പണ്ട് പണ്ട് ഒരു അവധിക്കാലത്ത് അമ്മവീടായ മൂടാടിയിലെ കളത്തിക്കണ്ടി വീട്ടില്‍ രാ പാര്‍ക്കാന്‍ പോയതായിരുന്നു. രാത്രി കോലായിലെ പുല്ലുപായയില്‍ അമ്മമ്മയോടൊപ്പം കിടന്നു കഥ കേട്ടു. ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലൂടെയായിരുന്നു ആ കഥനസഞ്ചാരം. ബോംബും തോക്കും പീരങ്കിയുമെല്ലാമടങ്ങുന്ന ആയുധശക്തിയെ അഹിംസയെന്ന ശക്തമായ സഹനായുധം കൊണ്ട് പ്രതിരോധിക്കുന്ന മഹാത്മാഗാന്ധി ഒരു ബിംബമായി എന്റെയുള്ളിലിങ്ങനെ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മമ്മ.

To advertise here,

കോലായില്‍ ഒരു മൂലയ്ക്ക് ഇരുത്തിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വായിച്ചുകൊണ്ടിരുന്ന സുധാകരമ്മാവന്‍ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കഥ തീര്‍ന്നപ്പോള്‍ അമ്മാവന്‍ വന്ന് അടുത്തു കിടന്നു. അമ്മമ്മ എഴുന്നേറ്റ് പോയി. മാമന്‍ മറ്റൊരു കഥ പറയാന്‍ തുടങ്ങി. മഞ്ഞിലും കൊടും തണുപ്പിലും വിരിഞ്ഞ വിപ്‌ളസൂര്യന്റെ കഥ. ലെനിന്റെ ജീവിതം. ഒടുക്കം എന്നെ കൊണ്ട് ആ കുട്ടിപ്രായത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിപ്പിച്ചാണ് അവസാനിപ്പിച്ചത്. റഷ്യയും ആ ചുവന്നഭൂമിയും കുഞ്ഞുമനസിലെ അറിയാത്ത ഭൂപടത്തിലെവിടെയോ സ്ഥാനം പിടിച്ചു. അച്ഛനോട് ഇക്കഥ പറയരുതെന്ന് അമ്മമ്മ താക്കീത് തന്നു. കാരണം അച്ഛനൊരു ഗാന്ധിഭക്തനായിരുന്നു.

പിന്നീട് സ്‌കൂളിലെ കഥാകഥന മത്സരത്തില്‍ സമ്മാനം കിട്ടിയപ്പോള്‍ അച്ഛനൊരു പുസ്തകം സമ്മാനിച്ചു. റഷ്യന്‍ നാടോടിക്കഥകള്‍. കോടാലികൊണ്ട് കഞ്ഞിവെക്കാമെന്നു പറഞ്ഞ് പിശുക്കിയായ അമ്മൂമ്മയെ പറ്റിക്കുന്ന പട്ടാളക്കാരനും, മരണത്തെ തുകല്‍പെട്ടിയിലിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞ് കാലനില്ലാത്ത കാലം സൃഷ്ടിച്ച പട്ടാളക്കാരനും, വാളമീന്‍ കല്‍പ്പിക്കുന്നു ഞാന്‍ ഇച്ഛിക്കുന്നു തുടങ്ങിയ വായ്ത്താരികളുമെല്ലാം മനസില്‍ പതിഞ്ഞു.

പിന്നീട് ചുക്കും ഗക്കും എന്ന വികൃതിക്കുട്ടികള്‍ അച്ഛന്റെ ജോലിസ്ഥലത്തേക്ക് നടത്തിയ തീവണ്ടിയാത്ര, അതിലെ മഞ്ഞ് പൊഴിയുന്ന വഴിത്താരകള്‍...എല്ലാം മനസിലിടംപിടിച്ചു. ടോള്‍സ്റ്റോയ്, ഡോസ്റ്റോവിസ്‌കി, അരിവാള്‍ ചുറ്റിക, വോഡ്ക, സൈബീരിയ, മോസ്‌കോ, സോവിയറ്റ് യൂണിയന്‍, ഒക്ടോബര്‍ വിപ്ലവം, സ്റ്റാലിനിസ്റ്റ് സര്‍വാധിപത്യം, ശീതയുദ്ധം...വലുതായി ലോകം കാണാന്‍ തുടങ്ങിയതോടെ ആ ഭൂപടം കുറേക്കൂടി തെളിഞ്ഞു. എന്നെങ്കിലും എപ്പോഴെങ്കിലും ആ സ്വപ്നഭൂമിയിലേക്കൊന്നു യാത്ര ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരു മോഹവും വളര്‍ന്നു. ഒരു ട്രാന്‍സ് സൈബീരിയന്‍ തീവണ്ടിയാത്രയും ജീവിതലക്ഷ്യമായി മനസില്‍ കുറിച്ചിട്ടു.

സ്വന്തം ഷാര്‍ജ

ശ്രീലങ്കയ്ക്ക് കപ്പലില്‍ പോവാം എന്നു കരുതി പണം സ്വരൂപിച്ച് തയ്യാറെടുത്തിരിക്കവെയാണ് മട്ടന്നൂര്‍ ശ്രീബുദ്ധയില്‍ നിന്നും ഷിബുവിന്റെ വിളി. ഒരു റഷ്യന്‍ യാത്ര പ്ലാന്‍ ചെയ്തിരുന്നു. ബുക്ക് ചെയ്ത പലരും പിന്‍മാറി. കൂടെ വരുന്നോ എന്നായിരുന്നു ചോദ്യം. മോഹമൊന്നു ജ്വലിച്ചു. പങ്കാളി ആശയുടെയും സ്വപ്നദേശമായിരുന്നു റഷ്യ. അവളൊരു കമ്മ്യൂണിസ്റ്റു അനുഭാവിയും. പിന്നെന്തു നോക്കാന്‍. എല്ലാം ശടപടേന്ന് ആയിരുന്നു. വിദേശരാജ്യത്തു പോവാനുള്ള പെര്‍മിഷന്‍ വാങ്ങുന്നു. വിസയ്ക്ക് അപേക്ഷിക്കുന്നു. തണുപ്പ് തടയാനുള്ള വസ്ത്രങ്ങളും സോക്‌സും കയ്യുറയും തയ്യാറാക്കുന്നു.

പുലര്‍ച്ചെ നാലുമണിക്കായിരുന്നു കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള വിമാനം. ഷാര്‍ജയിലെത്തുമ്പോള്‍ നേരം പുലരുന്നു. ആകാശമാകെ പഞ്ഞിമെത്ത കീറി പറച്ചിട്ടപോലെ മേഘത്തുണ്ടുകള്‍. സമാധാനത്തിന്റെ പതാകാവാഹകരെ പോലെ നീലാകാശം. അവിടെ രണ്ട് മണിക്കൂര്‍ ലേ ഓവറുണ്ട്. ശൗചാലയത്തില്‍ നിന്നൊന്നു ഫ്രഷായി. ചായ കുടിച്ചാലോ എന്നൊരു ചിന്ത. വിമാനത്താവളത്തില്‍ ഇത്തിരി തേയിലവെള്ളം കിട്ടണമെങ്കില്‍ ഒത്തിരി കാശാവും. ഡോളര്‍ വേണ്ടി വരോ. ദിര്‍ഹം വേണ്ടി വരോ എന്നൊക്കെ ആലോചിച്ച് എയര്‍പോര്‍ട്ടിലെ ഒരു 'തട്ടുകട'യ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴുണ്ട് ഒരു സ്ത്രീ ഇന്ത്യന്‍ മണിയെടുത്തു വീശുന്നു. ഓ...ഷാര്‍ജ. അത് ഇന്ത്യക്കാരുടേതുമാണല്ലോ. അതും കേരളക്കാരുടെ. എന്തൊരു സന്തോഷം. ഇനി തിരിച്ചെത്തുന്നവരെ വെറും കടലാസിന്റെ വിലയല്ലേ ഉള്ളൂ എന്നു കരുതി പുച്ഛത്തോടെ പേഴ്‌സില്‍ തിരുകിവെച്ച നോട്ടെടുത്തു വീശി. ചൂടുചായയും അകത്താക്കി. വിമാനത്താവളത്തിലെ വെള്ളത്തിന് നല്ല ഉപ്പുരസം. ആയിരക്കണക്കിന് മലയാളികളുടെ അധ്വാനത്തിന്റെ വിയര്‍പ്പുകലര്‍ന്ന വെള്ളം.

പ്രിവിയത് മോസ്‌കോ

വീണ്ടും അടുത്തവിമാനം. അതും എയര്‍അറേബ്യ തന്നെ. ഇത്തിരി വെള്ളം പോലും തരാത്ത മോശം സമീപനമാണ് അവരുടേത്. താഴെ വരണ്ട മരുഭൂമി. അതു താണ്ടി മോസ്‌കോയിലെത്തുമ്പോള്‍ ഉച്ച. മാനത്തു നിന്നും മോസ്‌കോ കാണുമ്പോള്‍ പച്ചപ്പുണ്ട്. തെളിഞ്ഞ ആകാശമായിരുന്നു.

അടുത്തകടമ്പ എമിഗ്രേഷനാണ്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കത് പാടായിരിക്കുമെന്ന് മുമ്പേ പോയ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചു. പതിനാറുപേരുള്ളതില്‍ എട്ടുപേരെ വേഗം കടത്തിവിട്ടു. പിന്നെയുള്ള ആറുപേരില്‍ മൂന്നുപേരെ കൂടി കുറേ കഴിഞ്ഞപ്പോള്‍ വിട്ടു. ഞങ്ങള്‍ മൂന്നുപേരെ അവിടെ പിടിച്ചിട്ടു. ഉക്രൈന്‍യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ വല്ല ശത്രുക്കളും നുഴഞ്ഞുകയറുന്നതുകൊണ്ടാണീ കര്‍ശന പരിശോധനയെന്ന് ചിലര്‍ പറയുന്നു. മോസ്‌കോ വഴി യൂറോപ്പിലേക്ക് കുടിയേറുന്നവരെ തടയാനും നിരീക്ഷിക്കാനുമാണിതെന്നു മറ്റൊരു ഭാഷ്യം. ഏതായാലും അഞ്ചുമിനിറ്റ് കൊണ്ട് കഴിയേണ്ടുന്ന എമിഗ്രേഷന്‍ രണ്ടര മണിക്കൂര്‍ കൊണ്ടാണ് താണ്ടിയത്. കണ്ണൂരുകാരന്‍ ഒരു പയ്യനും കൂടെയുണ്ടായിരുന്നു. അവന്‍ മോസ്‌കോ സര്‍വകലാശാലയില്‍ റഷ്യന്‍ ഭാഷ പഠിക്കാന്‍ വന്നതാണ്. അതുവഴി ഇവിടെയൊരു ജോലി ഒപ്പിച്ച് കൂടാനാണ് ഉദ്ദേശമെന്ന് മനസിലായി. കണ്ണൂരില്‍ കമ്മ്യൂണിസം തലയ്ക്ക് പിടിച്ച പലസ്ഥലങ്ങള്‍ക്കും മോസ്‌കോ എന്നു വിളിപ്പേരുള്ളത് വെറുതെ ഓര്‍ത്തുപോയി. ആ മോസ്‌കോ എവിടെ ഇതെവിടെ…

ഞങ്ങള്‍ സമാധാനപ്രിയരാണ്

പ്രതീക്ഷിച്ച കടമ്പകളായതുകൊണ്ട് ക്ഷമാശീലമുള്ള പൗരന്‍മാരായി കുത്തിയിരുന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റഷ്യന്‍ മൊഴിയില്‍ എന്തൊക്കെയോ പറഞ്ഞ് അങ്ങോട്ടോടുന്നു ഇങ്ങോട്ടോടുന്നു. എല്ലാം കണ്ടും കേട്ടും ഉള്ളില്‍ ജ്വലിക്കുന്ന രോഷമടക്കി ഞങ്ങളിരുന്നു. ഒടുക്കം ഒരു ഉന്നതോദ്യോഗസ്ഥന്‍ വിളിപ്പിച്ചു. ഫോണ്‍ അദ്ദേഹത്തിന്റെ ഫോണ്‍ കൊണ്ട് സ്‌കാന്‍ ചെയ്‌തെടുത്തു. ഇവര്‍ യുദ്ധത്തിന് വന്നതല്ല സമാധാനത്തിന് വന്നവരാണെന്നു ഉറപ്പിച്ചു.

കണ്‍വെയര്‍ ബെല്‍റ്റില്‍ കറങ്ങിമടുത്ത ലഗേജുകളും ക്ഷമയോടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അതുമെടുത്തു പുറത്ത്. അവിടെ മിനിബസുമായി കാതറിനു മുണ്ടായിരുന്നു. ഉച്ചാനന്തര വെയിലില്‍ വെട്ടിതിളങ്ങുന്ന പച്ചപ്പിന്റെ പശ്ചാത്തലത്തിലൂടെ വണ്ടി ഹോട്ടലിലേക്ക് വിട്ടു. ഒരമ്മപെറ്റമക്കളെ പോലെ ഒരേ രീതിയിലുള്ള കെട്ടിടങ്ങള്‍. വൃത്തിയും വെടിപ്പുമുള്ള നഗരവീഥികള്‍. മര്യാദയുള്ള ട്രാഫിക്. ഹോട്ടലിലെത്തി പാസ്‌പോര്‍ട്ടേല്‍പ്പിച്ചു. അല്‍പം വിശ്രമം. പുറത്ത് തണുപ്പായിരുന്നെങ്കിലും മുറിക്കകത്ത് ഷര്‍ട്ടൊന്നും വേണമെന്നില്ല. ജനലോരത്തെ ഹീറ്ററില്‍ നിന്നും കൃത്യം ചൂട് ഒഴുകി നിറയുന്നു. പുറത്തേക്ക് നോക്കുമ്പോള്‍ നാലുവരി ഫ്‌ളൈഓവറിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍. താഴെ ക്രോസ് ചെയ്തു പോവുന്ന പാതയിലും വാഹനവ്യൂഹം. ബ്‌ളോക്ക് ഇല്ല. അണ്ടര്‍ഗ്രൗണ്ട് പാതയിലൂടെ റോഡ് ക്രോസ് ചെയ്യുന്നവരേയും കാണാം. മൊത്തത്തില്‍ ഒരച്ചടക്കവും മര്യാദയുമുള്ള ഡ്രൈവിങ്ങും റോഡ് ഉപയോഗവുമാണ് ഇവിടെയെന്ന് മനസിലായി.

താഴെയിറങ്ങി ചുമ്മാ നടന്നു. നഗരപാതകളും നടപ്പാതകളും വിശാലമാണ്. റോഡില്‍ ടയര്‍ ഉരയുന്ന ശബ്ദമല്ലാതെ ഹോണടിയോ ബഹളങ്ങളോ ഇല്ല. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാവരയില്‍ കാത്തിരുന്നു. അനുവാദം പച്ചയായി തെളിഞ്ഞപ്പോള്‍ മുറിച്ചുകടന്നു. ചുമ്മാ കാഴ്ചകള്‍ കണ്ടിങ്ങനെ അലഞ്ഞു. നല്ല കറുത്ത മണ്ണിലെ പുല്‍ത്തകിടിയില്‍ വയലറ്റ്,ചോപ്പ്,വെള്ളയില്‍ മഞ്ഞ...പാതയോരത്തെ പൂക്കള്‍ വിവിധ വര്‍ണങ്ങളില്‍ ചിരിതൂകി വസന്തം വിടര്‍ത്തുന്നു. ഇലകളില്‍ മഞ്ഞുതുള്ളികള്‍ മൗനംപൂണ്ടിരിക്കുന്നു. നല്ല തണുപ്പുണ്ട്. കൈ കോട്ടിന്റെ പോക്കറ്റില്‍ തിരുകി ചൂട് പകര്‍ന്നു. നഗരം ചുറ്റി മുറിയിലെത്തി ജനല്‍ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. സന്ധ്യ കനക്കുന്നതും, ഇരുളാവുന്നതും, നക്ഷത്രങ്ങള്‍ വിരിയുന്നതും, താഴെ പാത നിയോണ്‍ വെളിച്ചത്തില്‍ പ്രഭാപൂരിതമാവുന്നതും, വാഹനങ്ങളുടെ വെളിച്ചം വിന്യസിച്ച പാതയൊരു വര്‍ണചിത്രം പോലെ മനോഹരമാവുന്നതും കണ്ട് ഉള്ളൊന്നൂഷ്മളമാവാന്‍ ഒരു റഷ്യന്‍ പച്ചചായയും മൊത്തിയിരുന്നു.

മഹാവിജയ സ്മരണകളിലൂടെ...

തണുപ്പായതുകൊണ്ടാവാം റഷ്യയൊന്നു ഉണര്‍ന്ന് ഉഷാറാവാന്‍ പതിനൊന്നുമണിയാവും. പക്ഷെ ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങി. ഭൂഗര്‍ഭ പാത കടന്ന് മാളും പരിസരവും താണ്ടി സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ജോലിക്ക് പോവുന്നവരുടെ നീണ്ടനിര രൂപപ്പെട്ടുവരുന്നു. നിന്നു പോകാവുന്ന, ചെറിയ ചക്രങ്ങളുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇഷ്ടം പോലെ കാണുന്നുണ്ട്. പാതയോരത്തെ നടപ്പാതകളില്‍ അവ പൂട്ടി വെച്ചിരിക്കുന്നു. വൂഷ് എന്ന മൊബൈല്‍ ആപ്പ് വഴി വാടകയ്ക്ക് എടുത്ത് ഓടിച്ചോണ്ട് പോവാം. എത്തുന്നിടങ്ങളില്‍ ലോക്ക് ചെയ്ത് വെച്ച് പോവാനും സൗകര്യമുണ്ട്.

ഭൂഗര്‍ഭവഴിയിലൂടെ റോഡ് മുറിച്ചു കടന്നു. വൃത്തിയുള്ള വഴിയാണ്. ഇടയ്ക്ക് ആരോ ഒരു ടിഷ്യുപേപ്പര്‍ വലിച്ചെറിഞ്ഞിരിക്കുന്നു. ഏതോ ഇന്ത്യക്കാരന്‍ മുന്നേ പോയിട്ടുണ്ടാവാം. ഭൂഗര്‍ഭ പാതയ്ക്കുള്ളില്‍ ചെറിയ ഷോപ്പുകളുണ്ട്. കോട്ടും സൂട്ടും കൗതുകവസ്തുക്കളും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.

റോഡിനപ്പുറം മാളിനടുത്ത് എത്തിയപ്പോഴാണ് മഹാവിജയാഘോഷത്തിന്റെ ചെറിയൊരു ബോര്‍ഡ് കണ്ടത്. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വര്‍ഷമാണിത്. രാജ്യം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആ യുദ്ധത്തില്‍ രക്തസാക്ഷികളായ ആരെങ്കിലും ഇല്ലാതെ റഷ്യയിലൊരു കുടുംബവും ഇല്ലത്രെ. അതുകൊണ്ട് തന്നെ റഷ്യയുടെ വികാരമാണത്. ആഘോഷനാളുകളില്‍ യുദ്ധത്തില്‍ മണ്‍മറഞ്ഞവരുടെ ഓര്‍മകളുമായി രാജ്യം ഒത്തുചേരുമ്പോള്‍ അവരുടെ സിരകളില്‍ പാരമ്പര്യത്തിന്റെ കരുത്ത് കൂടി ഒഴുകിയെത്തുന്നു.

തൊട്ടരികില്‍ റിസ്‌കായ മെട്രോ സ്റ്റേഷന്‍. 1958 ലേ ഇവിടെ മെട്രോ റെയില്‍വേയുണ്ടായിരുന്നു എന്നോര്‍ക്കുക. അതിനു മുന്നില്‍ ഭൂമിയും കയ്യിലേന്തിയൊരു കരുത്തന്റെ ശില്‍പം കണ്ടു. ഭൂമിക്ക് രണ്ട് വാലുമുണ്ട്. ഇതെന്താപ്പാന്ന് നോക്കിയപ്പോ റഷ്യന്‍ മൊഴിയിലാണ്. ഒരു പിടിയും കിട്ടിയില്ല. ഫോട്ടോ എടുത്ത് ഗൂഗിളിനു കൊടുത്തു. ഉടനടി ഉത്തരം തന്നു. ആദ്യത്തെ സാറ്റലൈറ്റ് സ്പുട്‌നിക്. ബഹിരാകാശത്തെത്തിയ സോവിയറ്റ് നേട്ടത്തിന്റെ ഓര്‍മയാണിത്.കരുത്തന്റെ കയ്യിലിരിക്കുന്നത് സ്പുടിനിക്കാണ്. മാനുഷിക നേട്ടങ്ങളുടെ വലിയൊരു ഭൂമികയാണ് റഷ്യ.

തിരിച്ചെത്തുമ്പോഴേക്കും സിറ്റി ടൂറിനുള്ള ബസ്സും ഗൈഡു തമാരയും എത്തിയിട്ടുണ്ടായിരുന്നു. തമാരയ്ക്ക് നേരത്തെ വന്ന ഇന്ത്യക്കാരില്‍ നിന്നും ഹമാര എന്ന ഹിന്ദിവാക്ക് പരിചയമുണ്ട്. അങ്ങനെ അവള്‍ ഹമാര തമാരയായി. പണ്ട് രാജ്കപൂറിന്റെ കാലത്ത് ഹിന്ദി സിനിമകള്‍ റഷ്യയില്‍ വന്‍വിജയമായിരുന്നല്ലോ. ഇപ്പോഴും ഷാരൂഖ് ഖാന്‍ സിനിമകളൊക്കെ ഇവിടെ ഓടുന്നുണ്ട്. തമാര ഞങ്ങളെ ഓര്‍മിപ്പിച്ചു.

റഷ്യ എന്നു കേള്‍ക്കുമ്പോള്‍ ആരുടെയും മനസിലോടിയെത്തുന്ന ഐക്കണുകളിലേക്കായിരുന്നു ആദ്യയാത്ര. എല്ലായിടത്തും ആഘോഷ തയ്യാറെടുപ്പിന്റെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ചില റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ച് പാസ്റ്റിന്റെ റിഹേഴ്സലുകളും നടക്കുന്നുണ്ട്.

മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍

മോസ്‌കോ നൂറ്റാണ്ടുകളുടെ സംസ്‌കാരം പേറുന്ന നഗരമാണ്. പലതരം രാഷ്ട്രീയ സാസ്‌കാരിക വികാസങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കളമൊരുക്കിയ നഗരം. വീതിയേറിയ തെരുവുകളും ഏതാണ്ട് ഒരേ സ്വഭാവമുള്ള കെട്ടിട സമുച്ചയങ്ങളുമായി ആസൂത്രണത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നഗര രൂപകല്‍പ്പന മനസിലാക്കാന്‍ പറ്റിയ ഇടം.

റഷ്യന്‍ ഭാഷയില്‍ മോസ്‌കോ മോസ്‌ക് വ യാണ്. 1547 മുതല്‍ 1712 വരെ റഷ്യയുടെ തലസ്ഥാനമായിരുന്നു. സാര്‍ പീറ്റര്‍ ഒന്നാമന്റെ കാലത്ത് സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗിലേക്ക് മാറ്റി. വിപ്ലത്തിന് ശേഷം വീണ്ടും മോസ്‌കോയാക്കി. 1918 മുതല്‍ സോവിയറ്റ് റഷ്യയുടെയും പിന്നീട് സോവിയറ്റ് യൂണിയന്റെയും അതിന്റെ തകര്‍ച്ചയ്ക്ക് ശേഷം 1991 മുതല്‍ റഷ്യന്‍ ഫെഡറേഷന്റെയും തലസ്ഥാനമായി തുടര്‍ന്നു. ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് നഗരങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേരിടുന്ന രീതിയുണ്ടായിരുന്നു. സ്റ്റാലിന്റെ സമ്മാനം എന്നര്‍ഥം വരുന്ന സ്റ്റാലിനോദര്‍ എന്ന പേര് ആലോചിച്ചപ്പോള്‍ അദ്ദേഹമത് വേണ്ടെന്നു വെച്ചതാണത്രെ. സ്ഥലനാമവും ജനഹൃദയവുമായുള്ള ബന്ധം ആഴത്തില്‍ വേരോടിയതാണെന്ന് ആ രാഷ്ട്രതന്ത്രഞ്ജനറിയാമായിരുന്നു.

യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മഹാനഗരമായി മാറിയ മോസ്‌കോയ്ക്ക് 2511 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ലോകത്തിലെ ഏറ്റവും നല്ല മെട്രോ സംവിധാനം ഇവിടെയാണ്. ക്രെംലിന്‍ കേന്ദ്രമാക്കി വട്ടത്തിലിങ്ങനെ വലുതായി വലുതായി പോകുന്ന നാല് വലിയ റിങ്‌റോഡും അവയെ ബന്ധിപ്പിക്കുന്ന ഒട്ടേറെ ചെറുറോഡുകളുമടങ്ങിയ ഗതാഗതസംവിധാനവും ആസൂത്രണ മികവിന്റെ സാക്ഷ്യങ്ങളാണ്. ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ ഒരു എട്ടുകാലിവല പോലെ തോന്നും നഗരപാതകള്‍.

മോസ്‌കോ ക്രെംലിന്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയാണ്. സവാളഗോപുരങ്ങളടങ്ങിയ നൂറുകണക്കിന് ചരിത്രസ്മാരകങ്ങളും പള്ളികളും നഗരചാരുതയാണ്. സെയ്ന്റ് ബാസില്‍സ് കതീഡ്രല്‍, കതീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദ സേവ്യര്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദാനിലോവ് മൊണാസ്ട്രി തുടങ്ങി ഒട്ടേറെ കെട്ടിടങ്ങള്‍ പ്രതാപത്തോടെ നിലകൊള്ളുന്നു.

 

സ്റ്റാലിന്റെ ഭരണകാലത്ത് പല ശില്പങ്ങളും തകര്‍ത്ത് 10 വരിപ്പാതകളും വിശാലമായ തെരുവുകളും പടുകൂറ്റന്‍ പാര്‍പ്പിടകേന്ദ്രങ്ങളും പണിതിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുവേണ്ടി പാരമ്പര്യ ശില്പഭംഗിയോടുകൂടി ഏഴ് ആകാശചുംബികളും അദ്ദേഹത്തിന്റെ കാലത്ത് നിര്‍മ്മിച്ചു. ഏഴുസഹോദരികള്‍ അഥവാ സെവന്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഈ കെട്ടിടങ്ങളാണ് ആധുനിക മോസ്‌കോയുടെ പ്രതീകം. 1980ല്‍ ഒളിംപിക്‌സിന് വേദിയായപ്പോഴും നിരവധി നിര്‍മ്മിതികളാല്‍ നഗരം മോടി കൂട്ടി.

തമാരയുടെ ചരിത്ര വിവരണങ്ങളും നഗരവിശേഷങ്ങളും കേട്ട് ഞങ്ങള്‍ സെന്റ് ബസേലിയസ് പള്ളിയുടെ മുന്നിലെത്തി. ഉള്ളി കമഴ്ത്തിയ പോലെ മകുടങ്ങള്‍. പോപ്പിന്‍സ് മിഠായി പോലെ ബഹുവര്‍ണം. റഷ്യ എന്നു കേള്‍ക്കുമ്പോള്‍ മനസിലെത്തുന്ന നിര്‍മിതി സാപ്സ്‌കയ ടവറും തൊട്ടടുത്താണ്. മഹാവിജയസ്മരണാഘോഷങ്ങള്‍ക്ക് വേദിയാവാന്‍ പോവുന്നതിന്റെ ഒരുക്കങ്ങള്‍ കാണാം. നഗരം ചുറ്റി കാഴ്ച കാണാന്‍ വിനോദസഞ്ചാരികള്‍ക്കായി ഇരുനിലയില്‍ രണ്ടാം നില തുറന്നിട്ട ബസ്സുകളും ഓടിക്കൊണ്ടിരിക്കുന്നു.

മഴ പെയ്തു തുടങ്ങി. കുളിരിന്റെ ശരമേന്തി വരുന്ന കാറ്റ്. ചൂളംകുത്തുന്ന ശബ്ദം. തമാര ഞങ്ങളെ സരാദെ പാര്‍ക്കിലേക്ക് ക്ഷണിച്ചു. പോവുംവഴി ബര്‍ച്ചുമരങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തിയയിടം കാണിച്ചു തന്നു. 7000 മരങ്ങളെയാണ് ഇവിടെ പോറ്റി പുലര്‍ത്തുന്നത്. റഷ്യയുടെ ദേശീയമരമാണിത്. ഏതോ കലാകാരന്‍ ഡിസൈന്‍ ചെയ്ത പോലുള്ള തടി. ഇളം പച്ചിലകള്‍. ആ കാട് കടന്ന് ഫ്‌ളോട്ടിങ് പാലത്തിലൂടെ പുഴയ്ക്ക് മുകളിലെത്തി. താഴെ മോസ്‌ക്വ നദി ശാന്തമായി ഒഴുകുന്നു. ഓളപ്പരപ്പില്‍ ബോട്ടുലാത്തുന്നു. ചാഞ്ഞും ചെരിഞ്ഞും മഴ പാലത്തിലും നദിയിലും ആര്‍ദ്രചിത്രങ്ങള്‍ വരയ്ക്കുന്നു. ക്രാബ്ആപ്പിള്‍ മരം പൂത്തുലഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ലൈലാക്ക് ചെടികളും പീലിവിടര്‍ത്തി കാറ്റിലാടി നില്‍ക്കുന്നു.

അവിടെ നിന്നും നേരെ നൂറ്റാണ്ട് പഴക്കമുള്ള മാളിലേക്കാണ് പോയത്. ആ കാലത്തേ മാളുകളെ പറ്റി ചിന്തിച്ചിരുന്ന ഭരണാധികാരികള്‍ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് നമ്മുടെ വികസന സങ്കല്‍പ്പവുമായുള്ള ദൂരം തെളിയുക. പ്രഭുകുടുംബങ്ങള്‍ക്കു വേണ്ടിയുള്ള മാളായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോള്‍ ഇതെല്ലാം പൊതുമുതലായി. പിന്നെ തകര്‍ന്നപ്പോള്‍ സ്വകാര്യസ്വത്തുമായി. പഴയ സ്മരണകളും ആ കാലത്തെ ഓര്‍മപ്പെടുത്തുന്ന ഐസ്‌ക്രീം പാര്‍ലറും, പാര്‍ലറില്‍ അന്നെത്ത വേഷത്തില്‍ ഇരിക്കുന്ന അമ്മൂമ്മയേയുമെല്ലാം കണ്ടു. നിശ്ചലചിത്രങ്ങളായി ചരിത്രനിമിഷങ്ങളും അവിടവിടെ കാണാം. രണ്ടാം ലോകയുദ്ധത്തിന്റെ ചിത്രങ്ങളുമുണ്ട് കൂട്ടത്തില്‍. മഞ്ഞിന്‍ വെളുപ്പില്‍ വെള്ളവസ്ത്രങ്ങളണിഞ്ഞ് നീങ്ങുന്ന റഷ്യന്‍ പട്ടാളം. തണുപ്പിനെ അതിജീവിക്കാനുള്ള മനക്കരുത്തും തിരിച്ചറിയാന്‍ കഴിയാത്തവിധം പ്രകൃതിയില്‍ ലയിച്ചലിയുന്ന വസത്രവിധാനങ്ങളും യുദ്ധതന്ത്രങ്ങളുമെല്ലാമാണ് റഷ്യയെ വിജയത്തിലേക്ക് നയിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം ഞങ്ങള്‍ തയ്യാറാണെന്ന മട്ടില്‍ പട്ടാളത്തില്‍ ചേരാന്‍ ചെന്ന കാലമുണ്ടായിരുന്നു. യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ എന്ന കൃതി വായിച്ചത് ഈ യാത്രയ്ക്ക് തൊട്ടുമുമ്പാണ്. സെററ്‌ലാന അലക്‌സിവിച്ചിന് 2015ലെ നോബല്‍ സമ്മാനം നേടികൊടുത്ത കൃതി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത ഇരുനൂറില്‍ പരം റഷ്യന്‍ വനിതകളുമായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തകത്തില്‍. രാജ്യം വിജയാഘോഷവേള കൊണ്ടാടുമ്പോള്‍ ആ പുസ്തകത്തിലൂടെ കടന്നുപോയ തീവ്രാനുഭവങ്ങളും ഓര്‍ക്കാതെ വയ്യ. പരിക്കേറ്റ് കിടക്കുന്നത് എതിര്‍പക്ഷമാണെങ്കിലും ചോരവാര്‍ന്നു കണ്‍മുന്നില്‍ കിടക്കുന്ന ജീവനെ മാനുഷിക പരിഗണന നല്‍കി രക്ഷിക്കേണ്ടതല്ലേ എന്നൊരു നൈതിക പ്രശ്നം ഇതിലെ അനുഭവങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. യുദ്ധം സൃഷ്ടിക്കുന്ന പട്ടിണിയില്‍ തുകല്‍ ചെരിപ്പുകള്‍ പുഴുങ്ങിതിന്നേണ്ടി വന്ന ഭീകരയാഥാര്‍ഥ്യവുമുണ്ട്. ചാപ്‌ളിന്റെ ഗോള്‍ഡ്‌റഷ് സിനിമയില്‍ ഇതേ പോലൊരു സീന്‍ വിശപ്പെന്ന യാഥാര്‍ഥ്യത്തെ തമാശയില്‍ പൊതിഞ്ഞവതരിപ്പിച്ചതായിരുന്നെങ്കില്‍ ഇത് പൊള്ളുന്ന ജീവിതാനുഭവം തന്നെയാണ്.

നാം വലുതായതാണ് യുദ്ധം

വഴി നടക്കുമ്പോള്‍ ഒരമ്മൂമ്മ യാചിക്കുന്നത് കണ്ടു. വല്ലതും തായോ എന്നൊന്നും പറയുന്നില്ല. ഒരു പാത്രം കയ്യിലുണ്ടെന്നു മാത്രം. നേരത്തെ അടിപ്പാതയിലൂടെ നടക്കുമ്പോഴും കോട്ടും സൂട്ടും അണിഞ്ഞൊരു വൃദ്ധ കയ്യിലൊരു പാത്രം പിടിച്ചു നില്‍ക്കുണ്ടായിരുന്നു. ആരോ അതില്‍ കാശിട്ട് നടക്കുന്നതു കണ്ടപ്പോഴാണ് യാചനയാണെന്ന് മനസിലായത്.

നേരെ പോയത് സുവനീര്‍ ഷോപ്പിലേക്കായിരുന്നു. റഷ്യയുടെ ഓര്‍മകളെ നാട്ടിലേക്ക് കൂട്ടികൊണ്ടുവരാന്‍, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ നിറയെ വിഭവങ്ങളുണ്ടവിടെ. എല്ലാത്തിനും റൂബിള്‍ ചൊള ചൊളയായി എണ്ണി കൊടുക്കണം. നല്ല വിലയാണ്. എന്നിരുന്നാലും മട്രൂഷയെ കൂട്ടാതെ റഷ്യ വിടാന്‍ പററില്ല. പിന്നെ ആംബര്‍ കല്ലിന്റെ മാലയോ വളയോ എന്തെങ്കിലും. കാരണം അതു രണ്ടും റഷ്യയുടെ പ്രതീകങ്ങളാണ്. മട്രൂഷ വിവിധവര്‍ണങ്ങളില്‍ വിവിധ വലിപ്പത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരെണ്ണം തുറന്നാല്‍ അതിനകത്ത് മറ്റൊരെണ്ണം. അതു തുറന്നാല്‍ അതിനുള്ളില്‍...അങ്ങനെ അഞ്ചെണ്ണം ഉണ്ടാവും. ഒരെണ്ണം വാങ്ങി അഞ്ചുപേര്‍ക്ക് കൊടുക്കാമെന്ന് വിചാരിച്ചിട്ട് കാര്യമില്ല. വിശ്വാസം കടന്നുവരും. ഒരു കുടുംബം. തലമുറകളിലേക്ക് നീങ്ങുന്ന അമ്മ-മകള്‍ ബന്ധം. അത് പിരിച്ചാല്‍ കുടുംബം പിരിയും എന്നു പറഞ്ഞാല്‍ യുക്തിവാദിയാണെങ്കിലും ഒന്നു ശങ്കിക്കുമല്ലോ. വിശ്വാസത്തിന്റെ മര്‍മം ഇത്തരം ചില പിടിവള്ളികളിലാണല്ലോ. കൂട്ടത്തില്‍ കീചെയിനും ഫ്രിഡ്‌ജൊട്ടിയുമൊക്കെയേ നമ്മുടെ പോക്കറ്റിന് ഇണങ്ങുന്നുള്ളു. അങ്ങിനെ അതും, ആംബര്‍ കല്ലുമാലയും വാങ്ങി ഷോപ്പിങ്ങ് അവസാനിപ്പിച്ചു.

ആഘോഷലഹരിയുടെ നിയന്ത്രണങ്ങള്‍ കാരണം പലയിടത്തേക്കും പോവാനാവുന്നില്ലല്ലോ എന്ന നിരാശ ഇടയ്ക്ക്ക്കിടയക്ക് ഉണ്ടാവുന്നുണ്ട്. പലതും പുറത്ത് നിന്നു കാണാനേ പറ്റൂന്നുള്ളു. എന്നാലും ആ പ്രതാപകാലം മനസില്‍ നിറയുന്നു. വിജയകൊടിക്കൂറകള്‍ക്ക് പോലും ഒരച്ചടക്കം ഉണ്ടായിരുന്നു. കൃത്യമായ പാറ്റേണില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പതാകളും പോസ്റ്ററുകളുമെല്ലാം.

ജര്‍മ്മന്‍ സേനയെ തോല്‍പ്പിക്കാന്‍ റഷ്യ ബലികൊടുത്തത് 2കോടി എഴുപത് ലക്ഷം ജനങ്ങളെയാണ്. കടുത്ത കാലാവസ്ഥയോടു കൂടി പൊരുതി ഒടുക്കം ജയം നേടുമ്പോള്‍ അവര്‍ക്കത് വമ്പന്‍വിജയം തന്നെയായിരുന്നു. എണ്‍പതാം വാര്‍ഷികത്തിന് ലോകരാജ്യങ്ങളില്‍ നിന്നുളള നേതാക്കളെ കൂടി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു മോദിയും അമിത്ഷായും എത്തുമെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ കാശ്മീരില്‍ പഗല്‍ഹാമില്‍ നുഴഞ്ഞെത്തിയ പാകിസ്ഥാന്‍ വെടിപൊട്ടിച്ചതോടെ പരിപാടികള്‍ മാറ്റി. ഇന്ത്യയിലും യുദ്ധസമാനമായ അന്തരീക്ഷമായി. പോയവര്‍ഷം പഗല്‍ഹാമില്‍ ഇതേ സ്ഥലത്ത് പോയതും ആ പ്രകൃതിഭംഗിയും അവിടുത്തെ സമാധാനപ്രിയരായ മനുഷ്യരെ കണ്ടതുമെല്ലാം ഓര്‍ത്തുപോയി. ഓരോ യുദ്ധവും ആയിരങ്ങളേയും ലക്ഷങ്ങളേയും കണ്ണീരിലാഴ്ത്തി കടന്നുപോവുന്നു. നാശനഷ്ടങ്ങളും വേദനകളും സങ്കടങ്ങളും എല്ലാവര്‍ക്കും അറിയാമെങ്കിലും വീണ്ടും നാം യുദ്ധം സ്വപ്നം കാണുന്നു. ആണവായുധങ്ങളുടെ മഹാപ്രഹരശേഷിക്ക് മേല്‍ അന്തിയുറങ്ങുന്നു. യുദ്ധവും സമാധാനവും പോലെ തന്നെ വൈരുധ്യങ്ങള്‍ നിറഞ്ഞ മനുഷ്യമനസ്സിന്റെ പ്രതിഫലനം തന്നെ രാഷ്ട്രമനസുകള്‍ക്കും. നാം വലുതായതാണ് യുദ്ധം എന്ന കെ.എം.അബ്ദുള്‍ഗഫൂറിന്റെ കവിതയോര്‍ത്തുപോയി.

നഗരം ചുറ്റുന്നതിനിടയില്‍ ക്രെംലിനും കണ്ടു. കൊട്ടാരക്കോട്ട എന്നാണ് ക്രെംലിനര്‍ഥം. റഷ്യന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയാണ്. മോസ്‌ക്വ നദിക്കരയില്‍ നിലകൊള്ളുന്നു. ഇവാന്‍ കലീറ്റ പ്രിന്‍സിന്റെ കാലത്ത് പുനര്‍ നിര്‍മ്മിച്ചതാണ് 1339 ല്‍. പില്‍ക്കാല ഭരണാധികാരികള്‍ കൂട്ടിചേര്‍ത്ത നിര്‍മിതികളെല്ലാം ചേര്‍ന്നാണ് ഇന്നത്തെ ക്രെംലിനായി മാറിയത്. വിപ്ളനാന്തര റഷ്യയില്‍ സ്റ്റാലിനാണ് ഔദ്യോഗിക വസതിയാക്കി മാറ്റിയത്. മോസ്‌കോ ക്രെംലിന് സമീപത്ത് മനെഷ്നയ സ്‌ക്വയറില്‍ ലോകഘടികാരജലധാര കണ്ടു. വേള്‍ഡ് ക്ലോക്ക് ഫൗണ്ടന്‍ എന്നു പറയാം. അതിന് അടിയിലൊരു ഷോപ്പിംഗ് സെന്ററാണെന്ന് ഗൈഡു പറഞ്ഞു. വലിയ, താഴികക്കുടത്തിന്റെ ആകൃതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമയമേഖലകള്‍ കാണിക്കുന്നു. അവിടെ ആരുടെയോ കയ്യില്‍ നിന്നും വീണുപോയ പൂക്കള്‍ ഗൈഡ് പെറുക്കിയെടുത്ത് ഡസ്ററ് ബിന്നില്‍ നിക്ഷേപിച്ചു. നോട്ട് ദ പോയിന്റ്...ഇവിടെയായിരുന്നെങ്കിലോ,,,,? നമ്മളായിരുന്നെങ്കിലോ,,,?

പയ്യോളിക്കാരി പാഞ്ഞ സ്റ്റേഡിയം

ഇന്ത്യന്‍ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. വിളമ്പാന്‍ സൗത്തിന്ത്യക്കാരിയായ പെണ്‍കുട്ടി. പരിചയപ്പെട്ടു. മൃഗഡോക്ടറാവാന്‍ ആന്ധ്രയില്‍ നിന്നും വന്നതാണ്. ഫൈനല്‍ ഇയറായി. ഇടവേളകളില്‍ ജോലിയും കൊണ്ടുപോവുന്നു. ചിക്കനും ചപ്പാത്തിയും ചോറുമായതുകൊണ്ട് ഭക്ഷണത്തെ പറ്റി ഒന്നും പറയാനില്ല. പക്ഷെ അച്ചാറിനെ പറ്റി പറയാതിരിക്കാനാവില്ല. നമ്മുടെ സലാഡില്‍ അല്‍പം മുളക് കൂട്ടിയിട്ടതാണ് അച്ചാറായി കിട്ടിയത്. എരിവും പുളിയുമെല്ലാമായി സംഭവം കിടുക്കാച്ചി.

വീണ്ടും നഗര പ്രദക്ഷിണം. വഴിക്ക് പ്രധാനമന്ത്രിയുടെ വസതി കണ്ടു. നമുക്ക് പ്രസിഡണ്ടിനെ പോലെയാണ് അവര്‍ക്കു പ്രധാനമന്ത്രി. അലങ്കാര പദവി. ആരാണിപ്പോഴത്തെ പ്രധാനമന്ത്രി? ചോദിച്ചപ്പോള്‍ ഗൈഡ് കൈമലര്‍ത്തി. വീ ഡോന്റ് കെയര്‍ മട്ട്. പാവം മിഖേയല്‍ മിഷുസ്ടിന്‍ ഇതൊന്നും അറിയാതെ കൊട്ടാരകെട്ടിനുള്ളില്‍ സുരക്ഷിതനായി കഴിയുന്നുണ്ടാവും.

നദിക്കരയിലെ വ്യൂപോയിന്റിലാണ് വണ്ടി നിന്നത്. അക്കരെയിലെ കെട്ടിടങ്ങളുടെ ഭംഗി ഇവിടെ നിന്നാസ്വദിക്കാം. എല്ലായിടത്തും ഒരു പോലെയുള്ള കെട്ടിടങ്ങളാണ്. പിരിയന്‍ ഗോവണിപോലൊരു കെട്ടിടം കണ്ടതാണ് ആകെയൊരു മാറ്റം.

മോസ്‌കോ സര്‍വകലാശാലയിലേക്കാണ് പിന്നെ പോയത്. ചുറ്റും കാടായിരുന്നു. വിശാലമായ മുന്‍വശം. വിസ്താരമേറിയ പാത, കാല്‍നടയാത്രക്കാര്‍ക്ക് വേണമെങ്കില്‍ ഫുട്‌ബോള്‍ കളിക്കാനുളള സ്ഥലം. നഗരാസൂത്രണത്തിന്റെ ദീര്‍ഘദര്‍ശനത്തിനൊരു ലാല്‍ സലാം കൊടുത്തേക്കാം.

അതാ അതാണ് ഇവിടുത്തെ ഒളിമ്പിക് സ്റ്റേഡിയം. ആഹാ, എന്റെ നാട്ടുകാരി ഓടിയ ഒളിമ്പിക്‌സ്. അഭിമാനിക്കാതിരിക്കുന്നതെങ്ങനെ. അന്ന് പയ്യോളി ഹൈസ്‌കൂളില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയായിരുന്നു ഞാനും. അതേ സ്‌കൂളിലെ പൂഴിമണ്ണില്‍ ഓടി തഴമ്പിച്ച കാലുകളാണ് റഷ്യന്‍ ഒളിമ്പിക്‌സില്‍ ത്രിവര്‍ണപതാകയ്ക്ക് ഒപ്പം അടിവെച്ചു നീങ്ങിയത്. മിഷക്കരടിയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. തണുത്തറഷ്യയില്‍ ഓടിയതുകൊണ്ടാണ് പി.ടി.ഉഷയ്ക്ക് ഒന്നും കിട്ടാതിരുന്നതെന്നു ഞങ്ങള്‍ വിചാരിച്ചു. പങ്കെടുത്തത് തന്നെ വലിയ കാര്യമല്ലേ എന്നാശ്വാസം കൊണ്ടു.

സാധാരണക്കാരുടെ ഒരു സ്ഥിരം മാര്‍ക്കറ്റിലേക്ക് വിടണമെന്ന് ഗൈഡിനോട് പറഞ്ഞിരുന്നു. ചന്തകളില്‍ നാടിന്റെ ജീവന്‍ തുടിക്കുന്നതറിയാനായിരുന്നു. പക്ഷെ അങ്ങിനെയൊരു മാര്‍ക്കറ്റ് ഇപ്പോ ഇല്ലെന്നാണ് പറയുന്നത്. അടിപിടിയും കച്ചറയുമൊന്നും ഇല്ലാതിരിക്കാന്‍ നഗര ഭരണാധികാരികള്‍ അതെല്ലാം പൂട്ടികെട്ടി. പല സൂപ്പര്‍മാര്‍ക്കറ്റുകളും കണ്ടാല്‍ നാട്ടിലെ ശീലം വെച്ച് നമുക്ക് മനസിലാവില്ല. ചെറിയ വാതില്‍ ആയിരിക്കും. അലങ്കാര ബോര്‍ഡിന്റെ ധാരാളിത്തവും കാണില്ല. ഡോര്‍ തുറന്ന് കടക്കുമ്പോള്‍ മറ്റൊരു ഡോറും കാണും. അതും തുറന്നാലോ പണ്ട് പരസ്യത്തില്‍ പറയാറുള്ള കോട്ടയം അയ്യപ്പാസ് പോലെ വിശാലമായ സൂപ്പര്‍മാര്‍ക്കറ്റായിരിക്കും. തണുപ്പ് അകത്തു കടക്കാതിരിക്കാനാണീ ഇരട്ടവാതില്‍.

(തുടരും)