
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്ന സുല്‍ത്താന്‍, കൊട്ടാരവും മുറികളുമെല്ലാം സ്വര്‍ണമയം. ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ നാട്... ലോകത്തിന് മുന്നില്‍ ബ്രൂണെ എന്ന രാജ്യത്തെ കുറിച്ചുള്ള ചിത്രങ്ങള്‍ ഇതെല്ലാമാണ്. ''ബ്രൂണെ ദാറുസ്സലാം-ശാന്തിയുടെ താവളം'' എന്ന് രാജ്യത്തിന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ചിരിക്കുന്ന ആ പ്രദേശം അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബ്രൂണെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്.
ദക്ഷിണ ചൈന കടലിനടുത്ത, ദക്ഷിണ പൂര്‍വേഷ്യയിലെ ഒരു കൊച്ചു ദ്വീപാണ് ബ്രൂണെ. ശാന്തമായ, ആള്‍ക്കൂട്ടത്തിന്റെയോ വാഹനങ്ങളുടെയോ തിരക്കില്ലാത്ത നഗരജീവിതവും പ്രകൃതിസൗന്ദര്യവും ആ നാടിനെ വേറിട്ടുനിര്‍ത്തുന്നു. ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ മഴക്കാടുകള്‍, സമൃദ്ധമായ കണ്ടല്‍വനങ്ങള്‍. ഇതിനിടയിലൂടെ സ്പീഡ് ബോട്ടിലൂടെയുള്ള യാത്ര... സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇപ്പോള്‍ ബ്രൂണെ നല്ല സങ്കേതമാകുന്നുണ്ട്. ഇന്ത്യക്കാരും ധാരാളമായി എത്തുന്നുണ്ടെങ്കിലും ചൈനയില്‍ നിന്നാണ് ഇപ്പോള്‍ ബ്രൂണെയിലേക്കുള്ള സന്ദര്‍ശകര്‍ ഏറെയും. എണ്ണയുടെ പൊലിമ കുറഞ്ഞതോടെ ടൂറിസം വഴി വരുമാനം ഉണ്ടാക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രൂണെ ബോധപൂര്‍വം നടത്തുന്നുണ്ട്.
Also Read
എണ്ണ തെന്നയാണ് ബ്രൂണെയുടെ കരുത്ത്. എണ്ണപ്പണം കൊണ്ടുള്ള വളര്‍ച്ച എല്ലാ തലത്തിലും രാജ്യത്തുണ്ട്. പക്ഷേ, പാരമ്പര്യവും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊക്കെ സംരക്ഷിച്ചാണ് രാജ്യം മുേന്നറുന്നത്. നഗരഹൃദയത്തില്‍ പോലും എങ്ങും പച്ചപ്പിന്റെ ധാരാളിത്തമുണ്ട്. അവിടെ ജീവിക്കുന്നവരാകട്ടെ അത് സംരക്ഷിക്കുകയും ചെയ്യുന്നു.
മദ്യവും സിഗരറ്റുമില്ലാത്ത നാട്
സൗത്ത് ഈസ്റ്റ് ചൈനാ കടലും മലേഷ്യയും അതിരിടുന്ന നാട്. ആകെ വിസ്തൃതി 5,765 ചതുരശ്ര കിലോമീറ്റര്‍. ഇതില്‍ 5,265 ചതുരശ്രകിലോമീറ്ററാണ് കര. ഇതില്‍ തന്നെ 53 ശതമാനം പ്രദേശം കാടാണ്. കാടെന്ന് പറഞ്ഞാല്‍ ശരിക്കും കന്യാ വനങ്ങൾ. തടി കയറ്റുമതി ഇല്ലാത്തതിനാല്‍ വനംകൊള്ളയോ മരം വെട്ടോ ഇല്ല. പ്രകൃതിയെ അതേപടി സംരക്ഷിക്കുന്നു ഇവിടെ ഭരണകൂടം. പരമാവധി ജനസംഖ്യ അഞ്ച് ലക്ഷത്തോളം മാത്രം. ശരീഅത്ത് നിയമമനുസരിച്ച് ഭരണം നടക്കുന്ന ഇസ്ലാമിക രാജ്യം കൂടിയാണ് ബ്രൂണെ. പിന്നെയും ഉണ്ട് വിശേഷണങ്ങള്‍. മദ്യമോ സിഗരറ്റോ വില്‍ക്കുന്നില്ല. അതിന് എവിടെയും നിരോധനമാണ്. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ പ്രത്യേക അനുമതിയോടെ നിശ്ചിത അളവില്‍ മദ്യവും സിഗരറ്റും കൊണ്ടുവരാം. പക്ഷേ, സ്വകാര്യമായി തന്നെ ഉപയോഗിക്കണം. പുകവലി പൊതുസ്ഥലത്തായാല്‍ 200 ബ്രൂണെ ഡോളര്‍ വരെ പിഴ വീഴും.
മികച്ച പരിസ്ഥിതി സംരക്ഷണവും മദ്യവും പുകവലിയും അകറ്റിനിര്‍ത്തിയും ബ്രൂണെ ആരോഗ്യനഗരമായും ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ബ്രൂണെ നഗരവീഥികളിലുടെയുള്ള ആദ്യ യാത്രതന്നെ ഇത് ശാന്തിയുടെയും സമാധാനത്തിന്റെയും മണ്ണാണെന്ന് ആരെയും ബോധ്യപ്പെടുത്തും. നിശാക്ലബ്ബുകളോ ബാറുകളോ ഇല്ലാത്തതിനാല്‍ രാത്രി ഒമ്പത് മണിയോടെ തന്നെ നഗരം ഉറക്കത്തിലേക്ക് നീങ്ങും. നഗരഹൃദയത്തിലെ പ്രത്യേകം സജ്ജമാക്കുന്ന നൈറ്റ് മാര്‍ക്കറ്റാണ് സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം കറങ്ങാവുന്ന ഒരിടം. അതും പതിനൊന്ന് മണിയിലപ്പുറം നീളില്ല. ചെറിയ ജനസംഖ്യയും ശക്തമായ നിയമവ്യവസ്ഥകളുമായതിനാല്‍ ജീവിതം ആനന്ദകരമാണെന്ന് എല്ലാവരും പറയുന്നു.
പരമാധികാരി സുല്‍ത്താന്‍
വലിയ പാരമ്പര്യമുണ്ട് ഈ രാജ്യത്തിന്. 1405-ല്‍ ബ്രൂണോയിന്‍ സാമ്രാജ്യം എന്ന പേരില്‍ സുല്‍ത്താന്‍ വംശത്തിന്റെതായിരുന്നു ഭരണം. നാടിന്റെ സംരക്ഷണത്തിനും വ്യാപാരത്തിനുമെല്ലാം ബ്രിട്ടീഷുകാരുടെ സംരക്ഷണം അവര്‍ തേടിയിരുന്നു. പതിയെ 1906 ല്‍ നാട് ബ്രിട്ടീഷ് കോളനിയായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് നാട് ജപ്പാന്‍കാരുടെ പിടിയിലായെങ്കിലും ബ്രിട്ടീഷ് കോളനിയായി തുടര്‍ന്നു. 1959-ല്‍ സുല്‍ത്താനും ബ്രിട്ടീഷ് അധികൃതരും തമ്മില്‍ കരാറിലെത്തി. സുല്‍ത്താനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്നതായിരുന്നു കരാര്‍.
1967 ഒക്ടോബര്‍ നാലിന് പിതാവ് അധികാരം ഒഴിഞ്ഞതോടെ പാരമ്പര്യം തുടരാന്‍ ഇന്നത്തെ സുല്‍ത്താനിലേക്ക് ഭരണം എത്തി. 1968 ആഗസ്ത് ഒന്നിനായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. വംശപരമ്പരയിലെ 29-ാം സുല്‍ത്താനാണ് ഇന്നും അധികാരത്തിലുള്ള അദ്ദേഹം. സമ്പത്ത് പോലെ പേരിന്റെ വലുപ്പംകൊണ്ടും സുല്‍ത്താന്‍ മുന്നിലാണ്. സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബൊല്‍ക്കിയ മുയിസ്സുദ്ദീന്‍ വദാഉള്ള ഇബ്‌നി അല്‍ മര്‍ഹും സുല്‍ത്താന്‍ ഹാജി ഒമര്‍ അലി സെയ്ഫുദ്ദീന്‍ സാഅദുല്‍ ഖൈരി വെദീന്‍ എന്നാണ് ഇന്നത്തെ രാജാവിന്റെ മുഴുവന്‍ പേര്. 1946-ലാണ് ജനനം.
1971 നവംബര്‍ 14-ന് സുല്‍ത്താന്‍ ഹസനുല്‍ ബൊല്‍ക്കിയ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ ധാരണ അനുസരിച്ച് 1984-ല്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്നും കരാറിലെത്തിയിരുന്നു. അങ്ങനെ ബ്രൂണെ ദാറുസ്സലാം എന്ന രാജ്യം 1984-ല്‍ സ്വതന്ത്രമായി. ജനവരി ഒന്ന് ദേശീയ ദിനമായി പ്രഖ്യാപിക്കപ്പെട്ടു.
എണ്ണയാണ് സമ്പത്ത്
1929-ലാണ് ബ്രൂണെയിൽ എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും നിക്ഷേപം കണ്ടെത്തുന്നത്. അതോടെ രാജ്യത്തിന്റെ സുവര്‍ണകാലം തുടങ്ങി. 1962-ല്‍ രാജഭരണത്തിനെതിരെ നാട്ടില്‍ വിപ്ലവത്തിന് ആഹ്വാനം മുഴങ്ങിയെങ്കിലും ബ്രിട്ടീഷ് സഹായത്തോടെ അത് അടിച്ചമര്‍ത്തിയിരുന്നു. ഇന്നത്തെ സുല്‍ത്താന്റെ ദീര്‍ഘവീക്ഷണവും നയങ്ങളുമാണ് രാജ്യത്തെ ഐശ്വര്യത്തിലേക്ക് നയിച്ചതെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ലോകത്തെ മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും സുല്‍ത്താന് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. ബ്രൂണെ ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയുടെ പേരിലാണ് ഈ നിക്ഷേപങ്ങള്‍. എണ്ണയ്ക്ക് ലോക വിപണിയില്‍ വിലയിടിഞ്ഞപ്പോഴും അത് ബ്രൂണെയെ ഏശാത്തതിന് പിന്നില്‍ ഈ നിക്ഷേപങ്ങളാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെയെക്കാള്‍ വിസ്തൃതിയുള്ള സ്ഥലം ഓസ്‌ട്രേലിയയില്‍ സുല്‍ത്താന് സ്വന്തമായുണ്ടെന്നാണ് മറ്റൊരു അടക്കംപറച്ചില്‍.
മഴക്കാടുകള്‍
ലോകത്തിലെ ഏറ്റവും സമൃദ്ധമായ മഴക്കാടുകളുടെ കേന്ദ്രമാണ് ബ്രൂണെ. രാജ്യത്തിന്റെ അമ്പത് ശതമാനത്തിലേറെയും കാട് തന്നെയായി നിലനില്‍ക്കുതാണ് ബ്രൂണെയുടെ ഏറ്റവും വലിയ ആകര്‍ഷണം. മറ്റ് രാജ്യങ്ങളിലെ സഫാരികളില്‍ നിന്ന് വ്യത്യസ്തമാണ് ബ്രൂണെയിലെ സഫാരികള്‍. അവിടങ്ങളിലെ ലക്ഷ്വറി ഇവിടെ സഫാരിയില്‍ ലഭിക്കില്ല. ശരിക്കും കാട്ടിലേക്ക് ഇറങ്ങണം. സര്‍ക്കാര്‍ അനുവദിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് പ്രവേശനം. രാജ്യത്തിന്റെ വലിയൊരു വിഭാഗം പ്രദേശം സ്വാഭാവിക മഴക്കാടുകളായി മനുഷ്യസാന്നിധ്യമില്ലാതെ കിടക്കുന്നു.
വാട്ടര്‍ വില്ലേജ്
ബ്രൂണെയിലെ ഏറ്റവും മനോഹരവും അദ്ഭുതകരവുമായ കാഴ്ചയാണ് വാട്ടര്‍ വില്ലേജ്. പുഴയില്‍ പ്രത്യേകമായി കെട്ടിപ്പടുത്ത കെട്ടിടങ്ങളിലായാണ് ഈ വാട്ടര്‍ വില്ലേജ് എന്ന മലായ് ഭാഷയിലെ ''കെംപോങ് അയിര്‍''. ബ്രൂണെയുടെ ചരിത്രത്തോളം പഴക്കമുണ്ട് വാട്ടര്‍ വില്ലേജുകള്‍ക്ക്. 1300 വര്‍ഷം മുമ്പ് ഇത് സ്ഥാപിതമായതൊണ് കരുതപ്പെടുന്നത്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനായി നാട്ടുകാര്‍ പുഴയില്‍ വീട് കെട്ടി താമസിക്കുകയായിരുന്നുവത്രെ. പുഴയിലിറങ്ങിയ ശത്രുക്കള്‍ക്ക് വലിയ നാശം നേരിട്ടു. അങ്ങനെ അവര്‍ സ്ഥലം വിട്ടു. ഇതാണ് വാട്ടര്‍ വില്ലേജിന്റൈ ഉദ്ഭവത്തെ പറ്റിയുള്ള ഒരു കഥ.
റോയല്‍ റിഗാലിയ
ബ്രൂണെ സുല്‍ത്താനെക്കുറിച്ചുള്ള ഏത് വിശേഷവും ആര്‍ഭാടത്തിന്റെയും സ്വര്‍ണത്തിന്റെ ധാരാളിത്തത്തത്തെയും സ്പര്‍ശിച്ചായിരിക്കും അവസാനിക്കുന്നത്. അത് കൃത്യമായി വെളിപ്പെടുത്തുന്നതാണ് ബ്രൂണെ നഗരത്തിലെ ദി റോയല്‍ റിഗാലിയ ബില്‍ഡിങ്. 1992 സപ്തംബര്‍ മുപ്പതിന് സുല്‍ത്താന്‍ തന്നെ ഉദ്ഘാടനം ചെയ്ത ഈ മ്യൂസിയം രാജ്യത്തിന്റെയും രാജവംശത്തിന്റെയും ചരിത്രസ്മാരകം കൂടിയാണ്. സുല്‍ത്താന്റെ അധികാരമേല്‍ക്കലിന്റെയും അതിന്റെ 25-ാം വാര്‍ഷികത്തിന്റെയും സ്മരണകൂടി നല്‍കും ഈ കെട്ടിടത്തില്‍ അണിനിരത്തിയിരിക്കുന്ന വസ്തുക്കള്‍.
മിക്കവാറും എല്ലാം സ്വര്‍ണത്തില്‍ നിര്‍മിച്ചതുമാണ്. സുല്‍ത്താന്‍ സഞ്ചരിച്ചെത്തിയ സ്വര്‍ണരഥം തന്നെ ഇതില്‍ പ്രധാനം. രഥത്തിനൊപ്പം സഞ്ചരിച്ച പടയാളികള്‍ കരുതിയിരുന്ന അലങ്കരിച്ച നാല്‍പ്പത് കുന്തങ്ങള്‍, വര്‍ണക്കുടകള്‍, സിംഹാസനം, ചിന്താവിഷ്ടനായിരിക്കുമ്പോള്‍ മുഖം താങ്ങാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം കൈത്താങ്ങ്... അങ്ങനെ പോകുന്നു റിഗാലയിലെ കാഴ്ചകള്‍. വലിയ കാവലിലാണ് സ്വര്‍ണത്തില്‍ പണിത എല്ലാ വസ്തുക്കളും സൂക്ഷിച്ചിരിക്കുത്. മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുതെല്ലാം യഥാര്‍ഥത്തിലുള്ളവയുടെ മാതൃകയാണെ് മാത്രം.
നൈറ്റ് മാര്‍ക്കറ്റ്
ബ്രൂണെയുടെ തലസ്ഥാനനഗരിയിലെ ഏറ്റവും മികച്ച വാണിജ്യകേന്ദ്രമാണ് നൈറ്റ് മാര്‍ക്കറ്റ്. രാജ്യത്തെ തനത് ഭക്ഷ്യവിഭവങ്ങളും കരകൗശല വസ്തുക്കളും പഴം പച്ചക്കറിയുമെല്ലാം ഇഷ്ടം പോലെ മിതമായ വിലയില്‍ കിട്ടുന്നു എന്നതാണ് നൈറ്റ് മാര്‍ക്കറ്റിന്റെ സവിശേഷത. വാട്ടര്‍ വില്ലേജില്‍ നിന്നുള്ളവര്‍ വരെ ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങും. സഞ്ചാരികളുടെയും പ്രധാന കേന്ദ്രമാണിത്. ബ്രൂണെയുടെയും മലായ് സംസ്‌കാരത്തിന്റെയും ഭാഗമായുള്ള ഭക്ഷ്യവിഭവങ്ങളാണ് ഇവിടെ ശ്രദ്ധേയം. വാഹനങ്ങളില്‍ സാധനങ്ങളുമായി എത്തി കുടുംബസമേതം കച്ചവടം നടത്തുന്നവരും ധാരാളം.
എംപയര്‍ ഹോട്ടല്‍ & കണ്‍ട്രി ക്ലബ്ബ്
ബ്രൂണെ സുല്‍ത്താന്റെ ഉടമസ്ഥതയിലുള്ളതാണ് എംപയര്‍ ഹോട്ടല്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നക്ഷത്ര ഹോട്ടലുകളിലൊന്നാണിത്. ശില്പചാതുരിയുടെയും ആധുനിക സൗകര്യങ്ങളുടെയും സമ്മിശ്രമാണ് ഈ ഹോട്ടല്‍ സമുച്ചയം. സുല്‍ത്താന്റെ അതിഥികളും ബ്രൂണെയിലെത്തുന്ന രാഷ്ട്രനേതാക്കളുമെല്ലാം തങ്ങുന്ന ഈ ഹോട്ടല്‍ ബ്രൂണെയിലെത്തുന്നവരുടെ സന്ദര്‍ശനകേന്ദ്രം കൂടിയാണ്. രാഷ്ട്രനേതാക്കള്‍ക്കായി സജ്ജമാക്കിയിട്ടുള്ള അംബാസഡര്‍ സ്യൂട്ടുകള്‍ ആഢംബരത്തിന്റെ അവസാനവാക്കാണ്. ഇത്തരം സ്യൂട്ടുകളിലെ കുളിമുറിയിലെ ടാപ്പുകള്‍ വരെ സ്വര്‍ണത്തില്‍ പണിതതാണ്. 18 ഹോള്‍ വരെയുള്ള ഗോള്‍ഫ് കോര്‍ട്ടുകളാണ് മറ്റൊരു സവിശേഷത.

സുല്‍ത്താന്റെ കൊട്ടാരം
ഇസ്താന നൂറുല്‍ ഇമാന്‍ എന്ന പേരിലറിയപ്പെടുന്ന സുല്‍ത്താന്റെ കൊട്ടാരവും ലോകത്തിലെ ഏറ്റവും വലിയ താമസകേന്ദ്രമായാണ് അറിയപ്പെടുന്നത്. 1800-ല്‍ ഏറെ മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. സുല്‍ത്താന്റെ കാര്‍ ശേഖരവും വലിയ കാഴ്ചയാണ്. പ്രത്യേക ദിവസങ്ങളിലാണ് ഇവിടെക്കുള്ള പ്രവേശനം.

കിയാറോങ് മോസ്ക്
ബ്രൂണെ സുല്‍ത്താന്‍ അധികാരത്തിലെത്തിയതിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തലസ്ഥാനനഗരിയിലെ ജെയിം അലര്‍ ഹസ്സനലി ബോല്‍കിയ മോസ്ക് എന്ന കിയാറോങ് മോസ്ക് നിര്‍മിച്ചത്. ഇസ്ലാമിക സംസ്‌കാരത്തിന്റെയും ശില്പചാതുരിയുടെയും നിറസാന്നിധ്യമുള്ള ഈ മോസ്ക് മേഖലയിലെ തന്നെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്നാണ്.
Content Highlights: brunei tourism history travel guide
Published: 04 Sept 2024, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented