കോതമംഗലം: ''എന്തൊരു വൈബാന്നേ... മാമലകണ്ടം കൊയിനിപ്പാറ വ്യൂപോയിന്റും ഓഫ് റോഡ് യാത്രയും. അടിപൊളി സ്ഥലം. മഴയ്‌ക്കൊപ്പം മലകയറി, മഞ്ഞിൽപ്പൊതിഞ്ഞ കാഴ്ചകൾ. കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. ക്ലൈമറ്റാണെങ്കിൽ പറയേണ്ട.'' കഴിഞ്ഞദിവസം കൊയിനിപ്പാറ മലമുകളിലേക്ക് നടത്തിയ ഓഫ് റോഡ് യാത്രയെക്കുറിച്ച് കോട്ടയം കഞ്ഞിക്കുഴി സ്വദേശി റോണി കോശിയുടെ വാക്കുകളാണിത്.

To advertise here,

മഴക്കാല ടൂറിസത്തിന്റെ ഹൈപ്പിലാണ് മാമലകണ്ടം കൊയിനിപ്പാറ. ഓഫ്‌റോഡ്‌ട്രെക്കിങ്ങിന് പേരുകേട്ട സ്ഥലം. ചുറ്റും മലനിരകൾ. മഴയും കാറ്റും കോടമഞ്ഞും പുതച്ചുകിടക്കുന്ന മതിവരാത്ത കാഴ്ചകൾ. മലനിരകൾക്കിടയിൽനിന്നുള്ള സൂര്യോദയവും അസ്തമയവുമാണ് മറ്റൊരു ആകർഷണം. എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്ന് 1850 മീറ്ററോളം ഉയരത്തിലാണ് കൊയിനിപ്പാറ.ട്രെക്കിങ്ങിനും ക്യാമ്പിങ്ങിനും അനുയോജ്യം. ഓഫ് റോഡ് യാത്രയ്ക്ക് 4X4 ജീപ്പ് മാത്രം.

ഓഫ്‌റോഡിലൂടെ കൊയിനിപ്പാറയിലേക്ക്

മാമലകണ്ടം ഗവ. ഹൈസ്‌കൂളും ഉരുളിക്കുഴി വെള്ളച്ചാട്ടവും മുനിപ്പാറയും കൊയിനിപ്പാറയും എല്ലാം സഞ്ചാരികളുടെ മനസ്സിൽ ഇടംപിടിച്ച വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഓഫ്‌റോഡ് ജീപ്പ് സഫാരിയാണ് ആളുകൾക്ക് ഹരം പകരുന്നത്. ഉരുളിക്കുഴി ജങ്ഷനിൽനിന്ന് കൊയിനിപ്പാറയിലേക്ക് 3 കിലോമീറ്റർ ദൂരം. ജങ്ഷനിലെ 'അമ്മ' കടയിൽനിന്ന് ചൂടുചായയും മോന്തി മലകയറാം. കടയോട് ചേർന്ന് അടുക്കിവെച്ച പാറക്കല്ലുകൾക്ക് മുകളിൽ ഓഫ്‌റോഡ് യാത്രയുടെ പ്രദർശനമായി ജീപ്പും കാണാം. പ്രദേശത്ത് 45 ഓളം 4X4 ഡ്രൈവ് ജീപ്പുകളുണ്ട്.

പോകുന്നവഴിയിൽ രണ്ടും മലമുകളിൽ ഒന്നും ഉൾപ്പെടെ മൂന്ന് വ്യൂപോയിന്റുകൾ. അടിവാരം മുതൽ മലമുകൾ വരെ 30 കുടുംബങ്ങൾ താമസിക്കുന്നു. 100 ഏക്കറോളം സ്ഥലത്ത് കാപ്പിയും കുരുമുളകും കൃഷിചെയ്തിരിക്കുന്നു. പാറമുകളിലെ കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുതിരിവുകളും കയറി മുക്കാൽ മണിക്കൂർ യാത്ര ചെയ്ത് കൊയിനിപ്പാറയുടെ മുടിയിൽ എത്താം. ഒരു ജീപ്പിന് വാടക 2,500 രൂപ. അഞ്ചുപേർക്ക് യാത്ര ചെയ്യാം. മഴയുടെ കുളിരിൽനിന്ന് ഒന്ന് ചൂടാക്കാൻ മധുച്ചേട്ടന്റെ കടയിൽ ചൂടുചായയും പലഹാരവും റെഡി. എവിടെ നോക്കിയാലും കാഴ്ചകൾ, പോകും വഴിയിലും മലമുകളിലും. വേനലിലെ തെളിഞ്ഞ കാലാവസ്ഥയിൽ ബൈനോക്കുലറിലൂടെ നേര്യമംഗലവും കോതമംഗലവും വല്ലാർപാടം ടെർമിനലും രാത്രി കൊച്ചി റിഫൈനറിയുടെ പുകക്കുഴലും കാണാം. മറ്റൊരു വ്യൂ പോയിന്റിൽ ഇടമലയാർ ഡാമിന്റെ റിസർവോയറും വാൽപ്പാറയും ദൃശ്യമാണ്. രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കം.

1000 രൂപ കൂടി നൽകിയാൽ ഉരുളിക്കുഴി വെള്ളച്ചാട്ടത്തിലൂടെ മുനിപ്പാറയിലേക്ക് ജീപ്പ് യാത്ര. വെള്ളച്ചാട്ടത്തിൽ കുളിയും കഴിഞ്ഞ് മടങ്ങാം. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇടത്താവളമാണ് മാമലകണ്ടം. ആഴ്ചയിൽ കെ.എസ്.ആർ.ടി.സി.യുടെ വിവിധ ഡിപ്പോകളിൽനിന്നുള്ള 30 ഓളം ബസുകൾ എത്തുന്നുണ്ട്. കൊയിനിപ്പാറയിലും ഉരുളിക്കുഴിയിലും വാഷ് റൂമും സ്ത്രീകൾക്ക് ഡ്രസ് മാറ്റാൻ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യവും ഇല്ലാത്തതാണ് പ്രശ്‌നം. പഞ്ചായത്തും ഡി.ടി.പി.സി.യും ഇടപെട്ട് അടിസ്ഥാനസൗകര്യങ്ങളൊരുക്കിയാൽ പ്രദേശം നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാകുമെന്നുറപ്പാണ്.

ട്രാവൽ വിവരം

കോതമംഗലമാണ് സമീപത്തെ പ്രധാന നഗരം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ നേര്യമംഗലം, ആറാംമൈൽ വഴി മാമലകണ്ടം കൊയിനിപ്പാറ - 39 കിലോമീറ്റർ. കോതമംഗലം, തട്ടേക്കാട്, കുട്ടംപുഴ, ഉരുളൻതണ്ണി വഴി മാമലകണ്ടം 33 കിലോമീറ്റർ. കുട്ടംപുഴ വഴിയുള്ള യാത്രയിൽ തട്ടേക്കാട് മുതൽ പുഴയും കാനനഭംഗിയും ആസ്വദിക്കാം. ഉരുളൻതണ്ണി മുതൽ മാമലകണ്ടം വരെ വനത്തിലൂടെയാണ് യാത്ര.