ളം നീലനിറത്തിലൊരു പുഴ ഒഴുകുന്നുണ്ട്. പുഴയോരത്തെ ഗ്രാമക്കാഴ്ചകള്‍ക്ക് ശലഭഭംഗി. അതിരിലെ മരങ്ങള്‍ക്കിടയില്‍ പച്ചപ്പാടങ്ങള്‍. ഇടയ്ക്ക്, ഇടയ്ക്ക് മാത്രം ചെറിയ വീടുകള്‍. ഒന്നോ രണ്ടോ മനുഷ്യരിങ്ങനെ ആ വിശാലമായ ഇടത്ത് കൂടി പതിയെ നടന്നു പോകുന്നത് കാണുന്നു. മഞ്ഞുമലകളും കനത്തകാടും പര്‍വതങ്ങളില്‍ അരുവി മുളപൊട്ടിയൊഴുകിയിറങ്ങുന്ന കാഴ്ചയും. അങ്ങനെയനേകം അരുവികള്‍ ചേര്‍ന്ന് വലിയ പുഴയായി ഒഴുകിപ്പരക്കുന്ന മണ്ണ്, ഉത്തരാഖണ്ഡ്. അളകനന്ദയും മന്ദാകിനിയും നന്ദാകിനിയും യമുനയും ഗംഗയും പുഷ്പവതിയും  പിന്നെ സരയുവുമൊഴുകുന്ന സുന്ദര വഴികള്‍.

To advertise here,

അളകനന്ദയില്‍ അലിഞ്ഞ് ഗംഗയില്‍ ലയിക്കാനുള്ള യാത്രയിലാണ് ധൗളിഗംഗ. ഇരുവശത്തേയും ചെങ്കുത്തായ ഇടത്തിനിടയില്‍ തെളിഞ്ഞൊഴുകുന്ന പുഴയുടെ ഇളം നീലനിറം കാണുന്നത് ജോഷിമഠില്‍ നിന്ന്. കറുപ്പൊരു കറപോലെ പറ്റിപ്പിടിച്ച വെളുത്ത ഉരുളന്‍ കല്ലുകള്‍ ആ ഒഴുക്കിന് അഴകാകുന്നു. ധൗളിഗംഗയുടെ ഓരത്ത് കൂടി പോയി ഋഷിഗംഗയുടെ അടുത്തേയ്ക്കാണ് യാത്ര. അവിടെയാണ് റെയ്നി ഗ്രാമം. ഇന്ത്യ - ചൈന അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത സുന്ദര ഗ്രാമം. മരങ്ങള്‍ കെട്ടിപ്പിടിച്ച് ആ ഗ്രാമത്തിലെ മനുഷ്യര്‍ പണ്ട് നടത്തിയ സമരം ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. പക്ഷേ, ആ സമരമല്ല ഈ പറച്ചിലിലെ കാഴ്ച. സമരം നടത്തിയ മനുഷ്യര്‍ താമസിച്ച, അവരുടെ പിന്‍തലമുറ ഇപ്പോഴും താമസിക്കുന്ന ആ സുന്ദര ഗ്രാമം അനുഭവിച്ച് വരാം.

ജോഷിമഠിലെ വഴിയരികില്‍ ടാറ്റാ സുമോ നിര്‍ത്തിയിട്ടിട്ടുണ്ട്. തണുത്ത് വിറച്ച് ആ വിറയലില്‍നിന്ന് രക്ഷനേടാന്‍ ശരീരത്തിന്റെ ഒട്ടുമുക്കാലും മറച്ച ഒരു മെലിഞ്ഞ മനുഷ്യനാണ് ഡ്രൈവര്‍. അദ്ദേഹം ആളുകളെ വിളിച്ച് കയറ്റിക്കൊണ്ടിരുന്നു. റെയ്നിയിലുള്ളവര്‍ക്ക് അത്യാവശ്യം വീട്ടുസാധനങ്ങളെല്ലാം വാങ്ങാന്‍ ജോഷിമഠില്‍ വരണം. ഒരുപാട് പേരൊന്നും അങ്ങനെ വന്ന് വാങ്ങിപ്പോകാനില്ല. അതുകൊണ്ട് യാത്രാ സംവിധാനമൊക്കെ പരിമിതം. സുമോയിലുള്ള പാതിയിലധികം പേരും റെയ്നിയിലേക്കാണ്. ഇടതുവശത്തെ സീറ്റിലേയ്ക്ക് ഒരു യുവതി വന്നിരുന്നു, രശ്മി ദേവി. വളരെക്കുറഞ്ഞ സമയം കൊണ്ട് രശ്മി ദേവി ഞങ്ങളുടെ വഴികാട്ടിയായി. റെയ്നി ഗ്രാമവാസിയാണ് രശ്മി. ഗ്രാമത്തേയും അവിടുത്തെ മനുഷ്യരേയും മുന്‍ തലമുറയേയും കുറിച്ചെല്ലാം രശ്മി ദേവി പറഞ്ഞ് തുടങ്ങി. ടാറ്റാ സുമോ ജോഷിമഠ് കടന്നു.

ഒരു വശത്ത് നോക്കെത്താത്ത ഉയരത്തില്‍ വലിയ മലഞ്ചരിവാണ്. ഇപ്പുറത്ത് ആ മലഞ്ചരിവ് താണവസാനിക്കുന്നത് ധൗളി ഗംഗ നദിയില്‍. ഇതിനിടയിലൂടെ വെട്ടിയുണ്ടാക്കിയ ചെറിയ റോഡിലൂടെ പതിയെ, ശ്രദ്ധയോടെ വണ്ടി മുന്നോട്ട് നീങ്ങി. വഴിയില്‍ ചിലയിടങ്ങളില്‍ ഇപ്പൊ വണ്ടിമേലേക്ക് പതിക്കും എന്ന മട്ടില്‍ ചെറു പാറക്കൂട്ടങ്ങളുണ്ട്. പറിച്ചെടുക്കാനും പൊട്ടിക്കാനും എത്ര ശ്രമിച്ചിട്ടും പറ്റാഞ്ഞതോടെ തൊഴിലാളികള്‍ ഉപേക്ഷിച്ച് പോയതാകും ഈ കടുത്ത പാറകള്‍. കടുത്തതായത് കൊണ്ട് തന്നെ യാത്രയില്‍ വാഹനത്തിന് മുകളില്‍ പതിക്കില്ല എന്ന വിശ്വാസത്തില്‍ റെയ്നിക്കാര്‍ വാഹനം എല്ലായ്പ്പോഴും മുന്നോട്ട് തന്നെയെടുക്കുന്നു. ഇന്നാട്ടില്‍ ആദ്യമായെത്തുന്നവര്‍ക്ക് ഭയം അരിച്ചരിച്ചങ്ങനെ കയറുമെങ്കിലും വഴി മുന്നോട്ട് നീങ്ങുന്തോറും അതിമനോഹര കാഴ്ചകള്‍ വിരുന്നാകുന്നു. ആ വിരുന്നില്‍ ലയിച്ചിരുന്ന് പുഴ തട്ടിത്തടഞ്ഞ്, വളഞ്ഞ് പുളഞ്ഞൊഴുകുന്നത് നോക്കിനില്‍ക്കാം.

തപോവനും കടന്ന് വിജനമായ പാതയിലൂടെ ഞങ്ങളുടെ വാഹനം മാത്രം സഞ്ചരിക്കുന്നു. മുന്നോട്ട് പോകുന്ന സമയമത്രയും ധൗളിഗംഗ ഒപ്പം തന്നെയുണ്ട്. വഴിയില്‍ ഓരത്ത് ഇടയ്ക്ക് മാത്രം മനുഷ്യര്‍ സാവധാനം നടന്ന് പോകുന്നു. അതൊരപൂര്‍വ്വ കാഴ്ച മാത്രമായിത്തോന്നി. നടന്നു പോകുന്ന മനുഷ്യരെല്ലാം കടുത്ത തുണികൊണ്ട് ശരീരം പൊതിഞ്ഞ് വെച്ചിട്ടുണ്ട്, തണുപ്പ് അത്രയധികം പിടിച്ചുലയ്ക്കുന്നുണ്ട്. ചുളിവ് വീണ മുഖത്തെ സുന്ദര ചിരിയും അവരുടെ ആര്‍ദ്രമായ നോട്ടവും മാത്രമായി വഴിയോരത്തെ മനുഷ്യര്‍ മനസ്സില്‍ കുറിച്ചിടപ്പെടുന്നു.

കടുത്ത തണുപ്പില്‍ കനത്ത നിശബ്ദതയില്‍ ഒരു ടാറ്റാ സുമോ മാത്രം മലഞ്ചരിവില്‍ വെട്ടിപ്പണിത അപകടം പിടിച്ച, ചെറിയ വഴിയിലൂടെ റെയ്നിയിലേക്ക് പൊയ്ക്കൊണ്ടേയിരിക്കുന്നു. മല പുഴയിലേയ്ക്ക് ഊര്‍ന്നിറങ്ങുന്ന ചരിവുകളില്‍ അള്ളിപ്പിടിച്ച പോലുള്ള വീടുകളുടെ കാഴ്ച പതിയെ മറഞ്ഞ് തുടങ്ങിയിരുന്നു. മുന്നോട്ട് പോകുന്തോറും ആള്‍പ്പാര്‍പ്പ് കുറഞ്ഞ് വരികയാണ്. ഇടയ്ക്ക് വണ്ടി നിര്‍ത്തി, ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഒരാള്‍ ഇറങ്ങുകയാണ്, ചന്ദര്‍ സിംഗ്. തുണിചുറ്റി മറച്ച ഭാണ്ഡക്കെട്ടിലെ സാധനങ്ങളും പേറി അദ്ദേഹം മലകയറിത്തുടങ്ങുമ്പഴേക്ക് വഴിയില്‍ പൊടിപാറ്റി ടാറ്റാ സുമോ പിന്നേയും മുന്നോട്ട് നീങ്ങി. അദ്ദേഹം ചിരിയോടെ തന്നെ കൈയുയര്‍ത്തി വീശി.

യാത്ര പതിന്നാല് കിലോമീറ്ററോളം നീണ്ടിരിക്കുന്നു. ധൗളി ഗംഗ കടന്ന് ഋഷിഗംഗ നദിയോരത്തെ ഗ്രാമവഴിയിലാണിപ്പോള്‍. ഓരത്തേയ്ക്ക് ഒതുക്കി നിര്‍ത്തി, എതിരെ വരുന്ന വാഹനത്തിന് വഴി കൊടുത്തും ആയാസപ്പെട്ട് കയറിയും തിരിച്ചും മലനിരകളിലേയ്ക്കും താഴെ കൊക്കയിലേയ്ക്കും നോക്കിയുള്ള യാത്ര അവസാനിക്കുകയാണ്. വാഹനം റെയ്‌നി ഗ്രാമ കവാടത്തിലെത്തി. ഇവിടെ നിന്ന് നടന്ന് കയറി വേണം ഗ്രാമത്തിലെത്താന്‍. രശ്മി ദേവി മുന്നില്‍ നടന്നു. ഗ്രാമത്തിന് ഒരു ചെറു കവാടം. മാര്‍ബിളില്‍ തീര്‍ത്ത കവാടത്തിന് മുകളില്‍ കുറേയേറെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. ഈ ഗ്രാമത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ചിപ്‌കോ സമര പോരാളികളുടെ പേര്. ഓരോ കയറ്റിറക്കങ്ങളിലും ഈ ഗ്രാമീണരും ഇവിടെയെത്തുന്നവരും ആ പേരുകള്‍ കാണും. ഗൗര ദേവിയുടേയും കൂടെ സമരത്തിനിറങ്ങിയവരുടേയും പേര് ഗ്രാമമുള്ള കാലം വരെ മുഴങ്ങിത്തന്നെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഇന്നാട്ടുകാര്‍.

