത്രിയില്‍ വിളിച്ച് അറിയിച്ചതിനനുസരിച്ച് ഡോക്ടറും ഒപ്പം പരിഭാഷകയും അപാര്‍ട്‌മെന്റിലെത്തിയിരുന്നു.

നമ്മുടെ നാട്ടിലെ പോലെയേ അല്ല. 104 ഡിഗ്രി പനിച്ചിട്ടും ആന്റിബയോട്ടിക് മരുന്ന് ഡോക്ടര്‍ തന്നില്ല. 'ടൂര്‍ വന്നതിനാല്‍ വേഗം പനി മാറണമെന്നു നിങ്ങളാഗ്രഹിക്കുന്നുണ്ടാവും പക്ഷെ ഈ മരുന്നു നല്‍കിയിട്ടും രണ്ട് ദിവസത്തിനകം പനി കുറഞ്ഞില്ലെങ്കിലേ ഞങ്ങള്‍ക്ക് ആന്റിബയോട്ടിക് തരാന്‍ നിർവ്വാഹമുള്ളൂ' എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പരിഭാഷക്കും ഡോക്ടറിനും കൂടെയായി 7000 രൂപ അഥവാ 40000 ടിങ്കെയാണ് അന്ന് ഞങ്ങള്‍ക്ക് ചിലവായത്. ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കി തന്നു ഈ യാത്ര.





+5
Content Highlights: How reach Kazakhstan must visit places Almaty travelogue airastana internationaltrip nileena atholi
Published: 04 Apr 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented