അവധിക്കാലം ആസ്വദിക്കുന്നതിനുള്ള മികച്ച ഡെസ്റ്റിനേഷൻ എന്നനിലയിൽ ഏറെക്കാലമായി സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലാൻഡ്. ഡെസ്റ്റിനേഷൻ തായ്‌ലാൻഡ് വിസ (ഡിടിവി) എന്ന പേരിലുള്ള വിസ അവതരിപ്പിച്ചുകൊണ്ട് പുതിയ തലമുറയെ കൂടുതൽ ആകർഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഈ അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണിത്. ഡിജിറ്റൽ നോമാഡ്‌സ്, ഫ്രീലാൻസർമാർ, വിദൂരമായി ജോലി ചെയ്യുന്നവർ എന്നിവരെയും തായ്‌ലാൻഡിന്റെ തനത് ആയോധന കലയായ മുവായ് തായ് പരിശീലനം, തായ് പാചക ക്ലാസുകൾ, വെൽനസ് പ്രോഗ്രാമുകൾ, സാംസ്‌കാരിക പഠനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി തായ്‌ലാൻഡിലേക്ക് യാത്ര ചെയ്യുന്നവരെയും ലക്ഷ്യമിടുന്നതാണിത്.

To advertise here,

കൂടുതൽ കാലം രാജ്യത്ത് താമസിക്കാനും, പ്രാദേശികമായി പണം ചെലവഴിക്കാനും, സാധാരണ ടൂറിസ്റ്റ് സർക്യൂട്ടിനപ്പുറം രാജ്യത്തെ അനുഭവിച്ചറിയാനും ആഗ്രഹിക്കുന്നവരെ ആകർഷിക്കാനുള്ള തായ്‌ലൻഡിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. വിദൂര ജോലികൾക്കും, താങ്ങാനാവുന്ന ജീവിത ചെലവുകളുടെ കാര്യത്തിലും തെക്കുകിഴക്കൻ ഏഷ്യയെ കൂടുതലായി പരിഗണിക്കുന്ന ഇന്ത്യക്കാർക്കിടയിൽ ഈ വിസ ചർച്ചയായിട്ടുണ്ട്.

എന്താണ് ഡെസ്റ്റിനേഷൻ തായ്‌ലാൻഡ് വിസ

യോഗ്യരായ വിദേശികൾക്ക് തായ്‌ലാൻഡിൽ അഞ്ചുവർഷം വരെ താമസിക്കാൻ അനുമതി നൽകുന്ന ഒരു ദീർഘകാല മൾട്ടിപ്പിൾ എൻട്രി വിസയാണ്. ഹ്രസ്വകാലത്തെ അവധിക്കാലം ചെലവഴിക്കാൻ വരുന്നവർക്ക് വേണ്ടിയുള്ളതല്ല. വിദൂരമായി ജോലി ചെയ്യുകയോ, പഠിക്കുകയോ, പരിശീലനം നേടുകയോ, അല്ലെങ്കിൽ തായ്‌ലാൻഡ് 'സോഫ്റ്റ് പവർ' പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുത്തതിനുവേണ്ടി ദീർഘകാലം തായ്‌ലാൻഡിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണിത്.

ഈ വിസ യാത്രികർക്ക് ഓരോ തവണ എത്തുമ്പോഴും 180 ദിവസം വരെ തായ്‌ലാൻഡിൽ താമസിക്കാൻ അനുമതി നൽകുന്നു. ഈ താമസകാലയളവ് വീണ്ടും 180 ദിവസത്തേക്ക് നീട്ടാനും കഴിയും. അതായത് ഒരു യാത്ര ഏകദേശം ഒരു വർഷം വരെ നീണ്ടുനിൽക്കാം. അഞ്ചുവർഷത്തെ കാലയളവിനുള്ളിൽ യാത്രികർക്ക് പലതവണ തായ്‌ലാൻഡിൽ നിന്ന് പുറത്തുപോകാനും തിരികെ പ്രവേശിക്കാനും കഴിയും.

ആർക്കൊക്കെ അപേക്ഷിക്കാം?

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് അപേക്ഷിക്കാം.

തായ്‌ലാൻഡിന്റെ 'സോഫ്റ്റ് പവർ'

വിസ നേടുന്നതിനായി തായ്‌ലാൻഡ് 'സോഫ്റ്റ് പവർ' പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്താം.

തായ് ടൂറിസത്തെയും സംസ്‌കാരത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സാംസ്‌കാരികവും ജീവിതശൈലി അടിസ്ഥാനമാക്കിയുള്ളതുമായ പരിപാടികളാണിത്. മുവായ് തായ് പരിശീലന പരിപാടികൾ, തായ് പാചക ക്ലാസുകൾ, സ്‌പോർട്‌സ് അക്കാദമികളും ഫിറ്റ്‌നസ് പരിശീലനവും, വെൽനസ് റിട്രീറ്റുകളും മെഡിക്കൽ പ്രോഗ്രാമുകളും, സാംസ്‌കാരിക വർക്ക്ഷോപ്പുകളും പഠന പരിപാടികളും, ചില സമ്മേളനങ്ങളും സംഘടിത ഇവന്റുകളും അതിൽ ഉൾപ്പെടുന്നു.

സാമ്പത്തിക സ്ഥിരത തെളിയിക്കണം

അപേക്ഷകർ സാധാരണയായി കുറഞ്ഞത് 5,00,000 തായ് ബാറ്റ് (ഏകദേശം 14-15 ലക്ഷം രൂപ, വിനിമയ നിരക്കിനനുസരിച്ച്) ലിക്വിഡ് ഫണ്ടുകൾ കാണിക്കേണ്ടതുണ്ട്. 3-6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സ്ഥിരമായ വരുമാനം കാണിക്കുന്ന ശമ്പള സ്ലിപ്പുകൾ, തൊഴിൽ കരാറുകൾ, സേവിംങ്‌സ് സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റുകൾ എന്നിവയിലൂടെ അത് തെളിയിക്കാം. തായ്‌ലാൻഡ് അധികാരികൾ ഔദ്യോഗിക ബാങ്ക് രേഖകളാണ് ആവശ്യപ്പെടാറുള്ളത്.

ആവശ്യമുള്ള രേഖകൾ

കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ ശമ്പള തെളിവ്, വിദൂര ജോലി അല്ലെങ്കിൽ വിദേശ തൊഴിലിന്റെ തെളിവ്, തായ്‌ലൻഡിലെ പ്രവർത്തനങ്ങൾക്കോ പ്രോഗ്രാമുകൾക്കോ ഉള്ള രേഖകൾ, തായ്‌ലാൻഡിലെ താമസസ്ഥലത്തിന്റെ തെളിവ്, ആരോഗ്യ ഇൻഷുറൻസ് രേഖകൾ, ചില സാഹചര്യങ്ങളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മുവായ് തായ് ക്യാമ്പ്, പാചക സ്‌കൂൾ, അല്ലെങ്കിൽ വെൽനസ് പ്രോഗ്രാമിൽ ചേരുന്നവർക്ക് എന്റോൾമെന്റ് സ്ഥിരീകരണമോ ക്ഷണം കത്തോ ആവശ്യമായി വന്നേക്കാം.

എങ്ങനെ അപേക്ഷിക്കാം?

  • അപേക്ഷാ പ്രക്രിയ വളരെ ലളിതമാണ്.
  • അപേക്ഷകർ സാധാരണയായി:
  • കുറഞ്ഞത് 20 വയസ്സ് പ്രായമുള്ളവരായിരിക്കണം
  • സാധുവായ പാസ്‌പോർട്ട് കൈവശം വെക്കണം
  • സാമ്പത്തിക ആവശ്യകതകൾ നിറവേറ്റണം
  • യോഗ്യതയുള്ള വിസ വിഭാഗത്തിൽ ഉൾപ്പെടണം

തായ്‌ലാൻഡിന്റെ ഇ-വിസ പോർട്ടൽ വഴിയോ അല്ലെങ്കിൽ ഇന്ത്യയിലെ BLS കേന്ദ്രങ്ങൾ പോലുള്ള അംഗീകൃത വിസ സേവന ദാതാക്കൾ വഴിയോ അപേക്ഷ സമർപ്പിക്കാം.ഇന്ത്യയിൽ നിന്നുള്ള ഫീസ് സാധാരണയായി ഏകദേശം 25,000 രൂപയാണ്. വിനിമയ നിരക്കുകളും എംബസി ചാർജുകളും തുകയിൽ ചെറിയ മാറ്റങ്ങൾ വരുത്താം. അപേക്ഷകർക്ക് ചില സാഹചര്യങ്ങളിൽ രേഖകളുടെ പരിശോധനയ്ക്കോ ഒരു ചെറിയ അഭിമുഖത്തിനോ തായ് എംബസിയിലോ വിസ സെന്ററിലോ പോകേണ്ടി വന്നേക്കാം.