അടുത്തടുത്തുള്ള രണ്ടാമത്തെ യാത്രയായിരുന്നു അത്. കാരണം കീഴടക്കാനാവാത്ത ഒരു വൈകാരികതയാരുന്നു ഇടിമുഴങ്ങാന്‍ പാറയിലേയ്ക്കുള്ള യാത്ര. അതെ, ശെന്തുരുണി വന്യജീവി സങ്കേത്തിലെ കളംകുന്ന് സെക്ഷനില്‍പ്പെട്ട വനം വകുപ്പിന്റെ ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒരു പ്രാവശ്യം പോയിട്ടുള്ളവര്‍ തന്നെയാണ് കൂട്ടായും കുടുംബമായും വീണ്ടും വീണ്ടുമെത്തുന്നത്. ഒന്നുകില്‍ ജീവിതത്തിലെ തന്നെ ആ അസുലഭ സൗഭാഗ്യത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്നവര്‍. അല്ലെങ്കില്‍ മനസ്സില്‍പ്പതിഞ്ഞുപോകുന്ന അവിടത്തെ നയനമനോഹരമായ ഭൂപ്രകൃതിയുടേയോ, മറക്കാനാവാത്ത അനുഭവമായി കാലങ്ങളോളം മനസ്സിനെ മഥിയ്ക്കുന്ന ജലപാതങ്ങളുടേയോ ഓര്‍മ്മച്ചിത്രങ്ങളുമായി. എന്നാല്‍ വരുന്നവര്‍ ഒരിക്കലും നിരാശരാകാറില്ല. കനിവാര്‍ന്ന പ്രകൃതി എന്നും തേടിയെത്തുന്നവര്‍ക്ക് പ്രതീക്ഷിക്കുന്നതിലും ഏറെക്കൂടുതല്‍ നല്‍കി മാത്രമേ മടക്കി അയയ്ക്കാറുള്ളൂ. അത്തരമൊരു നിറവിന്റെ തടയാനാവാത്ത വശ്യതയിലാണ് ഇന്ന് ഞാന്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറോടും സംഘാംഗങ്ങളോടുമൊപ്പം വീണ്ടും അവിടേയ്ക്ക് പുറപ്പെടുന്നത്. ഒപ്പം ഔദ്യോഗിക ചുമതലകളും.

To advertise here,


  
എന്നെപ്പോലെ തന്നെ പലപ്രാവശ്യം പോയിട്ടും സംഘാംഗങ്ങളിലാര്‍ക്കും ആവേശത്തിന് കുറവൊന്നുമില്ല. ശെന്തുരുണി വന്യജീവി സങ്കേത്തിലെ വനാന്തര്‍ഭാഗങ്ങളില്‍ ആറ് ക്യാമ്പ് ഷെഡ്ഡുകളുണ്ടെങ്കിലും ഇടുമുഴങ്ങാന്‍ പാറയിലെ ഈ ക്യാമ്പ് ഷെഡ്ഡിലേയ്ക്കു തന്നെയാണ് എപ്പോഴും വിനോദ യാത്രക്കാരുടെ തിരക്കുണ്ടാകാറ് പതിവ്. തുലാവര്‍ഷക്കാലത്ത് മിന്നലിനെ അനുഗമിക്കുന്ന മേഘഗര്‍ജ്ജനങ്ങള്‍ ഷെഡ്ഡ് എത്തുന്നതിനു മുമ്പുള്ള വലതുവശത്തായിക്കാണുന്ന കൂറ്റന്‍ പാറയില്‍ത്തട്ടി പ്രതിധ്വനിക്കുന്നതു കൊണ്ടാവാം ഇവിടെ ഇടിമുഴങ്ങാന്‍ പാറ എന്ന പേരു വരാനിടയായത് എന്ന് തോന്നുന്നു. ഇടവപ്പാതിയ്ക്ക് സാധാരണ ലഭിക്കാറുള്ള മഴ ഇത്തവണ ഇനിയും കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ റിസര്‍വ്വോയറില്‍ ജലനിരപ്പ് നന്നെ കുറവാണ്. കുട്ടവഞ്ചി (coracle boating) സവാരി നടത്തുന്ന കടവില്‍ത്തന്നെയാണ് ഞങ്ങളുടെ യാത്രയ്ക്കുള്ള ബോട്ടും കിടക്കുന്നത്. കുട്ടവഞ്ചി സവാരിയും ബോട്ടിംഗും ശെന്തുരുണി വന്യജീവി സങ്കേത്തിലെ വിനോദ സഞ്ചാരികള്‍ക്കായുള്ള പ്രധാന ആകര്‍ഷണങ്ങളാണ്. 

മേല്‍ക്കൂരയുളള യാനം കാറ്റുപിടിച്ചുലയുന്ന റിസര്‍വ്വോയറിലെ വലിയ വെള്ളപ്പാത്തികളിലുലഞ്ഞ് അലസഗമനം നടത്തുന്നു. അതിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഞങ്ങള്‍ പുറത്തേക്ക് കണ്ണു പായിച്ചു. ഉദ്ദേശം ഇരുപത് മിനിട്ടിനുമേല്‍ സഞ്ചരിച്ചു കാണും. ബോട്ട് ഡ്രൈവര്‍ ഷിഹാബ് പറഞ്ഞു. 
''സര്‍, ഇവിടെ വെളളത്തിനടിയിലാണ് കണ്ണാടി ബംഗ്‌ളാവ്. 2013ലെ വേനല്‍ക്കാലത്ത് മാത്രമാണ് അത് വെള്ളത്തിന് മീതെ തെളിയാറുള്ളത്. അതിന് സുമാര്‍ പന്ത്രണ്ട് മീറ്റര്‍ ഉയരം വരുമെന്നാണ് തോന്നുന്നത്. ഇപ്പോള്‍ ഇവിടെ ഉദ്ദേശം മുപ്പത് മീറ്ററെങ്കിലും ആഴം കാണും.'' 
ബ്രിട്ടീഷുകാരുടെ കാലത്ത് ഇംഗ്‌ളണ്ടിലെ വ്യവസായി ആയിരുന്ന ടി.ജെ. കാമറൂണ്‍ (T. J. Cameroon) പണി കഴിപ്പിച്ച (1886-87) മനോഹര സൗധമാണിത്. പുനലൂരില്‍ പേപ്പര്‍ മില്‍ സ്ഥാപിക്കാനായി അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുന്നാള്‍ രാമവര്‍മ്മയില്‍ നിന്നും അനുവാദം വാങ്ങിയ അദ്ദേഹം  സ്ഥാപിച്ച ട്രാവന്‍കൂര്‍ പേപ്പര്‍ മില്‍സ് ആണ് പിന്നീട് 1931ല്‍ പുനലൂര്‍ പേപ്പര്‍ മില്‍സ് ആയി നാമകരണം നടത്തിയത്.

അന്ന് പേരുകേട്ട തിരുവനന്തപുരം  ചെങ്കോട്ട റോഡിന്റെ വശം ചേര്‍ന്നായിരുന്നു പതിനഞ്ച് മുറികളുണ്ടായിരുന്ന ആ കൊട്ടാരം നിന്നിരുന്നത്. ഇവിടെയുള്ള കാടുകളില്‍ നിന്നും ആയിരുന്നു ഈറ്റ ശേഖരിച്ച് കാളവണ്ടിയില്‍ പുനലൂരിലെ ഫാക്ടറിയിലെത്തിക്കുക പതിവ്. 1972 ല്‍ കേന്ദ്രവന്യജീവി സംരക്ഷണ നിയമം നിലവില്‍വന്നതോടെ കേരള വനം വകുപ്പ് ആ കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കുറച്ചുനാള്‍ കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ ഓഫീസായി പ്രവര്‍ത്തിച്ചുവെങ്കിലും 1984ല്‍ ശെന്തുരുണി വന്യജീവി സങ്കേതം നിലവില്‍ വന്നതിനുശേഷം ജലസംഭരണിയുടെ ശേഷി കൂടിവന്നതനുസരിച്ച് അത് ക്രമേണ മുങ്ങിപ്പോകുകയാണുണ്ടായത്. തനി തേക്കില്‍ തീര്‍ത്ത വാതിലുകളും ജനാലകളും ഉത്തരങ്ങളും ഒക്കെ കാലാന്തത്തില്‍ ലേലം ചെയ്തുപോയതോടെ പ്രൗഢിയും പ്രതാപവും നഷ്ടപ്പെട്ട് മറവിയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് ആണ്ടുപോകുകയായിരുന്നു ആ രമ്യഹര്‍മ്യം എന്നത് പിന്നത്തെ ചരിത്രം. ശെന്തുരുണി  ജലസംഭരണിയുടെ സ്വച്ഛവിതാനങ്ങളിലൂടെ, വിസ്മൃതിയിലാണ്ടു മറഞ്ഞ ആ ബംഗ്‌ളാവിന്റെ ഭഗ്‌നാവശിഷ്ടങ്ങള്‍ക്കും മീതെ ഞങ്ങളേയും വഹിച്ചുകൊണ്ട് ബോട്ട് മുന്നോട്ട് നീങ്ങുമ്പോള്‍ മനസ്സ് കടിഞ്ഞാണില്ലാത്ത അശ്വത്തെപ്പോലെ പായുകയായിരുന്നു. 

placeholder
കണ്ണാടി ബംഗ്‌ളാവ്

ബോട്ടുയാത്രയ്ക്കിടെ മുന്നില്‍നിന്നും വശങ്ങളില്‍നിന്നും ചിതറിത്തെറിക്കുന്ന തുഷാരങ്ങളേറ്റിട്ടും എപ്പോഴോ ഒന്നു  മയങ്ങിപ്പോയിരിക്കണം. ഒരു മണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ജലസംഭരണിയില്‍ലെ വിതാനം ഏറെ താണിരിക്കുന്നു. റിസര്‍വ്വോയറിലേയ്ക്കു വന്നു ചേരുന്ന ഇടിമുഴങ്ങാന്‍ തോട് തെളിഞ്ഞുകാണാം. ബോട്ട് ഇനി അധികം മുന്നോട്ട് പോകില്ല. നടന്നുതന്നെ പോകേണ്ടിയിരിക്കുന്നു. ഏതാണ്ട് ഒരു കിലോമിറ്ററോളം. അത് ഒട്ടും അധികമല്ല തന്നെ. ഇടവപ്പാതി നന്നായി ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ക്യാമ്പ് ഷെഡ്ഡിന്റെ മുന്നില്‍ വരെ ബോട്ട് എത്തുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന റെയിഞ്ച് ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. എന്നിരുന്നാലും സംഘാംഗങ്ങളില്‍ ആരുടേയും ആവേശത്തിന് കുറവൊന്നുമില്ല. അതിമനോഹരമായ കാഴ്ചയാണ് മുന്നില്‍. മെലിഞ്ഞുണങ്ങിയ ഇടിമുഴങ്ങാന്‍ തോടിനിരുവശവും ഉള്ള നിമ്‌നോന്നതങ്ങളില്‍ ഒരേ പോലെ പടര്‍ന്നുകിടക്കുന്ന പുല്‍മേട്. അതിന് അതിരിട്ട് തിങ്ങിത്തഴയ്ക്കുന്ന പച്ചപ്പാണ് ചുറ്റും. റിസര്‍വ്വോയറിലെ വെള്ളം പിന്‍വലിഞ്ഞയിടങ്ങളില്‍ എഴുന്നുനില്‍ക്കുന്ന പാറക്കൂട്ടങ്ങളും വലിയ ചരല്‍ക്കല്ലുകളും. ചെരുപ്പിട്ടിട്ടും കാലുകള്‍ക്ക് ലേശം വേദന തോന്നി. എങ്കിലും മുന്നോട്ടു തന്നെ നടന്നു. വലിയ ഒരു ലക്ഷ്യത്തിലേയ്ക്കാണ് പോക്ക് എന്നതുകൊണ്ടു തീരെ ക്ഷീണം തോന്നിയില്ല.

കൊടിയ വിഷമുള്ള രാജവെമ്പാല പാമ്പുകളുടേയും കടുവകളുടേയും വിഹാര രംഗമാണ് ആ പുല്‍മേടുകളും കാടുകളുമെന്ന് ഞങ്ങളുടെ കൂട്ടിനായി എത്തിയ സ്റ്റാഫുകള്‍ പറഞ്ഞപ്പോഴും ആവേശം മാത്രമാണ് തോന്നിയത്. രാജവെമ്പാലകള്‍ സാധാരണയായി നമ്മുടെ നിത്യഹരിത വനങ്ങളിലും മുളങ്കാടുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലെ പുല്‍മേടുകളിലും വെള്ളത്തിന്റെ സാന്നിധ്യമുള്ളയിടങ്ങളിലും ആണ് കാണപ്പെടുന്നത്. കരിയിലകള്‍ കൊണ്ട് കൂടുകൂട്ടി മുട്ടയിടുന്ന ഏക പാമ്പാണിത്. രാജവെമ്പാലകള്‍ക്ക് പൊതുവേ ഭീതിജനകമായ ഒരു പരിവേഷമുണ്ടെങ്കിലും ഈ പാമ്പുകള്‍ സ്വതവേ മനുഷ്യരോട് ഏറ്റുമുട്ടാന്‍ നില്‍ക്കാറേയില്ല എന്നതാണ് വാസ്തവം. പുല്‍മേടുകളിലെ തുറസ്സുകളില്‍ നായാടാനുള്ള അനായാസതയും പുല്ലിന്റെ ഇളം നാമ്പുകള്‍ ആഹരിക്കാനായും വെള്ളത്തിനായുമെത്തുന്ന സസ്യഭുക്കുകളുടെ ആധിക്യമാകാം ഒരു വേള കടുവകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. കാട്ടുനായ്ക്കളും ചെന്നായ്ക്കളും ഒക്കെ ഇത്തരത്തില്‍ വിശാലമായ പുല്‍മേടുകളില്‍ സസ്യഭുക്കുകളെ നായാടുന്നത് കാടകങ്ങളില്‍ സാധാരണയാണുതാനും. 

placeholder
പുൽമേടുകളും അതിരിടുന്ന കാടും

ദേശീയ മൃഗങ്ങളായ കടുവകളെയാണ് വന്യജീവിപരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏകകങ്ങളായി പലപ്പോഴും ഉപയോഗിക്കുക പതിവ്. അതായത് ഒരു നിശ്ചിത പ്രദേശത്തിന് താങ്ങാന്‍ കഴിയുന്ന കടുവകളുടെ എണ്ണം അവിടത്തെ അനേകങ്ങളായ മറ്റ് മൃഗങ്ങളുടേയും സസ്യങ്ങളുടേയും നിലനില്‍പ്പിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഏകകങ്ങളാണ് എന്നര്‍ത്ഥം. ഉദാഹരണത്തിന് ഒരു പ്രായപൂര്‍ത്തിയെത്തിയ ഒരു കടുവയ്ക്ക് സ്വതന്ത്രമായി വിഹരിക്കുവാന്‍ ഏതാണ്ട് അന്‍പത് ചതുരശ്ര കിലോമീറ്ററിനുമേല്‍ സ്ഥലം വേണമെന്നാണ് കണക്ക്. സാധാരണയായി മുതിര്‍ന്ന കടുവകളെ കൂട്ടമായി കാണാറില്ല. ഒറ്റപ്പെട്ട ജീവിതമാണ് (solitary life) കടുവകള്‍ നയിക്കുന്നത്. പ്രായപൂര്‍ത്തിയെത്തിയ ഒരോ ആണ്‍ കടുവയും തങ്ങളുടെ അധിനിവേശ പ്രദേശങ്ങളില്‍ മറ്റ് ആണ്‍ കടുവകള്‍ കടന്നുകയറാതിരിക്കുവാന്‍ ബദ്ധശ്രദ്ധനായിരിക്കുകയും ചെയ്യും (territorial behaviour). അവിടങ്ങളില്‍ ആ കടുവയ്ക്ക് നിലനിക്കുന്നതിനാവശ്യമായ ഇരകളും (prey base) ഉണ്ടാകുമെന്നും അതിനര്‍ത്ഥം ഉണ്ട്. സ്വാഭാവികമായും കടുവ ആഹാരത്തിനായി ആശ്രയിക്കുന്നത് സസ്യാഹാരികളോ മിശ്രഭുക്കുകളോ ആയ മൃഗങ്ങളെയാണല്ലോ. അതുകൊണ്ടുതന്നെ ഒരു നിശ്ചിത സ്ഥലത്ത് ഉള്ള കടുവകളുടെ എണ്ണം അനുസരിച്ച് അവിടെ വസിക്കുന്ന മറ്റ് സസ്യാഹാരികളായ മൃഗങ്ങളുടെ എണ്ണവും അവയ്ക്കിണങ്ങുന്ന ആവാസ വ്യവസ്ഥയും വൃക്ഷങ്ങളും സസ്യലതാദികളും ജലസ്രോതസ്സുകളുമൊക്കെ നിലനില്‍ക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പിക്കാം. അതിനാല്‍ത്തന്നെ കാട്ടിനുള്ളിലെ ആവാസ വ്യവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കുന്നിനുള്ള മിക്ക പദ്ധതികളും 'ഉച്ചസ്ഥായിയിലെ വേട്ടമൃഗം' (apex predator/apex animal) എന്ന നിലയ്ക്ക് കടുവകളെ കേന്ദ്രീകരിച്ചാണ് വിഭാവനം ചെയ്യുക പതിവ്.

മുന്നിലെ വിശാലമായ ഹരിതാഭയ്ക്കിടയിലൂടെ അരപ്പട്ട കെട്ടിയതുപോലെ ചാലിട്ടൊഴുകുന്ന ഇടിമുഴങ്ങാന്‍ തോടിന്റെ ഓരം പറ്റി ഞങ്ങള്‍ നടന്നു. സൂര്യരശ്മികള്‍ക്ക് തീക്ഷണത കുറവായിരുന്നു. ക്യാമ്പ് ഷെഡ്ഡിനുമുന്നില്‍ ഞങ്ങളെ പ്രതീക്ഷിച്ച് സ്റ്റാഫുകള്‍ കാത്തുനില്‍ക്കുന്നുണ്ട്. വൃക്ഷത്തലപ്പുകള്‍ക്കിടയിലൊളിച്ചിരിക്കുന്ന ക്യാമ്പ് ഷെഡ്ഡിനുചുറ്റും ആനക്കിടങ്ങുകളും സോളാര്‍ കമ്പിവേലിയും ചേര്‍ത്ത് സംരക്ഷണം ഒരുക്കിയിട്ടുമുണ്ട്. അല്പനേരത്തെ വിശ്രമത്തിനുശേഷം വസ്ത്രം മാറി അക്ഷരാര്‍ത്ഥത്തില്‍ വെള്ളച്ചാട്ടത്തിലോട്ട് ഓടുകയായിരുന്നു. അവിടെ പാറയിടുക്കുകളില്‍ മുകളില്‍ നിന്നും വെള്ളം വീണുചിതറുന്ന ഹുങ്കാരം കാതുകള്‍ക്കമൃതമെന്നോണം കേള്‍ക്കാം. എന്നും സഞ്ചാരികളുടെ പറുദീസയാണ് പ്രകൃതിയുടെ കരവിരുത് വെളിവാക്കുന്ന ഈ സ്വര്‍ഗ്ഗം. ഒരേ സമയം ഏകാന്തതയും അതിരില്ലാത്ത പ്രകൃതി ഭംഗിയും കാടിന്റെ വന്യതയും പിന്നെ സ്വകാര്യതയും ആസ്വദിക്കാന്‍ ഇതിലും പറ്റിയ ഒരിടം ഇല്ലെന്നു തന്നെ പറയാം.


   
പല തട്ടുകളിലായിക്കിടക്കുന്ന ആഴം കുറഞ്ഞ കുളിക്കടവുകളും പതഞ്ഞ് നുരയിട്ടൊഴുകുന്ന ചെറിയ ജലപാതങ്ങളുടെ ഒരു നിരയുമാണിവിടെയുള്ളത്. പുറത്ത് എവിടെയെങ്കിലും കൃത്രിമമായി തയ്യാറാക്കിയ വെള്ളച്ചാട്ടത്തില്‍ ബോഡി മസ്സാജിനു വിധേയരാകണമെങ്കില്‍ വന്‍ തുക മുടക്കേണ്ടി വരുമെന്നറിയാമല്ലോ. എന്നാലിവിടെ ഉണര്‍വ്വേറുന്ന അന്തരീക്ഷത്തില്‍ പ്രകൃതിയുടെ മടിത്തട്ടില്‍നിന്നൂറുന്ന ശുദ്ധജലത്തിന്റെ കുളിര്‍മയില്‍ ലഭ്യമാകുന്നത് 'ജകുസ്സി' എന്നറിയപ്പെടുന്ന മസാജിംഗിനെ വെല്ലുന്ന അനുഭവം തന്നെയാണെന്ന് നിസ്സംശയം പറയാം. (Jacuzzi ചെറുചൂടുവെള്ളം ചീറ്റി ഉപയോഗിച്ചു നടത്തുന്ന തിരുമ്മല്‍). എത്രമേല്‍ ആസ്വദിച്ചാലും മടുക്കാത്ത ആ ദിവ്യാനുഭൂതിയുടെ സുഖത്താല്‍ സ്വയം മറന്നപ്പോള്‍ മിനിട്ടുകളും മണിക്കൂറുകളും കടന്നുപോയതഞ്ഞതേയില്ല.

