ണ്ട പട്ടീനേം പ്രാണീനേം കഴിക്കുന്നവര്‍ എന്ന് പറഞ്ഞ് ചൈനക്കാരെ കളിയാക്കിയവരാണ് നമ്മളില്‍ പലരും എന്നാല്‍ പ്രോട്ടീന്റെ ഏറ്റവും മികച്ച കലവറയാണ് പുഴുക്കളും പ്രാണികളുമെന്നാണ് പഠനം. ലോകാരോഗ്യ സംഘടന പോലും ഭക്ഷണത്തില്‍ ഇവയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചുകഴിഞ്ഞു. ഭൂപ്രദേശം, കാലാവസ്ഥ, ഭക്ഷണ ലഭ്യത എന്നിവയുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതാണ് ഓരോ സമൂഹത്തിന്റെയും ഭക്ഷണരീതികള്‍. തണുപ്പു രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ ഉണക്കി സൂക്ഷിക്കുന്ന ഇറച്ചിയും ഉപ്പിലിട്ട പച്ചക്കറിയും അവരുടെ സൗകര്യാര്‍ഥം ഉപയോഗിക്കുന്നതുപോലെ തീരപ്രദേശത്തുള്ളവര്‍ ഏറ്റവും കൂടുതല്‍ അവര്‍ക്ക് ലഭ്യമായ മീനിനെ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ചിലപ്പോഴെങ്കിലും ലോകത്തെ ഒരു വിഭാഗം കഴിക്കുന്ന ഭക്ഷണം മറുവിഭാഗത്തിന് ഭക്ഷണമെന്ന രീതിയില്‍ ചിന്തിക്കാന്‍ പോലും  കഴിയുന്നതല്ല. ഫിലിപ്പീൻസുകാര്‍ വിരിയാറായ താറാവുമുട്ട കഴിക്കുന്നതും സാര്‍ഡീനിയക്കാര്‍ ജീവനുള്ള പുഴുക്കളുള്ള ചീസ് കഴിക്കുന്നതും ഐസ്​ലൻഡുകാർ ചത്ത് ചീഞ്ഞ സ്രാവിനെ ഉണക്കി കഴിക്കുന്നതുമെല്ലാം നമുക്ക് അപരിചിതവും അത്ഭുതമുളവാക്കുന്നതുമായ ഭക്ഷണരീതികളാണ്. ഇതുപോലെ നമ്മുടെ സങ്കല്‍പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭക്ഷണരീതികളും ആഹാരക്രമങ്ങളും പിന്തുടരുന്നവരാണ് പഴയ നാടോടി സംസ്‌കാരത്തിന്റെ രീതികള്‍ പിന്തുടരുന്ന കസാക്കിസ്താനുകാര്‍. കൃഷി സ്ഥലത്ത് ഉഴുത്തിന് ഉപയോഗിച്ച കാളയുടെ ഇറച്ചി നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടത് എങ്ങനെയാണോ അങ്ങനെയാണ് കസാക്കുകാരുടെ ഭക്ഷണത്തില്‍ കുതിരയിറച്ചി സ്ഥാനം പിടിച്ചതും.

To advertise here,

തായ്, കൊറിയന്‍ ചൈനീസ് യൂറോപ്യന്‍ പാക് വിഭവങ്ങള്‍ പോലെ ഇന്ത്യക്കാര്‍ക്ക് ഒട്ടും പരിചിതമല്ല കസാക് രുചി. ചുവന്ന മുളകും മല്ലിപ്പൊടിയും പോലുള്ള യാതൊരുവിധ മസാലകളും ചേര്‍ക്കാത്തതാണ് കസാക്കിസ്താൻ വിഭവങ്ങള്‍. പത്ത് ദിവസത്തെ കസാക്കിസ്താൻ യാത്രക്കിടെ പച്ചമുളകിന്റെ ഒരു തരി എരിവ് പോലും കഴിച്ച ഒരു ഭക്ഷണത്തില്‍ നിന്നും ലഭിച്ചിട്ടില്ല. വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ലോകത്ത് നിന്ന് വരുന്ന നമുക്ക് മസാലയേതുമില്ലാത്ത ഭക്ഷണം പുതുമതന്നെയാണ്. മസാലയിലും രുചിയിലുമല്ല പകരം നല്ല ആരോഗ്യം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യദായകമായ വിഭവമാണ് ഇവരുടെ തീന്‍മേശയില്‍ കൂടുതലും. നിറയെ പച്ചക്കറികൾ അരിഞ്ഞിട്ട ഇറച്ചി വിഭവങ്ങളായ ലഗ്മാനും ഷുര്‍പയും മന്തിയുമെല്ലാം ഇവരുടെ ആരോഗ്യപ്രദമായ ഭക്ഷണ കൂട്ടുകളുടെ ഉദാഹരണങ്ങളാണ്. കസാക്ക് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും തലയിലെ ഇടതൂര്‍ന്ന മുടി കണ്ടാലറിയാം ഇവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മികവ്. ഹോട്ടലുകളില്‍ ചെന്ന് കസാക്കുകാരെയും റഷ്യക്കാരെയും ശ്രദ്ധിച്ചപ്പോഴൊക്കെ മനസ്സിലായ കാര്യം അവരുടെ പ്രാതൽ രീതിയാണ്. സാലഡുകളോടാണ് ഇവർക്ക് പ്രിയം. അതു കഴിഞ്ഞാൽ ഇറച്ചിയും. ഗോതമ്പ്, അരി, ഉഴുന്ന്, റാഗി പോലെ വിവിധ തരം ധാന്യോപയോഗം ഇവർക്കില്ല. ഗോതമ്പും മൈദയും ഉപയോഗിച്ചുള്ളതാണ് ഇവരുടെ റൊട്ടി വിഭവങ്ങൾ.

placeholder
ബെറിപ്പഴങ്ങളിട്ട് ഉണ്ടാക്കിയെടുത്ത കസാക്കിസ്താൻ ചായ

ചായയും കാപ്പിയും പൊതുവെ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാമെങ്കിലും ദൈനംദിന ജീവിതത്തില്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് തേയിലചായ. കസാക്കികള്‍ക്ക് ചായയുണ്ടെങ്കിലും പലതരം ബെറിപ്പഴങ്ങളും ഇലകളും ചേര്‍ത്ത് കാച്ചിയ പഞ്ചസാരയില്ലാത്ത പാനീയമാണ് കസാക്കിസ്താനില്‍ ചായ. തേയില ഉപയോഗിച്ചല്ല ഇവര്‍ ചായയുണ്ടാക്കുന്നത്. ഇവരുടെ ചായ രുചിയുടെ ഏതാണ്ട് രൂപം കിട്ടാന്‍ പഴങ്ങള്‍ ചൂടാക്കിയ പഞ്ചസാരയിടാത്ത വെള്ളം സങ്കല്‍പിച്ചു നോക്കിയാല്‍ മതി. അതിനാല്‍ തന്നെ ഇന്ത്യന്‍ ചായയോട് ഇവര്‍ക്ക് പ്രിയമേറെയാണ്. കസാക്കുകാരുടെ ഇന്ത്യന്‍ ചായപ്രേമം നേരത്തെ അറിയുന്നതുകൊണ്ട് തന്നെ കസാക്കിസ്താൻ യാത്രക്ക് മുന്നോടിയായി അവിടെയുള്ള സുഹൃത്തുക്കള്‍ക്കായി കയ്യില്‍ കരുതിയതും ഇന്ത്യന്‍ മസാല ചായ പാക്കറ്റുകളായിരുന്നു.

placeholder
കസാക്കിലെ ചില മനുഷ്യർ കഴിക്കുന്ന കല്ലുകൾ

കല്ല് തിന്നുന്നവരോ കസാക്കികള്‍?

വെള്ള കളിമണ്ണുകളും പാറക്കഷ്ണങ്ങളും തിന്നുന്നവരാണ് കസാക്കിസ്താന്‍കാര്‍ എന്ന തരത്തിലുള്ള വീഡിയോകള്‍ ധാരാളം യുട്യൂബിലുണ്ട്. പക്ഷെ പത്ത് ദിവസത്തോളം താമസിച്ച സമയത്തൊന്നും അത്തരമൊരു കാര്യം നേരില്‍ കണ്ടിട്ടില്ല. യുട്യൂബർമാർ പറയുന്ന പോലെ കസാക്കിസ്താനിൽ അതത്ര പ്രചാരത്തിലുള്ള ഭക്ഷണവുമല്ല. പക്ഷെ വെള്ള കളിമണ്ണ് ചുട്ടെടുത്ത്, ചെറിയ കല്ലുകളാക്കി ചില കടകളില്‍ തിന്നാനായി വില്‍ക്കുന്നുണ്ട്. ഞങ്ങളുടെ സുഹൃത്തായ കസാക്കുകാരിയായ ഐജാന്‍ ചെറുപ്പകാലത്ത് ഈ കല്ലുകള്‍ തിന്നിരുന്നുവെന്നതിന്റെ അനുഭവം പങ്കുവെച്ചിരുന്നു. നടോടി വിഭാഗമായി സഞ്ചരിച്ച് ജീവിച്ചിരുന്ന പഴയ കസാക്കുകാര്‍ക്ക് ശരീരത്തില്‍ ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും അംശം കുറയാതിരിക്കാനാണ് ഇവര്‍ ചെറിയ കളിമണ്‍ കല്ലുകള്‍ ഭക്ഷിച്ചിരുന്നത്. അത് പിന്നീട് ചില വീടുകളില്‍ പിന്തുടരുകയായിരുന്നു. അല്ലാതെ വ്യാപകമായി എല്ലാ വീട്ടുകാരും കല്ലു കഴിക്കുന്നവരാണെന്ന തരത്തില്‍ ഇറങ്ങുന്ന യുട്യൂബ് വീഡിയോകള്‍ വ്യാജമാണ്. മാത്രമല്ല ശരീരത്തിന് ഇത് അത്ര ഗുണകരമല്ലെന്ന ബോധ്യവും ഇപ്പോള്‍ പലര്‍ക്കുമുണ്ട്.

placeholder
വിവിധ രീതിയിൽ പാൽ ഉണക്കി പൊടിച്ചുണ്ടാക്കുന്ന വിഭവങ്ങൾ. ഗോളാകൃതിയിൽ കാണുന്നത് കുർത്ത്.

നാടോടി വിഭാഗമായതു കൊണ്ട് തന്നെ കിട്ടാവുന്ന സാധനങ്ങളെല്ലാം ഉണക്കി സൂക്ഷിക്കുന്ന ശീലം ഇവരുടെ കുസിനിൽ പ്രചുര പ്രചാരത്തിലുണ്ട്. ഇറച്ചി ഉണക്കുന്നത് നമുക്കും പുതുമയല്ലല്ലോ.. ഇറച്ചിക്ക് പുറമെ പാലുത്പന്നങ്ങളും ഇവര്‍ കൂടുതലായും ഉണക്കി ഭക്ഷണത്തിലുള്‍പ്പെടുത്തിക്കാണുന്നു. അത്തരത്തില്‍ ഉണക്കി സൂക്ഷിക്കുന്ന പാലുത്പന്നമാണ് കുര്‍ത്ത്..പാലിലെ പോഷകങ്ങൾ ലഭിക്കാന്‍ പണ്ട് കസാക്കിലെ നാടോടി വിഭാഗം കണ്ടെത്തിയ മാര്‍ഗ്ഗമാണ് കുര്‍ത്ത്. ചില കടകളില്‍ കുരുമുളകിട്ട എരിവുള്ള കുര്‍ത്തുകളും ലഭിക്കും. പൊട്ടിച്ചാല്‍ ചോക്ക് പോലുണ്ടാവും. 

placeholder
ഷാലപ്

ചില ഇന്ത്യന്‍- കസാക്ക് രുചി അപാരതകള്‍

ഇന്ത്യന്‍ വിഭവങ്ങളുമായി സാമ്യം തോന്നുന്ന വിരലിലെണ്ണാവുന്ന വിഭവങ്ങളേ കസാക്കിസ്തനില്‍ കണ്ടുള്ളൂ. അതിലൊന്ന് അരിവേവിച്ചുണ്ടാക്കുന്ന പിലാഫാണ്. പിലാഫിന് നമ്മുടെ പുലാവുമായി സാമ്യമേറെയാണ്. മറ്റൊരു വിഭവം ഷാലപ് ആണ്. പുളിപ്പിച്ച പാല്‍ ആണ് ഷാലപ്. നമ്മുടെ മോരിന്റെ അതേ രുചി.  നമ്മൾ കറിവേപ്പില ഉപയോഗിച്ച് മോര് വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്നതുപോലെ ഷാലപ്പിൽ ഇവര്‍ ഇലകള്‍ ഇട്ട് ഫ്‌ലേവറുള്ളതാക്കിയതും കഴിക്കാൻ ലഭിച്ചിട്ടുണ്ട്. പുളിപ്പിച്ച കുതിരപ്പാലും കടകളിൽ കുപ്പിയിൽ വാങ്ങാൻ കിട്ടും. കുമിസ് എന്നാണ് അതിന് പേര്. കസാക്കിസ്താനിലെ ജനപ്രിയ  പാനീയങ്ങളിലൊന്നാണ് കുമിസ്. കസാക്കിലെ അസ്താന സ്വദേശിയും ഞങ്ങളുടെ സുഹൃത്തുമായ ഡാന കൊണ്ടു വന്ന ബ്ലിനി എന്ന വിഭവം നമ്മള്‍ കഴിക്കുന്ന പാന്‍കേക്കിനോട് സാദൃശ്യമുള്ള വിഭവമായിരുന്നു. രണ്ട് ദിവസം പ്രാതലിന് പകരമായി ഞങ്ങള്‍ കഴിച്ചത് ബ്ലിനിയായിരുന്നു. ബ്ലിനി റഷ്യന്‍ വിഭവമാണ്. റഷ്യന്‍, ടര്‍ക്കിഷ് രുചികള്‍ കസാക്ക് രുചികള്‍ പോലെ തന്നെ കസാക്കുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. 

തായ്, യൂറോപ്യൻ, ടർക്കിഷ് രുചികൾ പോലെയല്ല നമുക്ക് ഇന്ത്യക്കാർക്ക് കസാക്ക് രുചി. കസാക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ കസാക്കിസ്താനില്‍ തന്നെ പോകണം. വിസ സൗജന്യമായതോടെ കസാക്കിസ്താനിലേക്കുള്ള ഇന്ത്യന്‍ യാത്രികരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കസാക്കിസ്താന്‍ യാത്രക്കിടെ രുചിച്ചറിഞ്ഞ, അവിടെ പോയാൽ കഴിക്കേണ്ട ചില പോപ്പുലര്‍ വിഭവങ്ങള്‍ പരിചയപ്പെടാം

placeholder
ബെഷ്ബർമാക്

ബെഷ്‌ബെര്‍മാക്

പൊതുവെ ഭക്ഷണമെല്ലാം ഫോര്‍ക്കു കൊണ്ട് കഴിക്കുന്നവരാണ് കസാക്കിസ്താന്‍കാര്‍. തണുപ്പുകാലത്ത് ചൂടുള്ള ഭക്ഷണം കൈകൊണ്ടു തൊടാതെ കഴിക്കുക എന്ന ഉദ്ദേശത്തിലാണല്ലോ ഫോര്‍ക്കും സ്പൂണും യൂറോപ്യന്‍കാര്‍ ഉപയോഗിച്ചു ശീലിക്കുന്നത്. അത്യാവശ്യം നല്ല തണുപ്പുള്ള പ്രദേശമായതു കൊണ്ട് തന്നെ കസാക്കിസ്താന്‍കാരും ഫോര്‍ക്കും സ്പൂണും ഉപയോഗിക്കും. ഒരേ ഒരു വിഭവത്തിലൊഴികെ. ആ വിഭവമാണ് ബെഷ്‌ബെര്‍മാക്. ബെഷ്‌ബെര്‍മാക് എന്ന വാക്കിനര്‍ഥം അഞ്ച് വിരലുകള്‍ എന്നാണ്. വിരലു കൊണ്ട് കഴിക്കേണ്ട ഭക്ഷണം എന്ന അര്‍ഥത്തിലാണ് ഇതിനാ പേര് വീണത്. കുതിരയിറച്ചികൊണ്ടുള്ള ബെഷ്ബര്‍മാക് കസാക്കിസ്താന്‍കാര്‍ തങ്ങളുടെ ഏറ്റവും വിശിഷ്ടാതിഥികള്‍ക്ക് മാത്രം നല്‍കുന്ന വിഭവമാണ്. ആട്ടിറച്ചിയും പോത്തിറച്ചിയും ഒട്ടകമിറച്ചിയും ഉപയോഗിച്ചും ബെഷ്ബർമാക് ഉണ്ടാക്കും. നാനിന്റെ വലിപ്പമുള്ള പാസ്ത ഷീറ്റുകള്‍ക്ക് മേല്‍ വട്ടത്തിലരിഞ്ഞ കുതിരയിറച്ചി നിരത്തിയാണ് ഞങ്ങളുടെ മേശമേല്‍ ഈ വിഭവമെത്തിയത്. ഇന്ത്യയിൽ പലയിടങ്ങളിൽ പലവിധ ബിരിയാണി ലഭിക്കുന്ന പോലെ കസാക്കിലെ തെക്കും വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വ്യത്യസ്ത ബെഷ്ബർമാക്കാണ് ലഭിക്കുക. പ്രായമായവര്‍ക്കും കഴിക്കാന്‍ പാകത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഇറച്ചിയാണ് ഈ വിഭവമുണ്ടാക്കാനായി ഉപയോഗിക്കുന്നത്. പോത്തിറച്ചിയുടെ അതേ രുചി തന്നെയാണ് കുതിരയിറച്ചിക്ക്. പക്ഷെ ഒട്ടും മസാല ചേര്‍ക്കാത്ത പുഴുങ്ങിയെടുത്ത പോത്തിറച്ചി നമുക്കധികം ഇഷ്ടപ്പെടാനിടയില്ല. എങ്കിലും കുതിരയിറച്ചി രുചി എന്തെന്നറിയാനും കസാക്കിസ്താനിലെ സ്‌പെഷ്യല്‍ വിഭവമെന്ന നിലയിലും അവിടെപ്പോയാൽ നിർബന്ധമായും രുചിച്ച് നോക്കേണ്ട വിഭവമാണ് ബെഷ്ബർമാക്ക്.  

placeholder
പിലാഫ്

പിലാഫ്

പിലാഫ് എന്നത് ഗ്രീക്ക് വിഭവമാണെങ്കിലും രൂപത്തിലും ചേരുവകളുടെ കാര്യത്തിലും പുലാവിന്റെ ബന്ധുവായി വരും.. പുലാവില്‍ നിന്ന് പിലാഫാണോ പിലാഫില്‍ നിന്ന് പുലാവാണോ ഉണ്ടായത് എന്ന സംശയം ബാക്കി. ഇറച്ചി വേവിച്ചെടുത്ത ശേഷം കാരറ്റും ഉള്ളിയുമിട്ട് അരി അതിലേക്കിട്ട് വെള്ളമൊഴിച്ച് വേവിച്ചാണ് പിലാഫ് തയ്യാറാക്കുന്നത്. ഇറച്ചിയിട്ട പുലാവ് പോലിരിക്കും പിലാഫും.. കാരട്ടിന്റെ ചെറു മധുരം പുലാവിനേക്കാള്‍ കൂടി നിന്നു എന്ന വ്യത്യാസം മാത്രമാണ് കഴിച്ചപ്പോൾ തോന്നിയത്. 

placeholder
ലഗ്മാൻ

ലഗ്മാന്‍

കഴിച്ച കസാക്ക് വിഭവങ്ങളിലെ പേഴ്‌സണല്‍ ഫേവറൈറ്റാണ് ലെഗ്മാന്‍. ഫലൂഡ പോലെ ലെയറുകളുള്ളതാണ് ഈ വിഭവം. ഏറ്റവും മുകളില്‍ നീളത്തിലരിഞ്ഞ കാരറ്റും ഉരുളക്കിഴങ്ങും വേവിച്ചതായിരിക്കും. തൊട്ടടിവശത്ത് വേവിച്ച നൂഡില്‍സ്, അതിനടിയില്‍ ഇറച്ചി കഷണങ്ങള്‍ അതിനുമടിയില്‍ ഇറച്ചി നീര്. ഈ രീതിയിൽ ഒരു കോപ്പയിൽ അടുക്കി വെച്ചാണ് ലഗ്മാൻ വിളമ്പുന്നത്. ഫലൂഡ കഴിക്കുന്നതുപോലെ ലഗ്മാൻ കഴിക്കുമ്പോൾ ഫോർക്കു കൊണ്ട് ഇതെല്ലാം മിക്സ് ചെയ്ത് കഴിക്കാം. എരിവ് തീരെയില്ല സൂപ്പി നൂഡിൽസിന്റെ അകന്ന ബന്ധുവായി തോന്നും.

placeholder
കാസി

കാസി

കുതിരയിറച്ചി സോസേജ് കൊണ്ടുണ്ടാക്കുന്നതാണ് കാസി. കുതിരയിറച്ചി പുകച്ചാണ് സോസേജ് ഉണ്ടാക്കുന്നത്. അല്‍മാത്തി ഗ്രീന്‍ മാര്‍ക്കറ്റില്‍ പല രീതിയില്‍ തയ്യാറാക്കിയ കുതിര സോസേജുകള്‍ പല ഷേപ്പുകളില്‍ ലഭ്യമാണ്. ഫ്രൈ ചെയ്യാതെ തന്നെ ആ സോസേജ് രുചിച്ചിരുന്നു. ഉണക്കിയെടുത്ത നമ്മുടെ നാട്ടിലെ ഇടിയിറച്ചിയോട് സമാനമായ രുചിയാണ് കാസിക്ക്. കുതിരയിറച്ചി സോസേജ് ഉപയോഗിച്ചാണ് കാസി തയ്യാറാക്കുന്നത്. മസാലയൊന്നും തന്നെ ചേർക്കാത്തതിനാല്‍ പ്രത്യേകിച്ച് വികാരമൊന്നുമില്ലാത്ത ഭക്ഷണം എന്ന് പറയാം. നാടോടിവിഭാഗമാണ് കസാക്കിസ്താനിലെ ജനത. വേട്ടയാടി ജീവിച്ചിരുന്ന ഇവര്‍ പല ആവശ്യത്തിനും കുതിരയെ ഉപയോഗിച്ചിരുന്നു. വലിയ മൃഗമായതിനാല്‍ ഇതിന്റെ ഇറച്ചി ഉണക്കി സൂക്ഷിച്ചാണ്  തണുപ്പ് കാലത്തെ ഭക്ഷണ ദൗര്‍ലഭ്യതയെ ഇവര്‍ മറികടന്നത് (അവിടെ കുതിരപ്പുറത്തിരുന്ന് ചെമ്മരിയാടുകളെ മേക്കുന്ന മനുഷ്യരെയും മലമ്പ്രദേശങ്ങളിൽ കണ്ടിരുന്നു. ഇങ്ങനെ ഉപയോഗിച്ചിരുന്ന കുതിരകൾക്ക് പ്രായം ചെല്ലുമ്പോൾ അറുത്ത് കഴിച്ച് ശീലിച്ചതാവാം). അങ്ങനെയാണ് കുതിരയിറച്ചിയും കാസിയും ഇവരുടെ പരമ്പരാഗത വിഭവത്തില്‍ ഇടം നേടുന്നത്.

placeholder
മന്തി

മന്തി

പേര് കേട്ടാല്‍ മനസ്സില്‍ വരുന്ന മന്തിച്ചോറല്ല കസാക്കുകാരുടെ മന്തി.മോമ്മോസിന്റെ മറ്റൊരു രൂപമാണ് കസാക്കിസ്താനില്‍ മന്തി. നമുക്ക് ഇന്ത്യയില്‍ കിട്ടുന്ന മോമിസനകത്ത്  കീമാ കട്ട് ചെയ്ത ഇറച്ചിയാണേല്‍ കസാക്കുകാരുടെ മന്തിക്കകത്ത് ചെറു കഷണങ്ങളായി തന്നെ ഇറച്ചി ലഭിക്കും. വെജ് മോമോസിലാണല്ലോ നമ്മള്‍ കാരറ്റും കാബേജുമൊക്കെ ചേര്‍ക്കുക . എന്നാല്‍ കസാക്കുകാരുടെ മന്തിക്കകം കഷണങ്ങളായി അരിഞ്ഞ കാരറ്റും ഉരുളക്കിഴങ്ങും കാബേജും ഇറച്ചി കഷണങ്ങളും ചേര്‍ന്ന കൂട്ടാണുണ്ടാവുക. കഷണങ്ങളാക്കിയ ഇറച്ചിയും കാരറ്റും മസാലയൊന്നും ഇടാതെ വഴറ്റി മൈദ പരത്തി അതിനുള്ളില്‍ നിറച്ച് പുഴുങ്ങിയാല്‍ കിട്ടുന്ന രുചി സങ്കല്‍പിച്ചു നോക്കൂ ഏതാണ്ടത് പോലിരിക്കും മന്തി. 

placeholder
പൽമേനി

പൽമേനി

കസാകിസ്താൻകാർ സാധാരണമായി  കഴിക്കുന്ന റഷ്യൻ വിഭവമാണ് പൽമേനി. കാഴ്ചയിൽ കസാക്ക് മന്തി പോലിരിക്കും. പക്ഷെ കൂടെ ഇറച്ചി നീരുമുണ്ടാകും. ഉള്ളി, കാബേജ്, കാരറ്റ് എല്ലാം സ്റ്റഫ് ചെയ്താണ് കസാക്കുകാർ അവരുടെ മന്തി ഉണ്ടാക്കുന്നതെങ്കിൽ പൽമേനിയിൽ ഇറച്ചിക്കൊപ്പം വെളുത്തുള്ളി മാത്രമാണ് ഉപയയോഗിക്കുന്നത്. മന്തി ആവികൊള്ളിച്ചുണ്ടാക്കുമ്പോൾ പൽമേനി വെള്ളത്തിലോ ഇറച്ചി നീരിലോ തിളപ്പിച്ചാണുണ്ടാക്കുന്നത്.. 

placeholder
ബോർസാക്ക്

ബോര്‍സാക്

ബോര്‍സാക്കില്ലാത്ത കസാക്ക് വൈകുന്നേരങ്ങളില്ല എന്ന് തന്നെ പറയാം. നമ്മുടെ നാട്ടിലെ പഴംപൊരി പോലെ എളുപ്പത്തിലുണ്ടാക്കാവുന്ന കസാക്ക് വീടുകളിലൊക്കെയും വൈകുന്നേരങ്ങളിൽ വിളമ്പുന്ന പലഹാരമാണ് ബോര്‍സാക്ക്. ബ്രഡ് പൊരിച്ചത് പോലുള്ള രുചിയാണ് ബോര്‍സാക്കിന്. ഗോതമ്പു പൊടി കുഴച്ച് ഉരുളകളാക്കി പോത്തിറച്ചിയുടെ കൊഴുപ്പില്‍ വറുത്തെടുത്താണ് ബോര്‍സാക്ക് തയ്യാറാക്കുന്നത്. ലൈറ്റ് ഫുഡ് ആയതുകൊണ്ട് തന്നെ ഒറ്റയിരുപ്പിന് അഞ്ചെണ്ണമെങ്കിലും ചുരുങ്ങിയത് കഴിക്കാം. 

placeholder

കോക്താല്‍

കസാക്കിസ്താനിലെ ഏറ്റവും പോപ്പുലര്‍ ആയ മത്സ്യ വിഭവമാണ് കോക്താല്‍. കാസ്പിയന്‍ കടലിനോട് ചേര്‍ന്നു താമസിക്കുന്ന പടിഞ്ഞാറന്‍ കസാക്കിസ്താൻകാരാണ് ഈ വിഭവം കഴിക്കുന്നത്. അത്ര തനത് അല്ലെങ്കിലും കോക്താലിന്റെ ചെറിയ രൂപം കഴിക്കാൻ ഞങ്ങൾക്കും അവസരം കിട്ടി.. മസാലയിടാതെ വറുത്തെടുത്ത മത്സ്യത്തിനു മുകളില്‍ തക്കാളിയും ചീസും കൊണ്ടുള്ള കൂട്ടും നിരത്തിവെച്ചത് പോലാണ് വിഭവം. മത്സ്യം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതും ഇഷ്ടമാവും. കസാക്കിസ്താനില്‍ ചെന്ന് ഇറച്ചി തിന്ന് മടുത്തവർക്ക് ആശ്വാസമാണ് കോക്താല്‍.

placeholder
ഷുർപ

ഷുര്‍പ

പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും ആളുകള്‍ കഴിക്കുന്ന കട്ടിയുള്ള സൂപ്പാണ് ഷോര്‍ബ. പരിപ്പിന്റെയും തക്കാളിയുടെയും ഷോര്‍ബ ഉത്തരേന്ത്യന്‍ കുസീനിലും ഉണ്ട്. കസാക്കിലെ ഷുര്‍പ ഷോര്‍ബയുടെ ബന്ധുവായി വരും. ചെമ്മരിയാടിന്റെ ഇറച്ചി, ആട്ടിറച്ചി, പോത്തിറച്ചി എന്നിവ ഉപയോഗിച്ചാണ് കസാക്കിസ്താനിൽ ഷോര്‍പ തയ്യാറാക്കുന്നത്. ഏതാണ്ട് ആട്ടിൻസൂപ്പ് പോലിരിക്കും.

placeholder
ഷെൽപെക്

ഷെല്‍പെക്

ഗോതമ്പ് പോടി, പാല്, പഞ്ചസാര, വെണ്ണ, ബേക്കിങ് സോഡ എന്നിവ കൂട്ടിക്കുഴച്ച് ചപ്പാത്തി പോലെ പരത്തി പാനിലോ തന്തൂറിലോ എണ്ണയൊഴിച്ച് വറുത്തെടുക്കുന്ന പൂരി പോലുള്ള വിഭവമാണ് ഷെല്‍പെക്. പ്രാതലായും വൈകുന്നേര പലഹാരമായും കഴിക്കാം. ചോക്കലേറ്റ് സോസ് ഉപയോഗിച്ചോ മറ്റ് സൂപ്പ് സൈഡ് ഡിഷാക്കിയോ കഴിക്കാം.. അതല്ലെങ്കില്‍ ഗ്രില്‍ഡ് മട്ടന്റെ കൂടെയും കഴിക്കാം. പൊതുവെ റൊട്ടി വിഭവങ്ങള്‍ വിരളമായുള്ള ഹോട്ടലുകളില്‍ ഷെല്‍പെക് ഉണ്ടെന്നത് ആശ്വാസമാണ്

placeholder
കോസ്​പ


കോസ്പ

കസാക്ക് യാത്ര നടത്തുന്നവര്‍ക്ക് കിട്ടാക്കനിയായ വീട്ടകങ്ങളില്‍ ഉണ്ടാക്കുന്ന പരമ്പരാഗത കസാക്ക് വിഭവമാണ് കോസ്പ. സുഹൃത്തായ ഡാന അസ്താനയില്‍ നിന്ന് ഞങ്ങള്‍ക്കായി കോസ്പ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. അണ്ടിപ്പരിപ്പു പോലുള്ള നട്‌സും ഉണക്കമുന്തിരിയുമെല്ലാം ബാര്‍ളി അതല്ലെങ്കില്‍ ഗോതമ്പ് വറുത്ത് പൊടിച്ചതില്‍ ചേര്‍ത്താണ് കോസ്പ ഉണ്ടാക്കുന്നത്. രൂപം കൊണ്ട് ഗോതമ്പ് ഹല്‍വ പോലെ തോന്നുമെങ്കില്‍ ചെറിയ പുളിരസമുള്ള വിഭവമാണ് കോസ്പ. കടല ചേര്‍ത്ത പുളിയുള്ള പേഡ പോലെയാണ് അതിന്റെ രുചി. കസാക്കുകാരുടെ ഇടയില്‍ തന്നെ വളരെ അപൂര്‍വ്വമായി ഉണ്ടാക്കുന്ന വിഭവമാണിതെന്ന് ഡാന പറഞ്ഞറിഞ്ഞു. ഉണ്ടാക്കുന്ന പ്രക്രിയയുടെ സങ്കീര്‍ണ്ണതകൾ കാരണമാണ് ഇതധികം ലഭ്യമല്ലാത്തത്.

ഏത് നാട്ടിൽ ചെന്നാലും ഇന്ത്യൻ ഫുഡ് , അതല്ലെങ്കിൽ ചോറ് തേടിനടക്കുന്നവരാണ് പലരും. യാത്രയിലൂടെ ഒരു പുതിയ രാജ്യം നമ്മൾ അറിയാൻ ശ്രമിക്കുമ്പോൾ അവരുടെ രുചികൾ കൂടി നാമറിയേണ്ടതുണ്ട്. അതിലൂടെ അവരുടെ ജീവിത രീതിയും സംസ്കാരവുമൊക്കെ അനാവരണം ചെയ്യപ്പെടും. എവിടെപ്പോകുമ്പോഴും അവിടത്തെ പ്രധാന ഭക്ഷണങ്ങൾ ചുരുങ്ങിയത് ഗൂഗിൾ ചെയ്ത് മനസ്സിലാക്കാനെങ്കിലും ശ്രമിക്കുക. പാക്കേജ് ടൂർ പോകുന്നവർക്ക് ഈ കസാക്ക് രുചികളെല്ലാം രുചിച്ചറിയുകയെന്നത് എളുപ്പം സാധ്യമല്ലാത്ത കാര്യമാണെന്നതും പറഞ്ഞു കൊള്ളട്ടെ.
 

placeholder
placeholder
placeholder
placeholder
placeholder
+5