കടല്‍ കടന്ന് കപ്പല്‍ കയറി ലക്ഷദ്വീപിലേക്ക് യാത്ര | ഭാഗം 01
പവിഴപ്പുറ്റുകള്‍ നിറഞ്ഞ, ലഗൂണുകളാല്‍ ചുറ്റപ്പെട്ട പച്ചക്കടലുള്ള ലക്ഷദ്വീപ് സമൂഹത്തിലേക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. പക്ഷെ, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നതുപോലെ അത്ര എളുപ്പമല്ല ലക്ഷദ്വീപ് യാത്ര. സമുദ്ര ടൂറിസം പാക്കേജ് വഴിയാണ് പോവുന്നതെങ്കില്‍ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടതില്ല. കുറച്ചധികം ദിവസം താമസിച്ച് അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മനസ്സിലുണ്ടായിരുന്നത് കൊണ്ട് തന്നെ പെര്‍മിറ്റ് എടുത്ത് യാത്ര ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ലക്ഷദ്വീപിലേക്ക് പോകാനും അവിടെ എത്തിപ്പെടാനും ക്ഷമയും സഹനവും ആവശ്യമാണെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ടൂര്‍ പാക്കേജ് വഴിയല്ലാതെ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ദ്വീപ് അധികൃതരുടെ അനുമതി വാങ്ങണം.
Also Read
മനസ്സില്‍ പെട്ടെന്ന് തോന്നലുണ്ടായി പൊടുന്നനെ യാത്ര പോകുന്നവര്‍ക്ക് പറ്റിയ ഇടമല്ല ലക്ഷദ്വീപ്
അനുമതി വാങ്ങിപ്പോകാന്‍ ദീര്‍ഘകാലത്തെ പ്ലാനിങ് തന്നെ വേണം. പെര്‍മിറ്റ് സംഘടിപ്പിക്കലും ടിക്കറ്റെടുക്കലുമെല്ലാം മറ്റിടങ്ങളിലേക്ക് പോകുന്നതുപോലെ അത്രയെളുപ്പമല്ല. ലക്ഷദ്വീപുവാസികളിലൊരാൾ വഴിയേ നമുക്ക് പെര്‍മിറ്റ് ലഭിക്കൂ. പെര്‍മിറ്റ് എടുക്കണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ലക്ഷദ്വീപിലേക്കുള്ള യാത്രയ്‌ക്കെന്ന് പറഞ്ഞ് അക്ഷയ വഴിയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. അത് കിട്ടിയ ഉടനെ ലക്ഷദ്വീപിലെ സുഹൃത്ത് വഴി പെര്‍മിറ്റിനായി അപേക്ഷിച്ചു. പെര്‍മിറ്റിനും ക്ലിയറന്‍സിനും മാത്രമായി 2000 രൂപയിലധികം ചെലവു വന്നു. അപേക്ഷിച്ച സമയത്ത് 400 പേരെ കൊള്ളാവുന്ന രണ്ട് കപ്പലുകള്‍ മാത്രമേ സര്‍വീസ് നടത്തിയിരുന്നുള്ളൂ. അതിനാല്‍തന്നെ രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പെര്‍മിറ്റും ടിക്കറ്റുമെല്ലാം റെഡിയായത്. ഇപ്പോള്‍ 700 പേരെ കൊള്ളുന്ന കവരത്തി സര്‍വീസ് പുനഃരാരംഭിച്ചതോടെ കുറച്ചു കൂടി എളുപ്പമാവും ടിക്കറ്റ് ബുക്ക് ചെയ്യലും യാത്രയും.
പെര്‍മിറ്റ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ യാത്ര പോയി വരണം. അതിനനുസരിച്ച് വേണം പ്ലാന്‍ ചെയ്യാന്‍. കടല്‍ കണ്ട് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് കപ്പല്‍ യാത്രയാണ് നല്ലത്. വേഗം പോയി വരേണ്ടവര്‍ക്ക് ഫ്ളൈറ്റിനെ ആശ്രയിക്കാം. ബേപ്പൂരില്‍നിന്ന് പണ്ട് സ്പീഡ് ബോട്ടുകള്‍ പോവാറുണ്ടായിരുന്നെങ്കിലും ഇപ്പോഴതില്ല. കൊച്ചിയാണ് ലക്ഷദ്വീപിനെ കണക്ട് ചെയ്യാനുള്ള പ്രധാന പോയിന്റ്.
ഓണ്‍ലൈനായാണ് കപ്പല്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓണ്‍ ലൈന്‍ വഴി 10% ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവൂ എന്നതിനാല്‍ തന്നെ ഐ.ആര്‍.സി.ടി.സിയില്‍ ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ പ്രയാസമാണ്. കൊച്ചിയില്‍ ടിക്കറ്റ് കൗണ്ടറില്‍ പോയി നേരിട്ട് ടിക്കറ്റൈടുക്കുന്നതാണ് അല്‍പം കൂടി നല്ലത്.
ആദ്യ കപ്പല്‍യാത്ര
രാവിലെയായിരുന്നു ബോര്‍ഡിങ്ങ് എന്നതു കൊണ്ട് തലേദിവസം കൊച്ചിയില്‍ തങ്ങി. രാവിലെ തന്നെ ടിക്കറ്റുമായി കൊച്ചി വാര്‍ഫിലെത്തി. കയ്യിലുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് കൊടുത്താല്‍ ബോര്‍ഡിങ് പാസ്സ് തരും. ഒരു മിനി എയര്‍പോട്ട് സംവിധാനം തന്നെയുണ്ട് വാര്‍ഫില്‍. തോക്കേന്തിയ പട്ടാളക്കാര്‍ നടത്തുന്ന സുരക്ഷാ പരിശോധനയുണ്ട്. കൊണ്ടുപോകുന്ന ലഗ്ഗേജിന്റെ ഭാരവും പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനയെല്ലാം കഴിഞ്ഞ് ഫ്‌ളൈറ്റിലേക്ക് കയറാന്‍ എയര്‍പോട്ടില്‍ ബസ് ലഭിക്കുന്നത് പോലെ കപ്പല്‍ ഡോക്ക് ചെയ്തിടത്തേക്ക് പോകാന്‍ ബസ് ഉണ്ടാവും. ബസ്സിറങ്ങിയതിനു തൊട്ടുമുന്നില്‍ തന്നെ ഞങ്ങള്‍ പോകുന്ന എം.വി. കോറല്‍സ് കപ്പല്‍ നങ്കൂരമിട്ടിരുന്നു.

കപ്പലില്‍ കയറിയുള്ള ആദ്യയാത്രയായതിനാല്‍ തന്നെ യാത്രയുടെ ആരംഭംതൊട്ട് അവസാനം വരെ കൗതുകവും അത്ഭുതവുമായിരുന്നു. ലക്ഷദ്വീപിലേക്കുള്ള കപ്പലിനെ കുറിച്ചുള്ള എന്റെ ഭാവന താമസിക്കാന്‍ ചെറിയ മുറികളുള്ള ഒരു വലിയ ബോട്ട് എന്നതായിരുന്നു. പക്ഷെ, കാന്റീന്‍ മുതല്‍ ഹോസ്പിറ്റലും പോലീസ് സ്‌റ്റേഷനും വരെ കപ്പലിലുണ്ടെന്നത് അതഭുതപ്പെടുത്തി. വെറും 400 പേരെ കൊള്ളുന്ന ഈ കുഞ്ഞുകപ്പലില്‍ ഇത്രയധികം സംവിധാനങ്ങളുണ്ടെങ്കില്‍ വലിയ ആഡംബര കപ്പലുകളില്‍ എന്തെല്ലാം ഉണ്ടാകുമെന്ന് അത്ഭുതം കൂറി.

കപ്പലില്‍ 10.30-ഓടുകൂടി കയറിയെങ്കിലും യാത്ര പുറപ്പെടാന്‍ രണ്ടു മണിയായി. മുന്‍യാത്രികരുടെ ഉപദേശം സ്വീകരിച്ച് ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചതിനാല്‍ യാത്ര ദുരന്തമായി മാറിയില്ല. കടല്‍ച്ചൊരുക്ക് കാരണം ചര്‍ദ്ദിച്ചവശരായ പലരെയും കപ്പലില്‍ കണ്ടിരുന്നു. നേരിട്ട് കവരത്തിക്കുള്ള കപ്പലായിരുന്നെങ്കില്‍ പുലര്‍ച്ചെ തന്നെ എത്തിയേനെ. എന്നാല്‍, ഞങ്ങള്‍ എടുത്ത കപ്പൽ സര്‍വ്വീസ് ഇടക്ക് അഗത്തി സ്റ്റോപ്പുള്ളതായിരുന്നു. അതിനാല്‍ കവരത്തിയെത്തുമ്പോഴേക്കും പിറ്റേന്ന് ഉച്ച കഴിയുമെന്ന് സഹയാത്രക്കാര്‍ അറിയിച്ചു.
കപ്പലിനുള്ളിലെ കാഴ്ചകൾ

സീമാന്‍മാരെ പരിചയപ്പെട്ടതുവഴി യാത്രക്കാര്‍ക്കു പൊതുവെ കാണാന്‍ കഴിയാത്ത ചില കാഴ്ചകളും കാണാനായി. കപ്പല്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ ക്യാപ്റ്റനല്ല ചുമതല. ചാനലില്‍നിന്ന് കപ്പല്‍ കടലിലേക്ക് കടക്കും വരെയുള്ള ദൂരം കപ്പലിന്റെ ചുമതല കരയിലുള്ള പൈലറ്റിനാണ്. ബോട്ടിൽ വന്നാണ് പൈലറ്റ് കപ്പലില്‍ കയറുക. കപ്പലിന്റെ ചാര്‍ജെടുത്ത് കപ്പലിനെ ചാനല്‍ കടത്തിയ ശേഷം ക്യാപ്റ്റന് ചാര്‍ജ് നല്‍കി അര മണിക്കൂറിനുള്ളില്‍ അദ്ദേഹം തിരികെ പോവുകയും ചെയ്തു. ഡോക്ക് യാര്‍ഡില്‍നിന്ന് യാത്രക്കാരെ കപ്പലിലേക്ക് കയറാൻ സഹായിച്ച ഏണി മടക്കല്‍, ആംഗര്‍ ചെയ്ത കയര്‍ തിരിച്ചു ചുറ്റിയെടുക്കൽ, പൈലറ്റിന്റെ വരവും പോക്കും തുടങ്ങി സാധാരണ യാത്രികർക്ക് കാണാന്‍ സാധിക്കാത്ത പല കാഴ്ചകളും സീമാനായ കബീറിന്റെയും കപ്പൽ ജീവനക്കാരാനായ സജദിന്റെയും സഹായം കൊണ്ട് മാത്രമാണ് കാണാൻ സാധിച്ചത്.
ടിക്കറ്റ് നിരക്കും സൗകര്യങ്ങളും
- ബംഗര്‍- 1200
- സെക്കന്റ് ക്ലാസ്-3800
- ഫസ്റ്റ് ക്ലാസ്-5000
യാത്ര തുടങ്ങും മുമ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടത് ഛര്‍ദിക്കുള്ള മരുന്നാണ്. ഇല്ലെങ്കില്‍ സൂര്യാസ്തമയ- ഉദയസമയത്തെ കടല്‍ കാഴ്ച്ചകള്‍ കാണാന്‍ കഴിയാതെ ഛര്‍ദിച്ചും കിടന്നവശരായും ആദ്യയാത്ര ദുരിതമാകും. ബംഗര്‍ ക്ലാസ്സ് ടിക്കറ്റാണ് ഏറ്റവും ചെലവു ചുരുക്കിയുള്ള കപ്പല്‍യാത്രാ മാര്‍ഗ്ഗം. 1500 രൂപയേ ഉള്ളൂവെങ്കിലും മോശമില്ലാത്ത രീതിയില്‍ തന്നെയുള്ള യാത്ര ബംഗര്‍ ക്ലാസ്സിലും ലഭിക്കും. എയര്‍ കണ്ടീഷന്‍ഡ് ആണ് ബംഗര്‍ ക്ലാസ്സുകളും. കൂട്ടമായി യാത്ര പോകുന്നവര്‍ക്ക് ബംഗറാണ് നല്ലത്. എല്ലാവര്‍ക്കും ഒരുമിച്ചൊരിടത്ത് വർത്തമാനം പറഞ്ഞിരുന്നും കിടന്നും പോകാം. ഏതാണ്ട് ട്രെയിനിലെ എ.സി. ക്ലാസ് പോലിരിക്കും . ബംഗര്‍ ക്ലാസ്സുകാര്‍ക്കായി പൊതു ശുചിമുറികള്‍ ഒത്തിരിയുണ്ടെങ്കിലും കടല്‍ചൊരുക്ക് ഛര്‍ദി ടെന്‍ഡന്‍സി ഉണ്ടാക്കുന്നതിനാല്‍ രാത്രി കഴിയുന്നതോടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം മലീമസമാകും. കുടുംബമായി പോകുന്നവര്‍ക്ക് അല്‍പം ചെലവ് കൂടിയാലും സെക്കന്‍ഡ് ക്ലാസ്സാണ് നല്ലത്. ചെലവ് താങ്ങാന്‍ കഴിയുന്നതാണെങ്കില്‍ ദമ്പതിമാര്‍ക്ക് ഫസ്റ്റ് ക്ലാസ് നല്ല ഓപ്ഷനാണ്.
കപ്പലിനുള്ളില്‍ ഫസ്റ്റ് ക്ലാസ് കാന്റീനും സെക്കന്റ് ക്ലാസ് കാന്റീനും ഉണ്ട്. കാന്റീനില്‍ കട്ടന്‍ ചായ, ചെറിയ സ്‌നാക്‌സ്, മൂന്ന് നേരം ഭക്ഷണം എന്നിവ ലഭിക്കുമെങ്കിലും കൊറിച്ചു തിന്നാന്‍ വല്ലതും കയ്യില്‍ കരുതുന്നതാകും നല്ലത്. കാരണം ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കപ്പല്‍യാത്രക്കിടയില്‍ വല്ലതും തിന്നാന്‍ തോന്നിയാല്‍ വാങ്ങാന്‍ കഴിയില്ല. നടുക്കകടലിലാണ് നമ്മള്‍. മാത്രവുമല്ല, കപ്പല്‍യാത്രയില്‍ സാമാന്യം വിശപ്പും ഉണ്ടാകും. രണ്ട് ചപ്പാത്തി സാധാരണ കഴിക്കുന്ന എനിക്ക് നാലു ചപ്പാത്തിപോലും മതിയാവാതെ വന്നിരുന്നു. തരക്കേടില്ലാത്തതാണ് കാന്റീന്‍ ഭക്ഷണം. ഭക്ഷണത്തിന് പണം പ്രത്യേകമടക്കണം. കപ്പലിലെ അടുക്കള അത്യാവശ്യം നല്ല വൃത്തിയുണ്ടായിരുന്നു.
യാത്രക്കാര്‍ക്കാർക്കും പ്രവേശനമില്ലാത്ത കപ്പലിന്റെ കണ്‍ട്രോള്‍ റൂമായ ബ്രിഡ്ജിലേക്കും എന്‍ജിന്‍ റൂമിലേക്കും കിച്ചനിലേക്കുമൊക്കെ പ്രവേശനം ലഭിച്ചതും പരിചിതമല്ലാത്ത ആ ലോകം നേരില്‍ കാണാന്‍ സാധിതും സീമാനായ കബീറിന്റെ സഹായത്താലായിരുന്നു.
ബ്രിഡ്ജിലെ കാഴ്ച
കപ്പലിലെ ഏറ്റവും മനോഹര ദൃശ്യങ്ങള്‍ ലഭിക്കുന്നത് ബ്രിഡ്ജില്‍ വെച്ചാണ്. കാപ്റ്റനടക്കമുള്ള സംഘങ്ങള്‍ ഉള്ള കപ്പലിലെ ഏറ്റവും തന്ത്രപ്രധാന മുറി ബ്രിഡ്ജ് ആണ്. ലളിതമായ ഭാഷയില്‍ പറയുകയാണെങ്കില്‍ കപ്പൽ നിയന്ത്രിക്കുന്ന സ്ഥലം. പുലര്‍ച്ചെ സമയത്തും രാത്രിയിലുമൊക്കെ ബ്രിഡ്ജില്‍നിന്ന് കടലിലേക്ക് നോക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വിജനതയാണ്. വല്ലാത്തൊരു അനുഭവം. പക്ഷെ സാധാരണ യാത്രികര്‍ക്ക് ഇങ്ങോട്ടൊന്നും പ്രവേശനമില്ല.
എന്‍ജിന്‍ മുറി
കടലിലെ ഉപ്പുവെള്ളം ശുദ്ധീകരിച്ചെടുക്കുന്ന വെള്ളമാണ് കപ്പലിൽ ഉപയോഗിക്കുന്നത്. ഓയിലര്‍ ഷാനവാസിന്റെ സഹായത്തോടെ ഡിസലൈനേഷൻ പ്ലാന്റും മറ്റും കാണാൻ പറ്റി. എന്‍ജിന്‍ റൂമിലേക്കും അദ്ദേഹത്തിന്റെ സഹായത്തോടെ പോയി. എ.സി. പ്ലാന്റ്, ടര്‍ബൈനുകള്‍, എൻജിനുകൾ തുടങ്ങിയവയെല്ലാമടങ്ങിയ കപ്പലിന്റെ തീര്‍ത്തും വ്യത്യസ്തമായ ലോകമായിരുന്നു അവിടെ.
യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ മൊബൈല്‍ കണക്ടിവിറ്റി പൂര്‍ണ്ണമായും നഷ്ടമായി. ഞങ്ങളെല്ലാം കപ്പലിന്റെ ഏറ്റവും മുകളിലുള്ള ഭാഗത്തെത്തി. നല്ല വ്യൂ കിട്ടുന്ന ടൈറ്റാനിക് പോസ് ചെയ്യാന്‍ കഴിയുന്ന ഭാഗമുണ്ടായിരുന്നെങ്കിലും അവിടെ റഡാർ സ്ഥാപിച്ചിരുന്നതിനാൽ പ്രവേശനം ചങ്ങല വെച്ച് തടഞ്ഞിരുന്നു. മുകള്‍ഭാഗത്ത് കടല്‍ക്കാഴ്ച കാണാനായി ധാരാളം സീറ്റുകളൊരുക്കിയിട്ടുണ്ട്. ഇടക്ക് ഡോള്‍ഫിനുകളെയും കണ്ടു. പെട്ടെന്ന് കുതിച്ചു ചാടി മറഞ്ഞതിനാല്‍ ആ മനോഹര കാഴ്ച കാമറയില്‍ പകര്‍ത്താനായില്ല.
കാഴ്ചയും ഫോട്ടോമെടുപ്പുമെല്ലാം കഴിഞ്ഞ് വേഗം തന്നെ രാത്രിയായി. കപ്പല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് മണി സമയത്ത് കവരത്തി പരിസരത്തെത്തിയെങ്കിലും അഗത്തിയിലായിരുന്നു കപ്പലിന്റെ ആദ്യ ഹാള്‍ട്ട്. പോകുന്ന വഴി പുലര്‍ച്ചെ കവരത്തി കാണാമായിരുന്നു. മണിക്കൂറുകളോളം റേഞ്ച് കിട്ടാതിരുന്ന മൊബൈലില്‍ റേഞ്ച് വന്നതും ആദ്യയാത്ര ഇതുവരെ ഒകെയാണെന്ന് വീട്ടുകാരെ അറിയിക്കാന്‍ സാധിച്ചതും അപ്പോഴായിരുന്നു. കുറെ പേര്‍ അഗത്തിയിറങ്ങാനുണ്ടായിരുന്നു. കവരത്തിയില്‍നിന്ന് വീണ്ടും രണ്ട് മണിക്കൂര്‍ നേരം സഞ്ചരിക്കണം അഗത്തിയെത്താന്‍. അഗത്തിയില്‍ കപ്പലിന് ബെര്‍ത്ത ചെയ്യാന്‍ സാധിക്കാത്തതിനാല്‍ യാത്രക്കാരെ ബോട്ട് വഴിയാണ് കരക്കെത്തിച്ചത്. യാത്രക്കാരെ ഇറക്കിയ ശേഷം അഗത്തിയില്‍നിന്ന് കുറെ യാത്രക്കാര്‍ കവരത്തിയിലേക്കായി കപ്പലില്‍ കയറിയിരുന്നു. ഉപ്പ തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ കേരളത്തില്‍ നിന്നാണ് ദ്വീപിലെത്തുന്നത്. കടകളിലേക്കും വീടുകളിലേക്കും എത്തിക്കാനുള്ള സകലമാന സാധനങ്ങളും അണ്‍ലോഡ് ചെയ്ത ശേഷമാണ് കപ്പല്‍ അഗത്തിയില്‍നിന്ന് പുറപ്പെട്ടത്. അത് രസകരമായ കാഴ്ചയായിരുന്നു. അതിനാല്‍ തന്നെ കവരത്തി എത്തുമ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ വൈകി.
Content Highlights: lakshadweep trip, ship journey, bridge view
Published: 23 Jul 2023, 10:01 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented