അതിരാവിലെ അഞ്ചിന് തുടങ്ങിയതാണ്. തലസ്ഥാന നഗരിയിലെ അനുദിനം ഉയരുന്ന ചൂടില്‍നിന്ന് രക്ഷ തേടി ഒരു യാത്ര. അത്രയേ മനസ്സില്‍ പ്‌ളാന്‍ ചെയ്തിരുന്നുള്ളൂ. ഈസ്റ്ററിനോട് അടുപ്പിച്ച് രണ്ട് അവധി ദിവസങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ ഇടദിവസം അവധിയ്ക്ക് അപേക്ഷിച്ചതും അതുകൊണ്ടുതന്നെ. നെല്ലിയാമ്പതിയിലെ കേരള വനം വികസന ഏജന്‍സിയുടെ (Kerala Forest Development Corporation) തൃശൂര്‍ ഡിവിഷന് കീഴിലെ പകുതിപ്പാലം സബ് യൂണിറ്റിന് കീഴിലുള്ള നെല്ലി മാന്‍ഷനായിരുന്നു ഇത്തവണത്തെ ലക്ഷ്യം. അവിടത്തെ താമസത്തിന്റെ പെരുമയെപ്പറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്. കരടികളെ സ്ഥിരമായി കണ്ടിരുന്നതുകൊണ്ട് വിനോദ യാത്രക്കാരുടെ ഇടയില്‍ 'കരടി ബംഗ്‌ളാവ്' എന്നാണ് ആ കെട്ടിടം പരക്കെ അറിയപ്പെടുന്നത്. പത്ത് മണിക്കൂറിന് മുകളില്‍ എടുത്തേയ്ക്കും തിരുവനന്തപുരത്ത് നിന്നും അവിടേയ്‌ക്കെത്താന്‍ എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ തിരക്കേറുന്നതിന് മുമ്പ് പരമാവധി ദൂരം രാവിലെ തന്നെ താണ്ടണം എന്നായിരുന്നു മനസ്സില്‍. സുഹൃത്തും ഡ്രൈവിംഗില്‍ കൃതഹസ്തനുമായ അനുകൃഷ്ണനാണ് സാരഥിയുടെ സീറ്റിലിരിക്കുന്നത്. 

To advertise here,

നെന്മാറ ടൌണില്‍നിന്ന് വീണ്ടും മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്ത് കൈകാട്ടിയിലെത്തുമ്പോള്‍ കെ.എഫ്.ഡി.സിയിലെ ജനറല്‍ മാനേജര്‍ കിരണ്‍ പറഞ്ഞേല്‍പ്പിച്ചതു മാതിരി ഞങ്ങളെക്കാത്ത് അവരുടെ ജീപ്പ് കിടന്നിരുന്നു. കാര്‍ പാര്‍ക്ക് ചെയ്തശേഷം തുടര്‍ന്നുള്ള പതിന്നാല് കിലോമീറ്റര്‍ ഓഫ് റോഡ് യാത്ര അതിലാണ്. വിനോദ സഞ്ചാരികള്‍ തൊട്ടപ്പുറത്തെ നൂറടിപ്പാലം എന്ന ജംഗ്ഷനില്‍ നിന്ന് വാടക ജീപ്പെടുത്താണ് യാത്ര പതിവ്. വിനോദ യാത്രക്കാരുടെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിന് ഉള്ള സൗകര്യങ്ങള്‍ കെ.എഫ്.ഡി.സി തന്നെ അവിടെ സജ്ജമാക്കിയിട്ടുമുണ്ട്. വനം വകുപ്പിലായത് കൊണ്ടുതന്നെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറ് പാര്‍ക്ക് ചെയ്യാനായി കൈകാട്ടിയിലെ നെന്മാറ റെയിഞ്ചിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് കടന്നപ്പോഴാണ് ഡെപ്യൂട്ടി റേഞ്ചര്‍ ജയച്ചന്ദ്രനെ അവിചാരിതമായി കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാളയാര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ ട്രെയിനിയായിരുന്നു അയാളെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. യാത്ര മുന്‍കൂര്‍ അറിയിക്കാത്തതില്‍ അല്ലറ ചില്ലറ പരാതികള്‍. അടുത്ത ദിവസം സീതാര്‍കുണ്ടിലേയ്ക്ക് പോകാനായി എത്താമെന്ന ഉറപ്പില്‍ നേരെ കരടി ബംഗ്‌ളാവിലേയ്ക്ക്. 

placeholder
നെല്ലിയാമ്പതിയിലെ കാഴ്ചകൾ

കെ.എഫ്.ഡി.സിയിലെ ഡ്രൈവര്‍ ഷാഹുല്‍ അവിടത്തെ വിശേഷങ്ങള്‍ പറഞ്ഞു തന്നുകൊണ്ട് വണ്ടി ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. മലമുഴക്കി വേഴാമ്പലുകളെ കാണാനും ചിത്രങ്ങളെടുക്കാനുമായി ധാരാളം ടൂറിസ്റ്റുകള്‍ നെല്ലിയാമ്പതിയിലെത്താറുണ്ടെന്ന് ഷാഹുല്‍ പറഞ്ഞു. വഴിയില്‍ അദ്ദേഹത്തിന്റെ പരിചയക്കാരനായ മഹേഷ് എന്ന തമിഴ് വംശജനായ ഒരു ടൂറിസ്റ്റ് ഗൈഡ് വണ്ടിക്ക് കൈകാണിച്ചുനിറുത്തി. അടുത്ത വളവില്‍ റോഡിനരികിലായി ഒരു കാട്ടാന തേയിലത്തോട്ടത്തിനിടയില്‍ നില്‍ക്കുകയാണെന്നും സൂക്ഷിച്ച് പോകണമെന്നും അയാള്‍ ഷാഹുലിനോട് പറഞ്ഞു. നല്ല പാതിയും മകനും ആനയെക്കാണാനുള്ള ആകാംക്ഷയിലാണെന്ന് തോന്നി. ഞങ്ങളുടെ വാഹനം ഒരു വളവ് തിരിയുമ്പോഴേയ്ക്ക് എ.വി.റ്റിയുടെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിന് വശത്തായി ചെറുതല്ലാത്ത ഒരാള്‍ക്കൂട്ടം. തോട്ടത്തിനകത്തും നാലഞ്ച് തൊഴിലാളികള്‍ എന്തോ കാഴ്ച കണ്ട് നില്‍ക്കുന്നത് കാണാം. വണ്ടി നിറുത്തി ഇറങ്ങുമ്പോള്‍ പേരെടുത്ത് വിളിച്ചുകൊണ്ട് കഴുത്തില്‍ ഒരു ക്യാമറയും തൂക്കി ഒരാള്‍ ഓടി വന്നു. കഴിഞ്ഞ വര്‍ഷം ഞാനിപ്പോള്‍ ജോലി ചെയ്യുന്ന ശെന്തുരുണിയില്‍ ഞങ്ങള്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ആളാണദ്ദേഹം. നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴില്‍ വരുന്ന വനഭാഗങ്ങളില്‍ നടത്തുന്ന പക്ഷികളുടെ സര്‍വ്വേയ്ക്കായി എത്തിയതാണത്രേ. 

placeholder

കഷ്ടി നൂറ് മീറ്റര്‍ അകലെയായി തേയിലത്തോട്ടത്തിലെ ഒരു ചതുപ്പില്‍ തുമ്പിയെത്തിച്ച് മരച്ചില്ലകള്‍ ഒടിയ്ക്കാന്‍ ശ്രമിക്കുന്ന ലക്ഷണമൊത്ത ഒരു കാട്ടുകൊമ്പന്‍! 'സാര്‍... നമ്പര്‍ തന്നാല്‍ മതി. ആനയുടെ നല്ല ചിത്രങ്ങള്‍ ഞാന്‍ അയച്ചുതരാം.' മൊബൈല്‍ ഫോണുമായി കഷ്ടപ്പെട്ട് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കവേ വിലകൂടിയ ഡി.എസ്.എല്‍.ആര്‍ ക്യാമറയുമായി നിന്നിരുന്ന അദ്ദേഹം പറഞ്ഞു. നമ്പരുകള്‍ കൈമാറി അവിടെനിന്നും വീണ്ടും മുന്നോട്ട്. അര മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം. അര്‍ദ്ധമയക്കത്തിലായിരുന്ന എന്നെ ഡ്രൈവര്‍ ഷാഹുല്‍ വിളിച്ചുണര്‍ത്തി. റോഡിന് വലതു വശത്ത് താഴെയായി വെള്ളം വറ്റാത്ത ചെറിയ ഒരു തടാകം കാണാം. അതിനരികിലായി കാലുകള്‍ കൊണ്ട് ചെളിമണ്ണ് ചവിട്ടിക്കുഴച്ചും കലക്കവെള്ളം തുമ്പിയിലൂടെ എടുത്ത് ചീറ്റിയും തിമിര്‍ക്കുന്ന മറ്റൊരു കൊമ്പന്‍.

ചിത്രങ്ങള്‍ എടുക്കാനായി കുത്തനെയുള്ള ഇറക്കത്തില്‍ നില്ക്കുന്ന  അവനടുത്തേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് കരയില്‍ നിന്നുതന്നെ കുറച്ച് ചിത്രങ്ങളെടുത്ത് അവനെ സ്വന്തം തട്ടകത്തില്‍ സ്വച്ഛന്ദം മേയാന്‍ വിട്ട് മുന്നോട്ട് പോകുമ്പോള്‍ വഴിയില്‍ സ്റ്റാര്‍ട്ടാക്കി സൈഡ് സ്റ്റാന്‍ഡിട്ട് നിറുത്തിയിരിക്കുന്ന ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ് കണ്ടത്. അതിനരികിലായി പട്ടാളക്കാരുടേതുപോലത്തെ പച്ചയും തവിട്ടും കറുപ്പുമൊക്കെ ഇടകലര്‍ന്ന വേഷമണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ക്യാമറയുമായി നില്പുണ്ട്. കഴുത്തില്‍ ഒരു ബൈനോക്കുലര്‍ തൂക്കിയിട്ടുമുണ്ട്.'I have seen the tusker entering into the pond and I was waiting for you people indeed.' എന്നു പറഞ്ഞയാള്‍ ചിരിച്ചു. അയാള്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് റിസര്‍ച്ചിനായി എത്തിയതാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പകുതിപ്പാലത്ത് താമസമാണെന്നും ഒറ്റയ്ക്കാണ് കാട്ടിലൂടെ സഞ്ചാരമെന്നും ഷാഹുല്‍ പറഞ്ഞത് തെല്ല് അത്ഭുതത്തോടെയാണ് കേട്ടത്. അയാളോട് സംസാരിക്കവേ നെല്ലിയാമ്പതി കാടുകളിലെ മൃഗങ്ങള്‍ അത്രമേല്‍ അപകടകാരികളല്ലെന്നും കരിമ്പുലിയും കടുവയുമുള്‍പ്പടെയുള്ള മൃഗങ്ങളുടെ ചിത്രങ്ങള്‍ ക്യാമറ ട്രാപ്പുകളില്‍ യഥേഷ്ടം കിട്ടാറുണ്ടെന്നും പറഞ്ഞു. പിന്നീട് വൈകിട്ട് കാണാമെന്നും പറഞ്ഞ് അയാള്‍ ബൈക്കില്‍ക്കയറി കാട്ടുപാതകളിലൂടെ എങ്ങോട്ടോ ഓടിച്ചുപോയി. 

placeholder
കാട്ടിലെ വെള്ളക്കെട്ടിൽ മദിക്കുന്ന ഒറ്റയാൻ

കൊടുംകാടിനകത്തുകൂടിയുള്ള യാത്ര ശ്രീമതിക്കും കുട്ടികള്‍ക്കും ഏറെ ആസ്വാദ്യകരമായിത്തോന്നി. വലത് വശത്തുനിന്ന് പെട്ടെന്ന് ജീപ്പിനു മുന്നിലേയ്ക്ക് എടുത്തുചാടി റോഡ് മുറിച്ചോടിയ ഒരു കേഴമാനും (Barking Deer) അതിന് പിന്നാലെ പാഞ്ഞെത്തി ഒരു നിമിഷം ജീപ്പിന് മുന്നില്‍ ഭയന്നു നിന്ന ഇണയും ഞങ്ങളില്‍ വല്ലാത്ത കൗതുകമുണര്‍ത്തി. ആദ്യം തിരികെ കാടിനകത്തേയ്ക്കും അതിനുശേഷം രണ്ടും കല്പിച്ച് റോഡ് കുറുകെ മുറിച്ചോടിയും അവള്‍ തോഴന് പിന്നാലെ പായുകയായിരുന്നു. റോഡിന് വശങ്ങളിലെ മരങ്ങളിലെ തുഞ്ചത്തെ കൊമ്പുകളില്‍ കരിങ്കുരങ്ങുകള്‍ (Nilgiri Langur) മത്സരിച്ച് ഊയലാടുന്നത് കണ്ട് യാത്ര തുടര്‍ന്നു. കരടി ബംഗ്‌ളാവിലേയ്ക്ക് എത്തുമ്പോള്‍ ഞങ്ങളെക്കാത്ത് മാനേജര്‍ ജിതിനും ദീപക്കും സന്നിഹിതരായിരുന്നു. ചുറ്റും സൗരോര്‍ജ്ജ കമ്പി വേലികള്‍ കൊണ്ട് സുരക്ഷയൊരുക്കിയ ഒരു കാപ്പിത്തോട്ടത്തിനകത്താണ് ആ കെട്ടിടം. എന്നിരുന്നാലും സ്വാഭാവികമായ വനവൃക്ഷങ്ങളുടെ ധാരാളിത്തവും ചീവിടുകളുടേയും (cicadas) കരിങ്കുരങ്ങുകളുടേയും മലമുഴക്കി വേഴാമ്പലിന്റേയും നിറുത്തില്ലാത്ത ഒച്ചയും ഒക്കെക്കൊണ്ട് തികച്ചും വന്യമായ ഒരന്തരീക്ഷമാണ് അവിടെ നിലനിന്നിരുന്നത്. നെന്മാറയിലും കൈകാട്ടിയിലും അനുഭവപ്പെട്ടിരുന്ന കാലാവസ്ഥയില്‍ നിന്ന് തീര്‍ത്തും വിഭിന്നം. മാനേജറന്മാരോട് കുശലങ്ങള്‍ പറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും കുറച്ചു സമയം ചിലവഴിച്ചു. അര മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷം വനം വകുപ്പിന്റെ നെല്ലിയാമ്പതി സ്റ്റേഷന് കീഴിലുള്ള തൂത്തന്‍പാറ എസ്റ്റേറ്റിലേയ്ക്കും റോസറി എസ്റ്റേറ്റിലേയ്ക്കും ജീപ്പില്‍ത്തന്നെ പോകാം എന്നുപറഞ്ഞവര്‍ പോയി. 

placeholder
കരടി ബംഗ്ളാവിലെ മുറി

തൂത്തന്‍ പാറയിലേയ്ക്കും റോസറിയിലേയ്ക്കുമുള്ള യാത്ര മുന്‍പ് കരടി ബംഗ്‌ളാവില്‍ താമസിച്ചിരുന്നവരുടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും എന്നാലിപ്പോള്‍ അവര്‍ക്ക് ട്രെക്കിംഗ് മാത്രമാണ് നല്‍കുന്നതെന്നും ജീപ്പോടിക്കവേ ദീപക്ക് പറഞ്ഞു. ആ വനയാത്ര താമസിയാതെ പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനം മേലാവില്‍ എടുത്തിട്ടുണ്ടെന്നും ആ മാനേജര്‍ കൂട്ടിച്ചേര്‍ത്തു.  പിന്നീട് സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ എഴുതി സൂക്ഷിക്കുന്ന രജിസ്റ്റര്‍ എടുത്ത് നോക്കുമ്പോഴാണ് ദീപക്ക് പറഞ്ഞതിന്റെ പൊരുള്‍ ശരിക്കും മനസ്സിലായത്. അത്രയ്ക്കാണ് ആ വനയാത്ര പുനഃസ്ഥാപിക്കണമെന്ന ആവശ്യം സഞ്ചാരികള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്! കരടി ബംഗ്‌ളാവിലേയ്ക്കുള്ള യാത്രയില്‍ വന്യമൃഗങ്ങളെ അടുത്ത് കാണാന്‍ ശരിക്കും ഒരു നൈറ്റ് സഫാരിയുടെ ആവശ്യകത ഉണ്ടെന്ന് എനിക്ക് തോന്നിയില്ല എന്നതാണ് സത്യം. അത്രയേറെ വിവിധങ്ങളായ വന്യമൃഗങ്ങളെയാണ് അതിനകം തന്നെ ഞങ്ങള്‍ കണ്ടുകഴിഞ്ഞത്. വന്യമൃഗങ്ങളെ വനയാത്രയ്ക്കിടയില്‍ കാണുക എന്നത് എത്രമേല്‍ ദുഷ്‌കരമാണെന്ന് എനിക്ക് നന്നായറിയാം. 'എന്തൊക്കെ മൃഗങ്ങളെയാണ് കാണാന്‍ സാധിക്കുക?', എന്ന് കാട്ടിനകത്തെ താമസ സ്ഥലങ്ങളില്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ ചില ടൂറിസ്റ്റുകളെങ്കിലും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്. ഭാഗ്യമുണ്ടെങ്കില്‍ കാണാം എന്നുമാത്രമാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്ന മറുപടി.

placeholder
തൂത്തൻ പാറയിലെ കാഴ്ച

എന്നാല്‍ ഇവിടെ അത്തരം ഒരു ഭാഗ്യത്തിന്റെ ആവശ്യമേയില്ല എന്നുതന്നെ പറയേണ്ടി വരും. രാത്രി കൊടുങ്കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ചുറ്റുമുള്ള വന്‍മരക്കൂട്ടങ്ങളില്‍ നിന്നും ഉയരുന്ന അനേക ലക്ഷം ചീവിടുകളുടെ കാതടപ്പിക്കുന്ന ഒച്ചയില്‍ ജീപ്പിന്റെ ശബ്ദം പോലും കേള്‍ക്കാനാവാത്ത സ്ഥിതിയാണ്. ചീവിടുകളുടെ ശരിക്കുമുള്ള ഉപദ്രവം രാത്രിയില്‍ ഞങ്ങള്‍ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വേനല്‍ക്കാലമായിട്ടും പുറത്തെ തണുപ്പ് കാരണം അടച്ച മുറിക്കുള്ളിലെ പ്രകാശം കണ്ട് അടഞ്ഞ വാതിലുകളിലും ജനാലകളിലും കൂടി അകത്ത് കടക്കാന്‍ തിക്കിത്തിരക്കുന്ന നൂറു  കണക്കിന് ചീവിടുകളാണ് കരടി ബംഗ്‌ളാവിന് ചുറ്റുമായി അന്നുരാത്രി ഞങ്ങളെ കാത്തിരുന്നത്. തൂത്തന്‍ പാറ എസ്റ്റേറ്റിലെ വ്യൂ ടവറും കുളവും കാപ്പി മട്ടങ്ങളും (കാപ്പിക്കുരു ഉണക്കാനിടുന്ന സിമന്റ് തറകള്‍) കണ്ടുമടങ്ങവേ ഏതാനും കാട്ടുപോത്തുകളേയും മ്ലാവുകളേയും മാത്രമാണ് കാണാനായത്. ശരിക്കും കരിവീരന്മാര്‍ ആ കാട്ടുവഴികളിലെ നിത്യസാന്നിധ്യമാണെന്നാണ് ദീപക്ക് പറഞ്ഞത്. എന്നിട്ടും അപ്പോളവ ഞങ്ങളുടെ കാഴ്ചവെട്ടത്തില്‍ നിന്നും മറഞ്ഞു തന്നെ നിന്നു! 

placeholder
രാത്രിയിലെത്തിയ ചീവിടുകളിലൊന്ന്

പറഞ്ഞേല്‍പ്പിച്ചിരുന്നതുപോലെ രാവിലെ ട്രെക്കിംഗിനായി വിളിച്ചുണര്‍ത്തിയത് ഞങ്ങള്‍ക്കവിടെ സഹായിയായിക്കൂടിയ സതീഷാണ്. മലമുഴക്കി വേഴാമ്പലുകളുടെ (Great Indian Hornbill) ജീവിതവും അവ കൂട് കൂട്ടുന്നതും ഒക്കെ പരക്കെ അറിയപ്പെടുന്നതാണ്. അത്തരത്തില്‍ ഒരു വേഴാമ്പലിന്റെ കൂട് കാപ്പിത്തോട്ടത്തിന് താഴെയായി നില്‍ക്കുന്ന ഉണങ്ങിയ ഒരു പാലി (Palaquium ellipticum) മരത്തില്‍ സുമാര്‍ മുപ്പത് മീറ്ററിനുമേല്‍ ഉയരത്തിലായി ഉണ്ടെന്ന് സതീഷ് പറഞ്ഞു. വേഴാമ്പലുകളുടെ ജീവിതം ചിത്രീകരിക്കാനായി മാത്രം പലരും നെല്ലിയാമ്പതിയില്‍ എത്താറുണ്ടെന്നും അതില്‍ച്ചിലര്‍ മൂന്നും നാലും ദിവസം പാക്കേജ് എടുത്ത് ക്യാമറയും മറ്റ് സജ്ജീകരണങ്ങളുമായി കരടി ബംഗ്‌ളാവില്‍ താമസിക്കാറുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. 

മണ്ണും ചെളിയും സ്വന്തം വിസ്സര്‍ജ്യവും ആഹാരാവശിഷ്ടങ്ങളും കൊണ്ടടച്ച മരപ്പൊത്തിലെ കൂട്ടിനുള്ളില്‍ മുട്ടകള്‍ക്ക് അടയിരിക്കുന്ന പെണ്‍ പക്ഷിയ്ക്ക് ആഹാരവുമായി ദിവസവും പലപ്രാവശ്യം അതിന്റെ ഇണയെത്താറുണ്ടെന്ന് കേട്ടപ്പോള്‍ അത് നേരില്‍ കാണാന്‍ എന്തെന്നില്ലാത്ത ആകാംക്ഷയായിരുന്നു. കാലത്ത് ആറരയ്ക്കും ഏഴര കഴിയുമ്പോഴും വൈകിട്ടും കൃത്യമായ ഇടവേളകളാണ് അവിടെ ആണ്‍കിളി എത്തുന്നതത്രേ. കുഞ്ഞുങ്ങള്‍ വളര്‍ന്ന് തുടങ്ങുമ്പോഴാണ് കൂടുപൊളിച്ച് പെണ്‍പക്ഷി പുറത്ത് വരുന്നത്. ശേഷം കുടംബത്തിനായി ആഹാരം തേടുന്നത് അവരൊന്നിച്ചാവും. അതുകൊണ്ടുതന്നെ ആണ്‍ പക്ഷി ഏതെങ്കിലും കാരണവശാല്‍ വേട്ടയാടപ്പെടുകയോ ചത്തുപോകാനിടയാകുകയോ ചെയ്യുന്ന പക്ഷം കൂട്ടിനുള്ളിലെ അമ്മയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളും പട്ടിണി കിടന്ന് മരിച്ചുപോകുകയും ചെയ്യും. തന്നെയുമല്ല വേഴാമ്പലുകള്‍ക്ക് ജീവിതത്തില്‍ കരിമീനുകളെപ്പോലെ ഒരിണ മാത്രമേ (monogamous) ഉണ്ടാവുകയുള്ളൂ എന്നും അതിലൊന്ന് മരണപ്പെട്ടാല്‍ മറ്റേത് ആജീവനാന്തം ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും സതീഷ് വിവരിച്ചപ്പോള്‍ മുന്‍പ് പഠിച്ചിട്ടുള്ളതാണെങ്കിലും മനസ്സില്‍ വല്ലാത്ത കനം തോന്നി. 

placeholder
ആണ്‍ വേഴാമ്പല്‍

അയാളോടൊപ്പം നടന്ന് കാപ്പിത്തോട്ടവും പിന്നിട്ട് താഴെയെത്തുമ്പോഴേയ്ക്കും ഒരു വലിയ ചിറകടി ശബ്ദം അന്തരീക്ഷത്തിലൂടെ പറന്നകലുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ചുറ്റിനും ചീവിടുകളുടെ നിലയ്ക്കാത്ത സിംഫണിയാണപ്പോഴും. ഇടതടവില്ലാതെ ഇണകള്‍ക്കായി ഒച്ചയിടുന്ന പുരുഷ പ്രജകളുടെ രോദനം! അതിനിടയ്ക്ക് മഴ പൊടിയുന്നതു മാതിരി ആകാശത്തുനിന്നും വെള്ളം പൊടിയുന്നുമുണ്ട്. 'സമയം ആറര കഴിഞ്ഞു. അത് ഫീഡ് ചെയ്ത് പോയി സാര്‍. ഇനി വരാന്‍ ഏഴര കഴിയണം', പാലി മരത്തിന്റെ ഉണങ്ങിയ തലപ്പില്‍ പെണ്‍പക്ഷി അടയിരിക്കുന്ന മരപ്പൊത്ത് ചൂണ്ടിക്കാണിച്ചുകൊണ്ട് സതീശന്‍ പറഞ്ഞതു കേട്ടപ്പോള്‍ നിരാശയാണ് തോന്നിയത്. എന്നിരുന്നാലും അനന്യ സാധാരണമെന്ന് പറയേണ്ടുന്ന ആ പാരസ്പര്യത്തിന്റേയും ആത്മാര്‍ത്ഥതയുടേയും നേര്‍ക്കാഴ്ചയ്ക്കായി മനസ്സ് വെമ്പിക്കൊണ്ടിരുന്നു. ആണ്‍വേഴാമ്പലിന്റെ അടുത്ത വരവിനായി ഒരു മണിക്കൂര്‍ കാത്തിരിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഏഴര കഴിഞ്ഞപ്പോള്‍ത്തന്നെ അന്തരീക്ഷത്തില്‍ ഒരു മുഴക്കമായി ആ ചിറകടി ശബ്ദം വീണ്ടും കേട്ടു! ഒരു പ്രത്യേക ശബ്ദത്തില്‍ കൊക്കുന്നതുപോലുള്ള ഒച്ചയാണ് പിന്നീട് ഇടവിട്ട് പലയിടത്തു നിന്നുമായി കേട്ടത്. മനുഷ്യര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ ആണ്‍പക്ഷി വരില്ലെന്ന് സതീഷ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിലത്ത് പലയിടങ്ങളിലായി ഇരിപ്പുറപ്പിച്ചു. 

placeholder
ഇണയ്ക്ക് തീറ്റകൊടുക്കുന്ന ആൺപക്ഷി

തെല്ലിട കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു വെടിപ്‌ളാവിന്റെ ചെറുചില്ലകളിലെ അനക്കം കേട്ട് കാതും കണ്ണും കൂര്‍പ്പിച്ചു. ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞിട്ടെന്ന പോലെ ധൃതിയില്‍ മരങ്ങള്‍ തോറും ചാടിപ്പോകുന്ന ഒരു മലയണ്ണാനേയും കരിങ്കുരങ്ങിനേയുമാണ് കാണാനായത്. അപ്പോള്‍ സമയം എട്ട് മണി കഴിഞ്ഞിരുന്നു. തെല്ലകലെ നിന്നും കൊക്കുന്ന ശബ്ദം അപ്പോള്‍ വീണ്ടും കേള്‍ക്കുകയുണ്ടായെങ്കിലും വേഴാമ്പലിനെ മാത്രം കണ്ടില്ല. സമയം പോകെ ഞങ്ങള്‍ക്ക് ക്ഷമ നശിച്ചു തുടങ്ങിയെന്ന് കണ്ടപ്പോള്‍ സതീശന്‍ പറഞ്ഞു. 'ഇണയ്ക്ക് തീറ്റ കൊടുക്കാനായി എന്തായാലും അത് വരും സാര്‍... നമുക്ക് കുറച്ചു നേരം കൂടി കാക്കാം.' ആ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമായി ഭവിക്കുകയായിരുന്നു. 

ഇപ്പോള്‍ ആ മരപ്പൊത്തിനുള്ളില്‍ ഉണ്ടായിരുന്ന പെണ്‍പക്ഷി കൊക്കുകള്‍ കൊണ്ട് പൊത്തിനകത്തെ തടിയില്‍ മുട്ടി ഒരു പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വീര്‍പ്പടക്കി ഞങ്ങള്‍ നോക്കി നില്‍ക്കേ ഇലച്ചാര്‍ത്തുകള്‍ക്കുള്ളില്‍ നിന്നും അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന വലിയ പ്രകമ്പനത്തോടെ ചേതോഹരങ്ങളായ ചിറകുകള്‍ വിടര്‍ത്തി ഒഴുകിയെന്നോണം ആണ്‍പക്ഷി പറന്നെത്തി! സമയം എട്ട് മണി കഴിഞ്ഞ് പന്ത്രണ്ട് മിനിട്ട്! കൃത്യമായ ഇടവേളകളില്‍ കുടുംബത്തെ പോറ്റാനുള്ള വലിയ ഉത്തരവാദിത്വം വീഴ്ചകൂടാതെ ആ പക്ഷി കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു. കാരണം ഇണയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആഹാരം ഇനിയും വൈകിക്കാനാവില്ലെന്ന് അവന് വ്യക്തമായറിയാം. അതുകൊണ്ടുതന്നെ കാഴ്ചയ്ക്കായി കാത്തുനില്‍ക്കുന്ന മനുഷ്യരുടെ സാന്നിധ്യം അവനെ ഭയപ്പെടുത്തിയതുമില്ല.

പാലി മരത്തടിയിലെ ആ പൊത്തിന് മുന്നില്‍ അള്ളിപ്പിടിച്ചിരുന്നും ശിരസ്സ് താളാത്മകമായി വെട്ടിച്ചും തന്റെ വലിയ കൊക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആലിന്‍ പഴങ്ങളൊന്നൊന്നായി പൊത്തിനുള്ളില്‍ നിന്നും പുറത്ത് നീട്ടിയ ഇണയുടെ കൊക്കുകളിലേയ്ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവന്‍ പകര്‍ന്ന് കൊടുക്കുന്ന കാഴ്ച ഞങ്ങള്‍ കണ്ണെടുക്കാതെ നോക്കി നിന്നു. അനന്തരം വലിയ ചിറകുകള്‍ മുഴക്കത്തോടെ വീശി സമീപത്തെ വൃക്ഷമേലാപ്പുകള്‍ക്കുള്ളിലേയ്ക്ക് അവന്‍ ഊളിയിട്ടു. ആ കാഴ്ച മതിവരുവോളം കണ്ട് നിറവാര്‍ന്ന മനസ്സുമായി ഞങ്ങള്‍ തിരികെ താമസസ്ഥലത്തേയ്ക്കും!  

(ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ലേഖകന്‍)

placeholder
placeholder
placeholder
placeholder
placeholder
+5