കരിങ്കല്ല് പാകിയും സിമന്റ് തേച്ചും കെട്ടിയുണ്ടാക്കിയ അനേകമനേകം പടികളാണ് മുന്നില്‍. രശ്മി ദേവി വളരെ വേഗത്തില്‍ ആ പടികളിലൂടെ നടന്ന് കയറുന്നുണ്ട്. പടികളോരോന്ന് കയറിക്കയറി മുന്നോട്ട് തന്നെ. താഴെ ഋഷി ഗംഗയുടെ ഒഴുക്കിപ്പോള്‍ കൂടുതല്‍ വിശാലമായിക്കാണാം. ഞങ്ങളെ ഇറക്കി പിന്നേയും ഓടിച്ചു പോയ ടാറ്റാ സുമോ അടുത്ത മലയിലൂടെ വലിഞ്ഞ് കയറുന്നുണ്ട്. അകലെ ദേവദാരു മരങ്ങള്‍. അതിന്റെ പച്ച ആ മഞ്ഞ്മലവരെ നീളമുള്ളതും മഞ്ഞുമലപോലെ സുന്ദരമായതുമാണ്. റെയ്നിയില്‍ ഇത് വസന്തകാലമല്ല, എങ്കിലും അങ്ങിങ്ങായി പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നു. ചുവന്ന ഒരു പൂവ് ഒറ്റയായി വിടര്‍ന്ന് ചിരിക്കുന്നു. നമ്മുടെ അരിപ്പൂവ് പോലൊന്ന്. അരിപ്പൂവ് ഒറ്റയല്ലെല്ലൊ ഒരു കൂട്ടമല്ലേ, ഈ ചുവന്ന പൂവ് മനോഹരമായി പൂത്ത് നില്‍ക്കുന്നു. ഇലയില്ലാ മരങ്ങളും കായ്ച്ച് പഴുത്ത നാരങ്ങയും പൈന്‍ മരങ്ങളും വഴിയില്‍ വരവേറ്റുകൊണ്ടേയിരുന്നു. ആ വഴിയില്‍ പഴമക്കാരെ കണ്ടു. ഗ്രാമത്തിന്റെ തനത് വസ്ത്രം ധരിച്ചവര്‍. സുന്ദരികളായ രണ്ട് മുത്തശ്ശിമാര്‍, അവരുടെ ചിരി.

കയറിക്കയറിച്ചെന്ന് ഇതാ ഗ്രാമമെത്തി. കല്‍പ്പാളികള്‍ വെട്ടിയൊതുക്കി കെട്ടിയുയര്‍ത്തിയ ചെറു വീടുകള്‍. പാതിയില്‍ കല്‍പ്പാളി പാകിയ മേല്‍ക്കൂരകള്‍. വീടുകളെ രണ്ട് തട്ടാക്കി തിരിക്കുന്നത് പഴക്കംചെന്ന മരക്കാതലുകള്‍. അടുകളേയും മേച്ച് കുറച്ച് കുട്ടികള്‍ ആ വഴി വേഗം നടന്ന് പോയി. രശ്മീദേവി വീടിന്റെ വരാന്തയില്‍ പായ വിരിച്ച് അവിടെ ഇരിക്കാന്‍ പറഞ്ഞ് മുന്നിലെ അടുക്കളയിലേയ്ക്ക് പോയി. വിറകടുപ്പില്‍ കട്ടന്‍ചായ തിളച്ചു. ചെറിയ വരാന്തയ്ക്ക് മുന്നിലെ കന്‍മതിലിലിരുന്ന്, ദൂരെ സൂര്യന്‍ പതിച്ച് തിളങ്ങുന്ന മഞ്ഞുമലയേ കൊതിയോടെ നോക്കി, കട്ടന്‍ കുടിച്ചു. മരച്ചട്ടമറച്ച മുറിയുടെ ജാലകത്തിലൂടെ ചെറിയകുട്ടികള്‍ പാളിനോക്കി. അരികത്തെ വീട്ടിലെ മുത്തശ്ശിമാര്‍ വിശേഷങ്ങള്‍ ചോദിച്ചെത്തി. അവരവിടുത്തെ അമ്പലം കാണിച്ച് തന്നു. ചിപ്കോ പോരാളി ഗൗരാദേവിയുടെ സ്മാരകം കാണിച്ച് തന്നു. അരികത്തെ തോട്ടത്തില്‍ മൃഗങ്ങള്‍ വരാതിരിക്കാന്‍ കെട്ടിയ കമ്പിവേലിവരെ നടത്തി ഗ്രാമത്തെ പകര്‍ന്ന് തന്നു.

ചാണകം തേച്ച തറകള്‍. വിറകടുപ്പ്, സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ മരത്തിന്റെ വലിയ പെട്ടി. വീടിനടിവശത്ത് കല്ല്പാകി സുന്ദരമാക്കിയ ആലകള്‍, അവിടെ പശുവും ആടും. പഴകി ദ്രവിച്ച് ഉപേക്ഷിച്ച ചില വീടുകള്‍. ഈ ഗ്രാമത്തിന് കൂടിയിരുത്ത് സന്തോഷവും ദുഃഖവും സ്നേഹവുമെല്ലാം പങ്കുവെക്കാനൊരു പൊതുവിടം. അവിടെയിരുന്ന് മുത്തശ്ശിമാര്‍ പഴയ എന്തൊക്കെയോ കഥകള്‍ പറയുന്നു. ചിരിച്ച് കളിച്ചുല്ലസിച്ച് ചെമ്മരിയാടുകളേയും തെളിച്ച് കുട്ടികള്‍ ആവഴിയെല്ലാം പലവട്ടം നടന്നു. തണുത്ത ഒരു കാറ്റ് ഞങ്ങളേ പൊതിയുന്നുണ്ടായിരുന്നു. ശബ്ദകോലാഹലങ്ങളൊന്നിമില്ലാത്ത ഗ്രാമം. മൂലയിലൊരു വഴിയോരത്ത് സ്ത്രീകളിരുന്ന് ബദാം പൊട്ടിച്ചെടുക്കുന്നു. പ്രായമേറെയുള്ള കുറച്ച് അപ്പൂപ്പന്‍മാര്‍ കാട്ടില്‍ പോയി വിറകെടുത്ത് തിരിച്ച് വന്നു. അരികെ മരച്ചില്ലകളില്‍ പേരറിയാക്കിളികള്‍. സമയമിങ്ങനെ പറന്ന് പോയതറിഞ്ഞില്ല.

കല്‍പ്പാളികളും മരക്കാതലും കൊണ്ട് കാലങ്ങളായി പണിത് വെച്ച മനോഹര ഗ്രാമത്തില്‍ സ്നേഹമുള്ള കുറേ രശ്മീ ദേവിമാര്‍. താഴെ ഋഷി ഗംഗ ഇളം നീല നിറത്തില്‍ തന്നെ ഒഴുകുന്നു. മുകളില്‍ മഞ്ഞ് മലകളില്‍ സൂര്യപ്രകാശം വീണ് തിളങ്ങിക്കൊണ്ടേയിരിക്കുന്നു. ഇടയിലീ ഗ്രാമം തണുത്ത കാറ്റില്‍ പുതഞ്ഞ് നില്‍ക്കുന്നു. ''ഒരു പ്രാവശ്യം കൂടി വരും, അന്ന് ഒരു ദിവസം ഈ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണം.'' -രശ്മി ദേവിയോട് അഭ്യര്‍ത്ഥിച്ചു.
മറുപടി ഒട്ടും വൈകിയില്ല.
''എപ്പോഴാണെങ്കിലും വരൂ,
നിങ്ങള്‍ക്ക് സ്വാഗതം.''

റെയ്നിയില്‍ നിന്ന് അത്രയധികമില്ല പൂക്കളുടെ താഴ്‌വരയിലേയ്ക്ക്. നമ്മുടെ സ്വപ്നങ്ങളെ ഇതുവരേ പകിട്ടണിയിച്ചിട്ടില്ലാത്ത അനേകമനേകം പൂക്കളവിടെ വിരിയാറുണ്ട്. പനിനീര് പോലെ സുന്ദരമായ പൂക്കളവിടെ എല്ലാ വസന്തത്തിലും ചിരിച്ച് നില്‍ക്കാറുണ്ട്. അധികമകലയല്ലാത്ത ഒരു വസന്തത്തില്‍ പൂക്കളുടെ താഴ്‌വരയിലേക്കുള്ള യാത്രാമധ്യേ റെയ്നിയിലെത്താം. ഋഷിഗംഗയിലെ ഇളംനീലയണിഞ്ഞ ഒഴുക്കിന്റെ സൗന്ദര്യം ഒരു പാതിരാവില്‍ അനുഭവിക്കാം..