എന്നിരുന്നാലും കാടകങ്ങളിലെ നരച്ച വെളിച്ചം പതിയെ പിന്‍വാങ്ങിത്തുടങ്ങിയപ്പോള്‍ സ്റ്റാഫുകള്‍ മടങ്ങുന്നതിന് കോപ്പുകൂട്ടി. കാടറിനെയറിയുന്ന അവരുടെ ഇന്ദ്രിയങ്ങള്‍ ജാഗ്രത്തായി. പരിചയിക്കാത്ത കാടും അവിടങ്ങളിലെ ജലാശയങ്ങളും എന്നും അപകടങ്ങളുടെ ഒളിയിടങ്ങളാണ്. ഇരുട്ടുപരക്കുമ്പോള്‍ കാഴ്ച മങ്ങുന്ന കാട്ടിലും മാറി വീശുന്ന കാറ്റിലും മനുഷ്യന്‍ തീര്‍ത്തും നിസ്സഹായനായിപ്പോകാം. വ്യത്യസ്ത ജ്യാമിതികളില്‍ തിരിച്ചറിയാനാവാത്ത ചതിക്കുഴികള്‍ പതിയിരിക്കുന്നയിടമാണ് എന്നും കാട്. അടുക്കാന്‍ ശ്രമിക്കുന്തോറും അത് രഹസ്യങ്ങളൊളിപ്പിച്ച് അകന്നു മാറിക്കൊണ്ടേയിരിക്കും. പൂര്‍ണ്ണമായി പിടി തരാതെ!

അത്താഴം കഴിച്ച് കിടക്കുമ്പോള്‍ അന്തരീക്ഷം തണുത്തിരുന്നില്ലെങ്കില്‍ക്കൂടി മനസ്സും ശരീരവും തികച്ചും ശാന്തമായിരുന്നു. ചീവിടുകളുടെ നിലക്കാത്ത ഒച്ച രാത്രിയെ ശബ്ദ മുഖരിതമാക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ചിന്തേരിടുന്ന മാതിരി പോക്കാച്ചിത്തവളകളുടെ നിറുത്തില്ലാത്ത കരച്ചിലും പേരറിയാത്ത അനേകം രാപ്പക്ഷികളുടെ കുറുകലുകളും. സോളാര്‍ വിളക്കുകളുടെ ശക്തി ക്രമേണ ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ചുറ്റിനും നിന്ന് തള്ളിക്കയറുന്ന കൊഴുത്ത ഇരുട്ട്! വെളിച്ചത്തിന്റെ കിരണങ്ങള്‍ നേര്‍ത്തൊടുങ്ങതിനു മുമ്പേ കണ്‍പോളകള്‍ കനം തൂങ്ങി വീഴുന്നു. ഒരു പുത്തന്‍ പ്രഭാതത്തിലേയ്ക്കാണ് കണ്ണുകള്‍ മിഴിച്ചത്. അന്തരീക്ഷത്തില്‍ അങ്ങിങ്ങ് തങ്ങിനിന്നിരുന്ന നേരിയ മഞ്ഞിന്‍ പാളികള്‍ സൂര്യകിരണങ്ങളേറ്റ് അലിഞ്ഞില്ലാതായി. നല്ല തെളിഞ്ഞ കാഴ്ചയാണിപ്പോള്‍. പ്രഭാത കൃത്യങ്ങള്‍ക്കും ലളിമായ ബ്രേക്ക് ഫാസ്റ്റിനും ശേഷം സമയം കളയാതെ ട്രെക്കിംഗിനായി ഇറങ്ങി. രണ്ടു മണിക്കൂറോളം നടന്നു. ഒന്നുരണ്ടു മലയണ്ണാനുകളെയല്ലാതെ മറ്റ് മൃഗങ്ങളെയൊന്നിനേയും കാണാനായില്ല. കണ്ടവ തന്നെ ക്യാമറ കൈയ്യിലെടുക്കുന്നതിനുമുമ്പ് ഇലച്ചാര്‍ത്തുകള്‍ക്കുള്ളിലൊളിക്കാനുള്ള വ്യഗ്രതയിലായിരുന്നുതാനും! വനയാത്രകളില്‍ വന്യജീവികളെ കാണുക (Chance sightings) എന്നത് തീര്‍ത്തും ഒരു ഭാഗ്യം തന്നെയാണ് എന്നുപറയാം. 

placeholder
റെഡ് വുഡ് അഥവാ ചെങ്കുറിഞ്ഞി.

രണ്ടും മൂന്നും ദിവസങ്ങള്‍ കാട്ടിലൂടെ നടന്നപ്പോള്‍ പലപ്പോഴും ഒരു കുരങ്ങിനെപ്പോലും കാണാതിരുന്നിട്ടുണ്ട്. ആനയേയും കരടിയേയും എന്തിന് ജീപ്പിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ത്തന്നെ ചിന്നാറില്‍ നടുറോഡില്‍ വച്ച് പുലിയെപ്പോലും കണ്ടിട്ടുണ്ട്. എന്നാല്‍ കടുവയുടെ പാദമുദ്രകളല്ലാതെ (pug marks) ജീവനോടെ വനാന്തരത്തില്‍ അവയെ ഇന്നോളം എനിക്ക് കാണാനായിട്ടുമില്ല. സാധാരണയായി വനയാത്രകളില്‍ പുലര്‍കാലങ്ങളിലും സന്ധ്യകളിലുമാണ് മൃഗങ്ങളെ കാണാനുള്ള സാധ്യതയേറുന്നത് എന്നുപറയാം. വനാന്തരങ്ങളിലെ യാത്രകളില്‍ ഉറക്കെ സംസാരിക്കുന്നതും ഒച്ച വയ്ക്കുന്നതും മൃഗങ്ങളെകാണാനുള്ള സാധ്യത പാടെ ഇല്ലാതാക്കുകയും സഞ്ചാരികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇനി സൂചിപ്പിക്കേണ്ടുന്ന ഒന്ന് ഇവിടങ്ങളിലെ ചെങ്കുറിഞ്ഞി (ചെന്തുരുണി) മരങ്ങളുടെ സാന്നിധ്യമാണ്. ശരിക്കും ശെന്തുരുണി വന്യജീവി സങ്കേതത്തിന് ആ പേരുകിട്ടാന്‍ തന്നെ കാരണം ഈ ഇനം വൃക്ഷങ്ങളുടെ (Glutat ravancorica) സാന്നിധ്യമാണ്.  പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വില്‍ (Agasthyamala Biosphere Reserve) മാത്രം കാണപ്പെടുന്ന ഈ വൃക്ഷം വംശനാശം വന്നുകൊണ്ടിരിക്കുന്നവയുടെ ഗണത്തില്‍പ്പെടുന്നു. 3500-4000 എണ്ണം വൃക്ഷങ്ങള്‍ ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.തിരികെ വീണ്ടും വെള്ളച്ചാട്ടത്തിന്റെ കുളിര്‍മ്മയില്‍ ഒരു മണിക്കൂറോളം ചിലവഴിച്ച് ക്യാമ്പിലെത്തുമ്പോഴേയ്ക്കും ഉച്ചയ്ക്കുള്ള ആഹാരം തയ്യാറാക്കുന്ന തിരക്കിലായിരുന്നു മറ്റുള്ളവര്‍. 'ഉച്ചയ്ക്കുശേഷം മഴയായിരിക്കും', ചക്രവാളങ്ങളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘച്ഛവിയില്‍ കണ്ണുനട്ട് പിന്നിലാരോ പറയുന്നതു കേട്ടു.

മദ്ധ്യാഹ്നമാകാന്‍ കാത്തുനിന്നില്ല. ലഘുഭക്ഷണത്തിനുശേഷം നേരത്തെ ഇറങ്ങി. തെല്ല് നടന്നപ്പോള്‍ അങ്ങകലെയായി ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ബോട്ട് ഞങ്ങളേയും കാത്ത് കിടക്കുന്നതുകാണാം. കാട് തിരികെ വിളിക്കുന്നതുപോലെയാണ് തോന്നിയത്. ഒരു സഞ്ചാരിയുടെ സ്ഫുടം ചെയ്‌തെടുത്ത തൃഷ്ണകള്‍ക്ക് അവസാനമില്ല. ഈ ജീവിതത്തിലെ യാത്രകളും കാഴ്ചകളും അയാള്‍ക്ക് ഒരുനാളും മതിവരികയുമില്ല. സിരകളില്‍ ഉന്മാദം നിറച്ച് നേര്‍ത്ത കാറ്റ് വീശുന്നുണ്ട്. അക്കരെക്കാണുന്ന പേരറിയാത്ത നിബിഢ വൃക്ഷസഞ്ചയങ്ങളേയും ഇടിമുഴങ്ങാന്‍ തോടിലെ കുഞ്ഞോളങ്ങളേയും ഒരുപോലെ തഴുകിയെത്തുന്ന മന്ദമാരുതന് അടവി തന്റെ നെഞ്ചിലൊളിപ്പിച്ചു വച്ച മൃതസജ്ജീവനികളുടെ ഗന്ധമായിരുന്നുവോ അപ്പോള്‍?     

ഇടിമുഴങ്ങാന്‍ പാറ ക്യമ്പ് ഷെഡ്ഡ്

അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ക്ക് വനം സര്‍ക്കിളിലെ ശെന്തുരുണി വന്യജീവി സങ്കേതം തനതായ സസ്യവന്യജീവി സമ്പത്തുകളാല്‍ സമ്പന്നമാണ്. ലോകത്തിലെ തന്നെ ബയോ ഡൈവേഴ്‌സിറ്റി ഹോട്ട് സ്‌പോട്ടുകളിലൊന്നായ പശ്ചിമ ഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന അനേകങ്ങളായ സസ്യജാലങ്ങളും വന്യജീവികളും കൊല്ലം ജില്ലയിലെ ഈ വനമേഖലയിലും കാണപ്പെടുന്നു. ചെങ്കുറിഞ്ഞി (Glutat ravancorica) എന്നറിയപ്പെടുന്ന നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന അത്യപൂര്‍വ്വ വൃക്ഷങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഈ വന്യജീവി സങ്കേതത്തിന് ഈ പേര് കൈവന്നതുതന്നെ. 
ഈ വന്യജീവി സങ്കേതത്തില്‍ പ്രകൃതി രമണീയങ്ങളായ പലയിടങ്ങളിലും ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ക്യാമ്പ് ഷെഡ്ഡുകള്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് വിനോദ യാത്രികര്‍ക്കായി തയ്യാറാക്കിയിട്ടുള്ള കളംകുന്നു സെക്ഷനിലെ ഇടിമുഴങ്ങാന്‍ പാറയിലെ ആന്റീ പോച്ചിംഗ് ക്യമ്പ് ഷെഡ്ഡ്. തെന്മലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പള്ളംവെട്ടി എര്‍ത്ത് ഡാമില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററിനുമേല്‍ അകലെയാണ് ഇടിമുഴങ്ങാന്‍ പാറയിലെ വനം വകുപ്പിന്റെ ഈ ക്യാമ്പ് ഷെഡ്ഡ് സ്ഥിതി ചെയ്യുന്നത്. 

placeholder
ഇടിമുഴങ്ങാന്‍ പാറ

ശെന്തുരുണി വന്യജീവി സങ്കേതത്തിലെ റിസര്‍വ്വോയറിലൂടെ ഏതാണ്ട് ഒന്നര മണിക്കൂറോളം ബോട്ടില്‍ സഞ്ചരിച്ചുവേണം ക്യാമ്പ് സ്ഥിതി ചെയ്യുന്ന നിത്യ ഹരിത വനത്തിലെത്താന്‍. രാജവെമ്പാലയും കടുവയുമള്‍പ്പടെയുള്ള വന്യജീവികളുടെ സൈ്വര വിഹാര കേന്ദ്രങ്ങളാണ് ഈ കാടുകള്‍. വിനോദ യാത്രക്കാര്‍ക്ക് താമസിക്കുന്നതിന് നാലു പേര്‍ക്ക് പൊതു അവധി ദിവസങ്ങളില്‍ 15000/ രൂപയും പ്രവൃത്തി ദിവസങ്ങളില്‍ 14000/ രൂപയും ആണ് ഇവിടത്തെ പുതുക്കിയ നിരക്ക്. വിദേശികള്‍ക്ക് ഇത് യഥാക്രമം 30000/ വും 28000/ വും ആയിരിക്കും. ആളൊന്നിന് അധികം 2000/ രൂപ വീതവും (വിദേശികള്‍ക്ക് 4000/ രൂപ). പരമാവധി എട്ടുപേര്‍ക്കുവരെ ഇവിടെ തങ്ങാം. വനം വകുപ്പിന്റെ തന്നെ ബോട്ടിലാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് കൊണ്ടുപോകുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആഹാരവും വനം വകുപ്പ് തന്നെ നല്‍കും. ഉച്ചയ്ക്ക് തുടങ്ങുന്ന യാത്ര പിറ്റേന്ന് ഉച്ചയ്ക്ക് ആഹാരവും കഴിച്ച് തിരിച്ചു ചെല്ലുമ്പോഴാണ് അവസാനിക്കുന്നത്. ഇവിടെയുള്ള ചെറിയ വെള്ളച്ചാട്ടങ്ങളിലും തടാകങ്ങളിലും ഉള്ള കുളിയും ചുറ്റുപാടുമുള്ള കാട്ടിലേയ്ക്ക് ഒരു മണിക്കൂറോളം നീളുന്ന ഗൈഡഡ് ട്രെക്കിംഗും ഇതിന്റെ പ്രത്യേകതയാണ്. ബുക്കിംഗിനായി വനം വകുപ്പിന്റെ keralaforestecotourism.com എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യണം. സഹായത്തിനായി 8547602930, 8547602937, 8547602943, 9048789779 എന്നീ മൊബൈല്‍ നമ്പരുകളിലേതിലെങ്കിലും ബന്ധപ്പെടാവുന്നതുമാണ്.

(ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ലേഖകന്‍)

placeholder
placeholder
placeholder
placeholder
placeholder
+8