കാലം കുറേയേറെ പിന്നിലേയ്ക്ക് പോണം. ഏതാണ്ട് മൂന്ന് വ്യാഴവട്ടമെങ്കിലും പുറകിലേയ്ക്ക്. 1988-ല്‍ തൃശൂര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ നാലു വര്‍ഷത്തെ ബി.എസ്.സി. ഫോറസ്ട്രി കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ച സമയം. ആദ്യമായി ഒരു പ്രൊഫഷണല്‍ കോഴ്‌സിന് ചേരുമ്പോഴത്തെ ആവേശവും സന്തോഷവും പറയാവതായിരുന്നില്ല. വനം വകുപ്പിലെ റെയിഞ്ചോഫീസര്‍ തസ്തികയിലേയ്ക്ക് പദമൂന്നാനുള്ള പ്രതീക്ഷകളുമായി കോഴ്‌സിന് ജോയിന്‍ ചെയ്ത് ആദ്യ സെമസ്റ്ററിന്റെ പകുതിയോളമായിക്കാണും. സെമിനാര്‍ ഹാളില്‍ വച്ച് അസോസിയേറ്റ് ഡീനാണത് അനൗണ്‍സ് ചെയ്തത് എന്നാണോര്‍മ്മ. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വില്‍ വന്യജീവി സെന്‍സസ് നടക്കാന്‍ പോകുകയാണ്. വോളന്റീയേഴ്‌സായി പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ്. വന്യജീവികളെ അടുത്തു കാണാനും കാടുമായി പരിചയിക്കാനും കിട്ടുന്ന അസുലഭ സന്ദര്‍ഭം! വനത്തെക്കുറിച്ചും വന്യജീവികളെക്കുറിച്ചും കേട്ടറിവ് മാത്രമാണുള്ളത്. ആ വാര്‍ത്ത കേട്ടപ്പോഴേ മനസ്സുകൊണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നു. ട്രങ്ക് കാള്‍ ബുക്ക് ചെയ്ത് വീട്ടില്‍ ഒന്നറിയിക്കണമെന്ന ഫോര്‍മാലിറ്റി മാത്രമാണിനി ബാക്കി.
അങ്ങനെ കോളേജ് ബസ്സില്‍ പറമ്പിക്കുളത്തെത്തുമ്പോള്‍ തൂണക്കടവ് ഐ.ബി.ക്കുമുന്നില്‍ നല്ല തിരക്ക് ആണ്. ഡി.എഫ്.ഒ. സെന്‍സസിനെത്തിയ വോളന്റീയേഴ്‌സും സ്റ്റാഫുമായി സംവദിക്കുകയാണ്. ഉത്തരേന്ത്യക്കാരനാണെങ്കിലും മലയാളത്തിലും ഇംഗ്‌ളീഷിലുമായി അദ്ദേഹം വന്യജീവി കണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ഓരോന്നായി വ്യക്തമാക്കുകയാണ്. രണ്ട് തരത്തിലാണ് സെന്‍സസ് നടത്തുന്നത്. കടുവകളുടെ കാനേഷുമാരിയും പിന്നെ പൊതുവായുള്ള മൃഗങ്ങളുടെ കണക്കെടുപ്പും. കൃത്യമായ ദിശാസൂചകങ്ങള്‍ നല്‍കി ഒരോ വോളന്റീയറിനുമൊനൊപ്പം ഒരോ ബീറ്റ് ഫോറസ്റ്റ് ഓഫീസറും വാച്ചറുമടങ്ങുന്ന മൂന്നംഗ ടീം ആയാണ് യാത്ര. ആദ്യത്തെ മൂന്നുദിവസങ്ങളില്‍ ടൈഗര്‍ സെന്‍സസാണ്. മുഖ്യമായും റിസര്‍വ്വോയറിന്റെ ഓരങ്ങള്‍ കേന്ദ്രീകരിച്ചാണ് കടുവകളുടെ കണക്കെടുപ്പ്. വെളളം കുടിക്കാനായി വേനലില്‍ വന്യമൃഗങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് ആ ജലസംഭരണിയെയാണല്ലോ. അതുകൊണ്ടുതന്നെ അവയുടെ കാലടയാളങ്ങള്‍ അവിടത്തെ ചെളിയില്‍ പതിയുക സ്വാഭാവികവും. പഗ് മാര്‍ക്കുകള്‍ (pug marks) എന്നറിയപ്പെടുന്ന അത്തരം കാലടയാളങ്ങളുടെ കണക്കെടുത്താണ് അത്തരം രാത്രിഞ്ചരന്മാരുടെ എണ്ണം കണക്കാക്കുന്നത്. ഇന്നിപ്പോള്‍ ക്യാമറാ ട്രാപ്പുകളുപയോഗിച്ചെടുക്കുന്ന ചിത്രങ്ങളില്‍ കടുവകളുടെ ശരീരത്തിലെ വരകളും (stripes) കാടിനുള്ളില്‍ അവയുടെ സാന്നിധ്യം അറിയിക്കുന്ന മറ്റ് അടയാളങ്ങളുമാണ് (മരങ്ങളുടെ പുറന്തൊലിയിലെ നഖപ്പാടുകളും നായാട്ട് അവശിഷ്ടങ്ങളും കാഷ്ടങ്ങളും ഉള്‍പ്പടെയുള്ളവ) സെന്‍സസിനും തിരിച്ചറിയാനുമായി ഉപയോഗിക്കുന്നത്.

പ്‌ളാസ്റ്റര്‍ ഓഫ് പാരീസും സ്‌ളേറ്റിന്റെ ഒരു ഫ്രെയിമും ഒരു മഗ്ഗുമാണ് സെന്‍സസിന് അന്നൊക്കെ ഓരോ ടീമിനും കൂടെ കൊടുത്ത് വിടുന്നത്. നിലത്തു പതിഞ്ഞുകിടക്കുന്ന വ്യക്തതയുള്ള പഗ് മാര്‍ക്ക് നിലത്ത് പതിച്ച സ്‌ളേറ്റിന്റെ ഫ്രെയിമിനുള്ളിലാക്കിയ ശേഷം വെള്ളത്തില്‍ നന്നായിക്കുഴച്ച് ലൂസ്സാക്കിയ പ്‌ളാസ്റ്റര്‍ ഓഫ് പാരീസ് കാലടയാളത്തിന് തകരാറുപറ്റാതെ ഫ്രെയിമിനുളളിലേയ്ക്ക് പതിയെ പാര്‍ന്ന് അഞ്ച് മിനിട്ടോളം കാത്തിരിക്കുക. പെട്ടെന്ന് കട്ട പിടിക്കുന്ന പാളാസ്റ്റര്‍ ഓഫ് പാരീസില്‍ പതിഞ്ഞ കാല്പാടുകള്‍ ഉണക്കിയെടുത്ത് ഒരു തുണി സഞ്ചിയിലാക്കി അടുത്ത സ്ഥലത്തേയ്ക്ക് പോകുക. തീരെ വെയിലില്ലെങ്കില്‍ ചുള്ളിക്കമ്പുകള്‍ മുകളിലിട്ടു കൂട്ടിക്കത്തിച്ചും പ്‌ളാസ്റ്റര്‍ ഓഫ് പാരീസ് കട്ടകള്‍ ഉണക്കിയെടുക്കാറുണ്ട്. ഒരോയിടത്തുള്ള പഗ് മാര്‍ക്കിനുമേല്‍ ഒഴിച്ചുവച്ചിരിക്കുന്ന കട്ടകള്‍ നിര്‍ദ്ദിഷ്ട സ്ഥലപരിശോധന പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഉണങ്ങി ഉറച്ചത് ശേഖരിച്ചു വരുന്നതാണ് പതിവ്.
മൂന്ന് ദിവസങ്ങളിലായി എനിക്ക് നാലഞ്ച് പഗ് മാര്‍ക്കുകള്‍ കിട്ടി. ഓരോ ദിവസവും ഉച്ചതിരിഞ്ഞ് സന്തുഷ്ടനായി ക്യാമ്പിലെത്തുമ്പോള്‍ ഉത്പതിഷ്ണുക്കളായ ചിലരെങ്കിലും ദിവസവും അഞ്ചും ആറും പഗ്മാര്‍ക്കുകള്‍ പതിഞ്ഞ പ്‌ളാസ്റ്റര്‍ ഓഫ് പാരീസ് കട്ടകള്‍ സഞ്ചിയില്‍ നിന്ന് പുറത്തെടുക്കുന്നത് കാണാമായിരുന്നു. ഓരോന്നും സസൂക്ഷ്മം പരിശോധിച്ച് ഡി.എഫ്.ഒ. പറഞ്ഞതിന്നും ഓര്‍മ്മയിലുണ്ട്.
''ആണ്‍കടുവകളുടെ കാല്‍പാടുകള്‍ സമചതുരാകൃതിയിലാണ്. പെണ്‍കടുവകളുടേതും പുലികളുടേതും ദീര്‍ഘ ചതുരാകൃതിയിലും. അതായത് ഒറ്റയ്ക്ക് കാണപ്പെടുന്ന സമചതുരാകൃതിയിലെ കാലടയാളം ഏകാന്ത പഥികനായ ഏതെങ്കിലും ആണ്‍കടുവയുടേതായിരിക്കും എന്നുറപ്പിക്കാം. ദീര്‍ഘ ചതുരാകൃതിയുലുള്ള അടയാളത്തോടൊപ്പം കുഞ്ഞുങ്ങളുടെ കാലടയാളങ്ങള്‍ കൂടി ഉണ്ടെങ്കില്‍ അത് തള്ളക്കടുവയും കുഞ്ഞുങ്ങളും ആകാനാണ് സാധ്യത. കാരണം മരം കയറികളായ പുലികളിലെ അമ്മമാര്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ മരച്ചില്ലകളിലും മറ്റും ഒളിപ്പിച്ചുവയ്ക്കുകയാണ് പതിവ്.

ദിവസങ്ങള്‍ പെട്ടെന്നാണ് കഴിഞ്ഞത്. പൊതുവായുള്ള മൃഗങ്ങളുടെ കണക്കെടുപ്പാണിനിയുള്ളത്. അതായത് ജനറല്‍ സെന്‍സസ്. ജി.പി.എസ്സുകളും മൊബൈല്‍ ഫോണുകളും പ്രചാരത്തിലില്ലാത്ത കാലമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സെന്‍സസ് നടത്തുന്ന വനമേഖല ബ്‌ളോക്കുകളും ഗ്രിഡ്ഡുകളും ആയി മുന്‍കൂട്ടിത്തന്നെ തരം തിരിച്ചിരിക്കും. തന്നിരിക്കുന്ന ദിശകള്‍ (350 North, 450 South എന്നിങ്ങനെ) വടക്കുനോക്കിയന്ത്രത്തില്‍ നോക്കിയാണ് ഓരോ ടീമുകളും പോകേണ്ടത്. അത്തരം വഴികളെ ട്രാന്‍സെക്ടുകള്‍ (transects) എന്നാണ് പറയുന്നത്. ഓരോ പോയിന്റില്‍ നിന്നും ദിശാസൂചകങ്ങള്‍ നോക്കി വഴിവെട്ടി മുന്നില്‍പ്പോകുന്ന തദ്ദേശവാസികളായ ഫോറസ്റ്റ് വാച്ചറുടെ പിന്നില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, അതിനും പിന്നിലായി വോളന്റീയര്‍ എന്ന ക്രമത്തിലാണ് സഞ്ചാരം.
'ആനയെക്കണ്ടാല്‍ കഴിവതും ഒഴിവായിപ്പോകുക. കാരണം അതിന്റെ സ്വഭാവം പ്രവചനാതീതമാണ്. സുരക്ഷിതമെന്ന് തോന്നുന്ന അകലത്തില്‍ നിന്നുമാത്രം അവയെ നിരീക്ഷിക്കുക. എന്നാല്‍ ഇലച്ചാര്‍ത്തുകള്‍ക്കുള്ളില്‍ മറ്റേതെങ്കിലും മൃഗങ്ങളുടെ ശബ്ദം കേട്ടാല്‍ അടുത്ത് പോയിത്തന്നെ നോക്കാം. ഒരുവേള അതൊരു കൂരനോ മുള്ളന്‍ പന്നിയോ ആകാനും മതി. അത്യപൂര്‍വ്വമായ ഒരു കാഴ്ചയാകും അത്' സെന്‍സസിനു ഫുറപ്പെടുന്നതിന് മുമ്പുള്ള ഡി.എഫ്.ഒ.യുടെ ഉദ്‌ബോധനമാണ്. അദ്ദേഹം തുടര്‍ന്നു. 'വനയാത്രയില്‍ ഒച്ചയുണ്ടാക്കാനോ കടും വര്‍ണ്ണങ്ങളിലെ വേഷങ്ങളോ പാടില്ല. അത് മൃഗങ്ങളെക്കാണാനുള്ള സാധ്യത കുറയ്ക്കുകയും ടീമിന്റെ സുരക്ഷയെത്തന്നെ ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യും.' ചുവടുകളെണ്ണിയുള്ള നടത്തത്തിനിടയില്‍ വഴിയിലെവിടെയെങ്കിലും വന്യജീവികളേയോ കൂട്ടങ്ങളേയോ കണ്ടാല്‍ ആകെ എണ്ണം, ആണ്-പെണ്ണ്, മുതിര്‍ന്നവ, കുട്ടികള്‍, അതുവരെ ട്രാന്‍സെക്ടിലൂടെ സഞ്ചരിച്ച ദൂരം, സമയം എന്നിവയൊക്കെയും തന്നിരിക്കുന്ന പ്രൊഫോര്‍മയില്‍ അപ്പോള്‍ത്തന്നെ രേഖപ്പെടുത്തണം. മനുഷ്യനെ കണ്ടാലുടന്‍ വന്യജീവികള്‍ ഓടി മറയുകയാണ് സാധാരണ പതിവ്. അതുകൊണ്ടുതന്നെ അവയെ എത്രയും വേഗത്തില്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ട്. പോയിക്കഴിഞ്ഞാല്‍ ട്രാന്‍സെക്ടില്‍ നിന്നും അവ നിന്നിരുന്ന ദിശയും ആ സ്ഥലത്തേയ്ക്കുള്ള ദൂരവും അളന്നെടുക്കണം. ശേഷം വീണ്ടും മുന്നോട്ട്... അവസാനം മറുവശത്ത് റോഡിലെത്തുമ്പോള്‍ അവിടെ കാത്തുകിടക്കുന്ന വനം വകുപ്പിന്റെ ജീപ്പില്‍ തിരികെ ഹെഢ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക്.
ഓരോ ദിവസവും സെന്‍സസ് കഴിഞ്ഞ് ക്യാമ്പിലെത്തിയാല്‍പ്പിന്നെ വിശേഷങ്ങള്‍ പങ്കുവയ്ക്കലാണ്. മുള്ളന്‍ പന്നിയെക്കണ്ടു... മ്‌ളാവിനെക്കണ്ടു... മാനിനെ കണ്ടു... കാട്ടിയെക്കണ്ടു... ആനയെക്കണ്ടു... അങ്ങനെ നീളുന്ന വീരസ്യം പറച്ചില്‍. കടുവയെ സാധാരണ പകല്‍ സമയങ്ങളില്‍ കാണുന്നത് തുലോം ദുര്‍ല്ലഭമായതിനാല്‍ അത്തരത്തിലാരും അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്നതും ഇപ്പോള്‍ ഓര്‍ക്കുന്നു. എന്നിരുന്നാലും സെന്‍സസിനിടയില്‍ അന്നുവരേയും വന്യജീവികളിലൊന്നിനേയും കാട്ടില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നത് എന്നെ ഏറെ ഖിന്നനാക്കിയിരുന്നുവെന്നത് സത്യം. മൂന്നാം ദിവസവും സ്ഥിരം പ്രാതലായ ഉപ്പുമാവും പൊതിഞ്ഞെടുത്ത് രാവിലെ എട്ട് മണിക്കുതന്നെ യാത്ര തിരിച്ചു. അടിക്കാടുകള്‍ നിറഞ്ഞിരുന്ന തേക്കുതോട്ടത്തില്‍ കൊഴിഞ്ഞുണങ്ങിയ ഇലകള്‍ നിലമാകെ മൂടിക്കിടന്നിരുന്നു. സമയം ഉദ്ദേശം പതിനൊന്നരയെങ്കിലും ആയിക്കാണും. മുന്നില്‍ നടന്നിരുന്ന വാച്ചര്‍ പെട്ടെന്ന് തിരിഞ്ഞുനിന്ന് ചൂണ്ടുവിരലുയര്‍ത്തി ചുണ്ടുകളിലമര്‍ത്തി നില്‍ക്കാനുള്ള മുന്നറിയിപ്പുതന്നു. ട്രാന്‍സെക്ടിന് ഇടതുവശത്ത് താഴെയായി ഉണങ്ങിനിന്നിരുന്ന അരിപ്പൂച്ചെടികളുടെ പൊന്തയ്ക്കകത്ത് ഒരലയിളക്കം. അതിനോടൊപ്പം ഉണങ്ങിയ ഇലകളും ചില്ലകളും പതിയെ ഞെരിഞ്ഞമരുന്ന ശബ്ദം! ആകാംക്ഷ സഹിക്കാതെ ട്രാന്‍സെക്ട് വിട്ട് താഴേയ്ക്കിറങ്ങുമ്പോള്‍ ഡി.എഫ്.ഒ. പറഞ്ഞ വാക്കുകളായിരുന്നു മനസ്സില്‍ നിറയെ. പൊന്തയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് ഒരുവേള കൂരനോ, കേഴയോ മറ്റേതെങ്കിലും അപൂര്‍വ്വ ജീവിയോ ആകാം. ഇക്കണ്ട ദിനങ്ങളിലൊക്കെയും അനന്തമായി നീണ്ട എന്റെ കാത്തിരിപ്പിനിതാ അറുതിയാകുന്നു! വിശേഷപ്പെട്ട ആ കണിക്കായി എന്റെ കണ്ണുകള്‍ക്കൊപ്പം മനസ്സും തുടികൊട്ടുന്നു. മനമറിയാതെ തന്നെ കാലുകള്‍ എന്നെ മുന്നോട്ടു നയിച്ചിരിക്കണം എന്നുറപ്പ്.

ഭാവം പകര്‍ന്ന് രണ്ടുകാലില്‍ നിവര്‍ന്നുനിന്നും പിന്നെ ഓടിയടുത്തെത്തിയുമുള്ള കരടിയുടെ ഉരുക്കുകൈ താഡനത്തില്‍ കൂര്‍ത്തുമൂര്‍ത്ത നഖങ്ങളില്‍ക്കുടുങ്ങി മുഖത്തുനിന്നും കണ്ണുള്‍പ്പടെ മാംസം പറിഞ്ഞിളകിപ്പോയ മനുഷ്യരെ ഞാന്‍ സര്‍വ്വീസില്‍ പിന്നീട് പലവുരു കണ്ടിട്ടുണ്ട് എന്നതും സത്യം! ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷവും നട്ടെല്ലിലൂടെ കൊടിയ ശീതം അരിച്ചു കയറുന്ന ഓര്‍മയായി ആ കാഴ്ച മുന്നില്‍ത്തന്നെ നില്‍ക്കുന്നു. ആ തള്ളക്കരടിയുടെ ജ്വലിക്കുന്ന കണ്ണുകള്‍ ബോധമനസ്സിലിന്നും ഇടിവാളാണ്. കേവല മൃഗചേതനയെന്ന് വേണമെങ്കില്‍ പേരിട്ട് വിളിക്കാവുന്ന, താന്താങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനുള്ള മാതൃത്വത്തിന്റെ ആ കരുതല്‍ അന്നെന്റെ രക്ഷാകവചമാക്കി മാറ്റിത്തന്ന പരമ കാരുണികന് ഒരായിരം സ്‌തോത്രം!
Content Highlights: bear, parambikulam tiger reserve
Published: 06 Oct 2023, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented