കൊട്ടിയം: സംസ്ഥാന ടൂറിസത്തിനുതന്നെ മുതൽക്കൂട്ടാകുന്ന കൊല്ലത്തിന്റെ കായൽ ടൂറിസത്തിന്റെ സാധ്യതകൾ ടൂറിസം വകുപ്പിന്റെ ചുമതലയേറ്റ മന്ത്രി പി.സി. വിഷ്ണുനാഥ് കണ്ടറിയണം. കൊല്ലം പട്ടണത്തിനോടുചേർന്ന് ദേശീയപാതയ്ക്കു സമീപം കായൽ ടൂറിസത്തിന് സാധ്യതയേറെയുള്ള കൊട്ടിയം ഒറ്റപ്ലാംമൂട്ടിലെ പ്രകൃതിരമണീയമായ, കണ്ടൽക്കാടുകൾ നിറഞ്ഞ പരവൂർ കായലിന്റെ മനോഹാരിത മന്ത്രിയും ബന്ധപ്പെട്ട അധികാരികളും തിരിച്ചറിഞ്ഞാൽ കൊല്ലത്തിന്റെ മുഖം മാറും.

To advertise here,

ഒട്ടേറെ സംഘടനകൾ സർക്കാരിനു മുൻപിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിനൽകിയെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല. സർക്കാർ കണ്ടില്ലെന്നു നടിച്ച കണ്ടൽക്കാടിന്റെയും പരവൂർ കായലിന്റെയും മനോഹാരിത ആസ്വദിക്കുന്നതിന് വിദേശസഞ്ചാരികളടക്കം നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ദിവസേന ഇവിടേക്കെത്തുന്നത്. പക്ഷേ, അവർക്ക് നൽകേണ്ട സുരക്ഷിതത്വത്തിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും അപര്യാപ്തത നാടിന് നാണക്കേടായി തുടരുന്നു.

ജനപ്രതിനിധികളുടെ വാഗ്ദാനം ജലരേഖയായി

ജില്ലാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തിക്കരയാറിന്റെ തീരത്ത് 25 ഏക്കറിലധികം വരുന്ന കണ്ടൽക്കോട്ടയിൽ വിനോദസഞ്ചാരപദ്ധതി നടപ്പാക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം ജലരേഖയായി. ലോകത്തിൽ ഏറ്റവും ഉയരം കൂടിയ ഉപ്പൂറ്റിക്കണ്ടലുകൾ ഇത്തിക്കരയാറ്റിലും പരവൂർ കായലിലുമായി വളർന്നുപന്തലിച്ചുകിടക്കുന്ന മനോഹരകാഴ്ച സഞ്ചാരികളുടെ മനം നിറയ്ക്കുന്നതാണ്. ഭീമാകാരമായ കോട്ടപോലെ വളർന്നുപന്തലിച്ച കണ്ടൽക്കോട്ടയ്ക്കുള്ളിലൂടെയുള്ള വഞ്ചിയാത്ര അവിസ്മരണീയമാണെന്ന് സഞ്ചാരികളും പറയുന്നു.

കായൽപ്പരപ്പിൽ മലനിരകൾപോലെയുള്ള കണ്ടൽക്കോട്ടയും അതിനുള്ളിലേക്ക് കടക്കാനുള്ള വള്ളിപ്പടർപ്പുകൾ നിറഞ്ഞ കോട്ടവാതിലുകളും 200 മീറ്ററിലേറെ നീളമുള്ള കണ്ടൽ ഗുഹകളിലൂടെയുള്ള വഞ്ചിയാത്രയും ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് തുറന്നിടുന്നത്. കൂടാതെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പരവൂർ കായലിലെ ബോട്ടുയാത്രയും കുട്ടവഞ്ചിയും കയാക്കും അടക്കമുള്ള മറ്റ് ഒട്ടേറെ അനന്തസാധ്യതകളും പ്രയോജനപ്പെടുത്താം.

ടൂറിസം സർക്യൂട്ട് വേണം

കായലിനെ കീറിമുറിച്ചു കടന്നുപോകുന്ന മാമൂട്ടിൽ പാലവും റെയിൽപ്പാതയും കടലിനെയും കായലിനെയും വേർതിരിക്കുന്ന ചീപ്പുപാലവും തീരദേശ റോഡും കടലും കായലും തൊട്ടുരുമ്മിക്കിടക്കുന്ന പ്രകൃതിയുടെ വരദാനമായ താന്നി, മുക്കം ബീച്ചുകളും സംയോജിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട് സൃഷ്ടിച്ചാൽ കേരളത്തിനുതന്നെ അഭിമാനനേട്ടമാകും. മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം പഞ്ചായത്തുകളുടെയും പരവൂർ, ചിറക്കര പ്രദേശങ്ങളുടെയും വികസനത്തിനും ഇത് വഴിയൊരുക്കും.

കൊട്ടിയത്തെ ഒറ്റപ്‌ളാംമൂട് കടവിൽനിന്നും ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം കടവിൽനിന്നും കണ്ടൽക്കാടുകളിലേക്ക് ഒരേ ദൂരമാണ്. വിനോദസഞ്ചാരമേഖലയുടെ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതികൾ തയ്യാറാക്കി മുൻ ടൂറിസം മന്ത്രിയടക്കം പല പ്രമുഖരുടെയും ശ്രദ്ധയിൽപ്പെടുത്തി കൊട്ടിയം പൗരവേദിയടക്കം ഒട്ടേറെ സംഘടനകൾ നിവേദനം നൽകിയിരുന്നു. എന്നാൽ നാടിന്റെ ഭംഗി കണ്ടറിയുന്നതിനും പ്രകൃതി നൽകിയ വരദാനം പ്രയോജനപ്പെടുത്തുന്നതിനും പദ്ധതികൾ തയ്യാറാക്കാൻ ആരുമുണ്ടായില്ല എന്നതാണവസ്ഥ.