അന്താരാഷ്ട്ര യാത്ര ചെലവേറിയതാണെന്ന് ആര് പറഞ്ഞു? കുറഞ്ഞ ദൂരം, ബജറ്റ് എയർലൈനുകൾ, എളുപ്പത്തിലുള്ള വിസ നിയമങ്ങൾ എന്നിവയോടെ, ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ വലിയ ബാങ്ക് ബാലൻസ് ആവശ്യമില്ല.
പ്രകൃതി സൗന്ദര്യം, ഉഷ്ണമേഖലാ ബീച്ചുകൾ, തിരക്കേറിയ തെരുവുകൾ, പുരാതന ക്ഷേത്രങ്ങൾ എന്നിങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് പോകാൻ സാധിക്കുന്ന അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം.
നേപ്പാൾ
'ഇന്ത്യൻ ബജറ്റ് യാത്രികരുടെ പറുദീസ' എന്ന പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്ന ഒരു രാജ്യം നേപ്പാൾ ആയിരിക്കാം. ഒന്നാമതായി, നേപ്പാളിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല എന്നതാണ്. പാസ്പോർട്ട് പോലും വേണ്ട. ഇത് യാത്രകളുമായി ബന്ധപ്പെട്ട ചെലവുകളും ആശങ്കകളും കുറയ്ക്കുന്നു.
ഇന്ത്യയിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എത്താൻ കഴിയുന്ന ഈ രാജ്യത്തേക്ക് റോഡ് വഴിയോ ട്രെയിൻ വഴിയോ അല്ലെങ്കിൽ വിമാനത്തിലോ എത്താം. ബജറ്റ് ഗസ്റ്റ്ഹൗസുകൾ കണ്ടെത്താൻ എളുപ്പമാണ്. ഡാൽ ബാത്ത് പോലുള്ള ഭക്ഷണം ഹൃദ്യവും വിലകുറഞ്ഞതുമാണ്. കാഠ്മണ്ഡു, പോഖറ പോലുള്ള നഗരങ്ങളിൽ ചുറ്റിക്കറങ്ങുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കില്ല.
ശ്രീലങ്ക
ഇന്ത്യയിൽനിന്ന് ഒരു ചെറിയ വിമാന യാത്രയകലെയാണ് ഈ ദ്വീപ് രാഷ്ട്രം. ബീച്ചുകൾ, വന്യജീവികൾ, ചരിത്രം, പച്ചപ്പ് നിറഞ്ഞ മലയോര മേഖലകൾ എന്നിവ ഒരു ചെറിയ ബജറ്റിൽ സംയോജിപ്പിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഇവിടം അനുയോജ്യമാണ്.
ഹോംസ്റ്റേകളിലോ വിലകുറഞ്ഞ ഹോട്ടലുകളിലോ താമസിക്കുക. കുറഞ്ഞ ചെലവിൽ ട്രെയിനിൽ യാത്ര ചെയ്യുക. ഗാലെയുടെ കൊളോണിയൽ തെരുവുകളിൽനിന്ന് എല്ലയുടെ മൂടൽമഞ്ഞുള്ള മലകളിലേക്കും കാൻഡിയുടെ സാംസ്കാരിക ഹൃദയത്തിലേക്കും ചെല്ലുക.
തായ്‌ലൻഡ്
ഇന്ത്യൻ യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി തായ്‌ലൻഡ് തുടരുന്നു. ഇതിന് ഒട്ടേറെ കാരണങ്ങളുമുണ്ട്. ഒരു ചെറിയ ബജറ്റിൽ പോലും വളരെ എളുപ്പത്തിൽ ഈ രാജ്യത്തിലൂടെ സഞ്ചരിക്കാം. ബജറ്റ് എയർലൈനുകളും ലളിതമായ വിസ ഓപ്ഷനുകളും (ചെറിയ കാലയളവിലേക്ക് വിസ ആവശ്യമില്ല, എന്നാൽ നിർബന്ധിതമായ തായ്ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് ഉണ്ട്) കാരണം തായ്‌ലൻഡ് പലപ്പോഴും പലരുടെയും ആദ്യ അന്താരാഷ്ട്ര യാത്രയാണ്.
തെരുവ് ഭക്ഷണ സ്റ്റാളുകളിൽ വളരെ കുറഞ്ഞ വിലയ്ക്ക് രുചികരമായ ഭക്ഷണം ലഭിക്കും. ജനപ്രിയ ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോലും ബഡ്ജറ്റ് ഹോട്ടലുകൾ ലഭ്യമാണ്. പ്രാദേശിക ഗതാഗതം വിലകുറഞ്ഞതും കാര്യക്ഷമവുമാണ്.
ബാങ്കോക്കിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയോ ചിയാങ് മായിൽ വെള്ളച്ചാട്ടങ്ങൾ തേടിപ്പോകുകയോ ദ്വീപുകളിലെ ബീച്ചുകളിൽ വിശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ, അമിതമായി പണം ചെലവഴിക്കാതെ അനുഭവങ്ങൾ സ്വന്തമാക്കാൻ തായ്‌ലൻഡ് അനുവദിക്കുന്നു.
വിയറ്റ്നാം
ഇന്ത്യയിൽനിന്ന് വിയറ്റ്നാമിലേക്ക് വിമാനങ്ങൾ സുലഭമാണ്. ഇവിടേക്കുള്ള ഇ-വിസ പ്രക്രിയയും ലളിതമാണ്. ഇവിടേക്ക് എത്തിയാൽ നിങ്ങളുടെ കൈയിലുള്ള ഇന്ത്യൻ രൂപയുടെ മൂല്യം വളരെ ഉയർന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഹോട്ടലുകൾ താങ്ങാനാവുന്നതും തെരുവ് ഭക്ഷണം രുചികരവും വിലകുറഞ്ഞതുമാണ്. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് അധികം പണം നൽകേണ്ടി വരില്ല. വലിയ ബജറ്റ് ആവശ്യപ്പെടാതെ സംസ്കാരവും കാഴ്ചകളും മറക്കാനാവാത്ത ഭക്ഷണവും വിയറ്റ്നാം നൽകുന്നു.
ഭൂട്ടാൻ
ഒരു ബജറ്റ് യാത്ര ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ ആദ്യം ചിന്തിക്കുന്ന സ്ഥലമായിരിക്കില്ല ഭൂട്ടാൻ. എന്നാൽ ഇന്ത്യൻ യാത്രക്കാർക്ക് ഇത് അതിശയകരമാംവിധം താങ്ങാനാവുന്നതാണ്. വിസ ആവശ്യമില്ല. കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള റോഡ് മാർഗമുള്ള യാത്ര, ചെലവ് കുറയ്ക്കുന്നു.
പ്രധാന പട്ടണങ്ങളിൽ ബജറ്റ് താമസ സൗകര്യങ്ങൾ ലഭ്യമാണ്. വിശുദ്ധ മഠങ്ങൾ സന്ദർശിക്കുക, പർവത കാഴ്ചകൾ ആസ്വദിക്കുക, തിരക്കേറിയ പട്ടണങ്ങളിൽ കറങ്ങുക എന്നിങ്ങനെ ദിവസങ്ങൾ ചെലവഴിക്കാം.
Content Highlights: Discover 5 incredibly affordable international destinations for Indian travelers. Explore, experience, and enjoy without breaking the bank!
Published: 15 Jan 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented