അവധിക്കാലത്തുള്ള യാത്രകൾ എല്ലാവർക്കും ഒരുപാടിഷ്ടമാണെങ്കിലും അതിനുള്ള മുന്നൊരുക്കങ്ങൾ പലരെയും മടുപ്പിക്കുന്നതാണ്. ഏതെല്ലാം ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കണമെന്നും എവിടെയൊക്കെ താമസിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങൾ എടുക്കാനാകാതെ യാത്രക്ക് മുൻപേ ക്ഷീണിതരാകും പലരും. 

To advertise here,

എന്നാൽ യാത്രാപ്ലാനിങ് അത്ര സങ്കീർണമാക്കേണ്ടതില്ല എന്നാണ് ട്രാവൽ ആൻഡ് ലൈഫ്‌സ്റ്റൈൽ വ്ലോഗർ ദിവ്യ (Divya Discovers) പറയുന്നത്. ഓരോ ഘട്ടവും ചെറുതായി വിഭജിച്ചു തീരുമാനങ്ങൾ എടുത്താൽ യാത്ര കൂടുതൽ രസകരമാക്കാമെന്നു ദിവ്യ പറയുന്നു.

യാത്രകളെ കൂടുതൽ ക്രമമായും എളുപ്പമായും ക്രമീകരിക്കാൻ ഏഴുഘട്ടങ്ങളായി പ്ലാൻ ചെയ്യണം.

1. യാത്ര തിയതിയും ലക്ഷ്യവും തീരുമാനിക്കുക

അവധി ലഭിക്കുന്ന തിയതികൾക്കു അനുസരിച്ചു പോകേണ്ട സ്ഥലം തീരുമാനിക്കാം. നിങ്ങൾ ഏറെകാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ആ ഡ്രീം പ്ലേസോ, എല്ലാവരെയും ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് ഹബോ, അതല്ലെങ്കിൽ മനോഹരമായ ട്രക്കിങ് പോയിന്റോ എന്തുമാവാം. ഈ പ്രധാനലക്ഷ്യം തീരുമാനിച്ചു കഴിഞ്ഞാൽ ബാക്കി പ്ലാനിംഗ് എളുപ്പമാണ്.

2.നഷ്ടപെടുത്താൻ പാടില്ലാത്ത കാര്യങ്ങൾ തിരഞ്ഞെടുക്കുക

ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനവധി ആകർഷണങ്ങൾ ഉണ്ടാകും. ഇതിൽ എല്ലായിടത്തും എത്തുന്നതിനു പകരം നിങ്ങൾക്ക് ഏറ്റവും പ്രീയപെട്ടതും നഷ്ടപ്പെടുത്താൻ പാടില്ലാത്തതുമായ അനുഭവങ്ങൾ തിരഞ്ഞെടുക്കുക. പിന്നീട് നിങ്ങൾക്ക് ഓർത്തു സൂക്ഷിക്കാനുള്ളതാണ് ഇതെന്നാണ് ദിവ്യ പറയുന്നത്. ഇത് പൂർത്തിയാക്കിയാൽ യാത്ര വിജയിച്ചതായി നിങ്ങൾക്ക് തോന്നും. എല്ലാം ശ്രമിച്ചു അവസാനം നിരാശപ്പെടുന്നതിലും നല്ലതാണു ഇത്.

3.ഒരു എക്സ്ട്രാ ടു -ഡു ലിസ്റ്റ് തയ്യാറാക്കുക

യാത്രയിൽ ബാക്കി സമയം ലഭിക്കുകയാണെങ്കിൽ ചെയ്യാവുന്ന കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക പ്രാദേശിക മാർക്കറ്റുകളും കഫേകളും എല്ലാം ഇതിൽ ഉൾപെടുത്തുക. സമയം കിട്ടിയാൽ മാത്രം ഈ സ്ഥലങ്ങൾ സന്ദർശിക്കാം. പ്രധാന അനുഭവങ്ങൾ നഷ്ടമാക്കിയില്ല എന്ന സംതൃപ്തി ഇതിലൂടെ ലഭിക്കും.

4.പ്രധാന സ്ഥലങ്ങൾക്ക് സമീപമുള്ള യാത്രസ്ഥലം തിരഞ്ഞെടുക്കുക

നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന സ്ഥലങ്ങൾക്ക് അടുത്തുള്ള താമസസ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ സഹായകരമാകും.

5.സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ സേവ് ചെയ്യുക

യാത്രക്കിടയിൽ മാപ്പു നോക്കിയാൽ പോകേണ്ട സ്ഥലങ്ങൾ ഒറ്റനോട്ടത്തിൽ കാണാം. വീണ്ടും വീണ്ടും തിരയേണ്ട ആവശ്യം വരുന്നില്ല. അധികം പ്ലാൻ ചെയ്യാതെ യാത്ര എളുപ്പമാക്കാനുള്ള ഒരു മാർഗ്ഗമാണിതെന്നാണ് ദിവ്യ പറയുന്നത്,.

6.എളുപ്പം മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുക

കാലാവസ്ഥയിലെ മാറ്റം ,ഗതാഗതകുരുക്ക്, അപ്രതീക്ഷിത അടിയന്തരസാഹചര്യങ്ങൾ തുടങ്ങിയവ മുൻകൂട്ടിക്കണ്ട് വേണം യാത്ര പ്ലാൻ ചെയ്യാൻ. ഓരോ മണിക്കൂറും കൃത്യമായി നിശ്ചയിച്ചു യാത്ര ചെയ്യുന്നതിലും നല്ലത് ഓരോ നിമിഷവും ആസ്വദിച്ചു സമയം ചിലവഴിക്കുന്നതാണ്.

7.യാത്ര പ്ലാനിംഗ് ഒരു ഗെയിം ആക്കാം

ഒറ്റയടിക്ക് യാത്ര പ്ലാൻ ചെയ്യാതെ ഘട്ടം ഘട്ടമായി പ്ലാനിങ് പൂർത്തിയാക്കാൻ ശ്രമിക്കുക. ഇങ്ങനെ മുന്നോട്ടു പോയാൽ നിങ്ങൾ പോലുമറിയാതെ മുഴുവൻ യാത്രാപദ്ധതിയും പൂർത്തിയായിരിക്കും,അതും ഒട്ടും മാനസിക സമ്മർദ്ദമില്ലാതെ .